തങ്ങളുടെ ഭൂമിയും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ലോകത്താകെയായി കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ടത് 212 പേര്‍. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുകയും കാലാവസ്ഥയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമായ നിര്‍മ്മാണങ്ങളും മറ്റും തടഞ്ഞതിന്‍റെയും അതിനെതിരെ പ്രതികരിച്ചതിന്‍റെയും പേരിലാണ് ഈ കൊലപാതകങ്ങളിലേറെയും ഉണ്ടായിരിക്കുന്നത്. മനുഷ്യാവകാശ സംഘടനയായ ഗ്ലോബല്‍ വിറ്റ്‍നെസ്സാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 

2019 -ല്‍ ഓരോ ആഴ്‍ചയിലും നാലിലേറെപ്പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഗ്ലോബല്‍ വിറ്റ്‍നസ് പറയുന്നത്. ഈ 212 പേരില്‍ പകുതിയും കൊളംബിയ, ഫിലിപ്പിന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ആക്ടിവിസ്റ്റുകളാണ്. 2018 -ല്‍ 164 മരണങ്ങളാണ് ഉണ്ടായത്. അതായത്, പുതിയ കണക്ക് കാണിക്കുന്നത് നേരത്തേതില്‍നിന്നും 30 ശതമാനം വര്‍ധനവാണ് കൊലപാതകങ്ങളിലുണ്ടായിട്ടുള്ളത് എന്നാണ്. മിക്ക കൊലപാതകങ്ങളിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്ന വസ്‍തുതയും ഗ്ലോബല്‍ വിറ്റ്നെസ് മുന്നോട്ട് വയ്ക്കുന്നു. ഈ 212 എന്നത് രേഖപ്പെടുത്തിയ കണക്ക് മാത്രമാണ്. രേഖപ്പെടുത്താത്ത എത്ര കൊലപാതകങ്ങളുണ്ടാവും എന്ന് പറയുക സാധ്യമല്ല. 

2019 -ല്‍ നടന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെയും ഭൂരിഭാഗം കൊലപാതകങ്ങള്‍ക്കും പിന്നില്‍ ഖനന വ്യവസായവുമായി ബന്ധപ്പെട്ടവരാണ്. ലോകമെമ്പാടുമുള്ള തദ്ദേശീയ സമൂഹങ്ങളാണ് പലപ്പോഴും ഇങ്ങനെ കൊലപാതകവും അക്രമങ്ങളുമടക്കം നേരിടുന്നത്. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടതില്‍ത്തന്നെയും 40 ശതമാനവും തദ്ദേശീയരാണ്. ഇങ്ങനെ കൊല ചെയ്യുന്നതോടൊപ്പം തന്നെ കൊവിഡ് 19 -ല്‍ നിന്നും തദ്ദേശീയ സമൂഹത്തെ സംരക്ഷിക്കാനായി സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. അവരെ സര്‍ക്കാരുകള്‍ മനപ്പൂര്‍വം അവഗണിക്കുകയാണ്. അതും അവരുടെ നാശത്തിലെത്തിച്ചേരും. പ്രതിരോധിക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്കാണ് ഈ കാര്യങ്ങളെല്ലാം എത്തിച്ചേരുകയെന്നും ആക്ടിവിസ്റ്റുകളും പരിസ്ഥിതി പ്രവര്‍ത്തകരും ആശങ്ക പ്രകടിപ്പിച്ചു. 

മാര്‍ച്ച് മാസത്തിലാണ് കൊളംബിയയിലെ തദ്ദേശീയ സമൂഹത്തിലെ നേതാക്കളായ ഒമര്‍, ഏര്‍ണസ്റ്റോ ഗൗസിരുമ എന്നിവര്‍ തങ്ങളുടെ വീട്ടില്‍ കൊല്ലപ്പെട്ടത്. സ്ഥലത്തെ ഒരു മേയറെ സന്ദര്‍ശിച്ച ഇരുവരും മേയര്‍ക്ക് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു. രണ്ടുപേരുടെയും വീട്ടുകാര്‍ക്കും അക്രമത്തില്‍ സാരമായി പരിക്കേറ്റു. 

ബ്രസീലില്‍, 2019 -ല്‍ 24 പേരാണ് കൊല്ലപ്പെട്ടത്. തങ്ങള്‍ വംശനാശ ഭീഷണിയിലാണെന്നും ഈ മഹാമാരിയെ പ്രസിഡണ്ട് ജൈര്‍ ബൊള്‍സനാരോ മുതലെടുക്കുകയാണെന്നും ഇവിടെയുള്ളവര്‍ പറയുന്നു. തദ്ദേശീയ സമൂഹത്തെ ഇതുവഴി തുടച്ചുനീക്കാമെന്ന് അയാള്‍ കരുതുന്നുണ്ടാവുമെന്നും അവര്‍ ആരോപിക്കുന്നു. കൊവിഡ് 19 -നുമായി ബന്ധപ്പെട്ട് ബ്രസീലിലെ തദ്ദേശീയ സമൂഹത്തിന് ആവശ്യമായ ചികിത്സയോ ശ്രദ്ധയോ കിട്ടുന്നില്ല എന്നത് നേരത്തെ തന്നെ വാര്‍ത്തയായിരുന്നു. 

കൊളംബിയയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം നേരെ ഇരട്ടിയായിരുന്നു. 64 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. അവിശ്വസനീയം എന്നാണ് ഗ്ലോബല്‍ വിറ്റ്നസ് ഇതിനെ വിശേഷിപ്പിച്ചത്. കൊളംബിയൻ സർക്കാരും ഫാർക്കും തമ്മിലുള്ള 2016 -ലെ സമാധാന കരാറിനുശേഷം അക്രമം വര്‍ധിക്കുകയാണുണ്ടായത്. പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിൽ, മുമ്പ് ഈ ഗറില്ല ഗ്രൂപ്പ് കൈവശം വച്ചിരുന്ന പ്രദേശങ്ങളിൽ പലതിലും ക്രിമിനൽ സംഘങ്ങള്‍ ഭരണമേറ്റെടുത്തു. നിരവധി അർദ്ധസൈനിക, ക്രിമിനൽ ഗ്രൂപ്പുകൾ ഇപ്പോഴും മയക്കുമരുന്ന് വ്യാപാരത്തിൽ വളരെയധികം നിക്ഷേപം നടത്തുന്നുണ്ട്. 14 കൊലപാതകങ്ങള്‍ നടന്നിരിക്കുന്നത് കര്‍ഷകരും ആ ഗ്രൂപ്പുകളും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെയും പ്രതിരോധത്തിന്‍റെയും ഭാഗമായിട്ടാണ്. 

കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും എണ്ണ, ഗ്യാസ് ഖനനങ്ങളുമായി എത്തിയവരെയോ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി നടത്തുന്നവരെയോ എതിര്‍ത്തവരായിരുന്നു. വന്‍തോതിലുള്ള വനനശീകരണം കാലാവസ്ഥയിലുണ്ടാക്കുന്ന മാറ്റങ്ങളെ ചൊല്ലിയാണ് ഈ ആക്ടിവിസ്റ്റുകള്‍ പ്രതികരിച്ചിട്ടുള്ളത് എന്നും ഗ്ലോബല്‍ വിറ്റ്നെസില്‍ നിന്നുള്ള റേച്ചല്‍ കോക്സ് പറയുന്നു. നമ്മുടെ ഭൂമിയെ സംരക്ഷിച്ചു നിര്‍ത്തണമെന്നുണ്ടെങ്കില്‍ അതിനുവേണ്ടി പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ കൊല്ലപ്പെട്ടവരെക്കുറിച്ച് ആഴത്തില്‍ അറിയുകയും അവരുടെ കൊലപാതകങ്ങളില്‍ കൃത്യമായ അന്വേഷണം വേണമെന്നും അവരുടെ പാത നാം പിന്തുടരേണ്ടതുണ്ടെന്നും കോക്സ് സൂചിപ്പിച്ചു. 

ഫിലിപ്പീന്‍സിലും കൊലപാതകം കൂടിവരികയാണ്. 2018 -ല്‍ സ്വന്തം ഭൂമിയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിച്ചവരില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടത് ഇവിടെയായിരുന്നു. കഴിഞ്ഞ വര്‍ഷമാകട്ടെ 48 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. വടക്കൻ മിൻഡാനാവോയിൽ സൈനിക വ്യോമാക്രമണത്തിനിടെ 2019 ഏപ്രിൽ 7 -ന് കൊല്ലപ്പെട്ട തദ്ദേശീയ നേതാവ് ഡാറ്റു കെയ്‌ലോ ബോണ്ടോളൻ അതില്‍ ഉൾപ്പെടുന്നു. ഇത് വലിയ ഭൂപ്രദേശങ്ങളെ വ്യാവസായിക തോട്ടങ്ങളാക്കി മാറ്റാനുള്ള പ്രസിഡന്റ് റോഡ്രിഗോ ഡ്യുർട്ടെയുടെ പദ്ധതിയുടെ ഹൃദയഭാഗത്താണ് നടന്നത്. തങ്ങളുടെ പരമ്പരാഗത ഭൂമിയില്‍ ഖനനവും വ്യവസായവും അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രതിരോധിച്ചയാളായിരുന്നു കെയ്‍ലോ. 

റൊമാനിയയില്‍ രണ്ട് റേഞ്ചര്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ലോകത്താകെയായി 19 സ്റ്റേറ്റ്, പാര്‍ക്ക് ഉദ്യോഗസ്ഥരാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശ്രമിച്ചതിന്‍റെ ഭാഗമായി കൊല്ലപ്പെട്ടത്. വെരിഫൈ ചെയ്‍ത കൊലപാതകങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും 2019 -ൽ ലാറ്റിനമേരിക്കയിലാണ് നടന്നത്. ഇതിൽ 33 കൊലപാതകങ്ങള്‍ ആമസോൺ മേഖലയിൽ മാത്രം നടന്നു. മധ്യ അമേരിക്കന്‍ രാജ്യമായ ഹൊണ്ടുറാസില്‍ 2018 -ൽ നാല് പേരാണ് കൊല്ലപ്പെട്ടതെങ്കില്‍ 2019 -ൽ അത് 14 ആയി ഉയർന്നു. ഇത് അപകടകരമായ അവസ്ഥയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ആഫ്രിക്കയില്‍ ഏഴ് കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍, ഇത് കാണിക്കുന്നത് ശരിയായ കണക്കാവണമെന്നില്ലെന്നും കൃത്യമായ നിരീക്ഷണ സംവിധാനത്തിന്‍റെ അഭാവത്താല്‍ രേഖപ്പെടുത്താത്ത കൊലപാതകങ്ങള്‍ വേറെയുമുണ്ടാവാമെന്നുമാണ് എന്‍ജിഒ പറയുന്നത്. 2015 ഡിസംബറിൽ പാരിസ് കരാർ ഒപ്പുവച്ചതിനുശേഷം ഓരോ ആഴ്‍ചയും നാല് പേരെങ്കിലും കൊല്ലപ്പെടുന്നുണ്ടെന്ന് ഗ്ലോബൽ വിറ്റ്‌നസ് പറയുന്നു. ആക്രമണം, ഭീഷണിപ്പെടുത്തൽ, ലൈംഗികാതിക്രമങ്ങൾ എന്നിവ കാരണം കൂടുതൽ പേർ മൗനം പാലിക്കുകയാണെന്നും ഗ്ലോബല്‍ വിറ്റ്‍നെസ് പറയുന്നു.