തന്‍റെ മുന്‍ അധ്യാപകനായിരുന്ന 60 -കാരനെ വിവാഹം കഴിച്ച് 22 -കാരിയായ ഇറ്റാലിയന്‍ ഇന്‍ഫ്ലുവന്‍സര്‍. പണത്തിന് വേണ്ടിയുള്ള വിവാഹം എന്ന് വിമര്‍ശനം വന്നതോടെ മറുപടി ഇങ്ങനെ. 

പ്രണയത്തിലും വിവാഹത്തിലും പ്രായവ്യത്യാസം ഇന്ന് ഒരു വിഷയമല്ലാതായി മാറിയിരിക്കയാണ്. എന്നാൽ, പ്രായമായവരെ വിവാഹം കഴിക്കുന്ന സ്ത്രീകൾക്ക് പലപ്പോഴും വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. പ്രധാന വിമർശനം പണത്തിന് വേണ്ടിയാണ് ഈ പ്രണയവും വിവാഹവുമെല്ലാം എന്നതാണ്. എന്നാൽ, ചിലരെല്ലാം അതിന് മറുപടിയുമായി എത്താറുണ്ട്. അതുപോലെ, തന്നേക്കാൾ 40 വയസ് കൂടുതലുള്ള ഒരാളെ വിവാഹം കഴിച്ചതിന്റെ പേരിൽ വലിയ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നയാളാണ് ഇറ്റാലിയൻ ഇൻഫ്ലുവൻസറായ മിനിയ പഗ്നി. പണത്തിന് വേണ്ടിയായിരുന്നു ഈ വിവാഹം, മിനിയ ഒരു ​ഗോൾഡ് ഡി​ഗ്ഗറാണ് തുടങ്ങി നിരവധി ആരോപണങ്ങളാണ് അവൾക്ക് നേരെ ഉയർന്നത്. എന്നാൽ, അതിനുള്ള മറുപടിയും അവൾ തന്നെ നൽകി.

22 വയസ്സുകാരിയായ മിനിയ പഗ്നി അഞ്ച് വർഷം മുമ്പാണ് 60 വയസ്സുള്ള മാസിമോയെ കണ്ടുമുട്ടിയത്. ആ സമയത്ത്, മാസിമോ അവളുടെ ഹൈസ്കൂൾ അധ്യാപകനായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ മാസിമോയോട് ക്രഷ് തോന്നിയിരുന്നുവെന്നും എന്നാൽ തങ്ങൾക്കിടയിൽ അന്ന് പ്രണയമുണ്ടായിരുന്നില്ല എന്നും മിനിയ പറയുന്നു. 5 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോഴാണ് പ്രണയം പൂവണിഞ്ഞത്. "സ്കൂൾ കഴിഞ്ഞശേഷം പിന്നീട് ഒന്നുമുണ്ടായില്ല. രണ്ട് വർഷങ്ങൾക്ക് മുമ്പ്, യാദൃശ്ചികമായി, ഒരു ബുക്സ്റ്റോറിൽ വെച്ച് ഞങ്ങൾ പരസ്പരം കണ്ടുമുട്ടി അതാണ് പ്രണയത്തിലേക്ക് നയിച്ചത് എന്നാണ് അവൾ പറയുന്നത്."

View post on Instagram

ഒരു സ്ത്രീയുടെ തിരഞ്ഞെടുപ്പിനെ പണത്തിന്റെ കാര്യം പറഞ്ഞ് ചുരുക്കിക്കളയരുത് എന്നാണ് അവൾ പറയുന്നത്. അത് പഴയ യാഥാസ്ഥിതിക ചിന്തയാണ്. മാസിമോയുടെ ബുദ്ധിയും പെരുമാറ്റവുമാണ് തന്നെ ആകർഷിച്ചത് എന്നും അവൾ പറയുന്നു. മിനിയയുടെ വീട്ടുകാർക്ക് എല്ലാ മാതാപിതാക്കളെയും പോലെ ആദ്യം വിവാഹത്തിന് എതിർപ്പായിരുന്നു. എന്നാൽ, പിന്നീട് അവർ അതിന് സമ്മതിക്കുകയായിരുന്നു.