മനുഷ്യരോടൊപ്പം അതിജീവിക്കാൻ മനാറ്റികൾ വളരെക്കാലമായി പാടുപെടുകയാണ്. സാവധാനത്തിൽ സഞ്ചരിക്കുന്ന നൂറുകണക്കിന് മനാറ്റികളെയാണ് ഓരോ വർഷവും ബോട്ടുകൾ അടിച്ചുവീഴ്ത്തുന്നത്. 

സാധാരണയായി വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നത് കുറ്റമായി കണക്കാക്കപ്പെടുന്നു. എന്നാൽ, മനുഷ്യരെ കൊണ്ട് സകലജീവജാലങ്ങളും പൊറുതി മുട്ടിയിരിക്കുകയാണ് എന്നാണ് ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ കാണിക്കുന്നത്. മനുഷ്യരുണ്ടാക്കിയ മലിനീകരണം മൂലം ഫ്ലോറിഡയിൽ(Florida) 1,000 -ത്തിലധികം മനാറ്റികൾ(manatees) പട്ടിണി മൂലം ചാവുന്ന ദാരുണമായ സാഹചര്യം ഉണ്ടായി. അത് കണക്കിലെടുത്ത് അധികൃതർ മാറിച്ചിന്തിക്കുകയാണ്. അതിനായി ഒരു ഭക്ഷണ പദ്ധതി തന്നെ പരിഗണിക്കാൻ ഉദ്യോഗസ്ഥരെ ഇത് പ്രേരിപ്പിക്കുന്നു. ഇതുവഴി മനാറ്റികൾക്ക് ഭക്ഷണമെത്തിക്കാനാണ് പദ്ധതിയിടുന്നത്. 

യു.എസ്. ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസും സംസ്ഥാന പരിസ്ഥിതി ഉദ്യോഗസ്ഥരും മനാറ്റികൾക്ക് ഫ്ലോറിഡയിലെ ഒരു പ്രത്യേക സ്ഥലത്ത് ഭക്ഷണം നൽകുന്നതിനായി ആലോചിക്കുകയാണ്. 'ഇങ്ങനെ ഒരു വന്യജീവിക്കും ഭക്ഷണം നൽകാറില്ല, എന്നാൽ സാഹചര്യം ഇത്തരമൊരു അടിയന്തരകാര്യം ചെയ്യേണ്ട അവസ്ഥയിലെത്തിച്ചിരിക്കുകയാണ്' എന്ന് സേവ് ദി മനാറ്റി ക്ലബ് എക്സിക്യൂട്ടീവ് ഡയറക്ടർ പാട്രിക് റോസ് പറഞ്ഞു. 1981-ൽ ഫ്ലോറിഡ ട്രൂബഡോർ ജിമ്മി ബഫറ്റും മുൻ ഗവർണറും യുഎസ് സെനറ്ററുമായ ബോബ് ഗ്രഹാമും ചേർന്നാണ് ക്ലബ്ബ് സ്ഥാപിച്ചത്.

'ഇത് മുഴുവൻ ആവാസവ്യവസ്ഥയെയും ബാധിക്കുന്നു, ഇത് ഒരു പത്തുവർഷത്തേക്കെങ്കിലും ബാധിക്കപ്പെടും' റോസ് ചൊവ്വാഴ്ച ഒരു അഭിമുഖത്തിൽ പറഞ്ഞു. 'ഇത് മനുഷ്യൻ സൃഷ്ടിച്ച ഒരു പ്രശ്നമാണ്, മനുഷ്യൻ അത് പരിഹരിക്കേണ്ടതുണ്ട്' എന്നും അദ്ദേഹം പറയുന്നു. ഒരു ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസ് വക്താവ് ഇമെയിലിൽ പറഞ്ഞത്, 'പരിമിതമായി ഭക്ഷണം നൽകുന്ന ട്രയലിൽ മുന്നോട്ട് പോകാൻ ഏജൻസിക്ക് അനുമതിയുണ്ട് എന്നാൽ വിശദാംശങ്ങൾ ഇതുവരെ അന്തിമമാക്കിയിട്ടില്ല' എന്നാണ്. ഔപചാരികമായ പ്രഖ്യാപനം ഈ ആഴ്ച അവസാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പ്ലാന്റിൽ നിന്നുള്ള ചൂടുവെള്ളം പുറന്തള്ളുന്നതിനാൽ തണുത്ത ശൈത്യകാലത്ത് മനാറ്റികൾ ഒത്തുചേരുന്ന കിഴക്കൻ തീരത്തെ ഇന്ത്യൻ നദി ലഗൂണിനോട് ചേർന്നുള്ള കേപ് കനാവറലിലെ ഫ്ലോറിഡ പവർ & ലൈറ്റ് പ്ലാന്റിൽ മനാറ്റികൾക്ക് ഭക്ഷണം നൽകാനാണ് ആദ്യ പദ്ധതി. ലെറ്റ്യൂസും കാബേജും മറ്റ് പച്ചിലകളും കൺവെയർ ബെൽറ്റ് വഴി വിതരണം ചെയ്യുന്ന ഒരു പരീക്ഷണമായിരിക്കും ഇത്, റോസ് പറഞ്ഞു. ഫ്ലോറിഡ ഉൾക്കടലിലേക്ക് ലെറ്റ്യൂസ് എറിയാൻ ആളുകൾക്ക് അധികാരമില്ല. 'ഒരു സാഹചര്യത്തിലും ആളുകൾ മനാറ്റികൾക്ക് ഭക്ഷണം നൽകുന്നത് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഇത് നിയമവിരുദ്ധമാണ്, അങ്ങനെ തന്നെ തുടരുന്നു' റോസ് പറഞ്ഞു.

മനുഷ്യരോടൊപ്പം അതിജീവിക്കാൻ മനാറ്റികൾ വളരെക്കാലമായി പാടുപെടുകയാണ്. സാവധാനത്തിൽ സഞ്ചരിക്കുന്ന നൂറുകണക്കിന് മനാറ്റികളെയാണ് ഓരോ വർഷവും ബോട്ടുകൾ അടിച്ചുവീഴ്ത്തുന്നത്. എന്നാൽ, സംസ്ഥാനത്തിന്റെ കണക്കുകൾ പ്രകാരം നവംബർ 19 വരെ പട്ടിണി ഭീഷണി 1,017 മാനാറ്റികളുടെ മരണത്തിലേക്ക് നയിച്ചു. ശൈത്യകാലം വരുന്നതോടെ വീണ്ടും ഇവയുടെ കാര്യം അപകടത്തിലാവുമെന്നാണ് കരുതുന്നത്. 

കൃഷിയിടങ്ങൾ, നഗരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നൊക്കെയുള്ള നീല-പച്ച ആൽഗകളുടെയും മറ്റ് ദോഷകരമായ ജീവികളുടെയും വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന മലിനജലമൊഴുകുന്നതാണ് ഇതിന് പ്രധാന കാരണം. ഇത് കടൽപ്പുല്ലിന് ആവശ്യമായ പ്രകാശം ഇല്ലാതെയാക്കുന്നു. ഇത് മനാറ്റികളുടെ പ്രധാന ഭക്ഷണ സ്രോതസ്സ് ഇല്ലാതാക്കുന്നു. കാലാവസ്ഥാ വ്യതിയാനവും ആൽഗകളെ കൂടുതൽ വഷളാക്കുന്ന ഒരു ഘടകമാണ്.

അത് വെറും മനാറ്റികളെ മാത്രമല്ല. ഞണ്ട് മുതൽ ഡോൾഫിനുകൾ വരെയുള്ള വിവിധ ജലജീവികളുടെ ആരോഗ്യത്തോടൊപ്പം ആൽഗകൾ പൂക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തെയും ബാധിക്കും. മൃഗങ്ങളെ സംരക്ഷിക്കുന്നതിനു പുറമെ, ഈ ജീവികളെ കാണാനായി ഫ്ലോറിഡയിലേക്ക് വരുന്ന ബോട്ട് ക്യാപ്റ്റൻമാർക്കും ടൂറൊരുക്കുന്നവർക്കും മറ്റുള്ളവർക്കും സാമ്പത്തിക നഷ്ടമുണ്ട്. 'മനാറ്റികളെ സംരക്ഷിക്കുക എന്നാൽ ആവാസവ്യവസ്ഥയെ തന്നെ സംരക്ഷിക്കുക' എന്നാണ് ഉദ്ദേശിക്കുന്നത് എന്നും റോസ് പറയുന്നതായി അസോസിയേറ്റഡ് പ്രസ് എഴുതുന്നു.