തീരം കുറേശ്ശേ കടലെടുക്കുന്നുണ്ട്. പ്രധാന കാരണം കടലിലെ ചൂട് കൂടുന്നതും ധ്രുവങ്ങളിലെ മഞ്ഞ് ഉരുകുന്നതും. രണ്ടിനും കാരണക്കാര്‍ നമ്മളും. അപ്പോഴും കടല്‍ സംഹാരരുദ്രയായിട്ടില്ല. 

ഇന്ന് ലോക സമുദ്രദിനമാണ്. ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശ പ്രകാരം 2009 മുതലാണ് ലോക രാജ്യങ്ങള്‍ ഈ ദിനം സമുദ്രദിനമായി ആചരിക്കുന്നത്. ഈ വര്‍ഷത്തെ വിഷയം സമുദ്രങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ ഒന്നിച്ചുനില്‍ക്കാം എന്നതാണ്. 

ഭൂമിയുടെ ഹൃദയമാണ് സമുദ്രം. ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും ഹൃദയം രക്തം പമ്പ് ചെയ്യുന്നത് പോലെയാണ് ഭൂമിയില്‍ സമുദ്രം ജീവന്‍ നിലനിര്‍ത്തുന്നത്. സമുദ്രത്തിലെ ആല്‍ഗെകളാണ് അന്തരീക്ഷത്തിലെ ഓക്‌സിജന്റെ പകുതിയിലധികവും ഉല്‍പ്പാദിപ്പിക്കുന്നത്. അന്തരീക്ഷത്തിലെ ഹരിത വാതകങ്ങളെ ആഗിരണം ചെയ്തും ആഗോള താപനിലയെ കുറച്ചും കാലാവസ്ഥയെ നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ സമുദ്രങ്ങള്‍ പങ്കുവഹിക്കുന്നു. 

വര്‍ഷംതോറും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് കടല്‍ ഭക്ഷണം നല്‍കുന്നു. പ്രധാനപ്പെട്ട മരുന്നുകള്‍ക്ക് ചേരുവകള്‍ സംഭാവന ചെയ്യുന്നു. ഏതാണ്ട് മൂന്ന് ശതകോടിയിലിധകം പേര്‍ ജീവിക്കാന്‍ ആശ്രയിക്കുന്നത് കടലിനെ ആണ്. ഏറ്റവും വലിയ ജീവിയും (നീലത്തിമിംഗലം) ഏറ്റവും ചെറിയ ജീവിയും (സൂപ്ലാങ്ക്ടണ്‍) കടലിലാണ് ഉള്ളത്. World Register of Marine Species (WoRMS) കണക്ക് പ്രകാരം കടലില്‍ തിരിച്ചറിയപ്പെട്ട 236,878 ജീവജാലങ്ങളുണ്ട്, ലോകത്തെ ഏറ്റവും വലിയ പ്രോട്ടീന്‍ ദാതാവ് കടലാണ്. 

ഭൂമിയില്‍ കരയേക്കാള്‍ കൂടുതലുള്ള കടല്‍ മനുഷ്യജീവിതം നിലനില്‍ക്കുന്നതില്‍ നല്‍കുന്ന സംഭാവനകള്‍ ഇത്ര വലുതാണ്. എന്നാല്‍ നമ്മള്‍ കടലിനോട് ചെയ്യുന്നതോ?

മനുഷ്യന്റെ അനിയന്ത്രിതമായ ചൂഷണവും പ്ലാസ്റ്റിക് മാലിന്യവും വ്യവസായശാലകളില്‍ നിന്നുള്ള മലിനജലവും കടലിന്റെ ആവാസവ്യവസ്ഥയ്ക്കു ആപത്തായിരിക്കുന്നു. പ്രതിവര്‍ഷം ലോകത്തെ കടലുകളില്‍ നിന്ന് പിടിക്കുന്ന മീനുകളുടെ മൂന്നിരട്ടി മാലിന്യമാണ് കടലുകളിലേക്ക് തള്ളപ്പെടുന്നത്. ഈ മലിനീകരണം കാരണം പ്രതിവര്‍ഷം പത്തുലക്ഷത്തോളം കടല്‍ജീവികള്‍ കൊല്ലപ്പെടുന്നു. ഈ പോക്ക് പോയാല്‍ നാം ഇരിക്കുന്ന കൊമ്പ് മുറിക്കും. സമുദ്രത്തിന്റെ ആരോഗ്യവും സുരക്ഷിതത്വവും കാത്തുരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. കാരണം ആരോഗ്യമുള്ള ഭൂമിക്ക് ആരോഗ്യമുള്ള സമുദ്രം വേണം. ഇത് ഓര്‍മപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ സമുദ്രദിനം ആചരിക്കുന്നത്. കാറ്റേറ്റ് ഇരിക്കുന്ന കടല്‍ത്തീരവും കാലുകളെ തലോടി പോകുന്ന തിരകളും നോക്കേണ്ട ഉത്തരവാദിത്തവും നമുക്കുണ്ടെന്ന് മറക്കാതിരിക്കാന്‍. 

തീരം കുറേശ്ശേ കടലെടുക്കുന്നുണ്ട്. പ്രധാന കാരണം കടലിലെ ചൂട് കൂടുന്നതും ധ്രുവങ്ങളിലെ മഞ്ഞ് ഉരുകുന്നതും. രണ്ടിനും കാരണക്കാര്‍ നമ്മളും. അപ്പോഴും കടല്‍ സംഹാരരുദ്രയായിട്ടില്ല. ഒരിഞ്ചിന്റെ എട്ടിലൊന്ന് എന്ന നിരക്കിലാണ് പ്രതിവര്‍ഷം കര കടലില്‍ ചേരുന്നത്. ഭൂമിയിലെ സമുദ്രങ്ങളില്‍ അഞ്ച്് ശതമാനം മാത്രമാണ് നമ്മള്‍ ഇതുവരെ പര്യവേഷണം ചെയ്തിട്ടുള്ളു എന്ന് ഓര്‍ക്കണം. നമ്മള്‍ അറിഞ്ഞതിനേക്കാള്‍ കണ്ടതിനേക്കാള്‍ എത്രയോ വലിയ ലോകമാണ് അത്. ജീവസന്ധാരണത്തിന് സഹായിക്കുന്ന, ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന വലിയ ലോകമാണ് തിരകള്‍ക്കിടയിലുള്ളത്. ആ തിരിച്ചറിവും ബഹുമാനവും ഉള്‍ക്കൊണ്ട് ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ നമ്മളുടെ ഭാവി തന്നെ തിര കൊണ്ടു പോകും. അതോര്‍മ വേണം. 

കടലുമായി ബന്ധപ്പെട്ട രസകരമായ ചില വസ്തുതകളും ചില മുന്നറിയിപ്പുകളും ചുവടെ:

1. ലോകത്തെ ഏറ്റവും വലിയ കടല്‍ പസഫിക് സമുദ്രമാണ്; ഭൗമോപരിതലത്തിന്റെ 30% പസഫിക് ആണ്.

2. സമുദ്രത്തിലെ ചിരഞ്ജീവിയാണ് ജെല്ലി ഫിഷ്.

3. ഡോള്‍ഫിനുകള്‍ ഒരു കണ്ണടച്ചാണ് ഉറങ്ങുന്നത്. മറ്റേ കണ്ണ് ആത്മരക്ഷയ്ക്കായി തുറന്നിരിക്കും

4. മൂന്ന് ഹൃദയങ്ങളാണ് നീരാളിക്ക് , രക്തത്തിന്റെ നിറം നീലയും. 

5. കടല്‍ക്കുതിരകളില്‍ ആണാണ് കുഞ്ഞുങ്ങളെ പ്രസവിക്കുന്നതും വളര്‍ത്തുന്നതും.

6. ചെമ്മീന്റെ ഹൃദയം തലയിലാണ്.

7. ഭൂമിയിലെ ഏറ്റവും നീണ്ട പര്‍വ്വതനിര കടലിന്നടിയിലാണ്. MID OCEAN RIDGE ന് 50,000 കിലോമീറ്ററിലധികം നീളമുണ്ട്. 

8. ആഴമേറിയ ഡൈവിങ്ങിനുള്ള റെക്കോഡ് ജാക്വെസ് മയോളിന്റെ പേരിലാണ്. ഉപകരണങ്ങള്‍ ഒന്നുമില്ലാതെ 86 മീറ്റര്‍ താഴ്ചയിലേക്കാണ് മയോള്‍ ഡൈവ് ചെയ്തത്.

9. 2300 കി.മീ നീളമുള്ള The Great Barrier Reef ശൂന്യാകാശത്ത് നിന്ന് പോലും കാണാനാകും.

10. പ്രതിവര്‍ഷം ലോകത്തെ കടലുകളില്‍ നിന്ന് പിടിക്കുന്ന മീനുകളുടെ മൂന്നിരട്ടി മാലിന്യമാണ് കടലുകളിലേക്ക് തള്ളപ്പെടുന്നത്. 

11. മലിനീകരണം കാരണം പ്രതിവര്‍ഷം പത്തുലക്ഷത്തോളം കടല്‍ജീവികള്‍ കൊല്ലപ്പെടുന്നു.

12. ഭൂമിയിലെ രണ്ടാമത്തെ വലിയ സമുദ്രം അത് ലാന്റിക് കടലാണ്. മൂന്നാമത്തേത് ഇന്ത്യന്‍മഹാസമുദ്രം. 

13. അത്‌ലാന്റിക് കടല്‍ ഒറ്റക്ക് നീന്തിക്കടന്ന ആദ്യവനിത അമീലിയ ഇയര്‍ഹാര്‍ട്ട് ആണ് (1932).

14. നോര്‍വ്വേ 2008ല്‍ നൈറ്റ് പട്ടം നല്‍കിയവരില്‍ പെന്‍ഗ്വിനുമുണ്ട്.

15. മൃഗങ്ങളുടെ ലോകത്ത് ഏറ്റവും ഓര്‍മ്മശക്തിയുള്ളത് ഡോള്‍ഫിനുകള്‍ക്കാണ്. 

16. നീലതിമിംഗലത്തിന്റെ നാക്കിന് ആനയുടെ ഭാരമുണ്ടാകും.

17. നക്ഷത്രമത്സ്യങ്ങള്‍ക്ക് രക്തമില്ല, തലച്ചോറും.

18. അന്റാര്‍ട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും ആമകളുണ്ട്.

19. എല്ലാവര്‍ഷവും സ്രാവുകളുടെ ആക്രമണത്തില്‍ മരിക്കുന്നത് പത്തില്‍താഴെ പേര്‍; മനുഷ്യരുടെ ആക്രമണത്തില്‍ പ്രതിവര്‍ഷം കൊല്ലപ്പെടുന്നത് ഒരു കോടി സ്രാവുകള്‍.

20. ഡോള്‍ഫിനുകള്‍ വെള്ളം കുടിക്കാറില്ല; ഉപ്പുവെള്ളം കുടിച്ചാല്‍ അസുഖവും വരും