രണ്ടാഴ്ചക്കാലം മേയ് പച്ചക്കറി മാത്രമാണ് കഴിച്ചത്. അതിന് പിന്നാലെയാണ് ലാക്സേറ്റീവ് മരുന്നും കഴിച്ചത്. പിന്നാലെ, അവളുടെ ശരീരത്തിലെ പൊട്ടാസ്യം ലെവൽ അപകടകരമായ രീതിയിൽ താഴുകയായിരുന്നു.

മെലിഞ്ഞിരിക്കുക എന്നതാണ് സൗന്ദര്യം എന്ന് ഇന്ന് പലരും വിശ്വസിക്കുന്നുണ്ട്. ആരോ​ഗ്യകരമായി പ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും ആവശ്യത്തിനുള്ള തടിയേ ഉള്ളൂവെങ്കിലും സ്ലിം ആയിരിക്കാനായി പലരും പല വഴികളും തേടാറുണ്ട്. അതിൽ പ്രധാന പങ്ക് വഹിക്കുന്നതാവട്ടെ മിക്കവാറും സോഷ്യൽ മീഡിയ ആയിരിക്കും. അതുപോലെ, മെലിഞ്ഞിരിക്കാനും പിറന്നാളിന് ആ​ഗ്രഹിച്ച വസ്ത്രം ധരിക്കാനും വേണ്ടി നടത്തിയ ശ്രമങ്ങൾക്ക് പിന്നാലെ ചൈനയിൽ നിന്നുള്ളൊരു 16 -കാരി കഷ്ടിച്ചാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്.

സൗത്ത് ചൈന മോർണിം​ഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ നിന്നുള്ള 16 -കാരി ഈ പിറന്നാൾ ഡ്രസ് ഇടാനായി മെലിയുന്നതിന് വേണ്ടി ആകെ കഴിച്ചത് കുറച്ച് പച്ചക്കറി മാത്രമാണ്. അത് മാത്രമല്ല, മലശോധന സു​ഗമമാക്കുന്നതിനുള്ള ലാക്സേറ്റീവ് മരുന്നുകളും കഴിച്ചു. ഇതോടെ പെൺകുട്ടിയുടെ അവസ്ഥ മോശമാവുകയായിരുന്നു എന്നാണ് പറയുന്നത്.

മേയ് എന്നാണ് പെൺകുട്ടിയുടെ പേര്. ഈ ഭക്ഷണക്രമം പിന്തുടർന്നതിന് പിന്നാലെ പെട്ടെന്ന് അവൾക്ക് തന്റെ അവയവങ്ങൾക്ക് തളർച്ച അനുഭവപ്പെടുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ അവശയായ അവളെ ആശുപത്രിയിൽ എത്തിക്കുകയും തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. പെട്ടെന്ന് ചികിത്സ ലഭ്യമാക്കിയതിന് പിന്നാലെ അവൾ കഷ്ടിച്ച് മരണത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

രണ്ടാഴ്ചക്കാലം മേയ് പച്ചക്കറി മാത്രമാണ് കഴിച്ചത്. അതിന് പിന്നാലെയാണ് ലാക്സേറ്റീവ് മരുന്നും കഴിച്ചത്. പിന്നാലെ, അവളുടെ ശരീരത്തിലെ പൊട്ടാസ്യം ലെവൽ അപകടകരമായ രീതിയിൽ താഴുകയായിരുന്നു. ഹൈപ്പോകലീമിയയിലേക്കും ഇത് നയിച്ചു.

ഗുരുതരമായ ഹൈപ്പോകലീമിയ ശ്വസിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാക്കുകയും പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനും കാരണമാകും എന്ന് ഹുനാൻ പീപ്പിൾസ് ആശുപത്രിയിൽ മേയ്‌യെ ചികിത്സിച്ച ഡോക്ടർ പെങ് മിൻ പറയുന്നു.

മെലിയാനായി എന്ത് വഴിയും സ്വീകരിക്കരുത് എന്നും ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങളടങ്ങിയ ഭക്ഷണം നിർബന്ധമായും കഴിക്കണമെന്നും വിദ​ഗ്ദ്ധരും മുന്നറിയിപ്പ് നൽകുന്നു.