പടിയിറങ്ങിയിരിക്കുന്നത് പ്രതിഷേധങ്ങളുടെ വർഷമാണ്. ആ പ്രതിഷേധങ്ങൾക്ക് ഒരു പോസ്റ്റർ ബോയ് ഉണ്ടെങ്കിൽ, അത് ബാബാസാഹേബ് ഭീംറാവു അംബേ‌ദ്‌കർ എന്ന നമ്മുടെ ഭരണഘടനാശില്പിയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ, ജനജീവിതത്തിൽ, ഇന്ത്യയുടെ ഭൂപടത്തിൽ പോലും കാതലായ മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള ബിജെപിയുടെ നയങ്ങളോടുള്ള പ്രതിഷേധങ്ങളെ ഒരു വാക്കിൽ ചുരുക്കിയാൽ അത് 'ജയ് ഭീം' എന്ന അംബേദ്‌കർ മുദ്രാവാക്യമായിരിക്കും. പ്രതിഷേധങ്ങൾ നടന്നത് എവിടെയുമാകട്ടെ, ജമാ മസ്ജിദിലായാലും, ജാമിയാ മിലിയയിൽ ആയാലും, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ ആയാലും, ഇനി ജർമനിയിലോ കൊളംബിയാ സർവ്വകലാശാലയിലോ ഒക്കെ ആയാലും പ്രകടനങ്ങളിൽ ഉയർത്തിപ്പിടിക്കപ്പെട്ടത് അംബേ‌ദ്‌കറുടെ ചില്ലിട്ട ചിത്രങ്ങൾ തന്നെ. പ്ലക്കാർഡുകളിൽ നിറഞ്ഞുനിന്നതും അംബേ‌ദ്‌കറുടെ ഉദ്ധരണികൾ തന്നെ. ഇന്ത്യയിൽ ഇതാദ്യമായിട്ടാണ്, ദളിതരെ പ്രത്യക്ഷമോ പരോക്ഷമോ ആയ രീതിയിൽ ബാധിക്കാത്ത ഒരു സമരത്തിന്റെ പ്രതീകമായി അംബേദ്‌കർ മാറുന്നത്. 

അങ്ങനെ പറയാനൊരു കാരണമുണ്ട്. ഇന്നോളം ഇന്ത്യയിൽ നടന്ന ഒരുവിധം ദളിത്, ജാതിവിരുദ്ധ പോരാട്ടങ്ങളിൽ ഒക്കെയും അംബേ‌ദ്‌കർ നിറഞ്ഞുനിന്ന് നമ്മൾ കണ്ടിട്ടുള്ളതാണ്. അത് രോഹിത് വെമുലയുടെ ആത്മഹത്യയായാലും, SC /ST (Prevention of Atrocities) നിയമത്തിൽ വെള്ളം ചേർത്തതായാലും സമരം എന്തിനെതിരെയായാലും അതിലൊക്കെ അംബേ‌ദ്‌കർ ഒരു അവിഭാജ്യ സാന്നിധ്യമായിരുന്നു. വിശേഷിച്ച്, 2014 -ൽ ബിജെപി സർക്കാർ അധികാരത്തിലേറിയതിനുശേഷം മുതൽക്കിങ്ങോട്ടുള്ള സമരങ്ങളിൽ. 

അടിച്ചമർത്തപ്പെട്ട സമുദായങ്ങൾക്ക് എന്നും വല്ലാത്തൊരു പ്രചോദനമായിരുന്നു ബാബാസാഹേബ് അംബേദ്കറുടെ ജീവിതവും, പ്രവർത്തനങ്ങളും, എഴുത്തുമെല്ലാം. ഭരണഘടനയെ ഉപയോഗപ്പെടുത്തിക്കൊണ്ട് അദ്ദേഹം സ്ത്രീശാക്തീകരണത്തിനു വേണ്ടി നൽകിയ സംഭാവനകൾ അമൂല്യമാണ്. എന്നാൽ പലപ്പോഴും, അംബേ‌ദ്‌കറുടെ ജീവിതസന്ദേശങ്ങൾ ഇത്തരത്തിലുള്ള ചൂഷണങ്ങൾക്ക് ഇരയാകുന്നവരുടെ കൂട്ടായ്മകൾക്കുള്ളിൽ തന്നെ ഒതുങ്ങിനിന്നു. അതിന് ഒരു മാറ്റമുണ്ടായ വർഷമാണ് 2019. ഡിസംബർ 12 -ന് പൗരത്വ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ബിൽ പാർലമെന്റിൽ പാസായതോടെ രാജ്യം പ്രക്ഷോഭത്തിന്റെ തീച്ചൂളയിലേക്ക് എടുത്തെറിയപ്പെട്ടു. നിയമത്തിന്റെ വിവേചനം അനുഭവിക്കേണ്ടി വരുന്ന മുസ്ലിങ്ങൾക്കൊപ്പം, ഇന്ത്യയിലെ ആയിരക്കണക്കായ ദളിതരും, മറ്റു ജാതിക്കാരും, ഒബിസി വിഭാഗത്തിൽ പെട്ടവരും, വിദ്യാർത്ഥികളും, സ്ത്രീകളും, ബുദ്ധിജീവികളും തെരുവിലിറങ്ങി. അവരിൽ പലരും എടുത്തുപിടിച്ച പ്ലക്കാർഡിൽ അംബേ‌ദ്‌കറുടെ പടമായിരുന്നു. എങ്ങനെയാണ് ഈയൊരു മാറ്റം ഇവിടെയുണ്ടായത്? ബിജെപി വിരുദ്ധ പോരാട്ടങ്ങൾക്ക് പെട്ടെന്നൊരു അംബേദ്‌കർ മുഖച്ഛായ കൈവന്നത് എങ്ങനെയാകും? 

ഹിന്ദുരാഷ്ട്രത്തിനെതിരെ അംബേദ്‌കർ തന്നിട്ടുള്ള ശക്തമായ താക്കീതുകൾ 

ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ അണിയറയിൽ പുരോഗമിക്കുമ്പോൾ ഭാരതീയർ നിർബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമുണ്ട് അംബേ‌ദ്‌കറുടേതായി. അതിന്റെ ശീർഷകം, 'പാകിസ്ഥാൻ ഓർ ദ പാർട്ടീഷൻ ഓഫ് ഇന്ത്യ' (Pakistan or partition of India) എന്നാണ്. 1946 -ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ ഗാന്ധിയുടെയോ നെഹ്‌റുവിന്റെയോ എഴുത്തുകളിൽ കാണാത്തത്ര വ്യക്തതയോടെ അംബേദ്‌കർ ഹൈന്ദവരാഷ്ട്രത്തിന്റെ അപകടങ്ങൾ വിശദീകരിക്കുന്നുണ്ട്. ഈ ഒരു ഭാഗം തന്നെയാണ് പ്രതിഷേധങ്ങൾ അലയടിക്കുന്ന സമയത് ബിബിസിയുടെ രാജേഷ് പ്രിയദർശി എന്ന ലേഖകൻ ട്വീറ്റ് ചെയ്തത്.


 

അംബേദ്‌കർ ഇങ്ങനെ എഴുതുന്നുണ്ട്, "ഹിന്ദുരാഷ്ട്രം രൂപം കൊള്ളുകയാണെങ്കിൽ അത് ഈ രാജ്യത്തെ നയിക്കാൻ പോകുന്നത് കൊടിയ ആപത്തിലേക്കാണ്. അത് തുല്യതയ്ക്കും, സമവർത്തിത്വത്തിനും ഭീഷണിയാകും. ജനാധിപത്യത്തിന് കടകവിരുദ്ധവുമായിരിയ്ക്കും അത്. ഹൈന്ദവ ഭരണത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർത്ത് തോൽപ്പിക്കേണ്ടതുണ്ട് " (പേജ് 358). 
 

അംബേ‌ദ്‌കറുടെ വിദ്യാർത്ഥിജീവിതകാലം 

മറ്റു പല പ്രതിഷേധങ്ങളിൽ നിന്നും വ്യത്യസ്തമായി പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങൾ ആദ്യമായി പൊട്ടിപ്പുറപ്പെട്ടത് ഇന്ത്യയിലെ ഏറ്റവും പ്രൗഢഗംഭീരമായ ക്യാമ്പസുകളിൽ നിന്നാണ്. ജാമിയ മിലിയ ഇസ്ലാമിയ, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി,  ജെഎൻയു എന്നിങ്ങനെ ഒരു വിധം എല്ലാ സർവകലാശാലകളും സമരങ്ങളുടെ അങ്കത്തട്ടായി പരിണമിച്ചു. ആ സമരങ്ങളുടെ പേരിൽ കോളേജുകളിൽ പഠിച്ചിരുന്ന വിവിധ രാഷ്ട്രീയ ചായ്‌വുകളുള്ള വിദ്യാർഥികൾ തങ്ങളുടെ ജാതി, മത, വർഗ പരിഗണനകളില്ലാതെ ഒരേ കുടക്കീഴിൽ ഒന്നിച്ചു. ഒരു വിദ്യാർത്ഥി എന്ന നിലക്ക് അംബേ‌ദ്‌കറിന് നേരിടേണ്ടി വന്നിട്ടുളള യാതനകൾ അവർ നേരത്തെ തന്നെ വായിച്ച് അറിഞ്ഞിട്ടുള്ളതാകും ഒരു കാരണം. പാവപ്പെട്ട ഒരു വീട്ടിൽ നിന്നുവന്ന അംബേദ്‌കർ വിദേശത്ത് പഠിക്കാൻ പോയത് ബറോഡയിൽ രാജാവായിരുന്ന സായാജി റാവു ഗെയ്ക്ക്വാഡിന്റെ ധനസഹായത്തോടെയാണ്. വിദ്യാർത്ഥി സമൂഹത്തോടുള്ള നരേന്ദ്ര മോഡിയുടെ നിലപാട് ജെഎൻയുവിലെ ഫീസ് വർധന വിരുദ്ധ സമരത്തിന്റെ കാലത്തുതന്നെ വളരെ  വ്യക്തമായിരുന്നു. 

ഈ വിദ്യാർഥികൾ കോളേജിൽ ചെന്നിരുന്നു പഠിക്കാൻ നോക്കാത്തതെന്താണ്, എന്തിനാണ് തെരുവിലിറങ്ങി സമരം ചെയ്യുന്നത് എന്ന് ചിലരെങ്കിലും ചോദിക്കുന്നുണ്ട്. എന്നാൽ അംബേ‌ദ്‌കറുടെ സന്ദേശം വളരെ വ്യക്തമാണ്, 'Educate, agitate and organise.' എന്നുവെച്ചാൽ വിദ്യ അഭ്യസിക്കൂ, പ്രതിഷേധിക്കൂ, സംഘടിക്കൂ ' എന്നാണർത്ഥം. ഭരണഘടനാ സൃഷ്ടാവായ അംബേദ്‌കർ ഇന്ന് ജീവനോടെ ഉണ്ടായിരുന്നു എങ്കിൽ തങ്ങളുടെ സങ്കടം മനസ്സിലാക്കുമായിരുന്നു എന്നാണ് പല വിദ്യാര്‍ത്ഥികളും പ്രതിഷേധങ്ങൾക്കിടയിൽ പറഞ്ഞത്. ഈ സമരങ്ങൾ അദ്ദേഹത്തിന്റെ മുഖത്തൊരു പുഞ്ചിരി വിടർത്തിയേനെ എന്നും ആരോ ട്വീറ്റ് ചെയ്തു 

അംബേ‌ദ്‌കറും ഭരണഘടനയും, പരസ്പരം ഇഴയടുപ്പം നഷ്ടമാകാതെ രണ്ടസ്തിത്വങ്ങൾ 

ഇടക്കിടക്ക് അംബേ‌ദ്‌കറുടെ പേര് ബിജെപിയും പറഞ്ഞു കേൾക്കാറുണ്ട്. എന്നാൽ ഇപ്പോൾ നടപ്പിലാക്കുന്ന നയങ്ങളിൽ പലതും അംബേദ്‌കർ കണ്ട സ്വപ്നങ്ങൾക്ക് വിരുദ്ധമാകാറുണ്ട് എന്നുമാത്രം. ഹാജരാക്കാൻ സാധുവായ രേഖകളില്ല എന്ന പേരിൽ രാജ്യത്തെ ചിലരെ രണ്ടാംകിട പൗരന്മാരാക്കി മാറ്റുന്ന രീതിയും ഭരണഘടനയുടെ ആത്മാവിനോട് ചേർന്ന് പോകുന്ന ഒന്നല്ല. കാലിനടിയിലെ പൂഴിമണ്ണൊലിച്ചു പൊയ്ക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ പിടിച്ചുനില്ക്കാൻ പൗരന്മാർക്ക് അവശേഷിക്കുന്ന ഏക കച്ചിത്തുരുമ്പാണ് നമ്മുടെ ഭരണഘടന. അതിന്റെ സ്രഷ്ടാവ് എന്ന നിലയ്ക്ക് അംബേ‌ദ്‌കർക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്ന വർധിച്ച ജനപ്രീതി നിലനിൽപ്പിനായുള്ള മനുഷ്യരുടെ അവസാന ശ്രമങ്ങളാണ്, കെടാൻപോകുന്ന വിളക്കിന്റെ പടുതിരി കത്തലാണ്. ആ ഭരണഘടനയിൽ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന അവകാശങ്ങൾ ആരും അപഹരിക്കാതിരിക്കാൻ അവർ അതേ ഗ്രന്ഥത്തെ തന്നെ ആയുധമാക്കുകയാണ്. അംബേ‌ദ്‌കറുടെ പേരും പറഞ്ഞു കൊണ്ടുള്ള മീമുകളും സാമൂഹ്യമാധ്യമങ്ങളിൽ സജീവമാണ്. 

പ്രതിഷേധത്തിന്റെ പടനിലങ്ങളിൽ അണയാത്ത വീര്യവുമായി നിലകൊള്ളുന്ന വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും അംബേദ്കറാണ് ഇക്കൊല്ലം സമരോർജ്‌ജം പകർന്നു നൽകിയിരിക്കുന്നത്. ജീവിതങ്ങളിൽ ഇരുൾ പടരുന്ന ഈ വർഷാന്ത്യത്തിലും ഭാവിയെ ശുഭാപ്തിവിശ്വാസത്തോടെ കാണാൻ ഇന്ത്യൻ പൗരന്മാരെ ഇനിയും പ്രേരിപ്പിക്കുക ഒരുപക്ഷേ തങ്ങൾക്കുചുറ്റും പ്രചരിച്ചുകൊണ്ടിരിക്കുന്ന 'അംബേദ്‌കർവാണി'യുടെ ഈ ചെറുപൂത്തിരിവെളിച്ചങ്ങളാകും..! 


ന്യൂസ് ലോൺഡ്രിയിൽ രവികിഷൻ ഷിൻഡെ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ