കുറേ കാശുണ്ടാക്കി ആയുധങ്ങള്‍ വാങ്ങി കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു

അവന് വെറും പന്ത്രണ്ട് വയസ്സു മാത്രമേയുള്ളൂ. അല്ലറ ചില്ലറ പണികള്‍ ചെയ്തും ആക്രി പെറുക്കി വിറ്റും ജീവിക്കുന്ന, ദരിദ്ര കുടുംബത്തില്‍ പെട്ട ഈ പയ്യന്‍ ഇപ്പോള്‍ പൊലീസ് പിടിയിലാണ്. ആക്രി വിറ്റു ജീവിക്കുന്ന വൃദ്ധ ദമ്പതികളെ കഴുത്തുഞെരിച്ച് കൊന്ന് കൊള്ള നടത്തിയ കേസിലാണ് ഈ 12-കാരന്‍ അറസ്റ്റിലായത്. ഞെട്ടിക്കുന്ന വസ്തുത അതല്ല, നാടിനെ അമ്പരപ്പിച്ച ഈ സംഭവത്തിന്റെ സൂത്രധാരന്‍ തന്നെ ഈ പന്ത്രണ്ട് വയസ്സുകാരനാണ്! മൂന്ന് സുഹൃത്തുക്കളെ കൂട്ടി കൊള്ളയും കൊലകളും നടത്തിയതിനു പിന്നില്‍ ഈ 12-കാരനാണ് എന്നാണ് കുറ്റപത്രവും വ്യക്തമാക്കുന്നത്. 

യു പിയിലെ ഗാസിയാബാദിനടുത്തുള്ള ട്രോണിക്ക സിറ്റിയിലാണ് കൊലയും കൊള്ളയും നടന്നത്. ഇവിടെ ആക്രി വിറ്റു ജീവിക്കുന്ന ഇബ്രാഹിം ഖാന്‍ എന്ന അറുപതുകാരനും 55 വയസ്സുള്ള ഭാര്യ ഹാജറയുമാണ് കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ടത്. താമസിക്കുന്ന കോളനിയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയിലാണ് ഇവരെ കണ്ടെത്തിയത്. ഇബ്രാഹിം ഖാനെ കിടപ്പുമുറിയിലും ഭാര്യയെ അടുത്ത മുറിയിലെ കുളിമുറിയിലുമാണ് മരിച്ച നിലയില്‍ കണ്ടത്. 33 വയസ്സുള്ള മകളും മക്കളും ഇവരുടെ വീട്ടിലാണ് താമസിക്കുന്നത്. രാവിലെ ഉണര്‍ന്നു കഴിഞ്ഞപ്പോള്‍ ഇവരുടെ മകളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

ഇബ്രാഹിം ഖാന്റെ കൈയില്‍ ഇഷ്ടം പോലെ കാശുണ്ടെന്ന ധാരണയിലാണ് ഇവര്‍ കൊല നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്. കുറേ കാശുണ്ടാക്കി ആയുധങ്ങള്‍ വാങ്ങി കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു. ആക്രി പെറുക്കി നടന്ന 12 വയസ്സുകാരന് ഇബ്രാഹിം ഖാനെ നേരത്തെ തന്നെ പരിചയമുണ്ടായിരുന്നു. അദ്ദേഹത്തിന് കൈയില്‍ ധാരാളം കാശുണ്ടെന്ന് കരുതിയാണ് ഇവരെ വധിച്ച് പണം തട്ടാന്‍ ഈ 12-കാരന്‍ പദ്ധതിയിട്ടതെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. 

ഇതിനായി, മൂന്ന് സുഹൃത്തുക്കളെ സംഘടിപ്പിച്ച 12 വയസ്സുകാരന്‍ രാത്രി വൈകി ഇബ്രാഹിം ഖാന്റെ വീട്ടില്‍ എത്തുകയായിരുന്നു. ഇബ്രാഹിം ഖാന്റെ ഭാര്യ ഹാജറയാണ് വാതില്‍ തുടര്‍ന്നത്. ഇവരില്‍ രണ്ടു പേര്‍ അവരുടെ കഴുത്തു ഞെരിച്ച് കൊന്ന് കുളിമുറിയില്‍ മൃതദേഹം ഉപേക്ഷിച്ചു. ഇതൊന്നുമറിയാതെ കിടന്നുറങ്ങുകയായിരുന്ന ഇബ്രാഹിം ഖാനെ ഈ 12-വയസ്സുകാരനും സഹായിയും കൂടി മുഖത്ത് പുതപ്പ് കൊണ്ട് മൂടി കൊല ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. വീട്ടില്‍നിന്നും 54,000 രൂപയും മൊബൈല്‍ ഫോണും ഒരു വെള്ളിമാലയും ഇവര്‍ കവര്‍ന്നു കൊണ്ടുപോയി. സംഭവത്തിനു ശേഷം ബിഹാറിലെ സ്വന്തം വീടുകളിലേക്ക് രക്ഷപ്പെട്ട ഇവര്‍ അവിടെ കഴിയുകയായിരുന്നു. അവിടെ വെച്ചാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഫോണും പണവും പൊലീസ് കണ്ടെടുത്തു.