ആഗോള വെല്ലുവിളികൾ വരച്ചുകാട്ടി അഗോറയിലെ ചർച്ചകൾ. ഡൊണൾഡ് ട്രംപ് ഇന്ത്യയോട് എടുക്കുന്ന സമീപനം ഉടനെ മാറുമോ എന്നും അമേരിക്ക മിഡിൽ ഈസ്റ്റിലെ സൈനിക താവളങ്ങൾ ഉപേക്ഷിക്കുമോ എന്നും ഉൾപ്പടെ ഉള്ള ചോദ്യങ്ങൾ ഉയർന്നു.
വർഷങ്ങളായിട്ടും തീരാത്ത യുദ്ധങ്ങളും രാജ്യങ്ങൾക്കിടയിൽ ഓരോ ദിവസവും തകരുന്ന ബന്ധങ്ങളും ലോകത്തിന് മുന്നിൽ തീർക്കുന്ന വെല്ലുവിളികളെ വരച്ചുകാട്ടി അഗോറയിലെ ചർച്ചകൾ. ഡൊണൾഡ് ട്രംപ് ഇന്ത്യയോട് എടുക്കുന്ന സമീപനം ഉടനെ മാറുമോ എന്നും അമേരിക്ക മിഡിൽ ഈസ്റ്റിലെ സൈനിക താവളങ്ങൾ ഉപേക്ഷിക്കുമോ എന്നും ഉൾപ്പടെ ഗൗരവമേറിയ ചോദ്യങ്ങളുയർന്നു.
ഇറാനോട് ഏറ്റുമുട്ടി കുരുക്കിൽ വീണ അമേരിക്കയെ വരച്ചുകാട്ടി ലോക രാഷ്ട്രീയം നിരീക്ഷിക്കുന്ന ശ്രദ്ധേയ വ്യക്തിത്വവും ഖത്തറിലെ ജോർജ് ടൗൺ സർവകലാശാല പ്രൊഫസറുമായ റോറി ഡേവിഡ് മില്ല. പക്ഷെ അമേരിക്ക മിഡിൽ ഈസ്റ്റ് വിടാനും ഗൾഫ് ഇറാനോട് അടുക്കാനും സാധ്യത അദ്ദേഹം കാണുന്നില്ല, പ്രതിസന്ധി ഉടനെ തീരാനും.
മാറുന്ന ഇന്ത്യ - അമേരിക്ക ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ ചില ഗൗരവമുള്ള യാഥാർത്ഥ്യങ്ങൾ തുറന്നുകാട്ടി. ഡൊണൾഡ് ട്രംപ് മാറിയത് കൊണ്ട് മാത്രം അമേരിക്ക ഉടനെ മാറാനിടയില്ലെന്നും ഇപ്പോൾതന്നെ ഏറ്റവും മോശം നിലയിലെത്തിയ ഇന്ത്യ - യുഎസ് ബന്ധം രണ്ടു വർഷത്തേക്കെങ്കിലും ഇങ്ങനെ തുടരുമെന്നും മുൻ അംബാസഡർ ടി പി ശ്രീനിവാസൻ നിരീക്ഷിച്ചു. ട്രംപിന്റെ രീതികൾ ബുദ്ധിമുട്ടുണ്ടാക്കുമ്പോൾ ഇന്ത്യ എന്തു ചെയ്യുമെന്ന് മുൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കി.
വാഷിങ്ടണുമായി മാത്രമല്ല, അമേരിക്കൻ സംസ്ഥാനങ്ങളുമായി ശക്തമായ ബന്ധം സ്ഥാപിച്ചുള്ള അവസരങ്ങൾ മുതലെടുക്കാൻ വഴി തുറന്നു കുടക്കുന്നുവെന്ന യാഥാത്ഥ്യം ഡോ. കൃഷ്ണകിഷോര്ർ ചൂണ്ടിക്കാട്ടി. വലതുപക്ഷ സംഘങ്ങളുടെ കയ്യൂക്കും ആഭ്യന്തര കലഹങ്ങളും കാരണം യൂറോപ്പ് വീഴുന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ, ആ വീഴ്ച്ച ഇന്ത്യക്ക് നേട്ടമാകുമോ എന്ന ചോദ്യം സദസ്സിൽ നിന്നുയർന്നു.
അമേരിക്ക മുമ്പ് ഉണ്ടായിരുന്ന ശക്തിയല്ല ഇന്ന് എന്ന് ചൂണ്ടിക്കാട്ടിയ വേണു രാജാമണി, തകർന്നാൽ പോലും അമേരിക്ക ഇപ്പോഴും ലോകത്തെ പ്രധാനശക്തിയാണെന്നും പറഞ്ഞു. അമേരിക്കയ്ക്ക് മേഖലയിൽ തലമുറകളായി ശക്തമായ വേരുകൾ ഉണ്ട്. ഖത്തറും യുഎഇയും ഇറാനുമായി നയതന്ത്ര കരാറുകളിൽ എത്തിയാലും ഗൾഫുമായി ഒന്നാകെ ഇറാനെ ചേർത്തു നിർത്താവുന്ന സാഹചര്യം ഇപ്പോൾ ഇല്ല. യൂറോപ്പ് വീഴുകയല്ല. വീണാൽ അത് ഗുണം അല്ല ഉണ്ടാക്കുക. ഇന്ത്യയ്ക്കും അത് ഗുണം ചെയ്യില്ല. മോശം കാര്യങ്ങളാണ് സംഭവിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.


