1994 -ൽ അരിസോണയിൽ നിന്ന് ദുരൂഹമായി കാണാതായ 13 വയസ്സുകാരിയെ 32 വർഷങ്ങൾക്ക് ശേഷം ജീവനോടെ കണ്ടെത്തി. കുതിരാലയത്തിലേക്ക് പോയ പെൺകുട്ടി പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നില്ല. 

മുപ്പത്തിരണ്ട് വർഷങ്ങൾക്ക് മുൻപ് 13 -ാം വയസ്സിൽ ദുരൂഹസാഹചര്യത്തിൽ കാണാതായ പെൺകുട്ടിയെ ജീവനോടെ കണ്ടെത്തി. അരിസോണയിലെ സ്റ്റാർ വാലിയിൽ നിന്ന് 1994 -ൽ അപ്രത്യക്ഷയായ ക്രിസ്റ്റീന മേരി പ്ലാന്റേയെയാണ് ദശാബ്ദങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത്. നിഗൂഢതകൾ നിറഞ്ഞ ഈ കേസിൽ തികച്ചും അപ്രതീക്ഷിതമായ ഒരു വഴിത്തിരിവാണിത്. 1994 മെയ് മാസത്തിലാണ് നീലക്കണ്ണുകളും സ്വർണ്ണനിറത്തിലുള്ള മുടിയുമുള്ള ക്രിസ്റ്റീനയെ കാണാതാകുന്നത്. തന്റെ വീടിനടുത്തുള്ള കുതിരലായത്തിലേക്ക് പോയ അവൾ പിന്നീട് മടങ്ങിവന്നില്ല. വെളുത്ത ടി-ഷർട്ടും ബഹുവർണ്ണങ്ങളുള്ള ഷോർട്‌സും കറുത്ത ടെന്നീസ് ഷൂസുമാണ് അവൾ അവസാനമായി ധരിച്ചിരുന്നതെന്ന് അന്ന് പുറത്തിറക്കിയ കാണാതായവരുടെ പോസ്റ്ററുകളിൽ വ്യക്തമാക്കിയിരുന്നു. പെൺകുട്ടിയുടെ തിരോധാനം അന്ന് തന്നെ സംശയാസ്പദമായി കണക്കാക്കപ്പെട്ടിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

കാണാതായ കുട്ടികളുടെ ദേശീയ ഡാറ്റാബേസിൽ പേര് ഉൾപ്പെടുത്തിയും രാജ്യമെമ്പാടും ചിത്രങ്ങൾ പതിച്ച പോസ്റ്ററുകൾ വിതരണം ചെയ്തും അന്വേഷണം ഊർജ്ജിതമാക്കി. പതിറ്റാണ്ടുകളോളം ഈ കേസ് ക്ലോസ് ചെയ്യാതെ സജീവമായി തന്നെ നിലനിർത്താൻ ഗില കൗണ്ടി ഷെരീഫ് ഓഫീസ് ശ്രദ്ധിച്ചു. പുതിയ തെളിവുകൾ ലഭിക്കുമ്പോഴെല്ലാം അന്വേഷണ ഉദ്യോഗസ്ഥർ പഴയ രേഖകൾ പുനഃപരിശോധിക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

സാങ്കേതികവിദ്യയിലുണ്ടായ നൂതനമായ പുരോഗതിയാണ് വർഷങ്ങൾ പഴക്കമുള്ള ഈ കേസിൽ പുതിയ വഴിത്തിരിവുണ്ടാക്കാൻ സഹായിച്ചതെന്ന് അധികൃതർ വെളിപ്പെടുത്തി. അടുത്തിടെ ലഭിച്ച ഒരു നിർണ്ണായക വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രിസ്റ്റീനയെ കണ്ടെത്തിയത്. നിലവിൽ കണ്ടെത്തിയ വ്യക്തി ക്രിസ്റ്റീന തന്നെയാണെന്ന് അന്വേഷണ സംഘം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാൽ, ഇവരെ എവിടെ നിന്നാണ് കണ്ടെത്തിയതെന്നോ എങ്ങനെയാണ് കണ്ടെത്തിയതെന്നോ ഉള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല. ക്രിസ്റ്റീനയുടെ സ്വകാര്യതയും താൽപ്പര്യങ്ങളും മുൻനിർത്തി കേസിന്റെ കൂടുതൽ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 32 വർഷത്തിന് ശേഷം അവൾ തിരിച്ചെത്തിയത് അവളുടെ കുടുംബത്തിനും അന്വേഷണ സംഘത്തിനും ഒരുപോലെ അത്ഭുതമായിരിക്കുകയാണ്.