ഇന്ത്യൻ ഫുട്ബോൾ ഭരണരംഗത്ത് മാറ്റങ്ങളില്ലെന്നും ഫെഡറേഷൻ തിരഞ്ഞെടുപ്പുകൾ ജനാധിപത്യപരമല്ലെന്നും മുൻ താരം സി കെ വിനീത്. കുട്ടികൾക്ക് ശരിയായ പ്രായത്തിൽ പരിശീലനം ലഭിക്കാത്തതാണ് ഇന്ത്യൻ ഫുട്ബോളിന്റെ പ്രധാന പ്രശ്നമെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അഗോറയിൽ പറഞ്ഞു.
തിരുവനന്തപുരം: ഇന്ത്യൻ ഫുട്ബോളിന്റെ ഭരണരംഗത്ത് നടക്കുന്നത് വെറും കൺകെട്ട് വിദ്യ മാത്രമാണെന്നും നിലവിലെ സംവിധാനങ്ങളിൽ നിന്ന് വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കാനില്ലെന്നും മുൻ ഇന്ത്യൻ താരം സി കെ വിനീത്. ഏഷ്യാനെറ്റ് ന്യൂസ് ഐഡിയ ഫെസ്റ്റിവലായ 'അഗോറ'യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫുട്ബോൾ ഫെഡറേഷൻ തിരഞ്ഞെടുപ്പുകളെ ജനാധിപത്യമെന്ന് വിളിക്കാമെങ്കിലും ആരാണ് ഭരിക്കേണ്ടതെന്ന് നേരത്തെ തന്നെ തീരുമാനിക്കപ്പെട്ടിട്ടുണ്ടാകും. കളിക്കാർക്കും കാണികൾക്കും ഫുട്ബോൾ വേണം, എന്നാൽ ഫെഡറേഷൻ ഭരിക്കുന്നവർക്ക് അതില്ല. മുൻ ഫുട്ബോൾ താരം തന്നെ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റായി വന്നിട്ടും എന്ത് മാറ്റമാണ് ഉണ്ടായതെന്ന് അദ്ദേഹം ചോദിച്ചു. തലപ്പത്ത് കായികതാരങ്ങൾ വരണമെന്നല്ല, മറിച്ച് കായികരംഗത്തിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവരാണ് ഉണ്ടാകേണ്ടതെന്നും വിനീത് വ്യക്തമാക്കി.
ലോക ഫുട്ബോളുമായി താരതമ്യം ചെയ്യുമ്പോൾ അവിടെയും രാഷ്ട്രീയ ഇടപെടലുകൾ ഉണ്ട്. ഫിഫ പ്രസിഡന്റ് അമേരിക്കൻ പ്രസിഡന്റിന് മുന്നിൽ നിൽക്കുന്ന കാഴ്ചയൊക്കെ നമ്മൾ കണ്ടതാണ്, അതെല്ലാം മാറണം. എങ്കിലും അവിടെ കൃത്യമായി കളികൾ നടക്കുന്നുണ്ട്. ഇന്ത്യയിലെ ഫുട്ബോൾ സ്കൗട്ടിംഗ് സംവിധാനം തീരെ മോശമാണ്. കായികരംഗത്ത് ഒരാൾ ഉയരങ്ങളിലെത്തിയാൽ എല്ലാവരും ഒപ്പം ചേരും. ഇന്ത്യയ്ക്ക് വേണ്ടിയും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയും കളിക്കുമ്പോൾ കൂടെ നിൽക്കാൻ ഒരുപാട് പേരുണ്ടായിരുന്നു. എന്നാൽ കഷ്ടപ്പെടുന്ന സമയത്താണ് ഒരാൾക്ക് പിന്തുണ വേണ്ടത്. ലയണൽ മെസി 16-ാം വയസ്സിൽ ബാഴ്സലോണയ്ക്ക് വേണ്ടി കളിക്കുമ്പോൾ, ഇന്ത്യയിൽ ആ പ്രായത്തിലാണ് കുട്ടികൾക്ക് കൃത്യമായ പരിശീലനം പോലും ലഭിച്ചു തുടങ്ങുന്നത്. ഹോക്കി പോലെ ശാരീരികക്ഷമത ആവശ്യമുള്ള കളിയിൽ ഇന്ത്യ മുന്നിലാണെങ്കിൽ ഫുട്ബോളിലും അത് സാധ്യമാണ്. ഇന്ത്യൻ താരങ്ങൾക്ക് സ്റ്റാമിനയുടെ പ്രശ്നമില്ല, മറിച്ച് ആറാം വയസിൽ തുടങ്ങേണ്ട കൃത്യമായ പരിശീലനമാണ് ലഭിക്കാത്തത്. വനിതാ ഫുട്ബോളിനും ആവശ്യത്തിന് അക്കാദമികളോ പരിശീലന കേന്ദ്രങ്ങളോ ഇല്ല.
കേരള ഫുട്ബോൾ അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ പൂർണ്ണ തൃപ്തനല്ലെങ്കിലും സൂപ്പർ ലീഗ് പോലുള്ള ടൂർണമെന്റുകൾ വന്നതോടെ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിനീത് പറഞ്ഞു. ബെംഗളൂരു എഫ്സിയും കേരള ബ്ലാസ്റ്റേഴ്സുമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ക്ലബ്ബുകൾ. ടർഫുകൾ പരിക്കുകൾക്ക് കാരണമാകുന്നുണ്ടെങ്കിലും അത് മാത്രമല്ല പ്രശ്നം, കളിക്കാരുടെ ഭക്ഷണവും ഉറക്കവുമെല്ലാം കൃത്യമാകേണ്ടതുണ്ട്. കേരളത്തിലെ സ്കൂൾ ഗ്രൗണ്ടുകൾ കുട്ടികൾക്ക് കളിക്കാനായി തുറന്നുകൊടുക്കാൻ സർക്കാർ തയ്യാറാകണമെന്നും അഗോറ വേദിയിൽ അദ്ദേഹം ആവശ്യപ്പെട്ടു. ആറ് മാസം മുൻപ് തിരഞ്ഞെടുപ്പ് വന്നപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രകടനപത്രികയിൽ കായികരംഗത്തിന് വേണ്ടി ഒന്നും പറഞ്ഞിട്ടില്ല. ഇന്നത്തെ രാഷ്ട്രീയം ജനങ്ങൾക്ക് വേണ്ടിയല്ല, അധികാരത്തിന് വേണ്ടി മാത്രമാണ്. താൻ പറയുന്നത് കൊണ്ട് ലോകം മാറിമറിയുമെന്ന് കരുതുന്നില്ലെങ്കിലും, നിശബ്ദനായിരിക്കുക എന്നത് തന്റെ ശീലമല്ലെന്നും പ്രതികരിച്ചുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈസ്റ്റ് ബംഗാളിൽ നിന്നും ഒഴിവാക്കപ്പെട്ടതിന് ശേഷം നടത്തിയ ഇന്ത്യ യാത്രയാണ് തന്നെ എഴുത്തുകാരനാക്കിയതെന്ന് വിനീത് ഓർമ്മിച്ചു. യാത്രയിലെ അനുഭവങ്ങൾ കുറിച്ചുവെക്കാൻ അച്ഛനാണ് ആവശ്യപ്പെട്ടത്. പിന്നീട് അത് വായിച്ച ശേഷം പുസ്തകമാക്കാൻ അച്ഛൻ നിർദ്ദേശിച്ചു. ആത്മവിശ്വാസമില്ലാത്തതിനാൽ സുഹൃത്തുക്കളോട് എഴുതിത്തരാൻ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഒടുവിൽ അച്ഛൻ വായിച്ച് സന്തോഷിക്കാൻ വേണ്ടി മാത്രമാണ് താൻ ആ പുസ്തകം എഴുതിയത്. അടുത്ത പുസ്തകവും എഴുതി വെച്ചിട്ടുണ്ടെങ്കിലും, അത് കുറച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ആദ്യ പുസ്തകത്തിന്റെ പ്രതികരണം നോക്കിയ ശേഷമേ പ്രസിദ്ധീകരിക്കുകയുള്ളൂ. ക്ഷമയില്ലാത്തതിനാൽ ഫുട്ബോൾ പരിശീലകനാകാൻ താനില്ലെന്നും, സ്വന്തം മകനോട് പോലും ചിലപ്പോൾ ദേഷ്യപ്പെട്ടുപോകാറുണ്ടെന്നും വിനീത് ചിരിയോടെ പറഞ്ഞു. ഫുട്ബോൾ നൽകുന്ന സന്തോഷം കൊണ്ടാണ് കളിച്ചതെന്നും അത് ആസ്വദിക്കുക എന്നത് മാത്രമാണ് പ്രധാനമെന്നും പറഞ്ഞാണ് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചത്.


