'ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗുസ്തി മത്സരം കനേഡിയൻ കാൻസർ സൊസൈറ്റിക്ക് വേണ്ടി $37,000 സമാഹരിച്ചു, 21 മണിക്കൂർ 49 മിനിറ്റ് 12 സെക്കൻഡ് നീണ്ടുനിന്നു' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ലോകത്തിൽ ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ഗുസ്തി മത്സരം എന്ന അവകാശവാദത്തോടെ ട്വിച്ച് സ്ട്രീമിൽ സംപ്രേഷണം ചെയ്ത മത്സരം ലോകശ്രദ്ധ പിടിച്ചുപറ്റി. 21 മണിക്കൂറും 49 മിനിറ്റും നീണ്ടുനിന്ന ഈ ഗുസ്തി മത്സരം കനേഡിയൻ കാൻസർ സൊസൈറ്റിക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായാണ് സംഘടിപ്പിച്ചത്. ഗുസ്തി ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ റൺടൈമിൽ ഏകദേശം 32 ലക്ഷം രൂപ ഇതിലൂടെ സമാഹരിക്കാൻ കഴിഞ്ഞതായാണ് സംഘാടകർ പറയുന്നത്. മുൻ AEW താരം സ്റ്റു ഗ്രേസൺ ആണ് മത്സരത്തിൽ വിജയിച്ചത്.
ആഗസ്റ്റ് 11-ന് ക്യൂബെക്കിലെ ഗാറ്റിനോയിൽ നടന്ന മത്സരത്തിൽ 16 പേരാണ് പങ്കെടുത്തത്. റിപ്പോർട്ടുകൾ പ്രകാരം മത്സരം കൃത്യമായി 21 മണിക്കൂർ 49 മിനിറ്റ് 12 സെക്കൻഡ് നീണ്ടുനിന്നു, തുടർന്ന് ഗ്രേസൺ ജൂനിയർ ബെനിറ്റോയെ ഒരു നൈറ്റ്ഫാളിലൂടെ പരാജയപ്പെടുത്തി മാരത്തൺ മത്സരം അവസാനിപ്പിച്ചു.
മത്സരത്തിന്റെ അവസാനഘട്ടത്തിൻ്റെ വീഡിയോ @Dexerto X-ൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗുസ്തി മത്സരം കനേഡിയൻ കാൻസർ സൊസൈറ്റിക്ക് വേണ്ടി $37,000 സമാഹരിച്ചു, 21 മണിക്കൂർ 49 മിനിറ്റ് 12 സെക്കൻഡ് നീണ്ടുനിന്നു' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
16 പേരടങ്ങുന്ന മത്സരത്തിൽ ഡാന്റേ ഡുബോയിസ്, ഗബ്രിയേൽ ഫ്ലോയ്ഡ്, ഹാഡി, ജെഫ് ഫ്യൂറി, ജോ ജോബ്ബർ, കത്രീന ക്രീഡ്, കെജെ സ്വെയ്ഡ്, ആൽവിൻ ടർണർ, സെസിൽ നൈക്സ്, ഡ്രേയ മിച്ചൽ, ജേസൺ എക്സൈൽ, മാത്തിസ് മൈർ, ടോപ്പ് ഡോഗ്, സാണ്ടർ ഓറിയോൺ എന്നിവർ പങ്കെടുത്തു.
ഈ മത്സരം എല്ലാ റെക്കോർഡുകളും തകർത്തിട്ടുണ്ടെങ്കിലും, ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഇതിനെ അംഗീകരിച്ചിട്ടില്ല. ഏറ്റവും ദൈർഘ്യമേറിയ ഗുസ്തി മത്സരത്തിന്റെ ഔദ്യോഗിക ഗിന്നസ് വേൾഡ് റെക്കോർഡ് 2021 -ൽ ജപ്പാനിൽ നിന്നാണ്. 21 മണിക്കൂർ 44 മിനിറ്റ് 34 സെക്കൻഡ് നീണ്ടുനിന്ന ഒരു മത്സരത്തിലാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ലോകത്തിലെ ഏറ്റവും ദൈർഘ്യം കൂടിയ ഗുസ്തി മത്സരമായി കണക്കാക്കിയിരിക്കുന്നത്.
