ഓഫീസിൽ പങ്കുവെക്കാൻ പാടില്ലാത്ത 10 കാര്യങ്ങള്‍ എന്തൊക്കെയാണ്? വീഡിയോ ഷെയര്‍ ചെയ്ത് യുവതി. ഈ 10 കാര്യങ്ങള്‍ സഹപ്രവര്‍ത്തകരുമായി പങ്കുവയ്ക്കുന്നത് കരിയറിനെ ദോഷകരമായി ബാധിക്കുമെന്നാണ് യുവതി പറയുന്നത്. 

ഓഫീസിൽ എല്ലാ കാര്യങ്ങളും പറയുന്ന, അതിനെ ഒരു കുടുംബം പോലെ കാണുന്ന ഒരുപാട് പേരുണ്ട്. എന്നാൽ, പ്രൊഫഷണലായിട്ടുള്ള കാര്യങ്ങൾ അങ്ങനെ തന്നെ മുന്നോട്ട് കൊണ്ടുപോവുകയും, സ്വകാര്യജീവിതമോ, ആ ജീവിതത്തിലെ കാര്യങ്ങളോ ജോലിസ്ഥലത്ത് വെളിപ്പെടുത്തരുത് എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഓഫീസിലെ സൗഹൃദങ്ങൾക്കിടയിൽ അറിയാതെ പറഞ്ഞുപോകുന്ന ചില സ്വകാര്യ വിവരങ്ങൾ നമ്മുടെ കരിയറിനെ തന്നെ ദോഷകരമായി ബാധിക്കുമെന്നാണ് ഹൈദരാബാദിൽ ആമസോണിൽ ജോലി ചെയ്യുന്ന ദീപിക പറയുന്നത്. ഓഫീസിൽ ഒരിക്കലും പങ്കുവെക്കാൻ പാടില്ലാത്ത 10 കാര്യങ്ങൾ എന്നും പറഞ്ഞാണ് ദീപിക ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

ശമ്പളം: ശമ്പളത്തെക്കുറിച്ചുള്ള ചർച്ചകൾ സഹപ്രവർത്തകർക്കിടയിൽ മത്സരത്തിനും അസ്വാരസ്യങ്ങൾക്കും കാരണമാകും.

ഓഫീസ് ഗോസിപ്പുകൾ: തമാശയ്ക്കായി പറയുന്ന കാര്യങ്ങൾ പോലും നിങ്ങളുടെ വ്യക്തിത്വത്തെ മോശമായി ബാധിച്ചേക്കാം.

സഹപ്രവർത്തകരെക്കുറിച്ചുള്ള നെഗറ്റീവ് അഭിപ്രായം: മറ്റൊരാളെക്കുറിച്ച് മോശമായി സംസാരിക്കുന്നത് വേഗത്തിൽ പ്രചരിക്കും, അത് നിങ്ങൾക്ക് തന്നെ തിരിച്ചടിയാവുകയും ചെയ്യും.

പ്രണയവും കുടുംബ പ്രശ്നങ്ങളും: വ്യക്തിജീവിതത്തിലെ നാടകീയതകൾ ഓഫീസിൽ മറ്റുള്ളവർക്ക് വിനോദത്തിനുള്ള വിഷയമായി മാറാൻ അനുവദിക്കരുത്.

ആരോഗ്യ വിവരങ്ങൾ: ജോലിയെ ബാധിക്കുന്ന സാഹചര്യത്തിൽ ആവശ്യമുള്ളപ്പോൾ മാത്രം ആരോഗ്യകാര്യങ്ങൾ വെളിപ്പെടുത്തുക.

രാഷ്ട്രീയവും മതവും: പ്രൊഡക്ടീവല്ലാത്ത ഇത്തരം ചർച്ചകൾ ഓഫീസുകളിൽ ഒഴിവാക്കുന്നതാണ് ഉചിതം.

മേലധികാരിയെക്കുറിച്ചുള്ള പരാതികൾ: ബോസിനെക്കുറിച്ച് സഹപ്രവർത്തകരോട് പരാതി പറയുന്നത് താൽക്കാലിക ആശ്വാസം നൽകുമെങ്കിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം.

ജോലി മാറ്റം: പുതിയൊരു ജോലി ഉറപ്പാകുന്നത് വരെ നിലവിലെ ഓഫീസിൽ നിങ്ങളുടെ ജോലി അന്വേഷണത്തെക്കുറിച്ച് മിണ്ടരുത്.

അമിതമായ സ്വകാര്യ വിവരങ്ങൾ: പ്രൊഫഷണൽ ജീവിതവും വ്യക്തിജീവിതവും തമ്മിലുള്ള അതിർവരമ്പുകൾ എപ്പോഴും സൂക്ഷിക്കണം.

കമ്പനിയുടെ രഹസ്യവിവരങ്ങൾ: സ്ഥാപനത്തിന്റെ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ പുറത്തുവിടുന്നത് കരിയർ തന്നെ ഇല്ലാതാക്കാൻ കാരണമാകും.

View post on Instagram

‘കൂടുതൽ സംസാരിക്കുന്നത് നിങ്ങളുടെ കരിയറിനെ തകർക്കും. ഞാൻ പഠിച്ച ഈ പാഠങ്ങൾ നിങ്ങൾക്കും ഉപകരിക്കട്ടെ’ എന്ന ക്യാപ്ഷനോടെയാണ് ദീപിക വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധിപ്പേർ തങ്ങളുടെ അനുഭവം പങ്കുവച്ചു. എന്നാൽ, എല്ലാം പറയാതിരിക്കുക എന്നതിനേക്കാളുപരിയായി ആരെ വിശ്വസിക്കം, എത്രത്തോളം കാര്യങ്ങൾ പറയാം എന്നതനുസരിച്ച് നീങ്ങുന്നതാണ് നല്ലത് എന്നും നെറ്റിസൺസ് അഭിപ്രായപ്പെട്ടു.