ദില്ലി ഐഐടിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടെ, തനിക്ക് പഠനകാലത്തുണ്ടായ ദുരനുഭവം പങ്കുവെച്ച് മുൻ വിദ്യാർത്ഥി. മുത്തച്ഛൻ മരിച്ചതിനെ തുടർന്ന് പരീക്ഷയെഴുതാൻ കഴിയാതിരുന്നപ്പോൾ, പ്രൊഫസർ മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് അപമാനിച്ചുവെന്ന് ശശാന്ത് ശേഖർ കുറിച്ചു. നിലവിലെ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് അദ്ദേഹം പൂർണ്ണ പിന്തുണയും പ്രഖ്യാപിച്ചു.
ഇന്ത്യയിലെ, പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ കേന്ദ്രസർക്കാറിന്‍റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെയും കോളേജുകളിലെ അധ്യാപകരുടെ തൻപോരിമയ്ക്കെതിരെയും വിദ്യാർത്ഥികൾ പ്രതിഷേധത്തിലാണ്. ഏറ്റവും ഒടുവിലായി ദില്ലി ഐഐടിയിലും പ്രതിഷേധ സമരങ്ങൾ ശക്തമായി. ദില്ലി ഐഐടിയിൽ രണ്ടാംവർഷ എം.എസ്.സി. ഫിസിക്സ് വിദ്യാർഥിയായിരുന്ന റിഷികേഷ് കുമാറിന്‍റെ മരണത്തെ തുടർന്ന് ക്യാമ്പസിൽ പ്രതിഷേധം ശക്തമായത്. ഈ അവസരത്തിൽ തനിക്ക് ഐഐടി പഠനകാലത്ത് അധ്യാപകരിൽ നിന്നുമുണ്ടായ ഒരു അനുഭവം മുൻ വിദ്യാർത്ഥി സമൂഹ മാധ്യമത്തിൽ കുറിച്ചപ്പോൾ അത് വൈറലായി.
മുത്തച്ഛന്‍റെ മരണം
2011 - ൽ ദില്ലി ഐഐടിയിൽ പഠിക്കവെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് മുൻ വിദ്യാർഥി ഷശാന്ത് ശേഖറാണ് എഴുതിയത്. തന്‍റെ മുത്തച്ഛന്‍റെ മരണത്തെ തുടർന്ന് പരീക്ഷ എഴുതാൻ കഴിയാതിരുന്നപ്പോൾ ഒരു പ്രൊഫസർ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ശേഖർ എഴുതുന്നു. ശേഖറിന്‍റെ മുത്തച്ഛൻ പാറ്റ്നയിൽ മരിച്ചതിനെ തുടർന്ന് അദ്ദേഹം ട്രെയിനിൽ നാട്ടിലേക്ക് പോവുകയും സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു. ഇതിനിടെ രണ്ട് മൈനർ പരീക്ഷകൾ എഴുതാൻ കഴിഞ്ഞില്ല. പിന്നീട് ക്യാമ്പസിൽ തിരിച്ചെത്തിയ ശേഷം റീ - എക്സാമിനായി അപേക്ഷിച്ചപ്പോൾ പ്രൊഫസറിൽ നിന്ന് അപമാനം നേരിടേണ്ടിവന്നെന്ന് അദ്ദേഹം എഴുതി.
'പോയി, മരണ സർട്ടിഫിക്കറ്റ് കൊണ്ടുവരൂ'
'നിങ്ങൾ ബിഹാറിൽ നിന്നുള്ളവർ സംവരണത്തിലൂടെയാണ് ഇവിടെ വരുന്നത്. സമ്മർദം താങ്ങാനാകാതെ പല കാരണങ്ങൾ പറയുന്നു. മുത്തച്ഛന്മാരെ പലതവണ കൊല്ലുന്നു. അദ്ദേഹത്തിന്‍റെ മരണ സർട്ടിഫിക്കറ്റ് കൊണ്ടുവരൂ. എന്നിട്ടാകാം പരീക്ഷ’ എന്ന തരത്തിലായിരുന്നു പ്രൊഫസറുടെ പ്രതികരണമെന്ന് ശേഖറിന്‍റെ ആരോപിച്ചു. അന്ന് തനിക്ക് വെറും 20 വയസ്സായിരുന്നുവെന്നും മുത്തച്ഛന്‍റെ മരണം സൃഷ്ടിച്ച ആഘാതത്തിൽ നിന്നും മുക്തമാകുന്നതിന് മുമ്പായിരുന്നു സംഭവമെന്നും അദ്ദേഹം എഴുതി. ഒടുവിൽ ഡീൻ ഓഫീസിൽ പരാതി എത്തിയതോടെ പ്രശ്നം പരിഹരിക്കപ്പെടുകയും പരീക്ഷ എഴുതാൻ അനുമതി ലഭിച്ചെന്നും ശേഖർ എഴുതി. തന്‍റെ ജീവിതത്തിന് ദില്ലി ഐഐടി നൽകിയ അവസരങ്ങളിൽ തനിക്ക് നന്ദിയുണ്ട്. എന്നാൽ അതിന്‍റെ പേരിൽ സ്ഥാപനത്തിലെ തെറ്റായ സമീപനങ്ങളെക്കുറിച്ച് മിണ്ടാതിരിക്കേണ്ടതില്ലെന്ന് എഴുതിയ ശേഖർ, ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് പൂർണ്ണ പിന്തുണയും നൽകി.
31 -കാരനായ എംഎസ്‌സി ഫിസിക്സ് വിദ്യാർഥി റിഷികേഷ് കുമാറിന്‍റെ മരണത്തിന് പിന്നാലെ ദില്ലി ഐഐടിയിൽ വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. വിദ്യാർഥി ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ദില്ലി ഐഐടി കൂടുതൽ ഉത്തരവാദിത്തവും സ്വതന്ത്ര അന്വേഷണവും വേണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.


