ഓരോ ദിവസവും ശരാശരി 137 സ്ത്രീകൾ സ്വന്തം കുടുംബാംഗങ്ങളാൽ കൊല്ലപ്പെടുന്നുണ്ട്. നിലവിലത്തെ പങ്കാളികളോ മുൻ പങ്കാളികളോ ആണ് ഈ സ്ത്രീഹത്യകളിലെ പ്രധാന കുറ്റവാളികൾ.
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നടക്കുന്നുണ്ട്. അതിൽ തന്നെയും വീട്ടുകാരുടെയും പങ്കാളികളുടെയും അതിക്രമങ്ങളും ഒട്ടും കുറവല്ല. ലോകത്ത് ഓരോ 10 മിനിറ്റിലും ഒരു സ്ത്രീ ബന്ധുക്കളാൽ കൊല്ലപ്പെടുന്നെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് പറയുന്നത്. 2024 -ൽ മാത്രം അമ്പതിനായിരം സ്ത്രീകൾ ബന്ധുക്കളാലോ പങ്കാളിയാലോ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. സ്ത്രീകളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളിൽ 60 ശതമാനവും സ്വന്തം കുടുംബാംഗങ്ങളോ പങ്കാളികളോ ആണ് കുറ്റവാളികൾ. അതായത്, ഓരോ ദിവസവും ശരാശരി 137 സ്ത്രീകൾ സ്വന്തം കുടുംബാംഗങ്ങളാൽ കൊല്ലപ്പെടുന്നുണ്ട്. നിലവിലത്തെ പങ്കാളികളോ മുൻ പങ്കാളികളോ ആണ് ഈ സ്ത്രീഹത്യകളിലെ പ്രധാന കുറ്റവാളികൾ. ഈ കൊലക്കേസുകളിലെ 60 ശതമാനത്തോളം കുറ്റവാളികൾ ഇത്തരം പങ്കാളികളാണ് എന്നാണ് കണക്ക്.
ആഫ്രിക്കയിലാണ് ഇത്തരം കൊലകൾ കൂടുതലായി നടക്കുന്നത്. ഒരു ലക്ഷം സ്ത്രീകളിൽ മൂന്നുപേർ എന്ന നിരക്കിലാണ് പ്രിയപ്പെട്ടവരുടെ കൈകളാൽ ആഫ്രിക്കയിൽ സ്ത്രീകൾ കൊല്ലപ്പെടുന്നത്. യുഎൻ വുമൺ, യുഎൻ ഓഫീസ് ഓഫ് ഡ്രഗ് ആന്റ് ക്രൈം എന്നിവ സംയുക്തമായിട്ടാണ് പഠനം നടത്തിയത്. സൈബർ സ്റ്റോക്കിങ് പോലെയുള്ള സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടക്കുന്ന അതിക്രമങ്ങൾ കൊലപാതകങ്ങളിലേക്ക് നയിക്കുന്നെന്ന് റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്.
അതിക്രമങ്ങൾ തടയുന്നതിനായി അടിയന്തരവും ഏകോപിതവുമായ നടപടികളും റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്. നിയമ പരിരക്ഷ ശക്തമാക്കുക, ലൈംഗിക അതിക്രമ കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേകം പരിശീലനം ലഭിച്ച ജുഡീഷ്യൽ സംവിധാനം കൊണ്ടുവരിക, സാഹചര്യങ്ങൾ മുൻകൂട്ടി മനസിലാക്കാനും ഇടപെടാനും സാധിക്കുന്ന ഏജൻസികളെ ഏകോപിപ്പിക്കുക, അതിക്രമങ്ങളെ അതിജീവിച്ചവർക്ക് സേവനങ്ങൾ ഉറപ്പാക്കുക, ബോധവൽക്കരണ കാമ്പയിനുകൾ നടത്തുക തുടങ്ങിയ നിർദ്ദേശങ്ങളും യുഎൻ മുന്നോട്ടുവെക്കുന്നുണ്ട്.
