Asianet News MalayalamAsianet News Malayalam

ഏട്ടിലെ നിയമങ്ങളുടെ കഴിവുകേടിന് മരുന്ന് ചെകിട്ടിലെ അടിയോ?

വിജയ് നായർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ സൈബർ അതിക്രമങ്ങൾക്കെതിരെ കേസ് കൊടുത്തവർക്ക് നീതി ലഭിച്ചോ എന്ന അന്വേഷണം

what had happened to cyber attack cases in Kerala
Author
Thiruvananthapuram, First Published Sep 27, 2020, 8:06 PM IST
  • Facebook
  • Twitter
  • Whatsapp

ഒരടിയുടെ ശരിയും തെറ്റും തിരക്കുന്ന തിരക്കിലാണിപ്പോൾ പ്രബുദ്ധ കേരളം. സാങ്കേതിക വിദ്യ അതിവേഗം വളരുകയും സ്ത്രീപക്ഷ ചിന്തകൾ അതിനൊപ്പം ശക്തിയാർജ്ജിക്കുകയും ചെയ്യുന്ന കാലത്തും സമൂഹമാധ്യമങ്ങൾ അധിക്ഷേപങ്ങളുടെയും അതിക്രമങ്ങളുടെയും കലാപഭൂമിയാണെന്ന് തെളിയിച്ചതാണ് കഴിഞ്ഞ ദിവസത്തെ സംഭവം. വിജയ് പി നായരുടെ യൂട്യൂബ് വീഡിയോകൾ കേട്ട് മൂക്കത്ത് വിരൽ വച്ച മലയാളികൾ കുറവല്ല. എന്നാൽ അവരിൽ തന്നെ വലിയ വിഭാഗവും വിജയ് നായരെ മർദ്ദിച്ചതിനെ അനുകൂലിക്കുന്നില്ല. നിയമം കൈയ്യിലെടുത്തതിനോടുള്ള കടുത്ത എതിർപ്പും വേദനയും പങ്കുവയ്ക്കുകയാണ് അവർ. അതേസമയം വിജയ് നായരെ അനുകൂലിക്കുന്ന വിഭാഗം ഇപ്പോഴും അധിക്ഷേപം നടത്തുന്നുണ്ട്. പരാതികൾ ഫലം കാണാതെ വരുമ്പോൾ ഇങ്ങിനെയല്ലാതെ എങ്ങിനെയാണ് ലൈംഗിക അധിക്ഷേപങ്ങളോടും അപവാദങ്ങളോടും പ്രതികരിക്കേണ്ടതെന്ന ചോദ്യമാണ് മറുഭാഗത്ത് നിന്നുയരുന്നത്. നിയമം കൈയ്യിലെടുക്കാൻ നിർബന്ധിതരാവുന്നുവെന്നും അവർ പറയുന്നു.

ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മിയും ചേർന്ന് വിജയ് നായരെ മർദ്ദിച്ചതിനെ വലിയൊരു വിഭാഗം അനുകൂലിക്കുമ്പോൾ തന്നെയാണ് വിജയ് നായർ അനുകൂലികൾ അധിക്ഷേപവുമായി രംഗത്ത് വരുന്നത്. സ്ത്രീകൾ അടക്കമുള്ളവർ വിജയ് നായരെ അനുകൂലിക്കുന്നുണ്ട്. അവരിൽ നല്ലൊരു വിഭാഗം ഇപ്പോഴും അസഭ്യം പറയുന്നുണ്ട്. എന്നാൽ വിജയ് നായരെ മൂന്ന് സ്ത്രീകൾ കൈയ്യേറ്റം ചെയ്തത് അന്യായമായെന്നതിലേക്ക് മാത്രമായി ചർച്ചകൾ ഒതുങ്ങുന്നു. സോഷ്യൽ മീഡിയയിൽ നിരന്തരം അധിക്ഷേപത്തിനും അതിക്രമത്തിനും ഇരയാവുന്നത് സ്ത്രീകളാണ്. പുരുഷന്മാർ എതിരാളിയായി വരുന്ന സന്ദർഭങ്ങളിലും സൈബർ ഗുണ്ടകളുടെ ആയുധം എതിരാളിയുടെ ഭാര്യയും മകളുമൊക്കെയാവും. അതിന് പ്രായം ഒരു പരിഗണനാ വിഷയമേയാകുന്നില്ല. ചിത്രങ്ങൾ ദുരുപയോഗം ചെയ്തും അശ്ലീലം പറഞ്ഞും എതിരാളിയെ ഇല്ലാതാക്കുകയാണ് നീക്കം. 

ഈ ദുരനുഭവങ്ങൾക്കാണ് ഡോ ജിനേഷ് പിഎസും സുഭാഷ് നാരായണനും ഇരയായത്. ആർഎംപിയുടെ നേതാവായ കെകെ രമ കേരളത്തിൽ സൈബർ അതിക്രമത്തിന് ഏറ്റവും കൂടുതൽ ഇരയായ സ്ത്രീയാണ്. തന്റെ ജോലി ചെയ്തതിന് പൊലീസ് സ്റ്റേഷനുകളിൽ പരാതിയുമായി നിരന്തരം കയറിയിറങ്ങാൻ നിർബന്ധിക്കപ്പെട്ട അപർണ പ്രശാന്തി പക്ഷെ പിന്മാറാൻ ഒരുക്കമല്ല. ഓട്ടിസം ബാധിച്ച തന്റെ മകനെ വരെ സൈബർ അക്രമികൾ ആക്രമിച്ചപ്പോൾ നീതിപീഠം നോക്കുകുത്തിയായതിന്റെ സങ്കടവും രോഷവും പ്രീത ജിപിയെ നിരാശയുടെ പടുകുഴിയിലേക്കാണ് എത്തിച്ചത്. മന്ത്രി മേഴ്സിക്കുട്ടിയമ്മ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രമ്യ ഹരിദാസ് എംപി, കായംകുളം എംഎൽഎ പ്രതിഭ തുടങ്ങി നേതൃനിരയിലുള്ളവർക്ക് പോലും രക്ഷയില്ലെന്ന സ്ഥിതിയാണ്. അപ്പോൾ പിന്നെ മറ്റ് ഇരകളുടെ കാര്യം പറയേണ്ടതില്ലല്ലോ. എന്നിട്ടും ഇതാവർത്തിക്കുന്നത് എന്തുകൊണ്ടാണ്? നാട്ടിലെ നിയമത്തിന് കഴിവില്ലാഞ്ഞിട്ടോ അതോ നടപ്പാക്കാൻ ആളില്ലാഞ്ഞിട്ടോ?

പൊലീസ് സ്റ്റേഷൻ കയറിയിറങ്ങി, ഇനി പരാതി കൊടുക്കാനില്ല

"നിരവധി കേസുകൾ നൽകിയിരുന്നു. ഒരെണ്ണത്തിൽ പോലും നടപടിയുണ്ടായിട്ടില്ല. ഒന്നിലും അന്വേഷണം നടന്നുവെന്ന് പോലും ഞാൻ കരുതുന്നില്ല. അവസാനമായപ്പോൾ ഞാൻ പരാതി കൊടുക്കാതായി. പൊലീസ് നടപടിയെടുക്കാത്തത് കൊണ്ട് എഴുതുന്നവർക്ക് എന്തുമെഴുതാമെന്ന അർത്ഥത്തിലേക്കാണ് പോകുന്നത്. ആർക്കും ആരെയും പേടിയില്ല. അതുകൊണ്ടാണ് ഇന്നലെ അവർക്ക് പ്രതികരിക്കേണ്ടി വന്നത്. ഇനിയിപ്പൊ അതേ നടക്കൂ എന്ന നിലയിലായി. എന്റെയും ചെന്നിത്തലയുടെയും ചിത്രം മോർഫ് ചെയ്ത്  പ്രചരിപ്പിച്ച സംഭവത്തിൽ ഏറ്റവും ഒടുവിൽ രമേശ് ചെന്നിത്തല ഒരു പരാതി കൊടുത്തിരുന്നു. അതിൽ പോലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഒരു മൊഴിയെടുക്കൽ പോലും ഉണ്ടായിട്ടില്ല. ശക്തമായ നിയമം ഇല്ലാത്തതും പ്രശ്നമാണ്. ഉദാസീനതയോടെയാണ് ഭരണകൂടങ്ങൾ ഇതിനെ കാണുന്നത്. ഇനി ഞാൻ കേസ് കൊടുക്കില്ല. വെറുതെ പരാതിയുമായി പോകാമെന്നല്ലാതെ അതിൽ ഫലം ഇല്ല."- കെകെ രമ.
ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ നേതാവായിട്ടും രമ നേരിടുന്നത് ഇതാണ്. 

എത്ര പേർക്ക് തിരിച്ച് തല്ലാനാവും?

"ഞാനല്ല, ഭാര്യയും മകളുമാണ് പരാതി നൽകിയത്. കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് ഇമെയിലായാണ് പരാതി നൽകിയത്. എന്നാൽ ഇതേവരെ അതേപ്പറ്റി ഒരു മറുപടിയും ലഭിച്ചിട്ടില്ല. സുഹൃത്തുക്കളോട് ചോദിച്ചപ്പോൾ അന്വേഷിക്കുന്നുണ്ട്, ഫെയ്സ്ബുക്കിൽ നിന്ന് മറുപടി കിട്ടണം എന്നൊക്കെയാണ് പറയുന്നത്. ആദ്യം ഞാൻ സൈബർ പൊലീസിനെയാണ് സമീപിച്ചത്. അവർക്ക് നേരിട്ട് പരാതി ലഭിക്കാനാവില്ലെന്നും ജില്ലാ പൊലീസ് മേധാവിക്കോ ലോക്കൽ പൊലീസിനോ പരാതി അയ്യക്കണം എന്നാണ് അവർ പറഞ്ഞത്. ഇങ്ങിനെ മറുപടി തരാതിരിക്കുന്നത് ഒരു ശരിയായ നടപടിയല്ല. എത്ര പേർക്ക് തിരിച്ച് തല്ലാനാവും? മനുഷ്യർ നിസഹായരായി മാറും."- ഡോ ജിനേഷ് പിഎസ്. 
രാഷ്ട്രീയ വിഷയത്തിലെ ട്രോൾ ഫെയ്സ്ബുക്കിൽ പങ്കുവച്ചതിനാണ് ഇദ്ദേഹത്തെയും കുടുംബത്തെയും ആക്രമിച്ചത്. ഭാര്യയും മകളും പരാതി നൽകി മൂന്ന് മാസമാകുന്നു. പൊലീസിന്റെ ഭാഗത്ത് നിന്ന് ഒരു മറുപടിയും ലഭിച്ചിട്ടില്ല. 

പ്രതിയെ തോളിലേറ്റി ജാഥ നടത്തി പ്രതികാരം

"ഈ സംഭവം നടന്ന് ഒന്നര മാസത്തിന് ശേഷമാണ് എഫ്ഐആർ ഇട്ടത്. പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്തു. പക്ഷെ അയാൾക്ക് ജാമ്യം കിട്ടി. അന്ന് എന്റെ വീടിന്റെ മുന്നിൽ കൂടി അദ്ദേഹത്തെ തോളിലേറ്റ് ജാഥയൊക്കെ നടത്തി. കേസ് എടുത്തുവെങ്കിലും അതിക്രമങ്ങൾക്ക് ഒട്ടും കുറവില്ല. എന്റേതടക്കം 17 കേസുകൾ പിന്നീട് തിരുവനന്തപുരം ഹൈടെക് സെല്ലിന് കൈമാറി. ഇനി കൃത്യമായ അന്വേഷണം നടക്കുമെന്ന് കരുതി. മൊഴി കൊടുക്കാൻ പോയപ്പോൾ ഹൈടെക് സെല്ലിലെ ഉദ്യോഗസ്ഥൻ പറഞ്ഞത് എന്റെ ഭാഗത്തും കുഴപ്പം കാണുമെന്നാണ്.  തെറിവിളിച്ചെന്ന പേരിൽ കേസെടുത്താൽ തോറ്റ് പോകുമെന്നും കേസെടുക്കാനുള്ള വകുപ്പില്ലെന്നും പറഞ്ഞു. ഏറ്റവുമൊടുവിൽ മൊഴി കൊടുത്തത് ഒരു വർഷം മുൻപ് തിരുവനന്തപുരത്തെ ഓഫീസിൽ വച്ചായിരുന്നു. ഇത് മാത്രമല്ല, തെളിവുകൾ ഹാജരാക്കുന്നതിൽ പോലും ഇവർക്ക് വ്യക്തതയില്ല. ഒരിടത്ത് സ്ക്രീൻഷോട്ട്, വേറൊരിടത്ത് പ്രിന്റ്, മറ്റൊരിടത്ത് പെൻ ഡ്രൈവ്, പിന്നൊരിക്കൽ സിഡി അങ്ങിനെ ഓരോ തവണയും ഓരോ കാര്യമാണ് പറയുക. ഞാനാദ്യം പരാതി കൊടുത്തത് 19ാം വയസിലാണ്. അതിന്റെ വിചാരണ നടന്നത് എനിക്ക് 23 വയസായപ്പോഴാണ്. അതുകൊണ്ട് എത്ര കാത്തിരിക്കേണ്ടി വന്നാലും ഇനിയും ഫൈറ്റ് ചെയ്യും, പിന്മാറില്ല." - അപർണ പ്രശാന്തി. 
അല്ലു അർജുൻ സിനിമയെ വിമർശിച്ച് കൊണ്ടു റിവ്യു എഴുതിയതിനായിരുന്നു ചലച്ചിത്ര നിരൂപകയായ അപർണയ്ക്കെതിരെ ആക്രമണം നടന്നത്.

ഫെയ്സ്ബുക്കിന്റെ മറുപടിക്കായുള്ള കാത്തിരിപ്പ്

"ഫെയ്സ്ബുകുമായി ബന്ധപ്പെട്ട പ്രശ്നമാണ് ഞങ്ങളുടെ പരാതിയിൽ വന്നിരിക്കുന്നത്. ഭാര്യയുടെയും മകളുടെയും ചിത്രം മോർഫ് ചെയ്ത് മോശമായ രീതിയിൽ പ്രചരിപ്പിക്കുകയും അശ്ലീലം പറയുകയും ചെയ്തതാണ് കേസ്. വീട്ടുകാരുടെ സമ്മതത്തോടെ കേസ് കൊടുത്തു. എഫ്ഐആർ ഇടീക്കാൻ തന്നെ കഷ്ടപ്പെട്ടു. അവർക്കതല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ല. അത് വച്ചവർ മൊഴിയെടുത്തു. ഇതെല്ലാം വെച്ച് അവർ ഫെയ്സ്ബുക്കിന് മെയിൽ അയച്ചു. ആ മെയിലിലെ മറുപടി നോക്കി അവർ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ കൊടുക്കും. കോടതി എങ്ങിനെ പരിഗണിക്കുമെന്നത് അതിലെ വകുപ്പുകൾ അനുസരിച്ചിരിക്കും. നിയമത്തിലെ അപര്യാപ്തതയും നിയമം നടപ്പിലാക്കുന്നവരുടെ അജ്ഞതയും ഫെയ്സ്ബുക്ക് പോലുള്ളവരുടെ നിസ്സഹകരണവുമാണ് തടസ്സം."- സുഭാഷ് നാരായണൻ. 
ഇദ്ദേഹത്തിന്റെ പരാതിയിൽ ഫെയ്സ്ബുക്കിന്റെ മറുപടി വരുന്നതും കാത്തിരിക്കുകയാണ് പൊലീസ്.

 

ഫെയ്സ്ബുക്ക് സഹകരിക്കുന്നില്ലെങ്കിൽ അവർക്കെതിരെ കേസ് കൊടുക്കണം

"ഓട്ടിസം ബാധിച്ച 12 വയസ് മാത്രമുള്ള എന്റെ മകനെതിരെ വരെ അധിക്ഷേപം നടത്തിയതിനാണ് ഞാൻ കേസ് കൊടുത്തത്. അന്ന് ഇവിടെ ലോക്കൽ പൊലീസ് സ്റ്റേഷനിൽ നേരിട്ട് പോയാണ് പരാതി കൊടുത്തത്. രാജകീയ സ്വീകരണമായിരുന്നു. മറ്റ് പെൺകുട്ടികൾ പറയുന്നത് പോലെ അവരെന്നെ ഉപദേശിക്കാനൊന്നും വന്നില്ല. എസ്ഐ പരാതി വായിച്ച് ചെയ്യേണ്ട കാര്യങ്ങളൊക്കെ മറ്റൊരു ഉദ്യോഗസ്ഥനോട് പറഞ്ഞുകൊടുത്തു. പിന്നീടതിൽ എന്തെങ്കിലും നടന്നോ എന്നറിയില്ല. ഈയിടയ്ക്ക് ഒരു പൊലീസുകാരന്റെ കോൾ വന്നു. ഈ കേസ് കോടതിയിലേക്ക് മാറ്റുന്നതിന് തടസം വരും, അതിന് എന്റെ അറിവുണ്ടെന്ന് എഴുതി കൊടുക്കണമെന്നും പറഞ്ഞു. അത് പറ്റില്ലെന്ന് പറഞ്ഞു. ഫെയ്സ്ബുക്കിൽ നിന്ന് വിവരം കിട്ടുന്നില്ലെന്ന് അവര് പറഞ്ഞപ്പോ, ഞാനവരോട് ഫെയ്സ്ബുക്കിനെതിരെ സുപ്രീം കോടതിയിൽ കേസ് കൊടുക്കാൻ പറഞ്ഞു. സൈബർ സെല്ലൊരു നോക്കുകുത്തി സംവിധാനമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്തിനാണ് അവിടെ ആളുകൾ? ഫെയ്സ്ബുക്കിനെ അന്വേഷണവുമായി സഹകരിപ്പിക്കുന്നതിനുള്ള ശ്രമം നീതിന്യായ വ്യവസ്ഥയുടെ ഭാഗത്ത് നിന്നാണ് ഉണ്ടാകേണ്ടത്."- പ്രീത ജിപി.
മുൻ രാഷ്ട്രപതി അബ്ദുൾ കലാമിനെതിരായ വിമർശനമായിരുന്നു പ്രീത ജിപിക്കും മകനുമെതിരായ ആക്രമണത്തിലേക്ക് നയിച്ചത്.


നിയമം ദുർബലമാണോ?

നിയമം ദുർബലമാണെന്ന് പറയാനാവില്ലെന്നാണ് വിഷയത്തിൽ ഹൈക്കോടതി അഭിഭാഷകനായ മനു സെബാസ്റ്റ്യന്റെ പ്രതികരണം."ഒരു സൈബർ കുറ്റകൃത്യം നടന്നാൽ, അത് ഒറിജിനൽ പ്രൊഫൈൽ വഴിയാണെങ്കിൽ അയാൾക്കെതിരെ കേസെടുക്കാനും അറസ്റ്റ് ചെയ്യുന്നതിനും ഇന്ത്യൻ ശിക്ഷാ നിയമത്തിലും കേരള പൊലീസ് ആക്ടിലും വകുപ്പുകളുണ്ട്. വ്യക്തിയെ തിരിച്ചറിയാനാകാത്ത സന്ദർഭങ്ങളിലാണ് ഫെയ്സ്ബുക്, ട്വിറ്റർ, യൂട്യൂബ് ഇവരുടെയൊക്കെ ഭാഗത്ത് നിന്ന് മറുപടി തേടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു കേസ് നിലവിൽ സുപ്രീം കോടതിയിലുണ്ട്. ഇത്തരം കേസുകളിൽ പ്രതികളുടെ വിവരങ്ങൾ വേഗത്തിൽ പൊലീസിന് നൽകണമെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ ഫെയ്സ്ബുകാണ് അപ്പീൽ പോയിരിക്കുന്നത്.  അതിൽ കേന്ദ്രസർക്കാർ നൽകിയ മറുപടി, അവർ ഐടി ആക്ട് ഭേദഗതി ചെയ്യുന്നുണ്ടെന്നാണ്. ഇങ്ങിനെയൊരു വിധിക്ക് വേറെയും പ്രശ്നമുണ്ട്. ഭരണകൂടങ്ങൾക്ക് അവർക്കെതിരെ പറയുന്ന ആരുടെയും വിവരങ്ങൾ എടുക്കാൻ സാധിക്കും. അതൊരു തരത്തിൽ എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നത് കൂടിയാവും. നേരത്തെ 66 എ എടുത്തുകളഞ്ഞതാണല്ലോ. എന്നുവെച്ച് നിയമം ദുർബലമല്ല. അതിൽ ഒരു പ്രതിക്ക്  ശിക്ഷ വാങ്ങി നൽകാനുള്ള പ്രൊവിഷൻസുണ്ട്."

"ഐപിസിയിലെ 354 എ (IV) വകുപ്പ് ലൈംഗികാധിക്ഷേപങ്ങളെയും അതിക്രമങ്ങളെയും സംബന്ധിക്കുന്നതാണ്. ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തുന്നയാൾക്ക് എതിരെ പോലും കേസെടുക്കാനാവുമെന്ന് അതിൽ വ്യക്തമാണ്. പരമാവധി ഒരു വർഷം വരെ ശിക്ഷ ലഭിക്കും. വാക്കുകൾ ഏത് സാഹചര്യത്തിൽ ഉപയോഗിച്ചുവെന്നാണ് ഈ വകുപ്പ് പ്രകാരം നോക്കുക. അതുകൊണ്ട് വകുപ്പുകളില്ലെന്ന് പറയാനാവില്ല. ഇത് കുറച്ചുകൂടി ശക്തമാക്കണം എന്ന് പറയാനാവും. ഇപ്പൊ വിജയ് നായരുടെ കാര്യത്തിൽ തന്നെ വീഡിയോ പിൻവലിക്കാനുള്ള അപേക്ഷ യൂട്യൂബിന്റെ നോഡൽ ഓഫീസർക്ക് നൽകാം. അത് പക്ഷെ പൊലീസിന് സാധിക്കില്ല. അത് കേന്ദ്ര മന്ത്രാലയത്തിന്റെ തലത്തിൽ നിന്നുള്ള ഇടപെടലാണ് ആവശ്യം. അതൊക്കെ സമയമെടുക്കുന്ന ഒരു നടപടിക്രമമാണ്. ആഭ്യന്തര വകുപ്പ് സെക്രട്ടറിയുള്ള ഒരു പാനലൊക്കെ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതാണത്. അതല്ലെങ്കിൽ കോടതി വഴി നീങ്ങാം."- അഡ്വ. മനു സെബാസ്റ്റ്യൻ.

പ്രതികരിക്കാതെ എഡിജിപി

ഈ വിഷയത്തിൽ പൊലീസുമായി ബന്ധപ്പെട്ടുയർന്ന പരാതികളെ കുറിച്ച് വ്യക്തത അറിയാൻ സൈബർ കുറ്റകൃത്യങ്ങളുടെ ചുമതല വഹിക്കുന്ന പൊലീസ് ഹെഡ് ക്വാർട്ടേർസ് എഡിജിപി മനോജ് എബ്രഹാമിനെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല.

Follow Us:
Download App:
  • android
  • ios