കണക്കുകള്‍ പറയുന്നത് 15 ലക്ഷം കുട്ടികള്‍ അഭയാര്‍ത്ഥികളാവുന്നത് അവരുടെ മാതാപിതാക്കള്‍ക്കൊപ്പമോ സഹോദരങ്ങള്‍ക്കൊപ്പമോ അല്ല എന്നാണ്. പൂര്‍ണമായും ഒറ്റയ്ക്ക് അമ്മയെ, അച്ഛനെ, സഹോദരങ്ങളെ കാണാതെ രാത്രി പേടിച്ചുറങ്ങേണ്ട കുട്ടികളുടെ ലോകം പേടിപ്പെടുത്തുന്നതാണ്
ഭൂപടങ്ങളില്‍ ഇല്ലാത്ത ഒരു രാജ്യം!
ലോകം നിറയെ പീഡിപ്പിക്കപ്പെടുന്ന കുട്ടികളാണ്. കൊല്ലപ്പെടുന്നവര്‍, യുദ്ധഭൂമിയില്‍ കൈകാലുകളും ജീവനും നഷ്ടപ്പെടുന്ന കുട്ടികള്‍. അനാഥരാവുന്നവര്‍. ക്രൂര ഭരണത്തില്‍ ഞെരുങ്ങി വിദ്യാഭ്യാസവും സ്വാതന്ത്ര്യവും നഷ്ടപ്പെടുന്നവര്‍-അഭയാര്‍ത്ഥികള്‍. അഭയാര്‍ത്ഥികള്‍ എന്നു പറയുമ്പോള്‍ നമ്മള്‍ ഒരു രാജ്യം തന്നെ സങ്കള്‍പ്പിക്കണം. 1.33 കോടി കുട്ടികളുള്ള ഒരു അഭയാര്‍ത്ഥി രാജ്യം. ഈ രാജ്യങ്ങളായ രാജ്യങ്ങള്‍ക്കെല്ലാം മേല്‍ ഒരു കറുത്ത മൂടുപടം വിരിക്കുന്നതുപോലെ ഇരുട്ടുനിറഞ്ഞ ഒരു കുട്ടിഅഭയാര്‍ത്ഥി രാജ്യം. ലോകത്ത് 4.1 കോടി അഭയാര്‍ത്ഥികളില്‍ 1.33 കോടി കുട്ടികള്‍ ഉള്‍പ്പെടുന്നു എന്നാണ് കണക്ക്. ചില രാജ്യങ്ങളിലെ ജനസംഖ്യക്ക് തുല്യമാണ് ഈ എണ്ണം. അസ്തിത്വം നഷ്ടപ്പെട്ട, നഷ്ടപ്പെട്ട സത്വത്തെ കുറിച്ച് വേവലാതിപ്പെടാനോ കരയാനോ സാധിക്കാത്ത പലപ്പോഴും ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി നിലവിളിക്കേണ്ടി വരുന്ന കുട്ടികള്‍. അവരെ ഒരു രാജ്യമായി സങ്കല്‍പ്പിക്കാം ആ രാജ്യത്ത് ഭരണാധികാരികളുണ്ട്. മതം, ഫാസിസം, മനുഷ്യ വിരുദ്ധത, തീവ്രവാദം എന്നിവയൊക്കെയുണ്ട്.
68 ലക്ഷം ആണ്‍കുട്ടികള്‍, 65 ലക്ഷം പെണ്‍കുട്ടികള്‍
NHCR -ന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 1.3 കോടി അഭയാര്‍ത്ഥി കുട്ടികളില്‍ 68 ലക്ഷം ആണ്‍കുട്ടികളും (51 ശതമാനം) 65 ലക്ഷം പെണ്‍കുട്ടികളുമാണ് (49 ശതമാനം) ഉള്ളത്. ഇതില്‍ 59 ലക്ഷം (44 ശതമാനം) കുട്ടികള്‍ 5-11 നിടയില്‍ മാത്രം പ്രായമുള്ളവരാണ്. 42 ലക്ഷം കുട്ടികള്‍ (32ശതമാനം) 12 നും 17 നുമിടയില്‍. നാലുവയസിന് താഴെയുള്ള 32 ലക്ഷം (24ശതമാനം) കുട്ടികളാണ് നേരത്തെ സൂചിപ്പിച്ച കുട്ടികളുടെ അഭയാര്‍ത്ഥി രാജ്യത്തില്‍ ഉള്ളത്. ഇവരില്‍ കുട്ടികളില്‍ 100 ല്‍ 21 പേരും അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവരാണ്. 100 ല്‍ 20 പേര്‍ സിറിയക്കാരും. 2024 ലെ കണക്കുകള്‍ പ്രകാരം 28 ലക്ഷം കുട്ടികള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നാണ്. സിറിയയില്‍ നിന്ന് 27 ലക്ഷം കുട്ടികളും വെനിസ്വെലെയില്‍ നിന്ന് 13 ലക്ഷം കുട്ടികളും.
ഇവര്‍ വ്യത്യസ്ത തരത്തിലുള്ള മാനസികവും ശാരീരികവുമായ പീഡനങ്ങളിലൂടെ ദിനംപ്രതി കടന്നുപോകുന്നവരാണ്. ഈ പീഡനം അനുഭവിക്കുന്ന മിക്ക കുട്ടികളും പിതാവിന്റെയോ മാതാവിന്റെയോ അല്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ട ആരുടെയെങ്കിലും സംരക്ഷണത്തില്‍ കഴിയുന്നവര്‍ ആയിരിക്കില്ല. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍തന്നെയും ഈ കുട്ടികള്‍ ചൂഷണങ്ങള്‍ക്ക് വിധേയരാവുന്നു എന്നതാണ് സത്യം. കൂടാതെ പട്ടിണി, പോഷകക്കുറവ്, വിളര്‍ച്ച, പലതരത്തിലുള്ള രോഗങ്ങള്‍ എന്നിവ ഇവരെ വേട്ടയാടുന്നു.

ഓടിയാലും ഓടിയാലും തീരാത്ത ഓട്ടങ്ങള്‍!
സ്വന്തം രാജ്യത്തുനിന്ന് പല കാരണങ്ങളാല്‍ അഭയം തേടിയോടുന്ന ഈ കുട്ടികള്‍ ഓടുന്നത് ചില്ലറ ദൂരമല്ല. കുറഞ്ഞത് 2,000 കിലോമീറ്ററില്‍ അധികം ദൂരം അഭയം തേടി കുട്ടികള്‍ താണ്ടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വീടുവിട്ടിറങ്ങുന്ന പലരും നടന്നാണ് പല സ്ഥലങ്ങളിലും എത്തിപ്പെടുന്നത്. ഈ കൂട്ടത്തില്‍ പത്തും പന്ത്രണ്ടും മണിക്കൂറുകളോളം നടക്കേണ്ടി വരുന്ന കുട്ടികളുടെ അവസ്ഥ സങ്കല്‍പ്പിക്കാന്‍ കഴിയാത്തതാണ്. ഈ യാത്രയില്‍ അതിര്‍ത്തികള്‍ മുറിച്ചു കടക്കുമ്പോള്‍ ഇവര്‍ നേരിടുന്ന പീഡനങ്ങള്‍ അതിഭീകരമാണ്. ഈ ഓട്ടം സ്വന്തം വീട്ടില്‍ നിന്നും മറ്റൊരു വീടുതേടിയുള്ളതാണ്. എന്നാല്‍ മറ്റൊരുവീട്ടില്‍ ഒരു സുരക്ഷിത ഭവനത്തില്‍ ഇവര്‍ എത്തിച്ചേരുന്നില്ല എന്നതാണ് വാസ്തവം. സംഭവിക്കുന്നത് ഇത്രയുമാണ് ഒരു രാജ്യം നിര്‍മ്മിക്കപ്പെടുന്നു. മേല്‍ക്കൂരയില്ലാത്ത ജനങ്ങളുടെ, പീഡിപ്പിക്കപ്പെടുന്ന 'അമ്മ'യില്ലാത്ത കുട്ടികളുടെ ഒരു രാജ്യം!
ഒറ്റയ്ക്കാവുന്ന കുരുന്നുടലുകള്‍!
കണക്കുകള്‍ പറയുന്നത് 15 ലക്ഷം കുട്ടികള്‍ അഭയാര്‍ത്ഥികളാവുന്നത് അവരുടെ മാതാപിതാക്കള്‍ക്കൊപ്പമോ സഹോദരങ്ങള്‍ക്കൊപ്പമോ അല്ല എന്നാണ്. പൂര്‍ണമായും ഒറ്റയ്ക്ക് അമ്മയെ, അച്ഛനെ, സഹോദരങ്ങളെ കാണാതെ രാത്രി പേടിച്ചുറങ്ങേണ്ട കുട്ടികളുടെ ലോകം പേടിപ്പെടുത്തുന്നതാണ്. ക്യൂന്‍സ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനത്തില്‍ പറഞ്ഞത് ഒറ്റയ്ക്കായിപോകുന്ന അഭയാര്‍ത്ഥി കുട്ടികളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് മാനസിക പ്രശ്‌നങ്ങള്‍ കൂടുതലാണ് എന്നാണ്. ഒറ്റയ്‌ക്കെത്തിപ്പെടുന്ന കുട്ടികളില്‍ പലരും ഭാഷാപരമായും ഒറ്റപ്പെട്ടുപോകുന്നവരാണ്. സ്വന്തം ഭാഷ സംസാരിക്കാത്ത ഒരു കൂട്ടത്തിനിടയില്‍ ഒരു കുഞ്ഞ് പെട്ടുപോകുക എന്നതിന്റെ ആഘാതം അത്രമേല്‍ വേദനാജനകമാണ്.

പട്ടിണിക്കും രോഗങ്ങള്‍ക്കും ഇടയില്‍...
പഠനങ്ങള്‍ പറയുന്നത് അഭയാര്‍ത്ഥി കുട്ടികളില്‍ 23 ശതമാനവും പോസ്റ്റ് ട്രൊമാറ്റിക് സ്ട്രസ് ഡിസോഡര്‍ (PTSD) ബാധിക്കപ്പെട്ടവരാണെന്നാണ്. 16 ശതമാനംപേര്‍ ഉല്‍ക്കണ്ഠാ രോഗികളും 14 ശതമാനം പേര്‍ വിഷാദരോഗവും ഉള്ളവരാണ്. എന്നാല്‍ മാനസികാരോഗ്യം വീണ്ടെടുക്കാനും ഭയത്തില്‍ നിന്ന് രക്ഷപ്പെടാനും ഈ കുട്ടികള്‍ക്ക് വേണ്ട ചികിത്സ ലഭ്യമല്ല. ഭക്ഷണം ശാരീരിക അസ്വസ്ഥതകള്‍ക്കുള്ള ചികിത്സ എന്നിവ പോലും പലര്‍ക്കും ലഭിക്കുന്നില്ല. പിന്നെ മാനസികാരോഗ്യത്തിന്റ കാര്യം പറയേണ്ടതില്ലല്ലോ.
ഒന്നോര്‍ത്തു നോക്കു സ്വന്തം ശരീരത്തില്‍ ഒരു ചെറിയ മുറിവ് വന്നാല്‍ തന്നെ വേദനയും അസ്വസ്ഥതയും നമുക്ക് പലപ്പോഴും താങ്ങാന്‍ സാധിക്കാറില്ല. നമ്മുടെ വീട്ടിലുള്ള കുട്ടികൾക്ക് ഒരു പനി വന്നാല്‍ തന്നെ നമുക്കത് താങ്ങാവുന്നതിലും അപ്പുറമാണ്. പക്ഷേ അഭയാര്‍ത്ഥികളുടെ രാജ്യത്ത് നിറയെ മുറിഞ്ഞ് ചോരയൊലിക്കുന്ന കുട്ടികളാണ്. അവര്‍ക്ക് വേണ്ടി ആകുലപ്പെടാന്‍ ആരുമില്ല. അവരുടെ മുറിവിന് കൂട്ടിരിക്കാനും ആരുമില്ല. ഗാസയില്‍ മുറിഞ്ഞു വീഴുന്ന ആയിരക്കണക്കിന് കുട്ടികൾക്ക് വേണ്ടി ആദ്യം നമ്മൾ വേദനിച്ചു. സോഷ്യൽ മീഡിയയില്‍ അമര്‍ഷം രേഖപ്പെടുത്തി. സ്റ്റാറ്റസുകൾ രോഷം കൊണ്ടു. പിന്നീട് അമര്‍ഷം നേര്‍ത്തു നേര്‍ത്ത് ഇല്ലാതായി. ഇടയ്ക്കെപ്പോഴെങ്കിലും ഒരു വാര്‍ത്ത് മുന്നിലേക്കെത്തിയാൽ ഒരു നെടുവീര്‍പ്പിൽ, മരിച്ചുകിടക്കുന്ന-മുറിഞ്ഞു കിടക്കുന്ന കുഞ്ഞുങ്ങളുടെ മുഖം ഓര്‍ക്കതെ നമ്മൾ സ്ക്രോൾ ചെയ്യുന്നു. നമ്മൾ മറ്റൊരു രാജ്യത്തിലാണ്. നിസ്സഹായതയുടെ, നിവര്‍ത്തികേടിന്‍റെ നമുക്കുതന്നെ ഒളിച്ചോടാൻ തോന്നുന്ന മറ്റൊരു രാജ്യത്ത്.

