അഗ്നിബാധ നേരത്തെ അറിയാൻ 12 -കാരിയുടെ കണ്ടുപിടുത്തം, 20 ലക്ഷം രൂപ സമ്മാനവും...
സൊസൈറ്റി ഫോർ സയൻസിനോട് ഷാന്യ പറഞ്ഞത്, നേരത്തെ തീപിടുത്ത സാഹചര്യം തിരിച്ചറിയാൻ സാധിച്ചാൽ വർഷത്തിൽ ആയിരങ്ങളുടെ ജീവൻ നമുക്ക് രക്ഷിച്ചെടുക്കാൻ സാധിക്കും എന്നാണ്.

ലോകമെമ്പാടുമായി ഓരോ ദിവസവും തീപിടുത്തത്തിൽ അനേകങ്ങൾക്ക് ജീവൻ നഷ്ടപ്പെടുകയും പൊള്ളലേൽക്കുകയും ചെയ്യുന്നുണ്ട്. തീപിടുത്ത സമയത്ത് അപായസൂചന നൽകുന്ന സംവിധാനമുണ്ടെങ്കിലും അവ പരാജയപ്പെടുന്നതും അതിന്റെ വേഗതക്കുറവുമാണ് പല അപകടങ്ങളുടേയും തീവ്രത വർധിക്കുന്നത്. നേരത്തെ അപായസൂചന ലഭിക്കുകയാണെങ്കിൽ പലർക്കും ഈ അപകടങ്ങളിൽ നിന്നും രക്ഷപ്പെടാൻ സാധിച്ചേനെ. ഒരു 12 വയസ്സുകാരി ഇപ്പോൾ അങ്ങനെ നേരത്തെ അപായസൂചന നൽകുന്ന ഉപകരണം വികസിപ്പിച്ചെടുത്തിരിക്കയാണ്.
ഷാന്യ ഗിൽ എന്ന 12 -കാരിയാണ് വേഗത്തിൽ പ്രവർത്തിക്കുന്ന, എന്നാൽ ചിലവ് കുറഞ്ഞ ഒരു ഫയർ ഡിറ്റെക്ടിംഗ് സംവിധാനം കണ്ടെത്തിയിരിക്കുന്നത്. ഈ കണ്ടുപിടിത്തത്തിന് അവൾക്ക് തെർമോ ഫിഷർ സയന്റിഫിക് ASCEND അവാർഡ് (Thermo Fisher Scientific ASCEND Award) ഉം കിട്ടി. 20 ലക്ഷം രൂപയാണ് അവൾക്ക് സമ്മാനമായി ലഭിച്ചത്.
സമീപത്തെ ഒരു റെസ്റ്റോറന്റിൽ തീപിടുത്തമുണ്ടായതിന് പിന്നാലെയാണ് ഷാന്യ ഈ ഉപകരണം വികസിപ്പിക്കാൻ ആരംഭിച്ചത്. ഈ തീപിടുത്തത്തെ തുടർന്ന് ഷാന്യയുടെ അമ്മ ആകെ ഭയന്നുപോയി. അതോടെ അവർ വലിയ ജാഗ്രതയിലാണ് തീയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തിരുന്നത്. ഇതാണ് ഷാന്യയെ കൊണ്ട് പെട്ടെന്ന് ഇങ്ങനെ ഒരു ഉപകരണം വികസിപ്പിച്ചെടുക്കുന്നതിലേക്ക് നയിച്ചത്. അങ്ങനെ അവൾ തീപിടുത്ത സാഹചര്യമുണ്ടായാൽ അത് നേരത്തെ കണ്ടെത്താൻ സഹായിക്കുന്ന ഉപകരണം വികസിപ്പിച്ചെടുക്കുകയായിരുന്നു.
സൊസൈറ്റി ഫോർ സയൻസിനോട് ഷാന്യ പറഞ്ഞത്, നേരത്തെ തീപിടുത്ത സാഹചര്യം തിരിച്ചറിയാൻ സാധിച്ചാൽ വർഷത്തിൽ ആയിരങ്ങളുടെ ജീവൻ നമുക്ക് രക്ഷിച്ചെടുക്കാൻ സാധിക്കും എന്നാണ്. ഭാവിയിൽ വലിയ തരത്തിൽ തന്റെ ഉപകരണം വികസിപ്പിക്കണമെന്നും വിൽപ്പനയ്ക്കെത്തിക്കണം എന്നുമാണ് ഷാന്യയുടെ ആഗ്രഹം. അതുവഴി നിരവധിപ്പേരുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്നും അവൾ വിശ്വസിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: