5’6 ഓ ഇതിലും താഴെയോ ആയിരിക്കണം അവൾക്കുണ്ടാവേണ്ടുന്ന ഉയരം എന്ന് ഈ നിയമങ്ങളിൽ പറയുന്നു. അതുപോലെ ടാറ്റൂ ചെയ്തിട്ടുണ്ടാകരുത്. ഇയാളുടെ ആ​ഗ്രഹങ്ങൾക്കനുസരിച്ച് ഹെയർ കളറും നെയിൽ ഷേഡും മാറ്റാൻ തയ്യാറാകുന്ന ആളാവണം.

വളരെ വെറൈറ്റി ആയിട്ടുള്ള പോസ്റ്റുകൾ കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ് റെഡ്ഡിറ്റ്. ഇപ്പോൾ അതിൽ വൈറലാവുന്നത് ഒരാൾ തന്റെ കാമുകി എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ച് ഇട്ടിരിക്കുന്ന പോസ്റ്റാണ്. നമ്മുടെ കാമുകന്മാരെ കുറിച്ചും കാമുകിമാരെ കുറിച്ചും ഒക്കെ നമുക്ക് ചില സങ്കൽപങ്ങളൊക്കെ ഉണ്ട്. അവർ എങ്ങനെ പെരുമാറണം എന്നതിനെ കുറിച്ചും. എന്നാൽ, എല്ലാ സങ്കൽപങ്ങൾക്കും ആ​ഗ്രഹങ്ങൾക്കും ഒരു പരിധി ഇല്ലേ? ഇനി റെഡ്ഡിറ്റിലെ ഈ പോസ്റ്റിൽ തന്റെ ഭാവി കാമുകി എങ്ങനെ ആയിരിക്കണം എന്നാണ് പറയുന്നത് എന്നോ? 

‌15 നിയമങ്ങളാണ് ഇയാൾ ഭാവി കാമുകിയുടെ കാര്യത്തിൽ പാലിക്കപ്പെടാൻ ആ​ഗ്രഹിക്കുന്നത്. അത് അനുസരിക്കാൻ തയ്യാറാവുന്നവരാവണമത്രെ ഇയാളുടെ കാമുകി. എന്നാൽ, തികച്ചും വിചിത്രവും സ്ത്രീവിരുദ്ധവും മാനുഷ്യത്വവിരുദ്ധവുമായ ഇയാളുടെ ഈ നിയമങ്ങൾ കേട്ട് ആകെ അമ്പരന്നിരിക്കുകയാണ് ആളുകൾ. മാത്രവുമല്ല, ആളുകൾ വളരെ രൂക്ഷമായിട്ടാണ് ഇയാളെ വിമർശിച്ചിരിക്കുന്നത്. ChoosingBeggars എന്ന ​ഗ്രൂപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കാമുകിക്കുള്ള നിയമങ്ങൾ എന്നാണ് കാപ്ഷൻ. 

5’6 ഓ ഇതിലും താഴെയോ ആയിരിക്കണം അവൾക്കുണ്ടാവേണ്ടുന്ന ഉയരം എന്ന് ഈ നിയമങ്ങളിൽ പറയുന്നു. അതുപോലെ ടാറ്റൂ ചെയ്തിട്ടുണ്ടാകരുത്. ഇയാളുടെ ആ​ഗ്രഹങ്ങൾക്കനുസരിച്ച് ഹെയർ കളറും നെയിൽ ഷേഡും മാറ്റാൻ തയ്യാറാകുന്ന ആളാവണം. അമിതമായ ആത്മവിശ്വാസം ഉണ്ടാകരുത്, പാചകം ചെയ്യാൻ തയ്യാറായിരിക്കണം, പുരുഷന്മാരായ സുഹൃത്തുക്കളുണ്ടാവരുത്, വിയോജിപ്പുകളുണ്ടാകുമ്പോൾ തിരികെ സംസാരിക്കരുത്, അവളുടെ അച്ഛനുമായി നല്ല ബന്ധം സൂക്ഷിക്കുന്ന ആളാവണം, പഠനത്തിലോ ജോലിയിലോ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആളാവരുത്, സി​ഗരറ്റ് വലിക്കരുത്, ലെ​ഗ്​ഗിങ്സ് ധരിക്കരുത്, അഞ്ച് ആൺമക്കളെ പ്രസവിക്കണം ഇങ്ങനെയെല്ലാം പോകുന്നു നിയമങ്ങൾ. 

ഏതായാലും കടുത്ത സ്ത്രീവിരുദ്ധത നിറഞ്ഞ ഈ നിയമങ്ങൾ ആളുകളെ രോഷം കൊള്ളിച്ചു. ഇയാൾ ഏത് കാലത്താണ് ജീവിക്കുന്നത് എന്ന് ചോദിച്ചവരുണ്ട്. തെല്ലും ബോധമില്ലാത്ത ആൾ തന്നെ എന്നും പലരും പറഞ്ഞു.