പരമ്പരാഗത താവോയിസ്റ്റ് ആചാരമായ 'ബിഗു' എന്ന ഉപവാസ രീതിയാണ് യുവതി പിൻതുടർന്നത്. ആഹാരം പൂർണ്ണമായും ഒഴിവാക്കുന്നതാണ് ഈ രീതി. ഭക്ഷണത്തിൽ നിന്നല്ല, മറിച്ച് പ്രകൃതിയിലെ ഊർജ്ജമായ 'ചി' വഴിയാണ് ശരീരം നിലനിൽക്കുന്നത് എന്ന വിശ്വാസമാണ് ഇതിന്റെ അടിസ്ഥാനം.
15 ദിവസം വെള്ളം മാത്രം കുടിച്ചുകൊണ്ട് കഠിനമായ ഡയറ്റ്. പിന്നാലെ 31 കാരിയായ യുവതിക്ക് ഗുരുതരമായ മസ്തിഷ്ക രോഗം ബാധിച്ചു. ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള യുവതിക്കാണ് ഈ അവസ്ഥ ഉണ്ടായതെന്ന് 'സൗത്ത് ചൈന മോണിംഗ് പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ ഇവർ ഏകദേശം 20 കിലോഗ്രാം ഭാരം കുറച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ നടക്കാൻ ബുദ്ധിമുട്ടും ഓർമ്മക്കുറവും അനുഭവപ്പെടുകയായിരുന്നു. ഈ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് യുവതി പൂർണ്ണമായും മുക്തയാകാൻ സാധ്യതയില്ലെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
പരമ്പരാഗത താവോയിസ്റ്റ് ആചാരമായ 'ബിഗു' എന്ന ഉപവാസ രീതിയാണ് യുവതി പിൻതുടർന്നത്. ആഹാരം പൂർണ്ണമായും ഒഴിവാക്കുന്നതാണ് ഈ രീതി. ഭക്ഷണത്തിൽ നിന്നല്ല, മറിച്ച് പ്രകൃതിയിലെ ഊർജ്ജമായ 'ചി' വഴിയാണ് ശരീരം നിലനിൽക്കുന്നത് എന്ന വിശ്വാസമാണ് ഇതിന്റെ അടിസ്ഥാനം. ഭക്ഷണക്രമത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിലൂടെ ഇവർക്ക് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വലിയ തോതിൽ ഭാരം കുറഞ്ഞിരുന്നു.
സെങ്ചോവ് യൂണിവേഴ്സിറ്റിയുടെ ഫസ്റ്റ് അഫിലിയേറ്റഡ് ഹോസ്പിറ്റലിലെ ഡോക്ടർമാർ യുവതിയെ പരിശോധിക്കുകയും 'വെർണിക് എൻസെഫലോപ്പതി' എന്ന ഗുരുതരമായ മസ്തിഷ്ക രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കടുത്ത പോഷകാഹാരക്കുറവ് മൂലം ഉണ്ടാകുന്ന ഈ രോഗം ആശയക്കുഴപ്പം, ബാലൻസ് നഷ്ടപ്പെടൽ, ഓർമ്മക്കുറവ് എന്നിവയ്ക്ക് കാരണമാകും. യുവതിയുടെ നടപ്പിലെ ശൈലി മാറിപ്പോയെന്നും ഇത് സുഖപ്പെടാൻ സാധ്യതയില്ലെന്നും ചെന്നു ഗ്വിഫാം എന്ന നരോളജിസ്റ്റ് മുന്നറിയിപ്പ് നൽകി.
വണ്ണം കുറയ്ക്കുന്നതിനും 'ഡിടോക്സിനും' വേണ്ടി പലരും ഇത്തരം രീതികൾ പിൻതുടരുന്നുണ്ടെങ്കിലും ഇവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും മരണത്തിലേക്കും നയിക്കാറുണ്ട് എന്നും വിദഗ്ദ്ധർ പറയുന്നു. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം രീതികൾക്ക് വൻ പ്രചാരമുണ്ടെങ്കിലും, കഠിനമായ ഡയറ്റും ഭക്ഷണനിയന്ത്രണങ്ങളും ജീവന് തന്നെ അപകടകരമാണെന്ന് ആരോഗ്യവിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.
