അപകടകാരികളായ ഏതെങ്കിലും രോഗികൾ രക്ഷപ്പെട്ടാൽ, സമീപത്തുള്ള ആളുകൾക്കും ചുറ്റുമുള്ള നഗരങ്ങളിലെ ജനങ്ങൾക്കും മുന്നറിയിപ്പ് നൽകുന്നതിനായി ആശുപത്രി ഒരു അലാറം സജ്ജമാക്കിയിരുന്നു. അലാറം അടിക്കുന്നത് കേൾക്കുമ്പോൾ, പ്രാദേശിക സ്കൂളുകളും സ്ഥാപനങ്ങളും എല്ലാം അടച്ചു പൂട്ടുമായിരുന്നു.
മാനസികാരോഗ്യക്കുറവുള്ള ക്രിമിനലുകൾക്ക് വേണ്ടി 1860 -ൽ സ്ഥാപിതമായതാണ് യുകെയിലെ ക്രോത്തോണിലുള്ള ബ്രോഡ്‌മൂർ ഹോസ്പിറ്റൽ(Broadmoor Hospital). 1863 -ൽ പൂർത്തീകരിച്ച ഇത് ഇംഗ്ലണ്ടിലെ ഏറ്റവും പഴക്കം ചെന്ന ഹൈ-സെക്യൂരിറ്റി സൈക്യാട്രിക് ഹോസ്പിറ്റലാ(high-security psychiatric hospital)ണ്. കുപ്രസിദ്ധ സീരിയൽ കില്ലർമാരായ 'ജാക്ക് ദി റിപ്പർ'(Jack the Ripper) മുതൽ ഡാനിയൽ ഗോൺസാലസ്(Daniel Gonzalez) വരെയുള്ള അനവധി പേർ അവിടത്തെ അന്തേവാസികളായിരുന്നു.

എന്നാൽ, അക്കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ രോഗി വില്യം ഗിൽസ് ആയിരുന്നു. 1885 -ൽ തീവെപ്പ് കുറ്റം ചുമത്തിയാണ് അവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുകെയിലെ സീരിയൽ കില്ലർമാർ പാർത്തിരുന്ന ഏറ്റവും കുപ്രസിദ്ധമായ ആ നഴ്സിംഗ് ഹോമിൽ, മരണം വരെ അവൻ താമസിച്ചു. ബെർക്‌ഷെയറിൽ എത്തുമ്പോൾ അവന് വെറും 10 വയസ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. 1962 -ൽ മരിക്കുന്നതുവരെ 77 വർഷം അവനെ അവിടെ പൂട്ടിയിട്ടു, അതും മറ്റുള്ളവരുമായി തട്ടിച്ചു നോക്കുമ്പോൾ അത്ര വലിയൊരു കുറ്റകൃത്യമല്ലാതിരുന്നിട്ടു പോലും.
എന്നാൽ, അവിടത്തെ ആദ്യരോഗി സ്വന്തം കുഞ്ഞിനെ കൊന്ന ഒരു സ്ത്രീയായിരുന്നു. അവരെ കൂടാതെ തൊണ്ണൂറ്റിയഞ്ച് സ്ത്രീരോഗികളെ കൂടി അവിടെ താമസിപ്പിച്ചിരുന്നു. ഒരു വർഷത്തിനുശേഷം പുരുഷരോഗികൾക്കുള്ള ബ്ലോക്ക് പൂർത്തിയായി. പിന്നീട് പുരുഷന്മാർക്ക് നാല് ബ്ലോക്കും, സ്ത്രീകൾക്ക് ഒരു ബ്ലോക്കുമുള്ള പുതിയ കെട്ടിടം വന്നു. ക്രിമിനലുകളായ മാനസികരോഗികളുടെ സുരക്ഷിതമായ കസ്റ്റഡിയും ചികിത്സയുമാണ് സ്ഥാപനം ലക്ഷ്യമിട്ടിരുന്നത്. ഇന്ന് നമുക്ക് പരിചിതമായ മനഃശാസ്ത്രപരമായ ചികിത്സകളൊന്നും അന്നുണ്ടായിരുന്നില്ല. വിക്ടോറിയൻ കാലഘട്ടത്തിലെ രോഗികൾക്ക് പലപ്പോഴും വിശ്രമവും തൊഴിൽ ചികിത്സയുമാണ് നിർദ്ദേശിക്കപ്പെട്ടിരുന്നത്. അവിടെയുള്ള സ്ത്രീകളിൽ വലിയൊരു വിഭാഗം സ്വന്തം കുട്ടികളെ കൊല്ലുകയോ മുറിവേൽപ്പിക്കുകയോ ചെയ്തവരായിരുന്നു.

ശീതകാലത്ത് വെളുപ്പിനെ ഏകദേശം ആറ് മണി അല്ലെങ്കിൽ ഏഴ് മണിയ്ക്ക് രോഗികളുടെ ഒരു ദിവസം ആരംഭിക്കും. വൈകുന്നേരം ഏഴ് മണിയോടെ അവസാനിക്കും. സ്ത്രീകൾ അവിടെ തയ്യൽക്കാരായും അലക്കുകാരായും ജോലി ചെയ്യുമായിരുന്നു. പുരുഷന്മാർ പൊതുവെ തയ്യലോ, ഷൂ നിർമ്മാണമോ, ആശാരിപ്പണിയോ ചെയ്തു. അവിടെ വന്ന പലർക്കും സ്വന്തം വീടുകളേക്കാൾ മികച്ച സൗകര്യങ്ങൾ ആശുപത്രി വാഗ്‌ദാനം ചെയ്തിരുന്നു. എന്നിട്ടും അവിടെ നിന്ന് രക്ഷപ്പെടാൻ രോഗികൾ ശ്രമിക്കുമായിരുന്നു. അപകടകാരികളായ ഏതെങ്കിലും രോഗികൾ രക്ഷപ്പെട്ടാൽ, സമീപത്തുള്ള ആളുകൾക്കും ചുറ്റുമുള്ള നഗരങ്ങളിലെ ജനങ്ങൾക്കും മുന്നറിയിപ്പ് നൽകുന്നതിനായി ആശുപത്രി ഒരു അലാറം സജ്ജമാക്കിയിരുന്നു. അലാറം അടിക്കുന്നത് കേൾക്കുമ്പോൾ, പ്രാദേശിക സ്കൂളുകളും സ്ഥാപനങ്ങളും എല്ലാം അടച്ചു പൂട്ടുമായിരുന്നു.

ആശുപത്രിയിലെ അന്തേവാസികളിൽ 1970 -കളിൽ വടക്കൻ ഇംഗ്ലണ്ടിൽ വേശ്യകളെ കൊലപ്പെടുത്തിയതിന് ജയിലിലായ 'യോർക്ക്ഷയർ റിപ്പർ' എന്ന പീറ്റർ സട്ട്ക്ലിഫറിനെയാണ് ഏറ്റവും ഒടുവിൽ പ്രവേശിപ്പിച്ചത്. പാരാനോയ്ഡ് സ്കീസോഫ്രീനിയ രോഗനിർണയത്തെ തുടർന്ന് 1984 മാർച്ചിൽ അയാളെ ജയിലിൽ നിന്ന് ബ്രോഡ്മൂറിലേക്ക് മാറ്റി. 2020 നവംബർ 13 -ന് ജയിലിൽ തടവിലായിരിക്കെ, കൊവിഡ്-19-മായി ബന്ധപ്പെട്ട സങ്കീർണതകൾ മൂലം അയാൾ ആശുപത്രിയിൽ വച്ച് മരിച്ചു.
