16 ദിവസം ഡിജിറ്റൽ ലോകത്ത് നിന്ന് പൂർണ്ണമായി മാറിനിന്നാലെന്ത് സംഭവിക്കും? എന്തൊക്കെ നഷ്ടങ്ങള്‍, എന്തൊക്കെ നേട്ടങ്ങള്‍? പിരമൽ ഫിനാൻസ് സിഇഒ ജയറാം ശ്രീധരൻ തന്റെ അനുഭവം പങ്കുവെക്കുകയാണ്. 

എത്ര ദിവസം നിങ്ങൾക്ക് നിങ്ങളുടെ ഫോണോ നെറ്റോ ഒന്നുമില്ലാതെ ജീവിക്കാൻ സാധിക്കും? ദിവസം പോയിട്ട് ഒരു മണിക്കൂർ പോലും അതിന് സാധിക്കാത്തവർ വരെയുണ്ട്. അപ്പോൾ പിന്നെ ഒരു സിഇഒയുടെ അവസ്ഥ എന്തായിരിക്കും? എന്നാൽ, കൃത്യം 16 ദിവസം പൂർണമായും ഡിജിറ്റൽ ലോകത്ത് നിന്നും മാറി നിന്ന പിരമൽ ഫിനാൻസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ജയറാം ശ്രീധരന്റെ അനുഭവമാണ് ഇപ്പോൾ ലിങ്ക്ഡ്ഇന്നിൽ ശ്രദ്ധിക്കപ്പെടുന്നത്. ജോലിയിൽ നിന്നും ഡിജിറ്റൽ ലോകത്ത് നിന്നും ഇത്രയും ദിവസം മാറി നിന്നപ്പോൾ തന്റെ ജീവിതത്തിൽ എന്തുണ്ടായി എന്നാണ് ജയറാം ശ്രീധരൻ വിവരിക്കുന്നത്. 'ഞാൻ എന്തൊക്കെയാണ് മിസ്സ് ചെയ്തത്' എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പോസ്റ്റ് വായിക്കാം;

16 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ രാത്രിയാണ് ഞാൻ വീണ്ടും 'നോർമൽ ലൈഫി'ലേക്ക് തിരിച്ചെത്തിയത്. ഈ 16 ദിവസവും ഞാൻ ഇമെയിൽ നോക്കിയില്ല, ഫോൺ കോളുകൾ എടുത്തില്ല, വാട്സാപ്പിൽ നിന്ന് വിട്ടുനിന്നു, സോഷ്യൽ മീഡിയ ചർച്ചകൾക്കൊന്നും നിന്നില്ല, വാർത്തകൾ പോലും കണ്ടില്ല... ചുരുക്കം പറഞ്ഞാൽ എന്നെ വീണ്ടും ഒരു 'വർക്ക് മോഡിലേക്ക്' എത്തിക്കാൻ സാധ്യതയുള്ള എല്ലാ കാര്യങ്ങളിൽ നിന്നും ഞാൻ അകലം പാലിച്ചു. ആ സമയം മുഴുവൻ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം ചെലവഴിക്കാൻ മാറ്റിവെച്ചു.

തിരിച്ചുവന്നപ്പോൾ ഞാൻ കണ്ടത് എന്താണ്?

എന്റെ ടോപ്പ് ടെൻ ഇതാ:

വായിക്കാത്ത 3,000 വാട്സാപ്പ് സന്ദേശങ്ങളും 2,000 ഇമെയിലുകളും.

നൂറുകണക്കിന് മിസ്ഡ് കോളുകൾ - ഭൂരിഭാഗം അപരിചിതമായ നമ്പറുകളിൽ നിന്നും. ചിലത് എന്റെ ബോസിന്റെയും കമ്പനി പ്രൊമോട്ടറുടെയും വകയായിരുന്നു(Ouch!).

മേയ് മാസത്തെ മന്ത് എൻഡ് ഡ്രിൽ വന്നുപോയി. ഞാൻ ഇല്ലാത്തത് ഒരു കുറവായി തോന്നിയില്ല.

വിദേശനാണ്യ വിനിമയവുമായി ബന്ധപ്പെട്ട് ആർബിഐ ചില വലിയ പോളിസി പ്രഖ്യാപനങ്ങൾ നടത്തി. എങ്കിലും രൂപയുടെ മൂല്യം ഇപ്പോഴും 95-ൽ തുടരുന്നു.

ക്രൂഡ് ഓയിൽ വില 100 ഡോളറിന് താഴേക്ക് പതിച്ചിട്ടുണ്ട്. കാരണം എന്താണെന്ന് എനിക്കറിയില്ല, കിട്ടിയ ഭാഗ്യം ചോദ്യം ചെയ്യാൻ നിൽക്കേണ്ടല്ലോ?

ഞാൻ മാറിനിന്ന ഈ സമയത്ത്, എന്റെ ഒരു സുഹൃത്തിന് ജീവിതത്തിൽ വളരെ സങ്കടകരവും പ്രധാനപ്പെട്ടതുമായ ഒരു അനുഭവം നേരിടേണ്ടി വന്നു.

ഈ സാല കപ്പ് നംദെ!

യുദ്ധം ഇപ്പോഴും തുടരുന്നു.

എന്റെ വീടിന് മുന്നിലെ റോഡ് ഇപ്പോഴും കുത്തിപ്പൊളിച്ചിട്ട നിലയിൽ തന്നെയാണ്.

ഞാൻ ഇല്ലെങ്കിലും ഈ ലോകത്തിലെ എല്ലാ കാര്യങ്ങളും യാതൊരു തടസ്സവുമില്ലാതെ ഭംഗിയായി മുന്നോട്ട് പോയിട്ടുണ്ട്.

അപ്പോൾ, ഇതിൽ നിന്നുള്ള ഗുണപാഠമെന്താണ്? ഫോണും മറ്റുമില്ലാതെ സമയം മാറ്റിവെക്കുന്നതിന് ചില വിലയും ത്യാഗങ്ങളും ഉണ്ടാകും. പക്ഷേ, രണ്ടാഴ്ചക്കാലം കുടുംബത്തോടൊപ്പം 100% പൂർണ്ണമായി ജീവിക്കാൻ കഴിഞ്ഞില്ലേ? അതിന് പകരം വെയ്ക്കാൻ മറ്റൊന്നുമില്ല, അത് അമൂല്യമാണ്.

നിരവധിപ്പേരാണ് ജയറാമിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ദിവസങ്ങളോളം ഇങ്ങനെ ഡിജിറ്റൽ ലോകത്ത് നിന്നും മാറിനിൽക്കുന്നത് ചില നഷ്ടങ്ങളൊക്കെ ഉണ്ടാക്കിയേക്കാമെങ്കിലും ജീവിതത്തിൽ ചില മനോഹരനിമിഷങ്ങളുണ്ടാക്കാൻ അതിന് കഴിയും എന്നാണ് പലരുടേയും അഭിപ്രായം. എന്താ ഒന്ന് പരീക്ഷിച്ച് നോക്കുന്നോ?