തായ്‌ലൻഡ് - മലേഷ്യ അതിർത്തിയിലുള്ള ഒരു കൊച്ചു പട്ടണമാണ് താക് ബായ്. ഇവിടെ ഒരു പൊലീസ് സ്റ്റേഷനുണ്ട്. ഏതൊരു രാജ്യത്തെയും ചെറുപട്ടണങ്ങളിൽ കാണുന്ന സാധാരണ പൊലീസ് സ്റ്റേഷൻ പോലൊരു സ്റ്റേഷനാണ് ഇതും. പുതുതായി വെള്ളവലിച്ച സ്റ്റേഷന്റെ ചുവരുകൾ കണ്ടാൽ രക്തരൂഷിതമായ ഒരു ചരിത്രം അവിടെ ഉറങ്ങുന്നുണ്ടെന്ന് ആർക്കും സംശയം തോന്നില്ല. ആ സ്റ്റേഷന്റെ പരിസരത്ത് തുടങ്ങിയ ഒരു പ്രതിഷേധം, അതിനെ അടിച്ചമർത്താൻ പൊലീസും പട്ടാളവും നടത്തിയ ക്രൂരമായ അതിക്രമങ്ങൾ, അതിൽ പൊലിഞ്ഞുപോയ 85 മനുഷ്യ ജീവനുകൾ. ഇന്ന് താക് ബായ് കൂട്ടക്കൊലയുടെ പതിനഞ്ചാം വാർഷികമാണ്. പൊലീസ് സ്റ്റേഷനെ ചാരിയുളള മറ്റൊരു കെട്ടിടത്തിന്റെ പുറംചുവരിലുള്ള നാലഞ്ച് വെടികൊണ്ട പാടുകൾ മാത്രമാണ് ഇന്ന് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആ നരഹത്യയെ ഓർമിപ്പിച്ചുകൊണ്ട് അവിടെ അവശേഷിക്കുന്നത്. 

2004 ഒക്ടോബർ 25... താക് ബായ് സ്വദേശികൾ ചങ്കിടിപ്പോടെ മാത്രം ഓർക്കുന്ന ദിവസം. അന്നാണ്, രണ്ടായിരത്തോളം വരുന്ന പ്രദേശവാസികളായ മുസ്ലിങ്ങൾ, സ്വന്തം ഗ്രാമത്തിലെ ആറുപേരെ പൊലീസ് വിഘടനവാദികളെന്നാരോപിച്ച് ലോക്കപ്പിലടച്ചതിൽ പ്രതിഷേധം രേഖപ്പെടുത്താനായി സ്റ്റേഷൻ പരിസരത്ത് പ്രതിഷേധവുമായി ഒത്തുകൂടിയത്. തായ്‌ലൻഡ് ഒരു ബുദ്ധിസ്റ്റ് ഭൂരിപക്ഷ രാജ്യമാണ്. തൊണ്ണൂറുശതമാനം വരുന്ന അവിടത്തെ ബുദ്ധിസ്റ്റുകൾക്കും ന്യൂനപക്ഷമായ മുസ്ലിങ്ങൾക്കും ഇടയിൽ ഇടക്കൊക്കെ ചില സംഘർഷങ്ങൾ നടക്കാറുണ്ട്. ഭരണസംവിധാനത്തിന്റെ ഉന്നതസ്ഥാനങ്ങളിൽ ഏറെയും ബുദ്ധിസ്റ്റുകളായിരുന്നു. നിരപരാധികളായ ഗ്രാമവാസികളെ പിടിച്ചുകൊണ്ടുപോയ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് അന്ന് ആ ഗ്രാമം മുഴുവൻ പ്രതിഷേധിക്കാനിറങ്ങിയിരുന്നു. തികച്ചും സമാധാനപരമായ ഒരു ജനകീയ പ്രക്ഷോഭമായിരുന്നു അത്. ഏതൊരു ജനാധിപത്യരാഷ്ട്രത്തിലും നടക്കുന്ന പോലുള്ള ഒരു സാധാരണ പ്രതിഷേധധർണ. നിരായുധരായ ഗ്രാമീണർ പൊലീസ് സ്റ്റേഷൻ വളഞ്ഞ്, ചുറ്റുമിരുന്ന് മുദ്രാവാക്യങ്ങൾ വിളിക്കാൻ തുടങ്ങി. തങ്ങളുടെ സ്നേഹിതരുടെ മോചനത്തിനായി നിർബന്ധം പിടിച്ചു അവർ. പൊലീസ് പിരിഞ്ഞുപോകാനാവശ്യപ്പെട്ടപ്പോൾ, അവർ തങ്ങളുടെ സുഹൃത്തുക്കളെയും കൊണ്ടേ പോവുകയുള്ളൂ എന്ന തീരുമാനം അറിയിച്ചുകൊണ്ട് സമരം തുടർന്നു. 

സമരം തുടങ്ങി നാലഞ്ച് മണിക്കൂർ നേരം പിന്നിട്ടതിനിടയ്ക്ക് എപ്പോഴോ സമരക്കാരിൽ ചിലർ സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചു എന്നാരോപിച്ചുകൊണ്ട്  പൊലീസ് സമരക്കാർക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. ടിയർ ഗ്യാസ് ഷെല്ലുകളും വിക്ഷേപിക്കപ്പെട്ടു. ജനം അതിനു മറുപടി നൽകിയത് കല്ലേറ് നടത്തിക്കൊണ്ടായിരുന്നു. അതോടെ പൊലീസ് ജനക്കൂട്ടത്തിനു നേരെ നിർദാക്ഷിണ്യം വെടിവെച്ചു. ഏഴു സമരക്കാർ വെടിയേറ്റു മരിച്ചു. ഇത്രയും ചിലപ്പോൾ പല രാജ്യങ്ങളിലും നടന്നിട്ടുണ്ടാവും. എന്നാൽ താക് ബായിൽ അത് ഭീതിദമായ ഒരു നരസംഹാരത്തിന്റെ തുടക്കം മാത്രമായിരുന്നു.  

പൊലീസും പട്ടാളവും ചേർന്ന് സമരക്കാരെ പിടികൂടാൻ തുടങ്ങി. പിടികൂടിയവരെ ഒന്നൊന്നായി അവർ അരക്കു മുകളിൽ നഗ്നരാക്കി, കൈകൾ പിന്നിലേക്ക് വലിച്ചുകെട്ടി നിലത്ത് കിടത്തി. അന്ന് സംഭവസ്ഥലത്ത് സന്നിഹിതരായിരുന്ന മാധ്യമങ്ങൾ റെക്കോർഡുചെയ്ത ഫൂട്ടേജിൽ പട്ടാളം നിലത്തു ബന്ധനസ്ഥരായി കിടക്കുന്ന സമരക്കാരെ ചവിട്ടുന്നതും ബാറ്റൺ കൊണ്ട് തല്ലുന്നതും ഒക്കെ വ്യക്തമാണ്. അങ്ങനെ കിടന്നേടത്തു നിന്ന് സമരക്കാരെ പൊലീസ് തല്ലിയും ചവിട്ടിയും ടാറിട്ട റോഡിൽ കൂടി ഇഴഞ്ഞും ഉരുണ്ടും പട്ടാള ട്രക്കുകൾ വരെ പോകാൻ നിർബന്ധിതരാക്കി. 

അങ്ങനെ ഭയപ്പാടോടെ, കൈകൾ ബന്ധിതരായി, അരക്കുമേൽ നഗ്നരായി വെറും നിലത്ത് കിടന്ന ആ സമരക്കാരെ പട്ടാളം തൂക്കിയെടുത്ത് തങ്ങളുടെ ട്രക്കുകളിൽ കിടത്തിത്തുടങ്ങി. സംഭവസ്ഥലത്തുനിന്ന് നൂറു കിലോമീറ്ററോളം ദൂരെയുള്ള ഒരു പട്ടാള ക്യാമ്പിലേക്ക് ഇവരെ എത്തിക്കുക എന്നതായിരുന്നു അടുത്ത പ്ലാൻ.  ട്രക്കുകളുടെ എണ്ണം കുറവായിരുന്നതിനാൽ ആളുകളെ ആദ്യം ഒരട്ടി കിടത്തി. അടുത്തതായി അവർക്കുമുകളിൽ  മറ്റൊരട്ടി, അതിനും മുകളിൽ മറ്റൊന്ന്. അങ്ങനെ നാല് അട്ടികളായി ആളുകളെ ആ പട്ടാള ട്രക്കുകളിൽ കുത്തിനിറച്ചു അവർ. ഇടക്ക് പരാതിപ്പെട്ടവരെ നിർദയം തോക്കിന്റെ പാത്തികൊണ്ടും ബാറ്റൺ കൊണ്ടുമൊക്കെ മർദ്ദിച്ചുകൊണ്ടിരുന്നു യാത്രക്കിടെ. ഒടുവിൽ ആ ട്രക്കുകളുടെ കോൺവോയ് ലക്ഷ്യസ്ഥാനത്തെത്തിയപ്പോഴേക്കും ജീവനോടെ പിടികൂടിയ പ്രതിഷേധക്കാരിൽ 78  പേർ ശ്വാസം മുട്ടിയും, ആന്തരികാവയവങ്ങൾ തകർന്നും മരിച്ചുപോയി. ഈ സംഭവം പ്രദേശത്തെ മുസ്ലിങ്ങളിൽ ഏറെ ആഴത്തിലുള്ള മുറിവുകളുണ്ടാക്കി. 

ഈ സംഭവം മുസ്ലിങ്ങളും ബുദ്ധിസ്റ്റുകളും തമ്മിലുള്ള വേർതിരിവ് കൂടുതൽ ശക്തമാക്കി. ഈ സംഭവം നടന്ന് ഒരു മാസത്തിനകം തന്നെ പ്രതികാരനടപടികളുണ്ടായി. ജരാൻ തോറെ എന്ന ബുദ്ധിസ്റ്റ് പൊലീസ് ചീഫ് വധിക്കപ്പെട്ടു. മൃതദേഹത്തിനരികിൽ നിന്ന് 'താക് ബായ് കൂട്ടക്കൊലക്കുള്ള പ്രതികാരം' എന്നെഴുതിയ ഒരു കടലാസുകഷ്ണം കിട്ടി. അതിനുശേഷവും ഒറ്റപ്പെട്ട നിരവധി സംഭവങ്ങളിൽ ബുദ്ധിസ്റ്റ് പൊലീസ് അധികാരികളും ഗ്രാമത്തലവന്മാരും മറ്റും വധിക്കപ്പെട്ടു. അതും ഈ സംഭവത്തിന്റെ കണക്കിൽ തന്നെ ചേർക്കപ്പെട്ടു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ടക്സിൻ സിനാവത്ര സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു എങ്കിലും, കൊലപാതകങ്ങളുടെ പേരിൽ ഒരു പട്ടാളക്കാരൻ പോലും അന്വേഷണം നേരിട്ടില്ല. ശിക്ഷിക്കപ്പെട്ടുമില്ല. പല അന്താരാഷ്ട്ര മാധ്യമങ്ങളും ഈ സംഭവത്തിൽ പട്ടാളത്തിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നു എന്ന് റിപ്പോർട്ട് ചെയ്തു. ആംനെസ്റ്റി ഇന്റർനാഷണലും സംഭവത്തിൽ ഉൾപ്പെട്ട പട്ടാള ഉദ്യോഗസ്ഥരെ കോർട്ട് മാർഷ്യൽ ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് രംഗത്തുവന്നിരുന്നു. മരിച്ചവരുടെ ബന്ധുക്കൾക്ക് ഈയടുത്ത് നഷ്ടപരിഹാരം ലഭിച്ചതൊഴിച്ചാൽ യാതൊരു വിധത്തിലുള്ള വിചാരണകളും ഈ കൂട്ടക്കൊലയുടെ പേരിൽ ഉണ്ടായിട്ടില്ല. 


ഇന്നും ടാക് ബായ് പൊലീസ് സ്റ്റേഷന് പുറത്ത്, പതിനഞ്ചു വർഷം മുമ്പ് ഇങ്ങനെയൊരു കൂട്ടക്കൊല അവിടെ നടന്നതിന്റെ യാതൊരു വിധ സ്മാരകങ്ങളുമില്ല. കൂട്ടക്കൊലയുടെ വാർഷികം ആചരിക്കാനുള്ള അനുമതിയും പൊതുജനത്തിനില്ല. എല്ലാ വർഷവും ഒക്ടോബർ 25 നിശ്ശബ്ദമായി കടന്നുപോകുമ്പോൾ അന്നേദിവസം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ടാക് ബായിലെ കർഷകർക്ക്, അങ്ങനെ ഒന്ന് നടന്നിട്ടേയില്ല എന്നു പോലും  തോന്നും.