പ്രത്യേകം പദവി റദ്ദാക്കിയതിനുശേഷം ആദ്യമായി കശ്‍മീര്‍ സന്ദര്‍ശനത്തിനെത്തിയ അന്താരാഷ്ട്രസംഘം യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗങ്ങളാണ്. എന്നാല്‍, ഇതില്‍ ഭൂരിപക്ഷവും വലതുപക്ഷക്കാരാണെന്ന് ആരോപണം. ഇതേച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ ഭാഗത്തുനിന്നടക്കം പ്രതിഷേധങ്ങളുയര്‍ന്നു.  27 അംഗ സംഘത്തിലെ 22 പേരും തീവ്ര വലതുപക്ഷത്തുനിന്നുള്ളവരാണ്. ജര്‍മ്മന്‍ അള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനിയില്‍ നിന്നടക്കമുള്ളവരാണ് കശ്‍മീര്‍ സന്ദര്‍ശിക്കാന്‍ നിയോഗിക്കപ്പെട്ടത്.

ഈ 22 പേരും വിവിധ രാജ്യങ്ങളിലെ വലതുപക്ഷ രാഷ്ട്രീയ നേതാക്കളാണ്. അതില്‍ ആറുപേര്‍ ഫ്രാന്‍സില്‍ നിന്നുള്ള വലതുപക്ഷ പാര്‍ട്ടിയിലെ (National Rally -France) അംഗങ്ങളാണ്. അഞ്ചുപേര്‍ പോളണ്ടിലെ വലതുപക്ഷ പാര്‍ട്ടിയില്‍നിന്നും, ശേഷിക്കുന്നവര്‍ ജര്‍മ്മനി, ഇറ്റലി, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളില്‍ നിന്നുള്ള അംഗങ്ങളുമാണ്. കുടിയേറ്റക്കാര്‍ക്കെതിരെയുള്ള സമീപനത്തിന്‍റെ പേരിലും മുസ്‍ലിം വിരുദ്ധ നിലപാടുകളുടെ പേരിലും വിമര്‍ശനങ്ങളേറ്റു വാങ്ങുന്ന പാര്‍ട്ടികളാണ് ഇതില്‍ പലതും. ബ്രിട്ടനിലെ ലിബറൽ ഡെമോക്രാറ്റുകളിൽ നിന്നുള്ള ഒരു യൂറോപ്യന്‍ പാര്‍ലമെന്‍റംഗവും പ്രതിനിധി സംഘത്തിലുണ്ട്. ഇറ്റലിയിൽ നിന്ന്, മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്‌കോണി (ഫോർസ ഇറ്റലി)യും പാർടിറ്റോ ഡെമോക്രാറ്റിക്കോ പാര്‍ട്ടിയുടെ ഒരാളും ഉണ്ട്. വലതുപക്ഷ രാഷ്ട്രീയനേതാക്കളില്‍ രണ്ടുപേരെങ്കിലും നേരത്തെ തന്നെ ഇന്ത്യന്‍ ഗവണ്‍മെന്‍റ് കശ്‍മീരില്‍ ചുമത്തിയ നിയന്ത്രണങ്ങളെ യൂറോപ്യന്‍ പാര്‍ലമെന്‍റില്‍ പിന്തുണച്ച് സംസാരിച്ചവരാണ്. 

ജമ്മു- കശ്മീരിലെ സാഹചര്യവുമായി ബന്ധപ്പെട്ട് വാഷിങ്ടണ്ണില്‍ നടന്ന യു എസ് കോണ്‍ഗ്രസില്‍ ചില പ്രതിനിധികള്‍ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഈ സന്ദര്‍ശനം. ദില്ലി സാധാരണമെന്ന് നേരത്തേതന്നെ പറഞ്ഞിരിക്കുന്ന കശ്മീരിലെ സ്ഥിതിഗതികൾ പുറംലോകത്തെത്തിക്കാനുള്ള ശ്രമമായാണ് ഇന്ത്യൻ സർക്കാർ യൂറോപ്യൻ യൂണിയൻ നിയമനിർമ്മാതാക്കളുടെ സന്ദർശനം അവതരിപ്പിച്ചിരിക്കുന്നത്.

സംഘാംഗങ്ങള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്‍ടാവ് അജിത് ഡോവല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയ്ക്ക് ശേഷമുണ്ടായ ഒദ്യോഗിക പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ഇപ്രകാരമാണ്, ''ജമ്മു-കാശ്‍മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ സാംസ്‍കാരികവും മതപരവുമായ വൈവിധ്യങ്ങള്‍ മനസിലാക്കാനുള്ള അവസരം ഈ സന്ദര്‍ശനത്തിലൂടെ സംഘാംഗങ്ങള്‍ക്ക് ലഭിക്കും...''

ഈ അംഗങ്ങള്‍ ഇന്ത്യയിലുണ്ടായിരുന്നുവെന്ന് യൂറോപ്യൻ യൂണിയൻ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘമായിട്ടല്ല യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗങ്ങളുടെ സംഘം ജമ്മു-കശ്‍മീര്‍ സന്ദര്‍ശിക്കുന്നത് എന്നാണ് ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയന്‍ ഓഫീസ് നല്‍കുന്ന വിവരം. ഈ സന്ദര്‍ശനം ഔദ്യോഗികമല്ല, അത് പാര്‍ലമെന്‍റിനെ പ്രതിനിധീകരിക്കുന്നുമില്ല എന്നാണ് യൂറോപ്യന്‍ പാര്‍ലമെന്‍റ് വ്യക്തമാക്കുന്നതെന്നാണ് അറിയുന്നത്. 

സെപ്റ്റംബർ 17 -ന് യൂറോപ്യൻ പാർലമെന്റിൽ നടന്ന ഒരു ചർച്ചയിൽ രാഷ്ട്രീയക്കാരായ പോളണ്ടില്‍നിന്നുള്ള റിസാർഡ് സാർനെക്കി, ഇറ്റലിയിലെ ഫുൾവിയോ മർട്ടുസെല്ലോ എന്നിവർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് ഇന്ത്യൻ സർക്കാരിനെ പിന്തുണച്ചവരാണ്. ഇന്ത്യ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നടന്ന ഭീകരപ്രവർത്തനങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ഈ തീവ്രവാദികൾ ചന്ദ്രനിൽ നിന്ന് ഇറങ്ങിയവരല്ല. അവർ അയൽരാജ്യത്ത് നിന്ന് വരികയായിരുന്നു. നമ്മൾ ഇന്ത്യയെ പിന്തുണയ്ക്കണം.'' എന്നാണ് സാർനെക്കി പറഞ്ഞത്. 

ബ്രിട്ടന്‍റെ വലതുപക്ഷ ബ്രെക്സിറ്റ് പാർട്ടി യൂറോപ്യൻ യൂണിയൻ വിരുദ്ധമാണ്, ഈ വർഷം ആദ്യം രൂപീകരിച്ച ഇതില്‍ 29 യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗങ്ങളുമുണ്ട്. ബെൽജിയത്തിൽ നിന്നുള്ള വലതുപക്ഷ പാര്‍ട്ടികളാകട്ടെ ഫ്ലെമിഷ് ദേശീയതയെ പ്രതിനിധീകരിക്കുകയും സാംസ്‍കാരിക വൈവിധ്യത്തെ എതിർക്കുകയും ചെയ്യുന്നവരാണ്. അടുത്ത കാലത്തായി ഇറ്റലിയുടെ ലെഗാ പാർട്ടി വലതുവശത്തേക്ക് കൂടുതല്‍ നീങ്ങുകയും അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നു, പ്രത്യേകിച്ച് മുസ്ലീം രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റത്തെയാണ് ഇവര്‍ എതിര്‍ക്കുന്നത്. 

മാസങ്ങളായി ഇന്ത്യന്‍ സര്‍ക്കാര്‍ വിദേശ മാധ്യമപ്രവര്‍ത്തകരെയും നയതന്ത്രജ്ഞരെയും കാശ്‍മീര്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചിരുന്നില്ല. ഒക്ടോബര്‍ മൂന്നിന് യു എസ് കോണ്‍ഗ്രസ്മെന്നായ ക്രിസ് വാന്‍, ശ്രീനഗര്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടത് നിഷേധിക്കുകയായിരുന്നു. അതുപോലെ തന്നെ യു എന്‍ ഹ്യുമന്‍ റൈറ്റ്സ് കൗണ്‍സിലിലെ പ്രത്യേക റിപ്പോര്‍ട്ടര്‍മാര്‍ നല്‍കിയ കശ്മീര്‍ സന്ദര്‍ശനത്തിനുള്ള അപേക്ഷയും സ്വീകരിക്കപ്പെട്ടിരുന്നില്ല. 

യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ കശ്മീർ സന്ദർശിക്കുമെന്ന വിവരത്തില്‍ ദില്ലിയിലെ പ്രതിപക്ഷ നിയമസഭാംഗങ്ങൾ പ്രതിഷേധിച്ചു. കോൺഗ്രസ് നേതാക്കളായ ശശി തരൂരും ജയറാം രമേഷും ഇത് ഇന്ത്യൻ പാർലമെന്റിനെയും ജനാധിപത്യത്തെയും അപമാനിക്കുന്ന നടപടിയെന്നാണ് വിശേഷിപ്പിച്ചത്. 'സർക്കാരിന്റെ ഈ നിലപാട് സ്വയം പരാജയപ്പെടുത്തുന്നതാണ്, ജമ്മു കശ്‍മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന സ്ഥിരമായ നിലപാടിന് വിരുദ്ധമാണിത്. ഇതാണോ ഇന്ത്യൻ ദേശീയതയുടെ പുതിയ പതിപ്പ്?' എന്നാണ് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ ചോദിച്ചത്. 

ജമ്മു കശ്മീർ മുൻമുഖ്യമന്ത്രി മെഹബൂബ മുഫ്തി തടവിലാക്കപ്പെട്ടതുമുതല്‍ മകൾ ഇൽറ്റിജയാണ് അമ്മയുടെ ട്വിറ്റർ ഹാൻഡിൽ പ്രവർത്തിപ്പിക്കുന്നത്, 'ഫാസിസ്റ്റുകളെ' മാത്രമേ സംസ്ഥാനം സന്ദർശിക്കാൻ അനുവദിക്കുകയുള്ളോ എന്നാണ് മെഹ്ബൂബ മുഫ്‍തിയുടെ ട്വിറ്ററില്‍ നിന്ന് ട്വീറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.