'എത്ര ദിവസം വേണമെങ്കിലും അവനെ വെന്റിലേറ്ററിൽ കിടത്താം. പക്ഷേ, അവൻ കണ്ണ് തുറക്കുകയോ, ശ്വസിക്കുകയോ, സംസാരിക്കുകയോ, എഴുന്നേറ്റ് നടക്കുകയോ ഒന്നും ചെയ്യില്ല എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്' എന്ന് ജേക്കബിന്റെ അച്ഛൻ ജസ്റ്റിൻ സ്റ്റീവൻസ് പറയുന്നു. 

ജീവന് തന്നെ ഭീഷണിയാവുന്ന ചലഞ്ചുകളാണ് ഇന്ന് ടിക്ടോക്ക് ലോകത്തുള്ള പല ചലഞ്ചുകളും. ഇത്തരം ചലഞ്ചുകൾ ഏറ്റെടുത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ടവരും ഉണ്ട്. അതിൽ തന്നെ ഏറെയും കുട്ടികൾക്കാണ് ഇത്തരം ചലഞ്ച് ഏറ്റെടുക്കുന്നതിലൂടെ ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്. ഇപ്പോൾ, യുഎസ്സിലെ ഒഹിയോയിൽ 13 വയസുള്ള ഒരു ആൺകുട്ടിക്കാണ് ടിക്ടോക് ചലഞ്ചിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്. 

'ബെനാഡ്രിൽ ചലഞ്ച്' എന്ന ഇപ്പോൾ ടിക്ടോക്കിൽ തരം​ഗമായിക്കൊണ്ടിരിക്കുന്ന ചലഞ്ചാണ് 13 -കാരൻ ഏറ്റെടുത്തത്. ഈ ചലഞ്ചിൽ വെല്ലുവിളിക്കുന്നത് ഭ്രമാത്മകതയുണ്ടാക്കാൻ വേണ്ടി ആന്റിഹിസ്റ്റാമൈൻ വലിയ അളവിൽ കഴിക്കാനാണ്. ചലഞ്ച് ഏറ്റെടുത്തതിന് പിന്നാലെ അവശനായ 13 -കാരൻ ജേക്കബ് സ്റ്റീവൻസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച വെന്റിലേറ്ററിൽ കിടന്ന ശേഷമാണ് ജേക്കബ് മരണത്തിന് കീഴടങ്ങിയത്. 

ചലഞ്ചിന്റെ ഭാ​ഗമായി 12 മുതൽ 14 ​ഗുളികകൾ വരെ ജേക്കബ് കഴിച്ചതായി അവന്റെ മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ഇനി ഒരു മാതാപിതാക്കൾക്കും സോഷ്യൽ മീഡിയയിലെ ഇത്തരം ട്രെൻഡുകളുടെ പേരിൽ സ്വന്തം മക്കളെ നഷ്ടപ്പെടരുത് എന്നാണ് അവർ പറയുന്നത്. 

കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം നടന്നത്. ​ഗുളികകൾ കഴിക്കുമ്പോൾ ജേക്കബിനോടൊപ്പം അവന്റെ സുഹൃത്തുക്കളും വീട്ടിലുണ്ടായിരുന്നു. അവന്റെ സുഹൃത്തുക്കൾ അവൻ ​ഗുളികകൾ കഴിക്കുന്നതിന്റെ വീഡിയോ പകർത്തി. കുട്ടിക്ക് വയ്യാതെയാവുന്നത് വീഡിയോയിൽ കാണാം. ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു. 

'എത്ര ദിവസം വേണമെങ്കിലും അവനെ വെന്റിലേറ്ററിൽ കിടത്താം. പക്ഷേ, അവൻ കണ്ണ് തുറക്കുകയോ, ശ്വസിക്കുകയോ, സംസാരിക്കുകയോ, എഴുന്നേറ്റ് നടക്കുകയോ ഒന്നും ചെയ്യില്ല എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്' എന്ന് ജേക്കബിന്റെ അച്ഛൻ ജസ്റ്റിൻ സ്റ്റീവൻസ് പറയുന്നു. 

കുട്ടിയുടെ മരണം വീട്ടുകാരെയാകെ തളർത്തിയിരിക്കുകയാണ്. ഇത്തരത്തിൽ ഒരു ദുരന്തം ഇനി ആവർത്തിക്കാതിരിക്കാൻ തങ്ങളെ കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് കുടുംബം പറയുന്നത്.