ഈ നിയമം ഒന്നിൽ കൂടുതൽ തവണ ലംഘിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിച്ചുവരുത്തുമെന്ന് സ്ലൈഡിൽ വ്യക്തമാക്കുന്നു. മൂന്നാം തവണയും നിയമം ലംഘിച്ചാൽ സ്കൂൾ അധികൃതർ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും ഇതിൽ പറയുന്നുണ്ട്.
ക്ലാസ് നടന്നുകൊണ്ടിരിക്കെ അത്യാവശ്യമായി ഒരു വിദ്യാർത്ഥിക്ക് മൂത്രമൊഴിക്കണമെങ്കിൽ എന്ത് ചെയ്യും? ഒന്നുകില്‍ ചോദിച്ചിട്ട് ബാത്ത്റൂമില്‍ പോകും, അല്ലെങ്കില്‍ ബ്രേക്കിന് പോകും അല്ലേ? എന്നാൽ, സ്കൂളിൽ പഠിക്കുമ്പോൾ ഒരു ടേമിൽ ഒരു തവണ മാത്രമേ മൂത്രമൊഴിക്കാൻ പോകാൻ അനുവാദമുള്ളൂ എന്ന് വന്നാലെന്ത് ചെയ്യും? ആ അവസ്ഥയാണ് ചൈനയിലെ ഒരു സ്കൂളിലെ വിദ്യാർത്ഥികൾക്കും ഉണ്ടായിരിക്കുന്നത്. ചൈനയിലെ ഈ സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഒരു ടേമിൽ ആകെ ഒരു തവണ മാത്രം ബാത്ത്റൂമിൽ പോകാൻ അനുമതി നൽകിക്കൊണ്ടുള്ള വിവാദ നിയമമാണ് ഇപ്പോൾ ചർച്ചയാകുന്നത്. തെക്കൻ ചൈനയിലെ ഗുവാങ്ഡോങ് പ്രവിശ്യയിലുള്ള റുയുവാൻ കൗണ്ടി ഹൈസ്കൂളിലാണ് ഈ അസാധാരണ ഉത്തരവ് നടപ്പിലാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
ആഗസ്റ്റ് അവസാനത്തോടെ നടന്ന ഒരു മീറ്റിംഗിൽ അവതരിപ്പിച്ച പവർപോയിന്റ് പ്രസന്റേഷനിലാണ് ഈ കർശന നിയമം ഉൾപ്പെടുത്തിയിരുന്നത്. അത്യാഹിത ഘട്ടങ്ങളിൽ പോലും ഒരു ടേമിൽ ഒരു പ്രാവശ്യം മാത്രമേ വിദ്യാർത്ഥികൾക്ക് ക്ലാസിൽ നിന്ന് ടോയ്‍ലെറ്റിൽ പോകാൻ അനുമതി ലഭിക്കൂ.
ഈ നിയമം ഒന്നിൽ കൂടുതൽ തവണ ലംഘിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിച്ചുവരുത്തുമെന്ന് സ്ലൈഡിൽ വ്യക്തമാക്കുന്നു. മൂന്നാം തവണയും നിയമം ലംഘിച്ചാൽ സ്കൂൾ അധികൃതർ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും ഇതിൽ പറയുന്നുണ്ട്. ക്ലാസ് മുറികളിൽ അച്ചടക്കം നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഈ ക്രമീകരണമെന്നാണ് സ്കൂൾ അധികൃതർ ഇതിനെ ന്യായീകരിച്ചത്.
അതേസമയം, വാർത്ത വലിയ തോതിൽ ചർച്ചയായതോടെ ഇത് വെറുമൊരു തെറ്റിദ്ധാരണയും വ്യാജ പ്രചാരണവുമാണെന്ന് സ്കൂൾ അധികൃതർ പ്രതികരിച്ചു. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് പ്രാദേശിക വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിച്ചുകൊണ്ടുള്ള ചൈനയിലെ സ്കൂളുകളുടെ ഇത്തരം കർശന നിയമങ്ങൾ ഇതിനുമുമ്പും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
