ഒരു രൂപ ക്ലിനിക്ക് ആരംഭിച്ചിട്ട് ഒരു വർഷമാകുന്നു. പാവപ്പെട്ടവരെ സഹായിക്കുന്നത് തനിക്ക് അളവറ്റ സംതൃപ്തി നൽകുന്നു എന്നും 38 -കാരനായ ഡോക്ടർ പറയുന്നു.
ഡോ. ശങ്കർ രാംചന്ദനി(Shankar Ramchandani)യുടെ അച്ഛന് ഒരു കുഞ്ഞ് സ്റ്റേഷനറി കടയായിരുന്നു. 32 അംഗങ്ങളുള്ള കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു അദ്ദേഹം. അച്ഛന്റെ കഷ്ടപ്പാട് രാംചന്ദനി എപ്പോഴും കാണുന്നുണ്ടായിരുന്നു. ക്യാൻസർ ബാധിച്ച് മുത്തച്ഛനെയും അമ്മാവനെയും നഷ്ടപ്പെട്ടു. അവരുടെ ചികിത്സയ്ക്ക് പണം നൽകാൻ കഴിയാത്തതിനാൽ പിതാവിന്റെ ഹൃദയം തകരുന്നതും അദ്ദേഹം കാണുന്നുണ്ടായിരുന്നു.
“അടുത്തായി ഒരു ആശുപത്രി സൗകര്യവും ഇല്ലായിരുന്നു. അവർക്ക് ചികിത്സ ലഭിക്കാൻ വളരെ ദൂരം സഞ്ചരിക്കേണ്ടി വന്നു. ചികിത്സ സൗജന്യമായിരിക്കുമ്പോൾ പോലും എന്റെ കുടുംബത്തിന് യാത്രാ ചെലവ് താങ്ങാൻ കഴിഞ്ഞില്ല” ഡോ. രാംചന്ദനി ദി ബെറ്റർ ഇന്ത്യയോട് പറഞ്ഞു. അങ്ങനെ പാവങ്ങൾക്ക് സഹായകമാകുന്നതിനായി തന്റെ മക്കളെ ഡോക്ടർമാരാക്കുന്നതിന് രാംചന്ദനിയുടെ അച്ഛൻ ആഗ്രഹിച്ചു. എന്നാൽ, രാംചന്ദനി അച്ഛന്റെ ആഗ്രഹം കൊണ്ട് മാത്രമല്ല, പാവപ്പെട്ടവരെ സഹായിക്കുന്നതിന് കൂടി വേണ്ടി ഡോക്ടറാവാൻ ആഗ്രഹിച്ചു.
“ഞങ്ങൾ അഞ്ച് ആൺമക്കളും നാല് പെൺമക്കളുമായിരുന്നു. ഞാൻ അഞ്ചാമത്തെ മകനായിരുന്നു. 2001 -ൽ ഞങ്ങൾക്ക് ഞങ്ങളുടെ പിതാവിനെ നഷ്ടപ്പെട്ടു. എന്റെ മൂത്ത സഹോദരന് എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കേണ്ടി വന്നു. എനിക്ക് പാഠപുസ്തകങ്ങൾ വാങ്ങാൻ പോലും കഴിയുമായിരുന്നില്ല. എന്റെ സീനിയേഴ്സിൽ നിന്നുള്ള സഹായത്തെ ആശ്രയിക്കേണ്ടിവന്നു” മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഒഡീഷ സംസ്ഥാനത്ത് രണ്ടാം റാങ്ക് നേടിയ ഡോ. രാംചന്ദനി പറയുന്നു.
അങ്ങനെ എല്ലാ കഷ്ടപ്പാടുകളും തരണം ചെയ്‍ത് അദ്ദേഹം ഡോക്ടറായി. 2021 ഫെബ്രുവരിയിൽ, പാവപ്പെട്ടവർക്കും നിരാലംബർക്കും ചികിത്സയും മരുന്നും നൽകുന്നതിനായി ഒഡീഷയിലെ സംബൽപൂർ ജില്ലയിലെ ബുർളയിൽ അദ്ദേഹം ഒരു ‘ഒരു രൂപ ക്ലിനിക്ക്’ ആരംഭിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 7,000 രോഗികളെ ചികിത്സിച്ചതായി അദ്ദേഹം പറയുന്നു. ഒരു ദിവസം ശരാശരി 20-30 പേരെ അദ്ദേഹം പരിശോധിക്കുന്നു.
ഒരു രൂപ ക്ലിനിക്ക് ആരംഭിച്ചിട്ട് ഒരു വർഷമാകുന്നു. പാവപ്പെട്ടവരെ സഹായിക്കുന്നത് തനിക്ക് അളവറ്റ സംതൃപ്തി നൽകുന്നു എന്നും 38 -കാരനായ ഡോക്ടർ പറയുന്നു. ബുർളയിലെ വീർ സുരേന്ദ്ര സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിൽ (VIMSAR) അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്ന ഡോ. രാംചന്ദനി, ജോലി സമയത്തിന് ശേഷം തന്റെ ക്ലിനിക്കിനായി സമയം കണ്ടെത്തുന്നു.
ദരിദ്രർക്കായി ഒരു വൃദ്ധസദനം തുറക്കണമെന്ന് അദ്ദേഹത്തിന്റെ പിതാവ് ബ്രഹ്മാനന്ദ് രാംചന്ദനി ആഗ്രഹിച്ചു. “പക്ഷേ, വലിയ നിക്ഷേപം ആവശ്യമുള്ളതിനാൽ ആരംഭിക്കാൻ കഴിഞ്ഞില്ല. അതിനാൽ, ഒരു നഴ്സിംഗ് ഹോമിൽ ഉള്ളതിനേക്കാൾ കൂടുതൽ സേവനം ചെയ്യാൻ കഴിയുന്ന ഒരു ക്ലിനിക്ക് ആരംഭിക്കാൻ ഞാൻ തീരുമാനിച്ചു” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഒരു രൂപ ഈടാക്കുന്നതിന് കാരണം രോഗികൾക്ക് സൗജന്യമായി സേവനം ലഭിക്കുന്നുണ്ടെന്ന് തോന്നരുതെന്നത് കൊണ്ടാണ്. ചികിൽസയ്ക്ക് എന്തെങ്കിലും പണം നൽകിയതായി അവർക്ക് തോന്നണം. ദരിദ്രർ, അധഃസ്ഥിതർ, പ്രായമായവർ, ഭിന്നശേഷിക്കാർ, കൂടാതെ വൈദ്യസഹായം ലഭ്യമല്ലാത്ത ആരെയും സഹായിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ് അദ്ദേഹം പറയുന്നു.
അതുപോലെ തന്നെ മൊത്തക്കച്ചവടക്കാരിൽ നിന്നും മരുന്ന് വാങ്ങി ഇതുപോലെ ചെറിയ പൈസക്ക് രോഗികൾക്ക് മരുന്നും അദ്ദേഹം നൽകുന്നു. ബുർള ടൗണിലെ കച്ച മാർക്കറ്റ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഒരു രൂപ ക്ലിനിക്ക് വൈകുന്നേരം 6 മുതൽ 7 വരെ പ്രവർത്തിക്കും. ഡോ. രാംചന്ദനി തന്റെ ജന്മനാടായ പദംപൂരിൽ പാവപ്പെട്ടവർക്കായി മറ്റൊരു ക്ലിനിക്കും സ്ഥാപിച്ചിട്ടുണ്ട്.
(കടപ്പാട് : ദ ബെറ്റർ ഇന്ത്യ)
