കുട്ടിക്കാലത്തുണ്ടായ ഒരു സ്കൂൾ അപകടത്തിന് പിന്നാലെ ശരീരത്തില്‍ തറച്ചിരുന്ന തെര്‍മോമീറ്റര്‍ 22 വർഷത്തിന് ശേഷമാണ് പുറത്തെടുത്തത്. 

ചൈനയിലെ വുഹാനിലെ ഒരു സ്ത്രീയുടെ ശരീരത്തിൽ നിന്ന് 22 വർഷം പഴക്കമുള്ള തെര്‍മോമീറ്ററിന്‍റെ കഷ്ണം നീക്കം ചെയ്തു. ഒരു ചെറിയ സൈക്കിൾ അപകടത്തെത്തുടർന്ന് ഇടുപ്പിന് വേദനയുമായി യുവതി ഡോക്ടറുടെ അടുത്തെത്തിയിരുന്നു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം സിടി സ്കാൻ നടത്തിയപ്പോളാണ് യുവതിയുടെ ഇടുപ്പില്‍ ഒരു ഗ്ലാസ് കഷ്ണം കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇതൊരു തെര്‍മോമീറ്ററിന്‍റെ കഷ്ണമാണെന്ന് വ്യക്തമായതെന്നും പിന്നാലെ ശസ്ത്രക്രിയയിലൂടെ തെര്‍മോമീറ്റര്‍ നീക്കം ചെയ്തെന്നും സൗത്ത ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹു എന്ന് വിളിപ്പേരുള്ള യുവതിയുടെ ഇടുപ്പില്‍ നിന്നാണ് ഡോക്ടർമാര്‍ തെർമോമീറ്റര്‍ നീക്കം ചെയ്തത്. ഹു പ്രൈമറി സ്കൂളില്‍ പഠിക്കുമ്പോൾ, സഹപാഠിയുടെ ഇറേസർ താഴെ വീണു. ഇതെടുക്കാന്‍ കുനിയുന്നതിനിടെ സഹപാഠി കസേരയില്‍ വച്ചിരുന്ന തെര്‍മോമീറ്ററിന്‍റെ ഗ്ലാസ് ഹുവിന്‍റെ ഇടുപ്പില്‍ തുളച്ച് കയറി. ഉടനെ ആശുപത്രിയില്‍ പോയെങ്കിലും അന്ന് ഡോക്ടർമാര്‍ പുറമേയ്ക്ക് കണ്ട ഗ്ലാസ് കഷ്ണം മാത്രമേ നീക്കം ചെയ്തൊള്ളൂ. പൊട്ടിയ ഭാഗം കണ്ടെത്താനായി ഡോക്ടർമാര്‍ അന്ന് എക്സറെ എടുപ്പിച്ചെങ്കിലും സുതാര്യമായ ഗ്ലാസ് എക്സ്റെയില്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

Scroll to load tweet…

വർഷങ്ങൾ കഴിഞ്ഞപ്പോൾ ആ സംഭവത്തെ കുറിച്ച് ഹു പോലും മറന്ന് പോയി. എന്നാല്‍, അടുത്തിടെ ഉണ്ടായ സൈക്കിൾ അപകടത്തില്‍ ഹുവിന്‍റെ നട്ടെല്ലിനും പെൽവിസിനും വേദന അനുഭവപ്പെട്ടപ്പോൾ കൂടുതൽ പരിക്കുണ്ടോയെന്ന് പരിശോധിക്കാനായി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അവരൊരു 3 ഡി സിടി സ്കാന്‍ പരിശോധന നടത്തി. ഈ പരിശോധനയിലാണ് ഹുവിന്‍റെ ഇടുപ്പെല്ലിന് പിന്നിലായി 2 സെന്‍റീമീറ്റര്‍ നീളമുള്ള ഒരു ഗ്ലാസ് കഷ്ണം കണ്ടെത്തിയത്. ഭാഗ്യത്തിന് ആ തെര്‍മീറ്ററിന്‍റെ കഷ്ണത്തില്‍ മെര്‍ക്കുറി ഉണ്ടായിരുന്നില്ല. അതില്‍ മെര്‍ക്കുറി ഉണ്ടായിരുന്നെങ്കില്‍ അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും വുഹാന്‍ ആശുപത്രിയിലെ ഡോക്ടർ ഷാങ് റണ്‍റാന്‍ പറഞ്ഞു. ഇത്തരം കേസുകൾ അപൂര്‍വ്വമായി സംഭവിക്കുമെന്നും ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും പുറത്ത് നിന്നും പല രീതിയില്‍ ശരീരത്തിലേക്ക് എത്തുന്ന ഇത്തരം വസ്തുക്കളെ ഒരു പരിധിവരെ ശരീരം ഉൾക്കൊള്ളുന്നു. എന്നാല്‍ ഇത് പിന്നീട് വലിയ പ്രശ്നങ്ങൾക്ക് വഴിവയ്ക്കാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.