രണ്ടുവര്‍ഷം മുന്‍പ് തനിക്ക് പിടിപെട്ട കോവിഡ് വൈറസിനോട് ഇപ്പോഴും പൊരുതി കൊണ്ടിരിക്കുകയാണ് ഈ പെണ്‍കുട്ടി
തുടക്കത്തില്‍ ഉണ്ടായിരുന്ന ആശങ്കകളും ഭയവും ഒന്നും ഇപ്പോള്‍ നമുക്ക് കോവിഡിന്റെ കാര്യത്തില്‍ ഇല്ലെങ്കിലും ഈ വൈറസ് ബാധയെ അത്ര നിസ്സാരമായി തള്ളിക്കളഞ്ഞു കൂടാ. കാരണം ഇപ്പോഴും കോവിഡിന്റെ രോഗക്കെടുതികളില്‍ നിന്ന് മുക്തരാകാത്തവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്.
സംശയമുള്ളവര്‍ ഈസ്റ്റ് ലണ്ടനില്‍ നിന്നുള്ള ടില്ലി ആഡംസ് എന്ന 12 വയസ്സുകാരിയായ പെണ്‍കുട്ടിയെ പരിചയപ്പെടൂ. രണ്ടുവര്‍ഷം മുന്‍പ് തനിക്ക് പിടിപെട്ട കോവിഡ് വൈറസിനോട് ഇപ്പോഴും പൊരുതി കൊണ്ടിരിക്കുകയാണ് ഈ പെണ്‍കുട്ടി ഒരു ഫീഡിങ് ട്യൂബിന്റെ സഹായത്തോടെ ഭക്ഷണം നല്‍കിയാണ് ഇപ്പോള്‍ ടില്ലിയുടെ ജീവന്‍ പിടിച്ചു നിര്‍ത്തുന്നതെന്ന് ബ്രിട്ടീഷ് മാധ്യമമായ ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2020 ഡിസംബറില്‍ ആണ് ടില്ലിക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. അതുവരെ അതീവ ഊര്‍ജ്ജസ്വലയായിരുന്ന അവളെ പക്ഷേ പിന്നീട് ഇതുവരെയും കോവിഡ് ബാധയില്‍ നിന്നും മുക്ത ആക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തിലേറെയായി ഈ 12 കാരി കോവിഡിനോട് പൊരുതി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഒരു ഫീഡിങ് ട്യൂബിലൂടെ ഭക്ഷണം നല്‍കിയാണ് ജീവന്‍ പിടിച്ചു നിര്‍ത്തുന്നത്. ഇതിനിടയില്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ടില്ല മാസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞു.
ടില്ലിയുടെ ഭാരം 84 പൗണ്ടിലും താഴെയായി കുറയുകയും അവള്‍ സുഖം പ്രാപിക്കാതിരിക്കുകയും ചെയ്യാതെ വന്നതോടെ, ഒടുവില്‍ ഡോക്ടര്‍മാര്‍ അവള്‍ക്ക് പോസ്റ്റ് കോവിഡ് ഇന്‍ഫെക്ഷന്‍ സിന്‍ഡ്രോം - അഥവാ ദീര്‍ഘകാല കോവിഡ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
രോഗത്തിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ ഭക്ഷണം സ്വന്തമായി കഴിക്കാന്‍ സാധിക്കുമായിരുന്നെങ്കിലും ഇപ്പോള്‍ തീര്‍ത്തും സാധിക്കാത്ത അവസ്ഥയിലാണ് ടില്ലി. ഭക്ഷണം ചവച്ച് കഴിക്കുമ്പോള്‍ തീവ്രമായ വേദനയാണ് ഈ പെണ്‍കുട്ടി അനുഭവിക്കുന്നത്. കോവിഡുമായുള്ള പോരാട്ടത്തിന്റെ മൂന്നാം വര്‍ഷത്തിലാണ് ഇപ്പോള്‍ ടില്ലി. ഈ വര്‍ഷത്തിലെങ്കിലും ഇവള്‍ പൂര്‍ണ്ണമായി സുഖം പ്രാപിക്കുമോ എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഉറപ്പില്ല. പക്ഷേ എത്രയും വേഗം തനിക്ക് സുഖം പ്രാപിക്കണമെന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരണമെന്നാണ് ഈ 12 കാരിയുടെ ആഗ്രഹം.
ടില്ലിയെ ശുശ്രൂഷിക്കുന്ന അവളുടെ നാല്‍പ്പത്തിനാലുകാരിയായ അമ്മ പറയുന്നത്, 'ഓരോ തവണയും തങ്ങള്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്ക് മുന്‍പില്‍ എത്തുന്നത് പ്രതീക്ഷയോടെ ആണെന്നും പക്ഷേ തങ്ങള്‍ക്ക് നല്‍കാന്‍ ഒരു ഉത്തരം അവരുടെ കൈവശം ഇല്ല' എന്നുമാണ്.
ബിബിസിയുടെ കണക്കനുസരിച്ച് യുകെയിലുടനീളമുള്ള 100,000-ത്തിലധികം കുട്ടികള്‍ ഇത്തരത്തിലുള്ള വിവിധ പോസ്റ്റ് കോവിഡ് ഇന്‍ഫക്ഷന്‍ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നുണ്ട്.
