ചൈനയിൽ കാട്ടിൽ ക്യാമ്പിംഗിന് പോയ 18-കാരന് മണിക്കൂറുകളോളം ചീവീടുകളുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടതിനെ തുടർന്ന് താൽക്കാലികമായി കേൾവിശക്തി നഷ്ടപ്പെട്ടു. ഉയർന്ന ഡെസിബെല്ലിലുള്ള പ്രകൃതിദത്ത ശബ്ദങ്ങൾ തുടർച്ചയായി കേൾക്കുന്നത് ചെവിയിലെ കോശങ്ങൾക്ക് തകരാറുണ്ടാക്കുമെന്നും ഇത് സ്ഥിരമായ കേൾവി നഷ്ടത്തിന് വരെ കാരണമായേക്കാമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

തുടർച്ചയായി മണിക്കൂറുകളോളം ചീവീടുകളുടെ ഉറക്കെയുള്ള കരച്ചിൽ കേട്ടതിനെ തുടർന്ന് 18 -കാരന് താൽക്കാലികമായി കേൾവിശക്തി നഷ്ടപ്പെട്ടു. കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ നിങ്ബോയിലാണ് സംഭവം. പ്രകൃതിദത്ത ശബ്ദങ്ങൾ ചെവിക്ക് ഹാനികരമല്ലെന്ന പൊതുധാരണ തെറ്റാണെന്ന് തെളിയിക്കുന്ന ഈ സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

കാട്ടിലെ ചീവുകൾ

ജൂലൈ ആദ്യവാരം കാട്ടിൽ ക്യാമ്പിംഗിനായി പോയ 'യാങ്' എന്ന യുവാവിനാണ് ദുരനുഭവമുണ്ടായത്. ഉച്ചയോടടുത്ത് കാടിനുള്ളിൽ ചീവീടുകളുടെ കൂട്ടത്തോടെയുള്ള കരച്ചിൽ അതിരൂക്ഷമായി. ഇയർ പ്ലഗ്ഗുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ യുവാവ് നാല് മണിക്കൂറോളം ഈ പരിസരത്ത് തുടരുകയായിരുന്നു. വൈകുന്നേരത്തോടെ കാതുകളിൽ വീക്കവും അസ്വസ്ഥതയും അനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് പക്ഷികളുടെ ശബ്ദം, ഫോൺ റിംഗ് ടോൺ തുടങ്ങിയ ഉയർന്ന ഫ്രീക്വൻസിയിലുള്ള ശബ്ദങ്ങൾ വ്യക്തമായി കേൾക്കാൻ കഴിയാതെയായി. ആശുപതിയിലെ പരിശോധനയിലാണ് അമിത ശബ്ദം കാരണം താൽക്കാലിക കേൾവി തകരാറ് സംഭവിച്ചതാണെന്ന് കണ്ടെത്തിയത്. കൃത്യമായ ചികിത്സയ്ക്കും 14 ദിവസത്തെ പൂർണ്ണ വിശ്രമത്തിനും ശേഷം യുവാവിന് കേൾവി ശക്തി സാധാരണ നിലയിലായെന്ന് റിപ്പോർട്ടുകൾ പറയുന്നു.

പ്രകൃതിദത്ത ശബ്ദങ്ങളും മനുഷ്യന് അപകടം

വേനൽക്കാലത്ത് ചീവീടുകളുടെ ശബ്ദം കാരണം കേൾവി വൈകല്യം സംഭവിച്ച് നിരവധി രോഗികൾ എത്താറുണ്ടെന്നാണ് നിങ്ബോ യൂണിവേഴ്സിറ്റി നമ്പർ 1 അഫിലിയേറ്റഡ് ഹോസ്പിറ്റലിലെ ഇ.എൻ.ടി വിഭാഗം സീനിയർ ഡോക്ടർ 'ലി ജി' വ്യക്തമാക്കുന്നത്. ഒരു ചീവീട് പുറപ്പെടുവിക്കുന്ന ശബ്ദം ഏകദേശം 70 ഡെസിബെൽ ആണെങ്കിലും, കൂട്ടമായി കരയുമ്പോൾ ഇത് 85 ഡെസിബെല്ലിന് മുകളിലേക്ക് ഉയർന്നേക്കാം. ഇത് മനുഷ്യന്റെ കേൾവിശക്തിയെ ബാധിക്കുന്ന സുരക്ഷിത പരിധിക്ക് മുകളിലാണ്. ഉയർന്ന ശബ്ദം തുടർച്ചയായി കേൾക്കുമ്പോൾ ചെവിക്കുള്ളിലെ കോക്ലിയയിലുള്ള 'ഹെയർ സെല്ലുകളിൽ' നീർക്കെട്ട് ഉണ്ടാകുന്നു. നിശബ്ദമായ അന്തരീക്ഷത്തിൽ വിശ്രമിക്കുമ്പോൾ 1-2 ആഴ്ചയ്ക്കുള്ളിൽ ഇവ പൂർവ്വസ്ഥിതി പ്രാപിക്കും. എന്നാൽ ഈ ഹെയർ സെല്ലുകൾ പൂർണ്ണമായി നശിച്ചുപോയാൽ അവ പിന്നീട് പുനർജനിക്കില്ല. ഇത് ശാശ്വതമായ കേൾവി തകരാറിന് വഴിവെക്കുകയും വ്യക്തിക്ക് ആയുഷ്കാലം മുഴുവൻ ഹിയറിംഗ് എയ്ഡുകളെ ആശ്രയിക്കേണ്ടി വരികയും ചെയ്യും. 12 വർഷമായി മരങ്ങൾ മുറി ജോലി ചെയ്യുന്ന 60-കാരന് തുടർച്ചയായ ചീവീടുകളുടെ ശബ്ദം കാരണം സ്ഥിരമായി കേൾവി നഷ്ടപ്പെട്ട സംഭവവും ഡോ. ലി ചൂണ്ടിക്കാട്ടി.