Asianet News MalayalamAsianet News Malayalam

101 വയസ്സുള്ള ഈ സ്വാതന്ത്ര്യസമരസേനാനിയുമുണ്ട് പ്രതിഷേധിക്കാന്‍...

മഹാത്മാവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്വാതന്ത്ര്യസമരത്തിൽ പങ്കുചേർന്ന ഹരോഹള്ളി ശ്രീനിവാസായ ദൊരെസ്വാമി, നൂറ്റിയൊന്നിന്റെ നിറവിലും തന്റെ ഉന്നത മൂല്യങ്ങലെ മുറുക്കെ പിടിക്കുന്നു. 

101 year old HS Doreswamy in protest
Author
Bangalore, First Published Jan 8, 2020, 5:00 PM IST

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം അലയടിക്കുമ്പോൾ, 101 വയസുള്ള ഈ സ്വാതന്ത്ര്യസമര സേനാനിയുടെ സമരം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. @Waseem_Ahmed11 എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ്, ഹരോഹള്ളി ശ്രീനിവാസായ ദൊരെസ്വാമിയുടെ നിരാഹാര സമരം ലോകം കണ്ടത്. 101 വയസ്സിലും അദ്ദേഹം പ്രകടിപ്പിച്ച സമരവീര്യം അനേകായിരങ്ങൾക്ക്  പ്രചോദനമായി. പിന്നീട് ബംഗളൂരുവിലെ ഫ്രീഡം പാർക്കിലെ സഹപ്രക്ഷോഭകർക്കൊപ്പം ഇളനീർ കുടിച്ച് അദ്ദേഹം സമരം അവസാനിപ്പിക്കുകയായിരുന്നു.  

മഹാത്മാവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്വാതന്ത്ര്യസമരത്തിൽ പങ്കുചേർന്ന ഹരോഹള്ളി ശ്രീനിവാസായ ദൊരെസ്വാമി, നൂറ്റിയൊന്നിന്റെ നിറവിലും തന്റെ ഉന്നത മൂല്യങ്ങലെ മുറുക്കെ പിടിക്കുന്നു. 1942 -ൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം രാജ്യത്തുടനീളം ശക്തി പ്രാപിച്ചപ്പോൾ, ദൊരെസ്വാമിയും മറ്റ് ചിലരും പഴയ മൈസൂർ മേഖലയിലുടനീളം അധികാരികളെ വെല്ലുവിളിച്ച് പ്രതിഷേധം സംഘടിപ്പിക്കുകയുണ്ടായി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ, സ്വാതന്ത്ര്യസമരകാലത്ത് തടവുകാരനായിരുന്ന അദ്ദേഹം, നിസ്വാർത്ഥതയുടെ പര്യായമാണ്.  ഇതിനുമുൻപും, സമൂഹികവും, ദേശീയവുമായ പ്രശ്നങ്ങളിൽ അദ്ദേഹം സജീവമായി ഇടപെട്ടിട്ടുണ്ട്. ദരിദ്രർക്കായി സർക്കാർ ഭൂമി പുനർവിതരണം ചെയ്യുന്നതും,  ബംഗളൂരുവിന്റെ മാലിന്യങ്ങൾ വിവേചനരഹിതമായി വലിച്ചെറിയുന്നതിനെതിരെയും അദ്ദേഹം സമരം നടത്തിയത് വലിയ ശ്രദ്ധ ആകർഷിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായംചെന്ന ഈ ഗാന്ധിയനു പക്ഷേ തോൽക്കാൻ മനസ്സില്ല.  പ്രായത്തിന്റെ ബലഹീനതകൾക്കിടയിലും, രാഷ്ട്രസേവനത്തോടുള്ള പ്രതിബദ്ധതയും, തികഞ്ഞ അർപ്പണബോധവും ഇപ്പോഴും കാണാം.  

ദൊരെസ്വാമിയുടെ ചിത്രം ട്വീറ്റ് ചെയ്യുന്നതിനിടെ അഹമ്മദ് ഇങ്ങനെ എഴുതി "ബെംഗളൂരിലെ ഫ്രീഡം പാർക്ക് ഏറ്റവും മികച്ച രംഗങ്ങൾക്ക് വേദിയായി. 101 -കാരനായ എച്ച്എസ് ദൊരെസ്വാമി മറ്റുള്ളവരുമായി ചേർന്ന് സത്യാഗ്രഹത്തിൽ പങ്കെടുത്തു. “ഭാരത് ചോഡോ” മുതൽ “ഭാരത് ജോഡോ” വരെ ഈ മനുഷ്യൻ വളരെദൂരം പിന്നിട്ടിരിക്കുന്നു. ” പ്രതിഷേധക്കാർക്കൊപ്പം ദൊരെസ്വാമി ഇരിക്കുന്ന ഒരു വീഡിയോയും അഹമ്മദ് പിന്നീട് പങ്കിട്ടു. അതിൽ പ്രതിഷേധക്കാർ ‘രഘുപതി രാഘവ രാജാ റാം’ എന്ന് ഉരുവിട്ട് കൊണ്ട് നിരാഹാര സമരം അവസാനിപ്പിക്കുന്നത് കാണാം. ഈ പ്രായത്തിലും അദ്ദേഹം കാണിച്ച കളങ്കമില്ലാത്ത ദേശസ്നേഹവും, രാജ്യത്തോടുള്ള പ്രതിബദ്ധതയും അനേകായിരങ്ങളെയാണ് കരയിപ്പിച്ചത്. 

Follow Us:
Download App:
  • android
  • ios