ഏതായാലും മിസ് ചെയ്ത കംപ്യൂട്ടർ ക്ലാസുകൾ ലൈബ്രറിയിൽ കിട്ടുന്നുണ്ട് എന്ന് അറിഞ്ഞ ഉടനെ അവർ ആ ക്ലാസുകളിൽ ചേരുകയായിരുന്നു. 

മാർ​ഗരറ്റ് ​ഗ്രിഫിത്ത്സി(Margaret Griffiths)ന് വയസ് നൂറാണ്(100-year-old). എന്നാൽ, അതും പറഞ്ഞ് എവിടെയെങ്കിലും ഏതെങ്കിലും മൂലയിലിരിക്കാൻ അവർ തയ്യാറല്ല. ഇപ്പോൾ, അവർ അടുത്തുള്ള ലൈബ്രറിയിൽ കമ്പ്യൂട്ടർ ക്ലാസിന് ചേർന്നിരിക്കുകയാണ്. റോണ്ടയിലെ യ്‌നിഷിറിൽ നിന്നുള്ള മാർഗരറ്റ് ഗ്രിഫിത്ത്‌സ് പറയുന്നത് തന്റെ മനസ്സ് സജീവമായി നിലനിർത്താനാണ് താൻ പ്രതിവാര കംപ്യൂട്ടർ ക്ലാസുകളിൽ ചേർന്നത് എന്നാണ്. തന്റെ കൂടെയുള്ള മുതിർന്ന പഠിതാക്കളിൽ എല്ലാവരും കാലത്തിനനുസരിച്ച് സഞ്ചരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മുൻ പ്രധാനാധ്യാപിക കൂടിയായ മാർ​ഗരറ്റ് പറഞ്ഞു.

തനിക്ക് കഴിയുന്നിടത്തോളം കാലം പഠനം തുടരാൻ തന്നെയാണ് മാർ​ഗരറ്റിന്റെ തീരുമാനം. 1921 -ൽ സെറിഡിജിയോണിലെ അബെറേറോണിൽ ജനിച്ച മാർ​ഗരറ്റ്, ടോണിറെഫൈലിലെ Cwmlai പ്രൈമറി സ്‌കൂളിലാണ് 40 വർഷം നീണ്ടുനിന്ന തന്റെ അധ്യാപന ജീവിതം ആരംഭിച്ചത്. ഒടുവിൽ കാർഡിഫിലെ വിച്ചർച്ച് പ്രൈമറി സ്‌കൂളിൽ പ്രധാനാധ്യാപികയായി.

ഓരോ ദിവസവും പുതിയതായി എന്തെങ്കിലും പഠിക്കും എന്നൊരു പ്രോമിസ് താൻ തനിക്ക് തന്നെ നൽകിയിട്ടുണ്ട് എന്ന് മാർ​ഗരറ്റ് പറയുന്നു. വിദ്യാഭ്യാസത്തിന്റെ ലോകത്തിലാണ് താൻ തന്റെ ജീവിതത്തിന്റെ ഭൂരിഭാ​ഗം സമയവും ചെലവഴിച്ചത്. ഇപ്പോഴും താനത് തുടരുന്നു. താനൊരിക്കലും അത് അവസാനിപ്പിച്ചിട്ടില്ല എന്നും മാർ​ഗരറ്റ് പറയുന്നു. കംപ്യൂട്ടർ വരുന്നതിന് മുമ്പ് തന്നെ മാർ​ഗരറ്റ് ജോലിയിൽ നിന്നും വിരമിച്ചിരുന്നു. അതിനാൽ തന്നെ എപ്പോഴും അത് മിസ് ചെയ്തല്ലോ എന്നൊരു തോന്നലും ഉണ്ടായിരുന്നു. 

ഇപ്പോൾ അവർ ആഴ്ചയിൽ ആറ് ദിവസവും ക്ലാസുകൾ നൽകുന്ന ലൈബ്രറിയായ പോർത്ത് പ്ലാസയിൽ ഐടി പഠിക്കുകയാണ്. അവിടെ വീൽചെയർ സൗകര്യവും ലഭ്യമാണ്. മാർ​ഗരറ്റ് എപ്പോഴും ഒരു അധ്യാപികയാകാൻ ആഗ്രഹിച്ചു കൊണ്ടാണ് വളർന്നതെങ്കിലും രണ്ടാം ലോകമഹായുദ്ധം അവളുടെ പദ്ധതികൾ തകിടംമറിച്ചു. "യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ എല്ലാം തകിടം മറിഞ്ഞു - ഞാൻ ചേരാൻ പോയ കോളേജ് പോലും ബോംബെറിഞ്ഞു തകർത്തു. അതിനാൽ എനിക്ക് രാജ്യത്ത് മറ്റെവിടെയെങ്കിലും തുടർവിദ്യാഭ്യാസം തേടേണ്ടി വന്നു" അവർ പറഞ്ഞു.

കസിനോടൊപ്പം ലോകം ചുറ്റിക്കറങ്ങാൻ അവർ അഞ്ച് വർഷത്തെ ഇടവേളയും അധ്യാപനത്തിൽ നിന്ന് എടുത്തു. അമേരിക്ക, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, സിംഗപ്പൂർ, നോർത്ത് ആഫ്രിക്ക, കാനഡ, ഹവായ് എന്നിവിടങ്ങളാണ് അന്ന് സന്ദർശിച്ചത്. "ഞാൻ ലോകത്തെ കണ്ടു, ആ അത്ഭുതകരമായ അഞ്ച് വർഷങ്ങളുടെ അത്ഭുതകരമായ ഓർമ്മകൾ എനിക്കുണ്ട്. പക്ഷേ, സാധാരണവും ശാന്തവുമായ ജീവിതം നയിക്കാൻ ഞാൻ വെയിൽസിലെ വീട്ടിലേക്ക് മടങ്ങി" എന്ന് മാർ​ഗരറ്റ് പറയുന്നു. 

ഏതായാലും മിസ് ചെയ്ത കംപ്യൂട്ടർ ക്ലാസുകൾ ലൈബ്രറിയിൽ കിട്ടുന്നുണ്ട് എന്ന് അറിഞ്ഞ ഉടനെ അവർ ആ ക്ലാസുകളിൽ ചേരുകയായിരുന്നു. "ഭാവി എന്തായിരിക്കുമെന്ന് എനിക്കറിയില്ല. പക്ഷേ, എനിക്ക് കഴിയുന്നിടത്തോളം ചെയ്യുന്നത് തുടരാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഞാൻ ഇപ്പോഴും വിദ്യാഭ്യാസം നേടുന്നു. ഈ പ്രായത്തിലും പഠിക്കുന്നതിൽ എനിക്ക് എപ്പോഴും സന്തോഷമുണ്ട് - ദീർഘകാലം അത് തുടരാനും ഞാനാ​ഗ്രഹിക്കുന്നു" എന്നും മാർ​ഗരറ്റ് പറയുന്നു. ക്ലാസിലെ മറ്റെല്ലാവരും മാർ​ഗരറ്റിനേക്കാൾ ചെറുപ്പമാണ്. "100 -ാമത്തെ വയസാണെനിക്ക്. മറ്റെല്ലാ പഠിതാക്കളും എന്നെക്കാൾ ചെറുപ്പമാണ്. പക്ഷേ ഞാൻ ക്ലാസുകളും കമ്പനിയും ശരിക്കും ആസ്വദിക്കുന്നു" എന്നും മാർ​ഗരറ്റ് പറയുന്നു.