Asianet News MalayalamAsianet News Malayalam

സ്കൂൾ മടുത്തപ്പോൾ ബോട്ട് മോഷ്ടിച്ച് യാത്രക്കിറങ്ങി, ആരുമറിയാതെ ദ്വീപിൽ കഴിയേണ്ടി വന്നത് 15 മാസങ്ങൾ

രണ്ട് പേരുള്ള സംഘമായിട്ടാണ് അവർ ജോലികൾ ചെയ്തിരുന്നത്. അതിൽ അടുക്കള, തോട്ടം, ​ഗാർഡ് എന്നിങ്ങനെ കൃത്യമായ വിഭജനമുണ്ടായിരുന്നു. ഇടയ്ക്കെല്ലാം അവർ തമ്മിൽ വഴക്കുണ്ടായിരുന്നു. എന്നാൽ, അവർ തന്നെ അതെല്ലാം പരിഹരിച്ചു.

15 months in an island
Author
Australia, First Published May 13, 2020, 1:43 PM IST

ആസ്ട്രേലിയൻ ന​ഗരമായ ബ്രിസ്ബണിൽ കഴിഞ്ഞ ഒരാഴ്ചവരെ വലിയ ബഹളമേതുമില്ലാതെ സാധാരണ പോലെ കഴിയുകയായിരുന്നു സിയോൺ ഫിലിപ് ടോട്ടൗ. എന്നാൽ, ദ ​ഗാർ‍ഡിയനിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തോടെ അദ്ദേഹം ആ​ഗോളശ്രദ്ധ നേടുകയായിരുന്നു. ടോട്ടൗവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ അഞ്ചുപേരും ഒരു വർഷത്തിലേറെക്കാലം ആരുമറിയാതെ ഒരു ദ്വീപിലകപ്പെട്ടുപോയ കഥയായിരുന്നു അത്. അതും ആ ആറുപേരുടെയും കൗമാരകാലത്തായിരുന്നു സംഭവം നടന്നത്. ഇങ്ങനെയാണ് ആ കഥ. (ദ ​ഗാർഡിയനിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളോട് കടപ്പാട്).

1965 -ലാണ്, പസഫിക് രാജ്യമായ ടോം​ഗയിലെ തങ്ങളുടെ ബോർഡിം​ഗ് സ്കൂൾ ജീവിതം വിരസമായിത്തോന്നിയ ടോട്ടൗവും അഞ്ച് സുഹൃത്തുക്കളും ചേർന്ന് ഒരു മത്സ്യബന്ധന ബോട്ട് മോഷ്ടിച്ച് ഒരു സാഹസിക യാത്രക്കിറങ്ങി. പ്രധാനകാരണം അവിടത്തെ ഭക്ഷണം ഇഷ്ടമില്ല എന്നതായിരുന്നു. ആറുപേരിൽ ഏറ്റവും മൂത്തയാൾക്ക് 16 വയസ്സും ഇളയ ആൾക്ക് 13 വയസ്സുമായിരുന്നു പ്രായം. 500 മൈൽ അകലെയുള്ള ഫിജിയിലേക്ക് രക്ഷപ്പെടണമെന്നായിരുന്നു ഇവരുടെ ആ​ഗ്രഹം. എന്നാൽ, ഒരാൾക്കും ബോട്ടില്ലതാനും സ്വന്തമായി. അങ്ങനെയാണ് തങ്ങൾക്കിഷ്ടമില്ലാത്ത ഒരു മത്സ്യത്തൊഴിലാളിയുടെ ബോട്ട് മോഷ്ടിക്കാൻ തീരുമാനിക്കുന്നത്. ഒപ്പം രണ്ട് ചാക്ക് വാഴപ്പഴം, കുറച്ച് തേങ്ങ, ഒരു ​ഗ്യാസ് ബർണർ എന്നിവയും കരുതി. അങ്ങനെ യാത്ര ആരംഭിച്ചു. പക്ഷേ, ഒട്ടും പ്രതീക്ഷിക്കാത്തതാണ് സഭവിച്ചത്. ഒരു കൊടുങ്കാറ്റിൽ അവരുടെ ബോട്ട് നശിപ്പിക്കപ്പെട്ടു. എട്ട് ദിവസം അവർ കടലിലൂടെ ഒഴുകി നടന്നു. എട്ടാം ദിനം, അവർ ഒരു ദ്വീപിലെത്തിച്ചേർന്നു. ജനവാസമില്ലാത്ത, ഏതെന്നും, എന്തെന്നും അറിയാത്ത ഒരു ദ്വീപിൽ... 

വെള്ളമോ ഭക്ഷണമോ ഇല്ലാത്ത എട്ടുദിവസം... അവരഞ്ചുപേരും അവശരായിരുന്നു. ടോട്ടൗവാണ് ദൂരെ ദ്വീപ് കണ്ടത്. ʻAta എന്ന് പേരായ ദ്വീപായിരുന്നു അത്. ടോട്ടൗ ദ്വീപിലേക്ക് നീന്തി. നീന്താൻ പോലും പറ്റാത്തത്രയും അവശനായിരുന്നു അപ്പോൾ ടോട്ടൗ. കരയിലൂടെ ഇഴഞ്ഞിഴ‍ഞ്ഞാണ് അവർ ദ്വീപിലെത്തിയത്. ഓരോ ഉണങ്ങിയ പുല്ല് കാണുമ്പോഴും അതിൽ കിടക്കും, പിന്നെയും ഇഴഞ്ഞ് നീങ്ങും. ഒടുവിൽ ദ്വീപിലെത്തിയപ്പോൾ ഉള്ള ജീവനെടുത്ത് മറ്റുള്ളവരോടുകൂടി അങ്ങോട്ടെത്താൻ ടോട്ടൗ പറ‍ഞ്ഞു. അങ്ങനെ അവരെല്ലാവരും ദ്വീപിലെത്തിച്ചേർന്നു. ജീവനോടെ ഏതെങ്കിലും ഒരു കരയണഞ്ഞതിൽ അവർ ദൈവത്തോട് നന്ദി പറഞ്ഞു. എന്നാലും കുടിക്കാൻ പോലും അവർക്കൊന്നും കിട്ടിയിരുന്നില്ല. ഒടുവിൽ, അവർ കടൽപക്ഷികളെ വേട്ടയാടി, അതിന്റെ രക്തം കുടിച്ചു. പിന്നെ, എല്ലാവരും തളർന്നു വീണു. പിറ്റേന്ന് സൂര്യനുദിച്ച് വേയിലേൽക്കുംവരെ അവരാ ഉറക്കം തുടർന്നു. 

15 months in an island

ടോട്ടൌ

ജീവൻ നിലനിർത്തണം അവിടെനിന്നും രക്ഷപ്പെടാൻ ഒരു വഴിയണയും വരെ കാത്തിരിക്കണം. ഒടുവിൽ, അതുവരെ ജീവിക്കാനുള്ളത് ആ ആറ് ആൺകുട്ടികളും ചേർന്ന് പ്ലാൻ ചെയ്ത് തുടങ്ങി. അവരൊരു ചെറിയ സമൂഹം പോലെ ജീവിച്ചു തുടങ്ങി. തോട്ടമുണ്ടാക്കി അതിൽ ഭക്ഷിക്കാനുള്ളത് നട്ടുണ്ടാക്കി. മഴവെള്ളം ശേഖരിക്കാനുള്ള സംവിധാനമുണ്ടാക്കി, ഉള്ള സാധനങ്ങളെല്ലാം വെച്ച് ഒരു ജിംനേഷ്യം ഉണ്ടാക്കി, ബാഡ്മിന്റൺ കോർട്ടുണ്ടാക്കി എല്ലാം കൈകളുപയോ​​ഗിച്ചാണ് ഉണ്ടാക്കിയിരുന്നത്. 

രണ്ട് പേരുള്ള സംഘമായിട്ടാണ് അവർ ജോലികൾ ചെയ്തിരുന്നത്. അതിൽ അടുക്കള, തോട്ടം, ​ഗാർഡ് എന്നിങ്ങനെ കൃത്യമായ വിഭജനമുണ്ടായിരുന്നു. ഇടയ്ക്കെല്ലാം അവർ തമ്മിൽ വഴക്കുണ്ടായിരുന്നു. എന്നാൽ, അവർ തന്നെ അതെല്ലാം പരിഹരിച്ചു. അവരുടെ എല്ലാ ദിവസവും ആരംഭിച്ചിരുന്നത് പ്രാർത്ഥനയോടും പാട്ടോടും കൂടിയായിരുന്നു. അവസാനിക്കുന്നതും അങ്ങനെ തന്നെ. ഒരിക്കൽ കൂട്ടത്തിലൊരാൾ വീണ് കാല് പൊട്ടി.. അത് അവർക്ക് വല്ലാത്ത അവസ്ഥയായിരുന്നു. കൂട്ടുകാർ തന്നെ അവനെ പരിചരിച്ചു. ദ്വീപിൽനിന്നും രക്ഷപ്പെടാൻ ബോട്ടുണ്ടാക്കാനും അവർ ശ്രമിച്ചിരുന്നു. പക്ഷേ, നടന്നിരുന്നില്ല. മീൻ, തേങ്ങ, ചില പക്ഷികളുടെ മുട്ടയും ഇറച്ചിയും ഇവയൊക്കെ കഴിച്ചാണ് അവർ നിലനിന്നിരുന്നത്. 

അങ്ങനെ 15 മാസം കഴിഞ്ഞപ്പോഴാണ് സാഹസികയാത്ര നടത്താനിഷ്ടപ്പെട്ട പീറ്റർ വാർണർ അതുവഴി വന്നത്. ജനവാസമില്ലാത്ത ദ്വീപിൽ അസാധാരണത തോന്നിയിട്ടാണ് അദ്ദേഹം ശ്രദ്ധിച്ചത്. കൂട്ടത്തിൽ ഒരു കുട്ടി അദ്ദേഹത്തെ കണ്ടു. സഹായത്തിനായി വിളിച്ചുകൂവുകയായിരുന്നു. അവൻ ന​ഗ്നനായിരുന്നു. മുടി ഒരുപാടൊരുപാട് നീണ്ടിട്ടുണ്ടായിരുന്നു. അവനുപിന്നാലെ മറ്റുള്ളവരും എത്തി. കാര്യങ്ങൾ വാർണറെ അറിയിച്ചു. വാർണറാകെ ഞെട്ടിപ്പോയി അവരുടെ കഥ കേട്ട്. എന്നാൽ, അവർ പറയുന്നത് സത്യമാണോ എന്നറിയാനായി വാർണർ അവരോട് ചില ചോദ്യങ്ങളെല്ലാം ചോദിച്ചു. അവർ കൃത്യമായ മറുപടി നൽകി. ഒടുവിൽ 15 മാസത്തിനുശേഷം വാർണറുടെ സഹായത്താൽ അവർ നാട്ടിൽ തിരികെയെത്തി. അപ്പോഴേക്കും അവരുടെ വീട്ടുകാർ അവരുടെ മരണാനന്തര ചടങ്ങുകൾ വരെ നടത്തിയിരുന്നു. 

ഈ അനുഭവം രസകരമല്ലേ എന്ന് ചോദിച്ചാൽ ടോട്ടൗവിന്റെ ഉത്തരം ഇതാണ്, നമ്മൾ പെട്ടിരുന്നത് ഏത് ദ്വീപിലാണെന്നോ, നമ്മുടെ വീട്ടുകാർ ഏതവസ്ഥയിലാണ് എന്നോ ഒന്നുമറിയാത്ത ജീവിതം അത്ര രസകരമല്ല എന്ന്. ഏതായാലും തിരികെയെത്തിയ ആറ് പേരും നേരെ പോയത് ജയിലിലേക്കാണ്. കാരണം മോഷ്ടിച്ച ബോട്ടിന്റെ ഉടമ കേസ് കൊടുത്തിരുന്നു. ഒടുവിൽ വാർണർ തന്നെയാണ് അവരെ ജയിലിൽ നിന്നിറക്കിയത്. 

ഇവരുടെ അനുഭവത്തെ അസ്പദമാക്കി പുസ്തകവും കുറിപ്പുകളും ഇറങ്ങിയിട്ടുണ്ട്. വാർണർ തന്നെ ഇവരുടെ അനുഭവങ്ങളെഴുതിയിട്ടുണ്ട്. ഏതായാലും ഈ ലോക്ക് ഡൗൺ കാലത്ത് അറിയാൻ പറ്റിയ ഏറ്റവും മികച്ച അനുഭവം തന്നെയാണ്, ആറ് ആൺകുട്ടികളുടെ ആരുമറിയാതെയുള്ള ദ്വീപിലെ അങ്ങേയറ്റം കഠിനമായ ജീവിതം. 

(ആദ്യചിത്രം പ്രതീകാത്മകം)

Follow Us:
Download App:
  • android
  • ios