Asianet News MalayalamAsianet News Malayalam

ടെണ്ടുല്‍ക്കറും ദീപന്‍ ശിവരാമനും 'കമല'യും പിന്നെ ഒരു ട്വിസ്റ്റും...

നാടകത്തിന്റെ ക്ളൈമാക്സിനോട് അടുപ്പിച്ച്, കമലയെ അഗതിമന്ദിരത്തിലേക്ക് പറഞ്ഞുവിട്ട  തന്റെ ഭർത്താവിനോട് വിമല കലഹിച്ചുകൊണ്ടിരിക്കുന്ന സീൻ എത്തുമ്പോഴേക്കും അജയൻ ക്ഷമ വെടിഞ്ഞ്, താനിരുന്ന കസേര തറയിലടിച്ചു പൊട്ടിച്ചു.

the kerala twist in Vijay Tendulkars Kamala
Author
Thiruvananthapuram, First Published May 19, 2019, 6:41 PM IST

മലയാളിക്ക് സുപരിചിതനായ ഒരേയൊരു ടെണ്ടുൽക്കർ ഒരു പക്ഷേ സച്ചിനായിരിക്കാം. എന്നാൽ അദ്ദേഹവുമായി ബന്ധമൊന്നുമില്ലെങ്കിലും, മലയാളവുമായി ചെറുതല്ലാത്ത രീതിയിൽ ബന്ധപ്പെട്ടുകിടക്കുന്ന മറ്റൊരു ടെണ്ടുൽക്കറുണ്ട്. അതാണ് വിജയ് ടെണ്ടുൽക്കർ എന്ന മറാഠി നാടകകൃത്ത്. അദ്ദേഹം നമ്മളെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് പതിനൊന്നാണ്ട് തികയുന്നു 

 'കമല' എന്നുപേരായ ഒരു നാടകമുണ്ട് വിജയ് ടെണ്ടുൽക്കറുടെ. ദീപൻ ശിവരാമൻ എന്ന പ്രസിദ്ധ സംവിധായകനാണ് ആ നാടകം മലയാളത്തിലേക്ക് പുനരാവിഷ്കരിച്ചതിനു പിന്നിൽ. ആ നാടകം വെറുതേ പദാനുപദം മൊഴിമാറ്റി രംഗത്ത് അവതരിപ്പിക്കുകയല്ലായിരുന്നു ദീപൻ ചെയ്തത്. വിജയ്‌ ടെണ്ടുൽക്കറുടെ സ്ത്രീപക്ഷ ആഖ്യാന രീതിയിൽ നിന്നും ഊർജം ഉൾക്കൊണ്ടുകൊണ്ട് അദ്ദേഹം അതിൽ നിന്നും ഒരുപടി കൂടി മുന്നോട്ടു പോയി, കാണികളെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് അതിഗംഭീരമായ ഒരു ട്വിസ്റ്റ് നാടകത്തിൽ ഉൾപ്പെടുത്തി. നാടകത്തിനുള്ളിൽ ഒരു നാടകം. അതായിരുന്നു ദീപൻ കാണികൾക്കായി ഒരുക്കിയ ആ ട്വിസ്റ്റ്. അതിലേക്ക് കടക്കും മുമ്പ്, നാടകത്തിന് പശ്ചാത്തലമൊരുക്കിയ ചില സംഭവങ്ങൾ ആമുഖമായി പറഞ്ഞേ പറ്റൂ. അതാദ്യം. 

'കമല' പിറന്നതിങ്ങനെ... 
എൺപതുകളിൽ ഉത്തരേന്ത്യയിൽ നടന്ന ഒരു സംഭവമാണ് ഈ നാടകത്തിനു പ്രേരണ. 1981 -ൽ അരുൺ ഷൂരി ഇന്ത്യൻ എക്സ്പ്രസിന്റെ എഡിറ്റർ ആയിരുന്ന കാലത്ത്, ഇന്ത്യയിൽ അന്നും നടപ്പിലുണ്ടായിരുന്ന  അടിമക്കച്ചവടം എന്ന ക്രിമിനൽ കുറ്റത്തെ പൊതുജനശ്രദ്ധയിൽ കൊണ്ടുവരാൻ വേണ്ടി അശ്വിനി സരിൻ എന്ന ഒരു റിപ്പോർട്ടർ മധ്യപ്രദേശിലെ ധോൽപൂർ എന്ന പട്ടണത്തിലെ ഒരു അടിമച്ചന്തയിൽ നിന്നും കമല എന്നുപേരായ ഒരു യുവതിയെ വിലയ്ക്കുവാങ്ങുന്നു. ഈ ഒരു ദുഷിച്ച പരിപാടിക്ക് അറുതി വന്നിട്ടില്ല എന്നതിന് തെളിവായിട്ടാണ് അന്നത്തെ 2300 രൂപ കൊടുത്ത് അശ്വിനി ചന്തയിൽ നിന്നും കമലയെ വാങ്ങുന്നത്. അതിനു ശേഷം അക്കാര്യം സൂചിപ്പിച്ചുകൊണ്ട് അവർ ഒരു അന്വേഷണ പരമ്പര തന്നെ എക്പ്രസ് പത്രത്തിൽ പ്രസിദ്ധീകരിച്ചു. അന്ന് പക്ഷേ, പൊതുജനഹിതത്തിനായിട്ടാണെങ്കിലും, നിയമവിരുദ്ധമായി ആ 'അടിമക്കച്ചവടത്തിൽ' പങ്കുചേർന്നതിന്  അശ്വിനി സരിന്റെമേൽ പോലീസ് കേസെടുക്കുന്നു.  ഈ യഥാർത്ഥ സംഭവത്തെ ആധാരമാക്കി  വിജയ് തെണ്ടുൽക്കർ എൺപതുകളിൽ എഴുതിയ നാടകമാണ് കമല.  

അന്നത്തെ 2300 രൂപ കൊടുത്താണ് അശ്വിനി ചന്തയിൽ നിന്നും കമലയെ വാങ്ങുന്നത്

ഈ നാടകം ദീപൻ ശിവരാമൻ തന്റെ സ്വതസിദ്ധമായ ശൈലിയിൽ പുനരാവിഷ്കരിക്കുകയുണ്ടായി. തിരുവനന്തപുരത്തെ അഭിനയ എന്ന നാടക സംഘമായിരുന്നു ഈ നാടകം നിർമിച്ചത്.  പ്രൊഫ. വിസി ഹാരിസ് ആയിരുന്നു മൊഴിമാറ്റം. 2002 -ലാണ് മലയാളത്തിൽ 'കമല' ആദ്യമായി അരങ്ങേറുന്നത്. ജയ് സിംഗ് ജാദവ് എന്ന സുപ്രസിദ്ധനായ ഒരു  പത്രപ്രവർത്തകനാണ് തെണ്ടുൽക്കറുടെ നാടകത്തിലെ പ്രധാന കഥാപാത്രം. മലയാളത്തിലെത്തിയപ്പോൾ അത് മാധവൻ നായരായി. അഭിനയയിലെ രഘൂത്തമനായിരുന്നു ആ റോളിൽ. പത്രപ്രവർത്തനം ബിസിനസ്സായി മാറിയ വർത്തമാനകാലത്തിന്റെ എല്ലാ കുറുക്കത്തരങ്ങളും കയ്യിലുള്ള ഒരാൾ. ഓളത്തിനനുസരിച്ച് തുഴയാനറിയുന്ന ഒരു 'പ്രൊഫഷണൽ' ജേർണലിസ്റ്റ്. പുറമേയ്ക്ക് എല്ലാത്തരത്തിലുള്ള പൊളിറ്റിക്കൽ കറക്റ്റ്‌നസും പ്രകടിപ്പിക്കുന്ന മാന്യൻ. എന്നാൽ,  ഉള്ളിന്റെയുള്ളിൽ ഒരു എത്തിക്സുമില്ലാത്തയാൾ. അതൊക്കെ സമർത്ഥമായി ഒളിക്കാൻ പഠിച്ച കള്ളൻ. 

the kerala twist in Vijay Tendulkars Kamala

ദീപന്‍ ശിവരാമന്‍

അടിമത്തത്തെപ്പറ്റി വളരെ സെൻസേഷണൽ ആയ ഒരു ലേഖനമെഴുതാൻ വേണ്ടി അയാൾ ഉത്തരേന്ത്യയിലെ ഒരു അടിമച്ചന്തയിൽ നിന്നും കമല (കനി കുസൃതി) എന്നൊരു അടിമയെ വാങ്ങുന്നു. വാർത്ത  പുറത്തുവിടാൻ നേരമായിട്ടില്ലാത്തതുകൊണ്ട്, അതിനുള്ള സമയമാകും വരെ അവളെ സ്വന്തം വീട്ടിൽ ഒളിപ്പിച്ചു പാർപ്പിക്കുന്നു. പത്രസമ്മേളനത്തിൽ പ്രദർശിപ്പിക്കുമ്പോൾ ഒറിജിനാലിറ്റി കിട്ടാൻ വേണ്ടി ഒരുപാട് നാൾ മുഷിഞ്ഞ വസ്ത്രത്തിൽ തന്നെ നിലനിർത്തുന്നു അടിമയായ കമലയെ അയാൾ. അയാളുടെ ഭാര്യ വിമല ( സുഷമ), നേരാംവഴിക്ക് പത്രപ്രവർത്തനം നടത്തുന്ന അമ്മാവൻ (ഷിജിനാഥ്), സുഹൃത്തായ ജെയിൻ ( അനിൽ നെടുമങ്ങാട്), ശൈലജ പി അമ്പു ( വിമലയുടെ ജോലിക്കാരിയായ ദാക്ഷായണി) എന്നിവരായിരുന്നു നാടകത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. അമ്മാവനായി  ഷിജിനാഥിന്റെ അകാല നിര്യാണത്തിനു ശേഷം നടന്ന ഷോകളിൽ  അമൽ രാജാണ് ആ റോളിൽ എത്തിയത്. 

the kerala twist in Vijay Tendulkars Kamala

കനി കുസൃതി

അഭ്യസ്തവിദ്യയായ ഒരു സ്ത്രീയായിരുന്നിട്ടും, ഏറെ കഴിവുകളുണ്ടായിരുന്നിട്ടും, ഭർത്താവിന്റെ ഇച്ഛപ്രകാരം വീട്ടിനുള്ളിൽ വീട്ടിലെ കാര്യങ്ങളൊക്കെ നോക്കിക്കൊണ്ട് കഴിച്ചുകൂട്ടുന്ന ഒരു സ്ത്രീയാണ് വിമല.  ഒരർത്ഥത്തിൽ അവരും സ്വന്തം ജീവിതത്തിൽ ഒരു അടിമ തന്നെ. അതവർ തിരിച്ചറിയുന്നില്ല എന്ന് മാത്രം. 

നോക്ക് ചേച്ചീ.. നമുക്കിടയിൽ പിന്നീടൊരിക്കലും ഒരു തെറ്റിദ്ധാരണയുണ്ടാവരുത് എന്ന് കരുതി പറയുകയാണ്

ആ വീട്ടിലേക്ക് കയറിവരുന്ന കമല എന്ന അടിമസ്ത്രീക്ക് പക്ഷേ, പുറംലോകത്തെപ്പറ്റി യാതൊന്നുമറിയില്ല. അവർ തന്റെ ഗ്രാമം വിട്ടെങ്ങും പോയിട്ടുണ്ടായിരുന്നില്ല. ഒരു സ്ത്രീ എന്ന നിലയിൽ/ പൗരന്‍ എന്ന നിലയിൽ തനിക്കുള്ള മൗലികാവകാശങ്ങളെപ്പറ്റി അവർ തീർത്തും അജ്ഞയാണ്.  ഒരു സ്ത്രീയുടെ ജന്മ നിയോഗം തന്നെ ഒരു അടിമ എന്ന നിലയിൽ പുരുഷന്റെ ഇംഗിതങ്ങള്‍ക്ക് വഴിപ്പെടുകയും, അയാൾക്ക് വെച്ചുവിളമ്പുകയുമൊക്കെ ചെയ്യലാണെന്നാണ്, അവർ കരുതി വെച്ചിരിക്കുന്നത്. വീട്ടിൽ കാണുന്ന വിമലയും തന്നെപ്പോലെ യജമാനൻ എവിടെ നിന്നോ പണം കൊടുത്തു വാങ്ങിയ ഒരു അടിമയാണെന്നാണ് അവർ കരുതുന്നത് . അത് അവരുടെ ഭാര്യയാണെന്നൊന്നും അവർ തിരിച്ചറിയുന്നില്ല. വിമലയെ ആദ്യമായി കണ്ടുമുട്ടുന്ന സാഹചര്യത്തിൽ കമല അവരോട് ചോദിക്കുന്ന നിഷ്കളങ്കമായ ഒരു ചോദ്യമുണ്ട്, 
"നിന്നെ എത്ര രൂപ കൊടുത്തതാണ് അദ്ദേഹം വാങ്ങിയത്.. ?" 

the kerala twist in Vijay Tendulkars Kamala

വിമലയുടെ വേഷത്തിൽ അഭിനയിച്ച സുഷമ 

ആ ഒരൊറ്റ ചോദ്യത്തിന് മുന്നിൽ വിമല എന്ന ഭാര്യ കെട്ടിപ്പൊക്കിയിരുന്ന സ്വാഭാവികതയുടെ ചീട്ടുകൊട്ടാരങ്ങളൊക്കെ തകർന്നു വീഴുകയാണ്. താനും ഒരു അടിമയാണ് എന്നവർ തിരിച്ചറിയുകയാണ്. പിന്നീടൊരു ഘട്ടത്തിൽ കമല, യജമാനന്റെ ഭാര്യ വിമല എന്ന തന്റെ സഹ അടിമയുമായി ഒരു ധാരണയിൽ എത്തുവാൻ വേണ്ടി ഇപ്രകാരം ചോദിക്കുന്നുണ്ട്. "നോക്ക് ചേച്ചീ.. നമുക്കിടയിൽ പിന്നീടൊരിക്കലും ഒരു തെറ്റിദ്ധാരണയുണ്ടാവരുത് എന്ന് കരുതി പറയുകയാണ്. ചേച്ചിയെ യജമാനൻ പണം കൊടുത്ത് വാങ്ങിയതല്ലേ..? എന്നെയുമതേ.. നമുക്കിവിടെ ചേച്ചിയെയും അനിയത്തിയേയും പോലെ കഴിയാം. യജമാനനെ സന്തോഷിപ്പിക്കാൻ നമുക്ക് ഒന്നിച്ചു പ്രയത്നിക്കാം. അദ്ദേഹത്തിന് മക്കളെ കൊടുക്കാം. എനിക്ക് പഠിപ്പൊക്കെ കുറവാണ്. അതുകൊണ്ട് പ്രയാസമുള്ള പണിയൊക്കെ ഞാൻ നോക്കാം. ചേച്ചി കണക്കൊക്കെ നോക്കിയാൽ മതി. ചേച്ചി പതിനഞ്ചു ദിവസം അദ്ദേഹത്തോടൊപ്പം കിടന്നോളൂ, ബാക്കി പതിനഞ്ചു ദിവസം മതി എനിക്ക്.. ഓക്കേ..?" അതുകേട്ട് ഒരുനിമിഷം അമ്പരന്നു പോവുന്നുണ്ടെങ്കിലും വിമല "ഓക്കേ.." എന്ന് തന്നെയാണ് മറുപടി പറയുന്നത്. 

ഒടുവിൽ അയാൾ തന്റെ ലേഖനം പ്രസിദ്ധപ്പെടുത്തുന്നു. തുടർന്ന് നടത്തുന്ന പത്രസമ്മേളനത്തിൽ താൻ കാശുകൊടുത്തു വാങ്ങിയ അടിമയെ പ്രദർശിപ്പിക്കുന്നു. 'കാശുകൊടുത്താൽ' ഒരു മനുഷ്യനെ വാങ്ങാൻ കിട്ടും എന്ന ബ്രേക്കിങ്ങ് ന്യൂസ് പുറത്തുവിടുന്നു. പക്ഷേ, അയാൾ പ്രതീക്ഷിച്ച പോലൊന്നും കാര്യങ്ങൾ നീങ്ങുന്നില്ല. അയാൾക്ക് പ്രശസ്തി കിട്ടുന്നതിന് പകരം സംഭവങ്ങളൊക്കെ വിവാദങ്ങളിൽ ചെന്ന് കലാശിക്കുന്നു. അയാൾക്കെതിരെ പൊലീസ് കേസ് ചാർജ് ചെയ്യുന്നു. പത്രം പോലും അയാളെ കയ്യൊഴിഞ്ഞു കളയുന്നു. അടിമയായി വാങ്ങിക്കൊണ്ടു വന്ന കമലയെ ഒടുവിൽ ഒരു അഗതിമന്ദിരത്തിൽ ആക്കുന്നു. സ്ത്രീ തന്റെ അടിമത്തത്തെ തിരിച്ചറിയുകയും, അടിച്ചമർത്തലുകൾ നടത്തുന്ന പുരുഷന് എല്ലാം നഷ്ടമാവുകയും ചെയ്യുന്നിടത്താണ് ടെണ്ടുൽക്കറുടെ നാടകം അവസാനിക്കുന്നത്. 

ദീപന്‍ ശിവരാമന്‍ തന്‍റെ നാടകത്തില്‍ കരുതിവച്ച ട്വിസ്റ്റ്
എന്നാൽ, ദീപൻ ശിവരാമൻ എന്ന മലയാളി നാടക സംവിധായകൻ  ഈ നാടകത്തിന്റെ ക്ളൈമാക്സിനോടടുപ്പിച്ച് വല്ലാത്തൊരു ട്വിസ്റ്റ് തയ്യാറാക്കിയിരുന്നു. തിരുവനന്തപുരത്ത് നാടകത്തിന്റെ ആദ്യ ഷോ തുടങ്ങുന്നതിനു മുമ്പുതന്നെ അജയൻ എന്ന സ്വാഭാവികാഭിനയത്തില്‍ അഗ്രഗണ്യനായ ഒരു നാടകപ്രവർത്തകനെ ദീപൻ സദസ്സിനുള്ളിൽ 'പ്ലാന്റ്' ചെയ്തിട്ടുണ്ടായിരുന്നു. ആ നാടകത്തിന്റെ ക്ളൈമാക്സിനോടടുപ്പിച്ച് കാണികൾക്ക് ഒരു ഷോക്ക് പകർന്നു നൽകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഭാഗധേയം. അദ്ദേഹത്തിന് നാടകത്തിലുള്ള റോൾ വെളിപ്പെടുത്തിയിരുന്നില്ല. 'നാടകത്തിനുള്ളിൽ ഒരു നാടക'മായിരുന്നു അത്. കാണികൾക്കാർക്കും തന്നെ ഒരു പിടിയുമില്ലാത്ത ഒരു നാടകം. ടെണ്ടുൽക്കറുടെ നാടകത്തിലെ പത്രപ്രവർത്തകന്റെ ഭാര്യയായ വിമല എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ ഭർത്താവായിട്ടാണ് അജയനെ അവിടെ ഇരുത്തിയിരിക്കുന്നത്. നാടകത്തിന്റെ തുടക്കം തൊട്ടുതന്നെ അജയനും ചുറ്റിനും വളരെ സ്വാഭാവികമെന്നോണം അവിടവിടെയായി ഇരിപ്പുറപ്പിച്ചിരിക്കുന്ന നാടകസംഘത്തിലെ ചില അംഗങ്ങളും തമ്മിൽ കോർക്കുന്നുണ്ട്. നാടകം പുരോഗമിക്കുന്നതിനിടെ, പലപ്പോഴായി ഉണ്ടാവുന്ന ഈ ഉരസലുകളിലൂടെ അജയൻ തന്നെത്തന്നെ അടയാളപ്പെടുത്തുന്നുണ്ട് കാണികളറിയാതെ തന്നെ സദസ്സിലേക്ക് ദീർഘിപ്പിച്ച ആ അരങ്ങിൽ..! 

ഇതെന്തൊരു മര്യാദകേടാണ്.. നന്നായി നടന്നുകൊണ്ടിരിക്കുന്ന ഒരു നാടകത്തിനിടെ ഇങ്ങനെ..

നാടകത്തിന്റെ ക്ളൈമാക്സിനോട് അടുപ്പിച്ച്, കമലയെ അഗതിമന്ദിരത്തിലേക്ക് പറഞ്ഞുവിട്ട  തന്റെ ഭർത്താവിനോട് വിമല കലഹിച്ചുകൊണ്ടിരിക്കുന്ന സീൻ എത്തുമ്പോഴേക്കും അജയൻ ക്ഷമ വെടിഞ്ഞ്, താനിരുന്ന കസേര തറയിലടിച്ചു പൊട്ടിച്ചു. ശേഷം, വിമലയുടെ റോളിൽ അഭിനയിക്കുന്ന സുഷമയെ അവരുടെ യഥാർത്ഥ പേര് വിളിച്ച് കയർത്തുകൊണ്ട് സ്റ്റേജിലേക്ക് കേറിച്ചെല്ലുന്നു. "മതി നിന്റെ കൂത്ത്.. നാടകമെന്നും പറഞ്ഞ് രാവിലെ വീട്ടിൽ നിന്നും ഇറങ്ങിക്കോളും.." എന്ന് തുടങ്ങി അവളെ കണക്കറ്റ് ശകാരിക്കുന്നു അജയൻ. 

നല്ല രീതിയിൽ നടന്നു കൊണ്ടിരിക്കുന്ന ഒരു നാടകത്തെ ഇവ്വിധം അലങ്കോലമാക്കാൻ ശ്രമിക്കുന്ന നടിയുടെ ഭർത്താവിനെ തികഞ്ഞ അവജ്ഞയോടെ നോക്കുന്നുണ്ട് കാണികളിൽ പലരും.  നാടകം അലമ്പാക്കാൻ നോക്കുന്ന അനൗചിത്യത്തിനെതിരെ അന്ന് പ്രതികരിച്ചവരിൽ പ്രസിദ്ധരായ പലരും പെടും. സംഭവം യഥാർത്ഥമെന്നു ധരിച്ചുപോയ അടൂർ ഗോപാലകൃഷ്ണൻ നാടകത്തിന്റെ സംഘാടകരോട് "ഇയാളെ പിടിച്ചു പുറത്താക്കൂ.."  എന്ന് പറയുന്നുണ്ട്. നാടകാചാര്യന്‍  വയലാ വാസുദേവ പിള്ള ഈ രംഗം കണ്ട്, ആദ്യം "ഇതെന്തൊരു മര്യാദകേടാണ്.. നന്നായി നടന്നുകൊണ്ടിരിക്കുന്ന ഒരു നാടകത്തിനിടെ ഇങ്ങനെ.." എന്ന് വിഷമിക്കുന്നത് കണ്ട്, അദ്ദേഹത്തിന്റെ ശിഷ്യരിൽ ചിലർ ഇടപെടാൻ എഴുന്നേറ്റു. പക്ഷേ, നാടക രംഗത്ത് പതിറ്റാണ്ടുകളുടെ പരിചയമുള്ള അദ്ദേഹത്തിന് അടുത്ത നിമിഷം അത് ചിലപ്പോൾ 'നാടകത്തിനുള്ളിലെ നാടകമാവാം' എന്ന് സംശയമുദിക്കുകയും, തന്റെ ശിഷ്യരോട് അൽപനേരം കൂടി ക്ഷമിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.  തൃശൂരിൽ നടന്ന ഷോയിലും ഇതേപോലെ അജയനെ കൈകാര്യം ചെയ്യാൻ എണീറ്റ പല കാണികളെയും അവർക്കിടയിൽ ഇരിപ്പുറപ്പിച്ചിരുന്ന നാടകസംഘക്കാർക്ക് തടയേണ്ടി വന്നു. 

സ്റ്റേജിലേക്ക് കേറിവന്ന സുഷമയുടെ ഭർത്താവ് അവരുടെ കൈ പിടിച്ചു വലിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവാൻ ശ്രമിക്കുമ്പോൾ, അയാളുടെ കരണം അടിച്ചു പുകച്ച് അവർ അയാളോട് ഏകദേശം ഇങ്ങനെ പറയുന്നു, "ഇത് എന്റെ സ്പേസ് ആണ്.. ഇവിടെ നിങ്ങളുടെ അധികാരം എടുക്കേണ്ട.. വീട്ടിലേക്കു പൊയ്ക്കോ.. അവിടെ മതി.." അയാൾ അടിയും വാങ്ങി കരണത്ത് കയ്യും വെച്ച് ആദ്യം സ്റ്റേജിൽ നിന്നും, പിന്നീട്  ഹാളിൽ നിന്നും ഇറങ്ങിപ്പോവുന്നു. അയാൾക്ക്‌ പിന്നിൽ വാതിലടയുന്നു. 

സ്റ്റേജിലെ സംഭ്രമം അപ്പോഴും അവസാനിക്കുന്നില്ല. അതുവരെ നാടകത്തിൽ പ്രത്യക്ഷപ്പെട്ട നടന്മാരും, സംവിധായകനും, മറ്റുള്ള അണിയറ പ്രവർത്തകരുമെല്ലാം ചേർന്ന് സുഷമയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു. "സാരമില്ല.. ഇത് എന്റെ പ്രശ്നമാണ്.. നമുക്ക് നാടകം തുടരാം.." എന്ന് പറഞ്ഞുകൊണ്ട് സുഷമ വീണ്ടും വിമലയായി മാറുന്നു. 

ഈ നഗരത്തിൽ അവൾ എവിടെയുണ്ടെങ്കിലും ഞാൻ അവളെ തിരിച്ചു കൊണ്ടുവരും

സുഷമയുടെ അസംതൃപ്തനായ ഭർത്താവിന്റെ ഇടപെടലിൽ അവിചാരിതമായി നിന്നുപോയേടത്തുനിന്നും നാടകം വീണ്ടും തുടങ്ങുന്നു. എന്നാൽ, അപ്രതീക്ഷിതമായ ആ ഇടപെടലിന് വിമല രണ്ടാമതും രംഗത്ത് തന്റെ സംഭാഷണം തുടരുമ്പോൾ, കയ്യിൽ കാറിന്റെ താക്കോൽ എടുത്ത് പിടിച്ച ശേഷം എല്ലാവരോടുമായി പറയുന്നത് ഇപ്രകാരമാണ്.. "ഞാൻ കമലയെ തിരഞ്ഞ് പോവുകയാണ്. ഈ നഗരത്തിൽ അവൾ എവിടെയുണ്ടെങ്കിലും ഞാൻ അവളെ തിരിച്ചു കൊണ്ടുവരും. അത് ഇഷ്ടമില്ലാത്ത ആരും തന്നെ ഞാൻ തിരിച്ചുവരും വരെ ഇവിടെ നിൽക്കണമെന്നില്ല.. പോകാം.. ഇത് എന്റെ വീടാണ്..ദിസ് ഈസ് മൈ ഹൗസ്.." 

അങ്ങനെ അടിമയായ വിമലയിൽ നിന്നും, കമലയ്ക്കും തനിയ്ക്കും ആ വീട്ടിൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു കൊണ്ട് ആ നാടകം അവർ അവസാനിപ്പിക്കുമ്പോഴും, കണ്ടിരിക്കുന്ന ആർക്കും തന്നെ ആ മദ്യപന്റെ ഇടപെടൽ നാടകത്തിനുള്ളിലെ നാടകമാണ് എന്നുള്ള ബോധ്യമുണ്ടാവുന്നില്ല എന്നതിലാണ് ദീപന്റെ 'ബ്രില്യൻസ് '.

ഈ നാടകം കാണാനെത്തിയ കാണികളുടെ കൂട്ടത്തിൽ അന്ന് കൈരളി ടിവിയിൽ അവതാരകയായിരുന്ന പിൽക്കാലത്ത് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള, ടി പാർവതിയും ഉണ്ടായിരുന്നു. ആ നാടകത്തെക്കുറിച്ചുള്ള തന്റെ അനുഭവം പാർവതി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പങ്കുവെച്ചു. "ഞാൻ അറിയാതെ എഴുന്നേറ്റു നിന്നുപോയി അയാളുടെ ആ ക്ഷോഭപ്രകടനം കണ്ടപ്പോൾ.. ഞാൻ നോക്കുമ്പോൾ, ഇത്രയും വലിയൊരു സദസ്സിൽ വെച്ച് നല്ലൊരു നാടകം നടക്കുമ്പോൾ, ഇങ്ങനെ ഒരു അലങ്കോലപ്പെടുത്തൽ ഒരാളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടും ആരും പ്രതികരിക്കുന്നില്ല. ആകെ എണീറ്റുകണ്ടത് അടൂർ ഗോപാലകൃഷ്ണൻ സാർ ആയിരുന്നു. സംഗതി പിടികിട്ടിയിട്ടാവും, അദ്ദേഹം പെട്ടെന്ന് തന്നെ ഇരുന്നു. എനിക്കാവട്ടെ കാര്യം മനസ്സിലായതുമില്ല.  അന്ന്, ഈ രംഗത്ത് സജീവമല്ലാതിരുന്നതിനാൽ ഞാൻ അജയൻ എന്ന നടനെ  കണ്ടിട്ടുണ്ടായിരുന്നില്ല. അന്ന് നടന്നതൊക്കെ വാസ്തവം എന്ന് തന്നെ ഞാനടക്കമുള്ള ആ ഒരു ഹാൾ നിറഞ്ഞിരുന്ന കാണികൾ വിശ്വസിച്ചു. അധികം താമസിയാതെ നാടകം കഴിഞ്ഞു, കർട്ടൻ വീണു. സുഷമയെ എനിക്ക് അറിയാമായിരുന്നു. പക്ഷേ, ഭർത്താവിനെ ഞാൻ കണ്ടിരുന്നില്ല.സുഷമയെ സമാധാനിപ്പിക്കാൻ വേണ്ടി ഞാൻ നേരെ ഗ്രീൻ റൂമിലേക്ക് ചെന്നു. അപ്പോൾ അവിടെ എല്ലാവരും ചിരിക്കുന്നത് കണ്ടപ്പോഴാണ് നടന്നത് നാടകത്തിനുള്ളിലെ ഒരു നാടകമായിരുന്നു എന്നെനിക്ക് മനസ്സിലായത്.." 

the kerala twist in Vijay Tendulkars Kamala

ടി പാര്‍വതി

അന്ന് 'കമലയി'ൽ പത്രപ്രവർത്തകന്റെ വേഷമണിഞ്ഞ രഘൂത്തമനും നാടകത്തെപ്പറ്റി ഓർത്തെടുത്തു. ടെണ്ടുൽക്കറോളം ആഴത്തിൽ നാടകങ്ങളെ സമീപിച്ചവർ മലയാളത്തിൽ കുറവാണ് എന്ന് രഘൂത്തമൻ പറഞ്ഞു. റിയലിസ്റ്റിക് പ്ളേയുടെ സാധ്യതകളെ ആവിഷ്കരിച്ചവർ ഇന്ത്യയിൽ തന്നെ കുറവാണ്. നമ്മുടെ നാടകങ്ങൾ ഒന്നുകിൽ കമേഴ്സ്യലായ, ഉപരിപ്ലവമായ പരിചരണങ്ങളോടെ ആവും. അല്ലെങ്കിൽ സീനോഗ്രാഫിയിലും, ലൈറ്റിംഗിലും മറ്റും അഭിരമിച്ചുകൊണ്ടുള്ള ഒരുപക്ഷേ ആളുകൾക്ക് വീണ്ടും വിധം മനസ്സിലാവാത്ത വിധം സിംബോളിക് ആയ നാടകങ്ങളാവും. യൂറോപ്പിൽ ഇബ്‌സൻ കൊണ്ടുവന്ന നാടകരംഗത്തെ പരീക്ഷണങ്ങൾക്ക് സമാനമായി ഇന്ത്യൻ സാമൂഹിക പരിപ്രേക്ഷ്യത്തിൽ ചെയ്തിട്ടുള്ള ഒരാൾ ടെണ്ടുൽക്കറാണ് എന്നും അദ്ദേഹം പറഞ്ഞു.  സഖാറാം ബൈൻഡറിലും, കമലയിലും സ്ത്രീ ശാക്തീകരണത്തിന്റെ ഉദാത്ത മാതൃകകൾ ദൃശ്യമാണ്. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ രണ്ടു തലങ്ങൾ രണ്ടു സ്ത്രീ കഥാപാത്രങ്ങളിലൂടെ അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്. അത് തന്നെയാണ് കമലയിലും അദ്ദേഹം പരീക്ഷിച്ചിട്ടുള്ളത്. ഒരു റൗണ്ട് സ്വഭാവം ടെണ്ടുൽക്കറുടെ കഥാപാത്രങ്ങൾക്കുണ്ട്. ആഴമുണ്ട്. ഫ്ലാറ്റ് അല്ല. പൃഥ്‌വി തിയറ്റർ അടക്കമുള്ളവർ നയിച്ച ശക്തമായ ഒരു തിയറ്റർ പ്രസ്ഥാനം മഹാരാഷ്ട്രയിൽ നിലവിലുണ്ടായിരുന്നു എന്നതും അത് ശക്തിപ്രാപിക്കാൻ കാരണമായിരുന്നു. 

the kerala twist in Vijay Tendulkars Kamala

രഘൂത്തമന്‍

ടെണ്ടുൽക്കറുടെ സ്ത്രീപക്ഷ നാടകങ്ങളിൽ ഏറ്റവും പ്രസക്തമായ 'കമല'  മലയാള ഭാഷയിലേക്ക് ഒരു സ്ത്രീ വിവർത്തനവും ഉണ്ടായിട്ടുണ്ട്. എറണാകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ആശാദേവിയാണ് മറ്റു ചില നാടകകൃത്തുക്കളുടെ നാടകങ്ങൾക്കൊപ്പം ഈ നാടകവും വിവർത്തനം ചെയ്തിരിക്കുന്നത്. നാഷണൽ ബുക്ക്സ്റ്റാൾ ആണ് ഇത് പ്രസിദ്ധീകരിക്കുയാണത്. പ്രാദേശികതകൾക്ക് അതീതമായി പ്രസക്തിയുള്ള ഒരു വിഷയമായതിനാൽ ഏറെ പണിപ്പെടാതെ തന്നെ വിവർത്തനം സാധ്യമായി എന്ന് അവർ പറഞ്ഞു.

കുടുംബത്തിന്റെ നാലു ചുവരുകൾക്കകത്തു കേറുമ്പോൾ പലപ്പോഴും ജനാധിപത്യവും, സമത്വവും ഒക്കെ അപ്രത്യക്ഷമാവുന്നു. അത് കേരളത്തിലും മഹാരാഷ്ട്രയിലും ഒക്കെ ഒരു പോലെ തന്നെ. തങ്ങളുടെ സോഷ്യൽ സ്റ്റാറ്റസ് നിലനിർത്താൻ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ശ്രമിക്കും. വീട്ടിനുള്ളിലെ ഇത്തരത്തിലുള്ള അസമത്വങ്ങൾ, അതേച്ചൊല്ലിയുള്ള പൊട്ടലും ചീറ്റലും, ചൂഷണങ്ങളും മറ്റും പലപ്പോഴും പുറംലോകമറിയില്ല. സ്ത്രീകൾക്ക് നേരെ നടക്കുന്ന ഇത്തരത്തിലുള്ള അടിമവൽക്കരണങ്ങളെ സ്വാഭാവികവത്കരിച്ചുകൊണ്ടുള്ള ഒരു സോഷ്യൽ കണ്ടീഷനിംഗ് നമുക്ക് ചുറ്റും നടക്കുന്നുണ്ട്. അതിനെയാണ് ടെണ്ടുൽക്കർ ഈ നാടകത്തിൽ വളരെ വിദഗ്ധമായി തുറന്നു കാണിച്ചിരിക്കുന്നത് എന്ന് ആശാ ദേവി പറഞ്ഞു. 

the kerala twist in Vijay Tendulkars Kamala

ആശാദേവി

തന്റെ നാടകങ്ങളിലൂടെ സമൂഹശരീരത്തിലെ പുഴുവരിക്കുന്ന വ്രണങ്ങൾ ശസ്ത്രക്രിയ നടത്തി തുറന്നു പിളർത്തിവെക്കുകയാണ് ടെണ്ടുൽക്കർ ചെയ്തത്. അദ്ദേഹത്തിന്റെ നാടകങ്ങൾ കണ്ടിറങ്ങുന്ന പലരും തങ്ങളുടെ ജീവിതങ്ങളിലേക്ക് പിന്തിരിഞ്ഞു നോക്കി. അതുവരെ സ്വാഭാവികം എന്ന് അവർ കരുതിയിരുന്ന പലതും അത്രയ്ക്ക് സ്വാഭാവികമല്ല എന്നവർ തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ നാടകങ്ങൾ കാലാതിവർത്തികളാണ്.

നാൽപ്പതു നാല്പത്തഞ്ചു കൊല്ലങ്ങൾക്കു മുമ്പ് അദ്ദേഹമെഴുതിയ നാടകങ്ങൾ ഇപ്പോഴും അതേപടി നമ്മുടെ ജീവിതങ്ങളുടെ  നേർക്ക് പിടിച്ചിരിക്കുന്ന ഒരു കണ്ണാടി പോലെ നമുക്ക് അനുഭവവേദ്യമാവുന്നു. അസാധാരണമായ പശ്ചാത്തലങ്ങളാണ് അദ്ദേഹത്തിന്റെ നാടകങ്ങളുടെ. അത്തരത്തിലുള്ള ഒരു തിയറ്റർ നമുക്കിലാതെ പോയി എന്നതാണ് നമ്മുടെ നാടകങ്ങളുടെ ദൗർഭാഗ്യം.

Follow Us:
Download App:
  • android
  • ios