Asianet News MalayalamAsianet News Malayalam

157 കേസുകളിലായി 12 വര്‍ഷം ജയിലില്‍, ഒടുവില്‍ തെളിവുകളില്ല എന്നും പറഞ്ഞ് മോചനം; ഇത് നിര്‍മ്മലാക്കയുടെ ജീവിതം

ഛത്തീസ്‌ഗഢിന്‍റെ തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 2007 -ലാണ് നിര്‍മ്മലാക്കയും ഭര്‍ത്താവ് ചന്ദ്രശേഖര്‍ റെഡ്ഡിയും അറസ്റ്റിലാകുന്നത്. പിന്നീട്, തുടരെ തുടരെ കേസുകള്‍ ചാര്‍ത്തപ്പെട്ടു. ആരോപിക്കപ്പെട്ടത് നക്സല്‍ ബന്ധം, പ്രവര്‍ത്തനം. ഛത്തീസ്ഗഢിലെ വിവിധ കോടതികളില്‍ വിചാരണ. കേസുകളുടെ എണ്ണം 157 -ലെത്തി. 
 

157 cases 12 years in jail life of nirmalakka
Author
Telangana, First Published Apr 8, 2019, 12:24 PM IST

157 കേസുകളിലായി 12 വര്‍ഷം ജയിലില്‍.. അതായത്, 4380 ദിവസം.. അവസാനം, തെളിവുകളില്ല എന്ന് പറഞ്ഞ് അവരെ മോചിപ്പിച്ചു. ഇത് തെലങ്കാന സ്വദേശി നിര്‍മ്മലാക്കയുടെ ജീവിതമാണ്. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം ജയിലില്‍ നിന്നിറങ്ങിയ നിര്‍മ്മലാക്കയോട് 'അവസാനം മോചിപ്പിക്കപ്പെട്ടപ്പോള്‍' എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് ഒരേയൊരു മറുപടി, 'എനിക്ക് ഒന്നും പറയാനില്ല..' 

ഛത്തീസ്‌ഗഢിന്‍റെ തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 2007 -ലാണ് നിര്‍മ്മലാക്കയും ഭര്‍ത്താവ് ചന്ദ്രശേഖര്‍ റെഡ്ഡിയും അറസ്റ്റിലാകുന്നത്. പിന്നീട്, തുടരെ തുടരെ കേസുകള്‍ ചാര്‍ത്തപ്പെട്ടു. ആരോപിക്കപ്പെട്ടത് നക്സല്‍ ബന്ധം, പ്രവര്‍ത്തനം. ഛത്തീസ്ഗഢിലെ വിവിധ കോടതികളില്‍ വിചാരണ. കേസുകളുടെ എണ്ണം 157 -ലെത്തി. 

'ദണ്ഡകാരണ്യ  ക്രാന്തികരി ആദിവാസി മഹിളാ സംഗതന്‍' എന്ന നിരോധിത സംഘടനയുടെ സെക്രട്ടറി എന്നാണ് നിര്‍മ്മലാക്ക അറിയപ്പെട്ടിരുന്നത്. അറസ്റ്റിലേക്ക് നയിച്ചതും ഇതാണ്. പക്ഷെ, ചുമത്തപ്പെട്ട ഒരു കേസിലും തെളിവ് ഹാജരാക്കാനായില്ല എന്നതിനാല്‍ ഓരോ കേസുകളില്‍ നിന്നായി അവര്‍ മോചിപ്പിക്കപ്പെട്ടു. അവസാനം 12 വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ണമായും അവര്‍ സ്വതന്ത്രയായി. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കേസില്‍ പോലും തെളിവുകളില്ലാത്തതിനാല്‍ നിര്‍മ്മലാക്കയ്ക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട ഭര്‍ത്താവ് ചന്ദ്രശേഖര്‍ റെഡ്ഡിയും മോചിതനായിരുന്നു.

12 വര്‍ഷത്തെ ദുരിതം നിറഞ്ഞ ജയില്‍ ജീവിത്തിനു ശേഷം പുറത്തിറങ്ങുമ്പോള്‍ ഇനിയെന്ത് എന്ന ചോദ്യത്തിന് കണ്ണീരോടെ നിര്‍മ്മലാക്കയുടെ മറുപടി, 'ഇനിയെങ്കിലും എന്‍റെ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കണം...' മാത്രവുമല്ല സ്റ്റേറ്റിനെതിരെ ഇത്രയും വര്‍ഷം ജയിലിലടച്ചതിന് കേസിന് പോകാനില്ല എന്നും നിര്‍മ്മലാക്ക വ്യക്തമാക്കുന്നു. ഇപ്പോഴും നിരവധി സ്ത്രീകള്‍ തെളിയിക്കപ്പെടാത്ത കേസിന്‍റെ ഭാഗമായി ജയിലുകളില്‍ കഴിയുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios