ആ കുട്ടി തന്റെ പുഞ്ചിരിയിലൂടെ അതിർത്തിയിലെ എല്ലാവരുടെയും ഹൃദയം കീഴടക്കുകയും അവനെ "ഒരു യഥാർത്ഥ ഹീറോ" എന്ന് അവരെല്ലാം വാഴ്ത്തുകയും ചെയ്തു. 

റഷ്യയുടെ അധിനിവേശത്തെ(Russia's invasion)ത്തുടർന്ന് ഒരു ദശലക്ഷത്തിലധികം സാധാരണക്കാർ യുക്രൈനി(Ukrain)ൽ നിന്ന് പലായനം ചെയ്തു കഴിഞ്ഞു. അവരിൽ പലരും അയൽ രാജ്യങ്ങളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. യുക്രൈനെതിരായ ക്രെംലിൻ സൈനിക ആക്രമണം തുടരുന്നതിനിടയിൽ, ഒരു 11 വയസ്സുകാരൻ സപ്പോരിജിയ(Zaporizhzhia) നഗരത്തിൽ നിന്ന് സ്ലൊവാക്യ(Slovakia)യിലേക്ക് യാത്ര ചെയ്തു. തനിച്ചായിരുന്നു അവന്റെ യാത്ര.

അവൻ ഒരു ബാക്ക്പാക്കുമായി തനിയെ ആണ് 1000 കിലോമീറ്റർ യാത്ര നടത്തിയത്. കയ്യിൽ അവന്റെ അമ്മ എഴുതിയ ഒരു കുറിപ്പും ഫോൺ നമ്പറും ഉണ്ടായിരുന്നു. തങ്ങളുടെ രോ​ഗബാധിതനായ ബന്ധുവിനെ സഹായിക്കാൻ വീട്ടുകാർ യുക്രൈനിൽ തന്നെ തുടരുകയായിരുന്നു. അതേ തുടർന്നാണ് 11 -കാരന് തനിച്ച് യാത്ര ചെയ്യേണ്ടി വന്നത്. 

പ്ലാസ്റ്റിക് ബാഗും പാസ്‌പോർട്ടും ടെലിഫോൺ നമ്പറും കയ്യിൽ കരുതിയിട്ടാണ് ഇവൻ എത്തിയതെന്ന് സ്ലോവാക്യയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ആ കുട്ടി തന്റെ പുഞ്ചിരിയിലൂടെ അതിർത്തിയിലെ എല്ലാവരുടെയും ഹൃദയം കീഴടക്കുകയും അവനെ "ഒരു യഥാർത്ഥ ഹീറോ" എന്ന് അവരെല്ലാം വാഴ്ത്തുകയും ചെയ്തു. അഭയകേന്ദ്രത്തിലേക്ക് മാറ്റും മുമ്പ് സന്നദ്ധ പ്രവർത്തകർ അവനെ പരിചരിച്ചു. കുട്ടിയുടെ അമ്മ അവനെ സ്ലൊവാക്യയിലേക്കുള്ള ട്രെയിനിൽ ബന്ധുക്കളെ കണ്ടെത്താൻ അയച്ചതാണ് എന്ന് റിപ്പോർട്ടുണ്ട്. 

അതിനിടെ, റഷ്യയുടെ യുക്രൈൻ അധിനിവേശം 12 -ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. റഷ്യൻ സൈന്യം യുക്രൈനിലെ പ്രധാന നഗരങ്ങളിൽ ബോംബാക്രമണം നടത്തുകയാണ്. മാർച്ച് 6 വരെ 350 -ലധികം സാധാരണക്കാർ കൊല്ലപ്പെട്ടതായും നൂറുകണക്കിന് പേർക്ക് പരിക്കേറ്റതായും യുഎൻ അറിയിച്ചു. എന്നാൽ, യുക്രൈനിലെ എമർജൻസി സർവീസ് പറയുന്നത് മാർച്ച് 2 വരെ സിവിലിയൻ മരണസംഖ്യ 2,000 ആയി എന്നാണ്. 

മാർച്ച് 6 വരെ ഏകദേശം 11,000 റഷ്യൻ സൈനികർ പോരാട്ടത്തിൽ കൊല്ലപ്പെട്ടതായി യുക്രേനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, റഷ്യക്കാരുടെ മരണത്തെക്കുറിച്ചുള്ള അമേരിക്കൻ, യൂറോപ്യൻ കണക്കുകൾ ഗണ്യമായി കുറവാണ്. ഏകദേശം 500 സൈനികർ മരിച്ചതായിട്ടാണ് റഷ്യൻ സർക്കാർ റിപ്പോർട്ട് ചെയ്തത്.