ഉച്ചയ്ക്ക് രണ്ട് മണിയാകുമ്പോൾ എല്ലാ ജീവനക്കാരും ഒരു മണിക്കൂർ നേരത്തേക്ക് ജോലി നിർത്തിവയ്ക്കും. പിന്നീട് ഒരുമിച്ച് നേരം ഭക്ഷണം കഴിക്കാന്‍ പോകും. താമാശയും കളിചിരികളുമായി ആ ഒരു മണിക്കൂര്‍ ചെലവഴിക്കും. 

പല കമ്പനികളിലും തൊഴിലിടങ്ങളിൽ ജീവനക്കാരോട് മോശമായി പെരുമാറുകയും അവരുടെ അവകാശങ്ങളെ ഹനിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാവാറുണ്ട്. ആവശ്യത്തിന് ലീവ് കൊടുക്കാതിരിക്കുക, അധികസമയം ജോലി ചെയ്യിപ്പിക്കുക, അതിന്റെ ശമ്പളം നൽകാതിരിക്കുക, ചോദിക്കാതെയും പറയാതെയും പിരിച്ചുവിടുക എന്നതെല്ലാം അതിൽ പെടും. എന്നാൽ, അതേസമയം തന്നെ തൊഴിലാളികളുടെ ക്ഷേമത്തിന് മുൻ​ഗണന നൽകുന്ന, വർക്ക് ലൈഫ് ബാലൻസിന് പ്രാധാന്യം നൽകുന്ന കമ്പനികളും ഉണ്ട്. അങ്ങനെ ഒരു സ്ഥാപനത്തിലെ സ്ഥാപക പങ്കുവച്ചിരിക്കുന്ന ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.

'കെകെ ക്രിയേറ്റ്' (KK Create) എന്ന സ്ഥാപനത്തിന്റെ സ്ഥാപകയായ കാവ്യ കർണാടക് ആണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. തന്റെ ഓഫീസിലെ 40 ജീവനക്കാരും ദിവസവും ഒരു മണിക്കൂർ നേരം ജോലി മാറ്റിവെച്ച് ഒന്നിച്ച് ഉച്ചഭക്ഷണം കഴിക്കുന്നതിനെ കുറിച്ചാണ് കാവ്യ ലിങ്ക്ഡ്ഇന്നിലൂടെ പങ്കുവെച്ചത്. മറ്റേതൊരു ഓഫീസും പോലെ തന്നെ നല്ല ജോലിത്തിരക്കുള്ള സ്ഥാപനമാണ് കെകെ ക്രിയേറ്റും. എന്നാൽ, ഉച്ചയ്ക്ക് കൃത്യം രണ്ട് മണിയാകുമ്പോൾ എല്ലാ ജോലിത്തിരക്കുകൾക്കും ബ്രേക്കാണ്!

അവിടെ മാനേജർ എന്നോ പുതുതായി ജോയിൻ ചെയ്ത ആളെന്നോ ഒന്നും വ്യത്യാസമില്ല. എല്ലാവരും ലഞ്ച് കഴിക്കാനായി ഒരേ ഹാളിൽ ഒത്തുചേരുന്നു. ജോലി പിന്നെ ചെയ്യാം ആദ്യം ഭക്ഷണം കഴിക്കൂ എന്നും പറഞ്ഞ് മാനേജർ തന്നെയാണ് ജീവനക്കാരെ വിളിക്കുന്നത്. വെറുതെ ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോകലല്ല, മറിച്ച് തമാശകൾ പങ്കുവെച്ചും ​കുഞ്ഞു ​ഗെയിമുകളും ഒക്കെയായിട്ടാണ് ആ ഒരു മണിക്കൂർ നേരം ചിലവഴിക്കുക. ആരും തനിച്ചിരുന്ന് ഭക്ഷണം കഴിക്കരുത് എന്നാണ് തങ്ങൾ കരുതുന്നത് എന്നും കാവ്യ പറയുന്നു.

'ചില ദിവസങ്ങളിൽ ഇതൊരു ഓഫീസാണെന്ന് പോലും തോന്നാറില്ല. ഒരു കുടുംബം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് പോലെയാണ് തോന്നുന്നത്' എന്നും കാവ്യ കുറിച്ചു. ഇതുപോലെ, നിങ്ങളുടെ ഓഫീസിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യം എന്താണ് എന്ന് ചോദിച്ചുകൊണ്ടാണ് കാവ്യ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ഇതുപോലെയുള്ള സംസ്കാരമാണ് ഓരോ സ്ഥാപനങ്ങളിലും ആവശ്യം, അതാണ് ഒരു നല്ല ടീമിനെ സൃഷ്ടിക്കുന്നത് എന്നാണ് ഏറെപ്പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്.