Asianet News MalayalamAsianet News Malayalam

വിഴിഞ്ഞം കലാപം കേരളത്തിനു നല്‍കുന്ന പാഠങ്ങള്‍

കഴിഞ്ഞ ദിവസം വിടപറഞ്ഞ മുന്‍ ഡി.ജി.പി കെ.വി രാജഗോപാലന്‍ നായര്‍ പൊലീസ് മേധാവിയായിരിക്കെയായിരുന്നു വിഴിഞ്ഞം, പൂന്തുറ കലാപങ്ങള്‍.  'മൃദു ഭാവേ, ദൃഢ കര്‍മ്മേ' എന്ന പൊലിസ് മോട്ടോയുടെ പ്രതീകമായിരുന്നു രാജഗോപാലന്‍ നായര്‍. ഏഷ്യാനെറ്റ് ചാനല്‍ നിലവില്‍ വന്ന കാലത്ത്, വിഴിഞ്ഞം കലാപം അടക്കം റിപ്പോര്‍ട്ട് ചെയ്ത എസ് ബിജു എഴുതുന്നു
 

Vizhinjam riot lessons for kerala society by Biju S
Author
Thiruvananthapuram, First Published Sep 29, 2021, 7:52 PM IST

വിഴിഞ്ഞത്ത് പിന്നെ കലാപമുണ്ടായില്ല എന്നത് ആശ്വാസകരം. ഇന്ന് ആ പരിസരങ്ങളില്‍ ഒരു വലിയ തുറമുഖം വരുന്നു. എന്നാല്‍ അവിടത്തെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ എത്രത്തോളം പുരോഗതി നേടാനായി? വിഴിഞ്ഞത്ത് കലാപത്തിന്റെ വിളക്കണഞ്ഞെങ്കിലും കേരളം അതിലും  ആപല്‍ക്കരമായ നിരവധി വിഴിഞ്ഞങ്ങള്‍ തുറക്കുകയല്ലേ ഇന്ന്? കനല്‍ കെടുത്താന്‍ അന്ന് മുന്‍കൈയെടുത്ത മതനേതാക്കളും ഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥരും ഇന്ന് ആ കര്‍മ്മം നിര്‍വഹിക്കുന്നുവോ? 

 

Vizhinjam riot lessons for kerala society by Biju S

 

'എനിക്ക് നിങ്ങളെ നന്നായി അറിയാം, കുഴപ്പക്കാരനല്ലെന്നും അറിയാം, പക്ഷേ  ദയവായി ഇവിടം വിട്ട് പോകണം.'' 

ഇത് കേട്ടതും ഞങ്ങള്‍ പ്രതിഷേധമൊന്നും ഇല്ലാതെ അവിടെ നിന്നിറങ്ങി പോയി.

1996 ജനുവരി 26-നാണ് സംഭവം. സ്ഥലം, തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേഡിയം. അവിടെ നടക്കുന്ന റിപബ്‌ളിക് ദിന പരേഡ് ഏഷ്യാനെറ്റിനു വേണ്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതായിരുന്നു ഞാനും ക്യാമറാമാന്‍ തെരുവിയവും. 

ചടങ്ങില്‍ പങ്കെടുക്കേണ്ട മുഖ്യമന്ത്രി എ.കെ ആന്റണിയേയും ഉന്നത സിവില്‍ പൊലീസ് മേധാവികളെയും ഒക്കെ  പരിചയമുണ്ട്. അവരില്‍ പലരുമായി ഉപചാരം ചൊല്ലി സംസാരിക്കുകയും ചെയ്തിരുന്നു. അന്നേരത്താണ് ഞങ്ങളെ പുറത്താക്കാന്‍ പൊലീസ് എത്തിയത്. 

1995-ല്‍ ഏഷ്യാനെറ്റ് ന്യുസ് തുടങ്ങിയ ശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിന പരേഡ്. പഴയ ദൂരദര്‍ശന്‍ കാലത്തേ അവിടത്തെ കവറേജ് നടപടി ക്രമങ്ങളുമായി പരിചയമുണ്ടായിരുന്നു. അതിന് മുന്‍പ് എന്‍.സി.സി കേഡറ്റെന്ന നിലക്ക് അവിടെ പ്‌ളാറ്റൂണിനെ നയിച്ചിട്ടുണ്ട്. അതിനാല്‍, ചിട്ടവട്ടങ്ങളെല്ലാം പരിചിതം. ആ ആത്മവിശ്വാസത്തില്‍ നില്‍ക്കുമ്പോഴാണ് ഗെറ്റൗട്ട് ഉത്തരവ്. 

ഒരു ചാനലിന്റെ തുടക്കകാലത്ത്. അതും ആദ്യത്തെ സര്‍ക്കാതിര ടി.വിയെന്ന നിലയ്ക്ക് ഇത്തരം തിരസ്‌കാരങ്ങളും, അവഹേളനങ്ങളും പുത്തരിയായിരുന്നില്ല. പക്ഷേ ഉത്തരവുണ്ടായത് നന്നായറിയാവുന്ന പൊലീസ് മേധാവി ഡി.ജി.പി കെ.വി രാജഗോപാലന്‍ നായരില്‍ നിന്നാണ് എന്നത് വിഷമിപ്പിച്ചു. അതും ഞാന്‍ അദ്ദേഹവുമായി ചിരിച്ചു സംസാരിക്കുന്നതിനിടയില്‍. 

''ബിജു, നിങ്ങളെ എനിക്കറിയാം. ഇതിനു മുന്‍പും ഞാന്‍ പറഞ്ഞിട്ടുള്ളതല്ലേ ഔദ്യോഗിക പരിപാടികളില്‍ വരുമ്പോള്‍ സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡുമായി വരണമെന്ന്. നിങ്ങടെ സ്ഥാപനത്തിന് അത് പാലിക്കാന്‍ ആയില്ലെങ്കില്‍ ഞാന്‍ നിസ്സഹായനാണ്.  അതിനാല്‍, ഐ.ആം സോറി, യു മേ  പ്‌ളീസ് ഗോ ഔട്ട്''

ഇത്രയും സംസ്‌കാര സമ്പന്നമായും എന്നാല്‍ കര്‍ക്കശവുമായ ആ നിലപാടിന് സല്യൂട്ട് നല്‍കി ഞങ്ങള്‍ വി.ഐ.പി ഏരിയ കാലിയാക്കി.  സ്ഥലം കാലിയാക്കിയെങ്കിലും പൊതുജനങ്ങളുടെ ഗ്യാലറിയില്‍ ചെന്നു പരിപാടി കവര്‍ ചെയ്തു; ചിത്രീകരണത്തിന് പരിമിതിയുണ്ടായിരുന്നുവെങ്കിലും.  

സര്‍വീസില്‍നിന്നു പിരിഞ്ഞ ശേഷമുള്ള അനേക കാലങ്ങള്‍ക്കു ശേഷം കഴിഞ്ഞ ദിവസം അദ്ദേഹം നിര്യാതനായി.  'മൃദു ഭാവേ, ദൃഢ കര്‍മ്മേ' എന്ന പൊലിസ് മോട്ടോയുടെ പ്രതീകമായിരുന്നു രാജഗോപാലന്‍ നായര്‍. കള്ളപ്പണം വെളുപ്പിക്കാനും, വഴിവിട്ട സഞ്ചാരങ്ങള്‍ക്കും പുരാവസ്തു വില്‍പ്പനയെ മറയാക്കുന്നവര്‍ക്ക് കൂട്ടുനില്‍ക്കുന്ന പൊലിസ് ഉന്നതരില്‍ നിന്നൊക്കെ വേറിട്ട വ്യക്തിത്വം.

 

Vizhinjam riot lessons for kerala society by Biju S

 

എന്തായാലും ആ ഇറക്കി വിടല്‍ കൊണ്ട് ഒരു ഗുണമുണ്ടായി. ഞങ്ങള്‍ ഇതിന്റെ പേരില്‍ കലപില കൂട്ടിയതിനാല്‍ ഞങ്ങള്‍ക്ക് പ്രസ്സ് പാസടിച്ചു കിട്ടി. വാര്‍ത്താ വിഭാഗം ഇന്നത്തെ പോലെ അന്നും വലിയ ആദായം തരാത്ത ഒന്നായിരുന്നതിനാല്‍ ഏഷ്യാനെറ്റിലെ തന്നെ ചിലര്‍ മുടിയരായ പുത്രര്‍ എന്ന് ഞങ്ങളെ കളിയാക്കി വിളിച്ചിരുന്ന കാലമായിരുന്നു അത്. 

ചുരുങ്ങിയ കാലമേ (  1995 ഏപ്രില്‍ 30-1996 ജൂണ്‍ 30 )  കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള  ഡി ജി പി ആയിരുന്നുവുള്ളുവെങ്കിലും ആ മേഖലയില്‍ അന്തസ്സാര്‍ന്ന പ്രവര്‍ത്തനം കാഴ്ച വച്ചാണ് രാജഗോപാലന്‍ നായര്‍ അരങ്ങൊഴിഞ്ഞത്.   ഇദ്ദേഹത്തിന്റ സര്‍വ്വിസ് കാലത്താണ് വിഴിഞ്ഞത്ത് കലാപമുണ്ടാകുന്നത്. ഇരു വിഭാഗങ്ങള്‍ തമ്മില്‍ കാലാകാലങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന  പ്രശ്‌നങ്ങള്‍ രണ്ടു കലാപങ്ങളായി മാറുകയാണ് ഉണ്ടായത്. 1995 മേയ് 14-നും, ജൂലായ് 10-നുമാണ് ആറ് പേരുടെ മരണത്തിന് ഇടയാക്കിയ കലാപങ്ങളുണ്ടായത്. അത് ക്യാമറയില്‍ പകര്‍ത്തുകയും  റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത് വ്യക്തിയെന്ന നിലയ്ക്ക് മതപരമായ കാരണങ്ങളല്ല മറിച്ച് തീരദേശത്തെ അടിസ്ഥാന സൗകര്യക്കുറവാണ് കലാപത്തിന് വഴിമരുന്നിട്ടതെന്നാണ് എന്റെ അഭിപ്രായം.  

സംഘര്‍ഷം അണയ്ക്കാന്‍ മുഖ്യമന്ത്രി ഏ.കെ ആന്റണിക്കൊപ്പം പിന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് രാജഗോപാലന്‍ നായരായിരുന്നു. കലാപത്തിന്റെ കനല്‍ കെടുത്താന്‍ അദ്ദേഹമെടുത്ത രീതി അക്കാലത്ത് തിരുവനന്തപുരം സിറ്റി ഡി.സി പി ആയിരുന്ന എ.ഹേമചന്ദ്രന്‍ ( റിട്ട.ഡി.ജി.പി) 'മനസ്സില്‍ ശേഷിച്ചത്' എന്ന ഓര്‍മ്മക്കുറിപ്പില്‍ പറയുന്നുണ്ട്. വിഴിഞ്ഞത്ത് ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ ശത്രുരാജ്യങ്ങള്‍ക്കിടയിലെന്ന പോലെ ഒരു 'നോമാന്‍സ് ലാന്‍ഡ്' പോലും ഉണ്ടായിരുന്നു. 

വിഴിഞ്ഞം അന്ന് റൂറല്‍ പൊലീസ് പരിധിയിലായിരുന്നു. ആദ്യ കലാപമുണ്ടായപ്പോള്‍ വിഴിഞ്ഞം സ്റ്റേഷനിലെ കുറച്ച് പൊലീസുകാരയേ വിന്യസിക്കാനായുള്ളു. പ്രശ്‌നം തണുപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈകൊണ്ടു വരുന്നതിനിടയില്‍ പൊടുന്നനെ രണ്ടാം കലാപം പൊട്ടി പുറപ്പെട്ടു. അപ്പോഴും പൊലിസ് വിന്യാസം എളുപ്പമായിരുന്നില്ല.

വിഴിഞ്ഞത്തെ  സിറ്റി പോലീസിന്റെ നിയന്ത്രണത്തിലാക്കി എളുപ്പം സംഘര്‍ഷങ്ങള്‍ അടിച്ചമര്‍ത്താനുള്ള മുഖ്യമന്ത്രിയുടെ തീരൂമാനത്തിന്  പിന്നിലെ ചാലക ശക്തിയും ഡി.ജി.പി രാജഗോപാലന്‍ നായരായിരുന്നു.  സങ്കീര്‍ണമായ നിരവധി സാമൂഹ്യ പ്രശ്‌നങ്ങള്‍ കുഴഞ്ഞു മറിഞ്ഞ സാഹചര്യത്തില്‍ സാധാരണ പോലെ പൊലീസ് നടപടി ഫലം ചെയ്യില്ല.  

അന്നത്തെ തിരുവനന്തപുരം കളക്ടര്‍ അരുണാ സുന്ദരരാജുമായി ചേര്‍ന്ന് പൊലീസ് മികച്ച നീക്കങ്ങളാണ് നടത്തിയത്. വളരെ റിസ്‌കെടുത്ത് മൃതദേഹം കണ്ടെടുത്തും ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ  കേസ് അന്വേഷിച്ചും  വേറിട്ട് വഴികളാണ് പൊലീസും ഭരണകൂടവും സ്വീകരിച്ചത്. 11 കേസുകളികളിലായി 36 പ്രതികളെ അറസ്റ്റ് ചെയ്തു. പിന്നീട് പൂന്തുറ കലാപത്തില്‍ സംഘര്‍ഷം കലാപമായി പടരുന്നത് ഒഴിവാക്കാന്‍ ക്വിക്ക് റെസ്‌പോണ്‍സ് സംവിധാനം ഏര്‍പ്പാടാക്കിയത്  രാജഗോപാലന്‍ നായരുടെ മികവാണ്. പൂന്തുറയില്‍ കലാപമുണ്ടായപ്പോള്‍ ആവശ്യത്തിന് ഫോഴ്‌സ് ഇല്ലാതെ വിഷമിച്ച താന്‍ ഒരു സന്ദേശമയച്ചപ്പോള്‍ അരമണിക്കൂറില്‍ അതുറപ്പാക്കി തന്നത് രാജഗോപാലന്‍ നായരാണെന്ന് ഹേമചന്ദ്രന്‍ ആത്മകഥയില്‍ പറയുന്നുണ്ട്.

ഹൈകോടതി ഉത്തരവുണ്ടായിട്ടും നിയമാനുസൃതം സ്വാമി പ്രകാശാനന്ദ പക്ഷത്തിന്  ഭരണം വിട്ടു നല്‍കാന്‍ തയ്യാറാകാതിരുന്ന ശാശ്വതികാനന്ദ സ്വാമികളെയും കൂട്ടരെയും ശിവഗിരിയില്‍ നിന്ന് ഒഴിപ്പിച്ചെടുത്തതും രാജഗോപാലന്‍ നായര്‍ ഡി.ജി.പി ആയിരുന്നപ്പോഴായിരുന്നു. അന്ന് അബ്ദുള്‍ നാസര്‍ മഅദനിയടക്കമുള്ളവര്‍ ശാശ്വതികാനന്ദ സ്വാമികള്‍ക്കൊപ്പം നിലയുറപ്പിച്ചിരുന്നു. ആക്രമണമുണ്ടായിട്ടും പൊലീസ് മിതത്വം പാലിച്ചത് ക്യാമറ -റിപ്പോര്‍ട്ടിങ്ങിന് പോയ എനിക്കറിയാം. ഭരണാധികാരികളില്‍ നിന്ന് പോലും പഴികേട്ടിട്ടും പൊലീസ് അന്ന് മാന്യത പാലിച്ചു.  

വിഴിഞ്ഞം കലാപം തണുപ്പിക്കാനും അത് സ്ഥിരമായി കെടുത്താനും മുന്‍കൈയെടുത്ത രണ്ട് വ്യക്തികളെ പറയാതെ പോകാനാകില്ല. ഇപ്പോള്‍ എരിതീയില്‍ എണ്ണ ഒഴിച്ച് സംഘര്‍ഷം ആളിക്കകത്തിക്കാന്‍ ചില മതനേതാക്കള്‍ തുനിയുന്നത് കാണുമ്പോള്‍ ഇവരെ ഓര്‍ക്കാതെ വയ്യ. അന്ന് ലത്തീന്‍ ബിഷപ്പായിരുന്ന സൂസാപാക്യവും, പാളയം ഇമാമായിരുന്ന അബ്ദുള്‍ ഗഫാര്‍ മൗലവിയും എത്ര മേല്‍ നന്നായാണ് മുറുവുണക്കാന്‍ ഇടപെട്ടതെന്ന് പലപ്പോഴും അടുത്ത് നിന്നറിയാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അന്ന് തിരുവനന്തപുരത്തെ തെക്കന്‍ തീരദേശങ്ങളില്‍ വാര്‍ത്താ റിപ്പോട്ടിങ്ങും ചിത്രീകരണവും വലിയ റിസ്‌കായിരുന്നു. വിദ്യാഭ്യാസ സാമൂഹിക പിന്നോക്കാവസ്ഥയും ജനപ്പെരുപ്പവും അടിസ്ഥാന  സൗകര്യക്കുറവും കാരണം  തീരദേശവാസികള്‍ എപ്പോഴും പ്രയാസത്തിലായിരിക്കും. വീടുകളിലെയും സ്ഥാപനങ്ങളിലെയും മലിനജലം ഒഴുകിയെത്തുന്ന നീര്‍ച്ചാലില്‍ തന്നെ ശൗച്യവും, കുളിയും. ഇത്രയധികം ആള്‍ക്കാര്‍ക്ക് ഒരിടത്ത് എങ്ങനെ താമസിക്കാമെന്ന് ഞാന്‍ അതിശയിച്ചി പോയിട്ടുണ്ട്.  

അതിനെ ചൊല്ലിയുണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ നിന്ന് മറ്റുള്ളവര്‍ ഓടിയകലുമ്പോള്‍ പൊലീസിനും മാധ്യമങ്ങള്‍ക്കും ചക്രവ്യൂഹത്തിനകത്തേക്ക് ഓടിക്കയറേണ്ട ഗതികേടാണ്. പൊലീസ് സംഘടിതരും സായുധരുമാണ്. ഞങ്ങളാകട്ടെ എളുപ്പത്തില്‍ എല്ലാവര്‍ക്കും കൈകാര്യം ചെയ്യാനുള്ള  പാകത്തില്‍ നിരായുധരും നിരാലംബരും. 

വിഴിഞ്ഞം കലാപം ആദ്യം റിപ്പോട്ട് ചെയ്യാന്‍ പോയ ഞങ്ങളുടെ സംഘത്തില്‍ മൂന്ന് വനിതാ മാധ്യമ പ്രവര്‍ത്തകരുമുണ്ടായിരുന്നു. സംഘര്‍ഷം ചിത്രീകരിക്കുന്നതിനൊപ്പം അവരെ സംരക്ഷിക്കുക എന്നതും വലിയ വെല്ലുവിളിയായി. ഡി.ജി.പി  രാജഗോപാലന്‍ നായരും പിന്നീട് ഡി.ജി.പിമാരായ ജേക്കബ് പൂന്നൂസും, ഹേമചന്ദ്രനുമൊക്കെ ആവും വിധം സഹായിച്ചു. എന്നാല്‍ എരിപിരികൊണ്ടു നില്‍ക്കുന്ന ഗ്രൗണ്ട് ഫോഴ്‌സില്‍ നിന്ന് ആ വിധം സഹായം പ്രതീക്ഷിക്കുന്നത് മൗഢ്യമാണ്. പലപ്പോഴും പൊലീസിന്റെയും. കലാപകാരികളുടെ തല്ല് ഞങ്ങള്‍ വാങ്ങും. അതൊന്നും കാര്യമാക്കാന്‍ കഴിയുമായിരുന്നില്ല. അടിയും തെറിയും പണിയുടെ ഭാഗമായി കണക്കാക്കിയിരുന്നു.  എന്നാല്‍ പങ്കായം കൊണ്ടുള്ള ആക്രമണത്തെ ഞങ്ങള്‍ ഭീതിയോടെയാണ് കണ്ടിരുന്നത്. പലപ്പോഴും പങ്കായമടി കൂടെയുള്ളവര്‍ കൈകൊണ്ട് ചെറുത്താണ് ക്യാമറക്കാരുടെ  തല രക്ഷിച്ചിരുന്നത്. 

ഒരു വശത്ത് കടലാണെന്നത് ഞങ്ങളുടെ പേടി കൂട്ടിയിരുന്നു. പല തരം കിംവദന്തികളും ഭയാനകമായ അവസ്ഥയുണ്ടാക്കിയിരുന്നു. അതിനാല്‍ വനിതാ മാധ്യമ പ്രവര്‍ത്തകരെ അങ്ങോട്ട് വിടാനാകാത്ത സ്ഥിതിയായി.  സംഘര്‍ഷം ഉടലെടുത്താല്‍ അവിടെ ഞങ്ങളാരും തര്‍ക്കത്തിന് പോവുമായിരുന്നില്ല. പലപ്പോഴും ക്യാമറ എങ്ങനയെങ്കിലും ഒളിപ്പിച്ച് ഏറെ നടന്നാണ് സ്ഥലം കാലിയാക്കിയിരുന്നത്. വണ്ടി സംരക്ഷിക്കലും വലിയ തലവേദനയായിരുന്നു. ഈ അവസ്ഥ വര്‍ഷങ്ങളോളം തീരദേശത്ത് നീണ്ടു നിന്നിരുന്നു.    

വാര്‍ത്താ വിഭാഗം രൂപീകരിച്ചിരുന്നുവെങ്കിലും ഏഷ്യാനെറ്റ് അന്ന് വാര്‍ത്താ ബുള്ളറ്റിനുകള്‍ തുടങ്ങിയിരുന്നില്ല.  വിഴിഞ്ഞം കലാപം ഞങ്ങള്‍ പ്രത്യേക പരിപാടികളുമായി സമഗ്രമായി തന്നെ കവര്‍ ചെയ്തു.  പ്രശ്‌നം ആഴത്തില്‍ അപഗ്രഥിച്ച്, തീപ്പൊരി വീഴ്ത്താതെ, വസ്തുനിഷ്ഠമായി വിഷയം അവതരിപ്പിക്കുക എന്നതായിരുന്നു ഞങ്ങള്‍ക്കുള്ള നിര്‍ദ്ദേശം. ആ സമയത്ത് ക്യാമറയും ശബ്ദലേഖനവുമടക്കം ഏതാണ്ടെല്ലാ പണികളും ജേണലിസ്റ്റുകള്‍ ചെയ്യുക എന്നതായിരുന്നു പതിവ്. എന്‍.കെ രവീന്ദ്രനും, എ  പ്രമോദും ഒപ്പം ഞാനും തയ്യാറാക്കിയ 'വിഴിഞ്ഞം കലാപവും, അതിനുമപ്പുറവും' എന്ന അന്വേഷണം പരിപാടി  എങ്ങനെ ഈ പ്രശ്‌നം ആവര്‍ത്തിക്കാതിരിക്കാം, എങ്ങനെ ശാശ്വത പരിഹാരം  ഉണ്ടാക്കാം എന്നതാണ് ലക്ഷ്യമിട്ടത്. 

വിഴിഞ്ഞത്ത് പിന്നെ കലാപമുണ്ടായില്ല എന്നത് ആശ്വാസകരം. ഇന്ന് ആ പരിസരങ്ങളില്‍ ഒരു വലിയ തുറമുഖം വരുന്നു. എന്നാല്‍ അവിടത്തെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ എത്രത്തോളം പുരോഗതി നേടാനായി? വിഴിഞ്ഞത്ത് കലാപത്തിന്റെ വിളക്കണഞ്ഞെങ്കിലും കേരളം അതിലും  ആപല്‍ക്കരമായ നിരവധി വിഴിഞ്ഞങ്ങള്‍ തുറക്കുകയല്ലേ ഇന്ന്? കനല്‍ കെടുത്താന്‍ അന്ന് മുന്‍കൈയെടുത്ത മതനേതാക്കളും ഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥരും ഇന്ന് ആ കര്‍മ്മം നിര്‍വഹിക്കുന്നുവോ? 

ദയവായി ഈ പരിപാടി മുഴുവന്‍ കണ്ട് നിങ്ങള്‍ തന്നെ വിലയിരുത്തുക.

 

"

Follow Us:
Download App:
  • android
  • ios