Asianet News MalayalamAsianet News Malayalam

മാസത്തില്‍ എട്ടുദിവസം നടക്കുന്നതിനേക്കാള്‍ ഗുണംചെയ്യുമോ ഒരു കഷ്‍ണം പഴം കൂടുതല്‍ കഴിക്കുന്നത്? 2021 പഴങ്ങളുടെയും പച്ചക്കറികളുടെ വര്‍ഷം

ദിവസവും പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. മാനസികാരോഗ്യത്തിനും പഴങ്ങളും പച്ചക്കറികളും വളരെ നല്ലതാണ്. ജീവിതത്തെ പോസിറ്റീവ് ആയിക്കാണാനും മാനസിക സംഘര്‍ഷം കുറയ്ക്കാനും ഇവ കഴിക്കുന്നതിനാല്‍ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

2021 to be International Year of Fruits and Vegetables UN declares
Author
New York, First Published Dec 27, 2019, 5:09 PM IST

യുണൈറ്റഡ് നാഷന്‍സ് ജനറല്‍ അസംബ്ലി 2021 -നെ പഴങ്ങളുടെയും പച്ചക്കറികളുടെയും വര്‍ഷമായി അന്താരാഷ്ട്രതലത്തില്‍ ആചരിക്കാനുള്ള തീരുമാനത്തിലാണ്. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമുള്ള പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്താനാണ് ഇത്തരമൊരു തീരുമാനം.

ആരോഗ്യകരമായ ഭക്ഷണക്രമം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജനങ്ങളെ ബോധവാന്‍മാരാക്കുകയെന്നതും ലക്ഷ്യമാണ്. അതുപോലെ പഴങ്ങളുടെയും പച്ചക്കറികളുടെയും സുസ്ഥിരമായ ഉത്പാദനത്തിനും പ്രാധാന്യം നല്‍കുന്നു.

ആഗോള വ്യാപകമായി പഴങ്ങളുടെ ഉത്പാദത്തെയും വില്‍പ്പനയെയും പ്രോത്സാഹിപ്പിക്കാനും ഇങ്ങനെയൊരു പ്രഖ്യാപനത്തിലൂടെ യു.എന്‍ ലക്ഷ്യമാക്കുന്നു.

പഴങ്ങളുടെയും പച്ചക്കറികളുടെയും വിപണനത്തിലുണ്ടാകുന്ന നഷ്ടങ്ങള്‍ ആഗോളതലത്തില്‍ സാമ്പത്തികമായും പാരിസ്ഥിതികമായും സാമൂഹികമായും ഉണ്ടാക്കുന്ന പ്രതിസന്ധികളെക്കുറിച്ച് യു.എന്‍ ആശങ്കപ്പെടുന്നു. നൂതനമായ സാങ്കേതിക വിദ്യകളും കാര്‍ഷിക രീതികളും അവലംബിച്ച് പഴങ്ങളുടെയും പച്ചക്കറികളുടെയും ഉത്പാദനത്തിലുണ്ടായ നഷ്ടങ്ങള്‍ നികത്താനുള്ള തീരുമാനവും ഇവര്‍ കൈക്കൊള്ളുന്നു.

പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതുവഴി ലഭിക്കുന്ന പോഷകങ്ങളെക്കുറിച്ചും ആരോഗ്യഗുണങ്ങളെക്കുറിച്ചും ബോധവത്കരണം നടത്താനും സമീകൃതമായ ഭക്ഷണക്രമവും മെച്ചപ്പെട്ട ജീവിതശൈലിയും പാലിക്കേണ്ടതിന്റെ ആവശ്യകത ലോകമെങ്ങുമുള്ള ജനങ്ങളെ അറിയിക്കുകയെന്നതുമാണ് ഇത്തരമൊരു വര്‍ഷാചാരണത്തിന്റെ പിന്നിലുള്ള ആശയം.

ദിവസവും പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. മാനസികാരോഗ്യത്തിനും പഴങ്ങളും പച്ചക്കറികളും വളരെ നല്ലതാണ്. ജീവിതത്തെ പോസിറ്റീവ് ആയിക്കാണാനും മാനസിക സംഘര്‍ഷം കുറയ്ക്കാനും ഇവ കഴിക്കുന്നതിനാല്‍ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

മാസത്തില്‍ എട്ട് ദിവസം നടക്കുന്നതിനേക്കാള്‍ ഗുണം ചെയ്യുന്നതാണ് ഒരു കഷ്‍ണം പഴം കൂടുതല്‍ കഴിക്കുന്നതെന്നാണ് ഓസ്‌ട്രേലിയയില്‍ നടത്തിയ പഠനം പറയുന്നത്.

പഴങ്ങളിലെ പ്രോട്ടീനുകള്‍ മാനസികമായി ഉണര്‍വ് നല്‍കാനും ടെന്‍ഷന്‍ ഇല്ലാതാക്കാനും സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഓര്‍മശക്തി മെച്ചപ്പെടുത്താനും പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കഴിയുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ശരാശരി 51 വയസ്സുള്ള 28,000 പുരുഷന്‍മാരില്‍ 20 വര്‍ഷമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് പറയുന്നത്. 20 വര്‍ഷങ്ങള്‍ക്കിടയിലുള്ള ഓരോ അവസാന നാലു വര്‍ഷത്തിലും പഴങ്ങളും പച്ചക്കറികളും മാത്രം ഭക്ഷണത്തോടൊപ്പം ഉള്‍പ്പെടുത്തുകയായിരുന്നു.

പഴത്തിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ എ,ബി,സി,ഇ എന്നിവയുമാണ് ഓര്‍മക്കുറവിനെ പ്രതിരോധിക്കുന്നത്. അതുപോലെ ഫ്‌ളവനോയ്ഡുകളും കരോട്ടിനോയിഡുകളും ഓര്‍മക്കുറവ് പരിഹരിക്കാന്‍ കാരണമായ ഘടകങ്ങളാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തുന്നു.

പഴങ്ങളുടെയും പച്ചക്കറികളുടെയും തൊലിയിലും പോഷകഘടകങ്ങള്‍ നിരവധിയുണ്ട്. ഓറഞ്ചിനുള്ളിലെ വിറ്റാമിന്‍ സിയേക്കാള്‍ തൊലിയില്‍ അടങ്ങിയിട്ടുണ്ട്. ആപ്പിളിന്റെ തൊലിയില്‍ പഴത്തിനകത്തുള്ളതിനേക്കാള്‍ നാലിരട്ടി വിറ്റാമിന്‍ അടങ്ങിയിട്ടുണ്ട്.

ഉരുളക്കിഴങ്ങ് തൊലിയില്‍ ഇരുമ്പ്, കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ സി എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. മധുരക്കിഴങ്ങിന്റെ തൊലിയില്‍ ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. കോശങ്ങളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷിക്കും ഇത് നല്ലതാണ്.

ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് സലാഡുകളിലും ഐസ്‌ക്രീമുകളിലുമൊക്കെ ഉപയോഗിക്കാം. പച്ച വെള്ളരിക്കയുടെ തൊലിയില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.

കിവി എന്ന പഴത്തിന്റെ തൊലിയും ഭക്ഷിക്കാം. ഫ്‌ളവനോയിഡുകള്‍, ആന്റിഓക്‌സിഡന്റകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. മാമ്പഴത്തിന്റെ തൊലിയും കളയണ്ട. കരോട്ടിനോയിഡുകള്‍, ഒമേഗ-3, ഒമേഗ-6, പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. 

കാരറ്റിന്റെ തൊലിയില്‍ ഫൈറ്റോ ന്യൂട്രിയന്റ്‌സ് ധാരാളമുണ്ട്. വിറ്റാമിന്‍ എയും അടങ്ങിയിട്ടുണ്ട്. തണ്ണിമത്തന്റെ തൊലിയില്‍ ഉള്ളിലുള്ളതിനേക്കാള്‍ സിട്രുലിന്‍ എന്ന ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു.

ഉള്ളിയുടെ തൊലിയില്‍ ക്വെര്‍സെറ്റിന്‍ എന്ന ഘടകം അടങ്ങിയിരിക്കുന്നു. ഒരു പാത്രത്തില്‍ സവാളയുടെ തൊലികളിട്ട് 30 മിനിറ്റ് തിളപ്പിച്ച് ഒരു രാത്രി തണുക്കാന്‍ വെച്ച ശേഷം മുടി കഴുകാന്‍ ഉപയോഗിക്കാവുന്നതാണ്.

വാഴപ്പഴത്തിന്റെ തൊലിയില്‍ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിരിക്കുന്നു. അതുപോലെ കണ്ണിന്റെ ആരോഗ്യത്തിനാവശ്യമായ ല്യൂട്ടിനും അടങ്ങിയിരിക്കുന്നു.


 

Follow Us:
Download App:
  • android
  • ios