ഏകദേശം 22 അടി നീളമുള്ള ഒരു എണ്ണത്തിമിംഗലം ഈ മാസം ആദ്യം വെയിൽസിന്റെ കരയിൽ വന്നടിയുകയുണ്ടായി. പക്ഷേ, അതൊരു ഒറ്റപ്പെട്ട സംഭവമല്ല. ലോകത്തിന്റെ പലഭാഗത്തും  ഇതുപോലെ കടൽ സസ്‍തനികളുടെ ജഡം തീരങ്ങളിൽ  വന്നടിയുന്നുണ്ട്. മിക്ക സമുദ്ര സസ്‍തനികളുടെയും  മരണകാരണമായി പറയുന്നത് അവയുടെ വയറ്റിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് അവശിഷ്‍ടങ്ങളാണ്.

സ്കോട്ടിഷ് ദ്വീപിന്റെ തീരത്തടിഞ്ഞ ഈ തിമിഗലത്തിന്റെ വയറ്റിൽനിന്നും കണ്ടെടുത്തത് 100 കിലോഗ്രാം പ്ലാസ്റ്റിക് അവശിഷ്ടങ്ങളാണ്. അതിന്റെ ചിത്രങ്ങൾ പാരിസ്ഥിതിക പ്രവർത്തകരെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കിയത്. മാത്രവുമല്ല, ചിത്രം കണ്ട ആളുകൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്രത്തിന് എത്രത്തോളം നാശമുണ്ടാക്കുന്നു എന്നതിനെക്കുറിച്ച് അതിയായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്‍തു.

 

സ്കോട്ട്ലന്‍ഡിന് ചുറ്റുമുള്ള തീരത്തു വന്നടിയുന്ന  സമുദ്ര ജീവികളുടെ വിവരങ്ങൾ ശേഖരിക്കുന്ന സംഘടനയാണ് സ്കോട്ടിഷ് മറൈൻ അനിമൽ സ്ട്രാൻഡിംഗ് സ്കീം (സ്മാസ്). സ്‌മാസാണ് യുകെയിലെ ഹാൾ ദ്വീപിലെ സെയ്‌ലെബോസ്റ്റ് ബീച്ചിൽ വന്നടിഞ്ഞ എണ്ണതിമിഗലത്തിന്റെ ചിത്രങ്ങൾ  ഫേസ്ബുക്കിൽ പങ്കുവെച്ചത്.  അതിന്റെ വയറ്റിൽ നിന്ന് നീക്കം ചെയ്‍ത മാലിന്യങ്ങളും ചിത്രത്തിൽ കാണാം.

പ്ലാസ്റ്റിക് കയറുകൾ, കയ്യുറകൾ, പ്ലാസ്റ്റിക് ബാഗുകൾ, വലകൾ എന്നിവയാണ് തിമിഗലത്തിന്റെ വയറ്റിൽ നിന്ന് കണ്ടെത്തിയത്. പ്ലാസ്റ്റിക് മാലിന്യമാണോ തിമിംഗലത്തിന്റെ മരണകാരണമെന്ന് സംഘടനക്ക് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും, അത് തീർച്ചയായും ബുദ്ധിമുട്ടുകൾ സൃഷ്‍ടിച്ചിട്ടുണ്ടാകുമെന്നാണ് അവർ അനുമാനിക്കുന്നത്.  “തിമിംഗലത്തിന്റെ ആമാശയത്തിൽ നിന്നും കണ്ടെടുത്ത വലിയ അളവിലുള്ള ഈ പ്ലാസ്റ്റിക്ക് മാലിന്യം തീർത്തും ഭയാനകമായ ഒരു ചിത്രമാണ് നൽകുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്രജീവിതത്തിന് എത്ര വിനാശകരമാണ് എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഇത്." സംഘടന പറഞ്ഞു.

കടൽ സസ്‍തനികൾക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് ചിലർ പറഞ്ഞതോടെ, നെറ്റിസൺമാർക്കിടയിൽ ഈ പോസ്റ്റ് വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്. ഇത്രയും മനോഹരമായ ഒരു മൃഗത്തിനും, അതിമനോഹരമായ കടൽത്തീരത്തിനും എത്ര സങ്കടകരമായ അന്ത്യമാണ് സംഭവിക്കുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടു.