കമ്പനി താമസസ്ഥലം തരുന്നു, ജീവിതച്ചെലവ് കുറവാണ്, മെട്രോ നഗരങ്ങളിലെപ്പോലെ വലിയ തിരക്കുകളില്ലെങ്കിലും ഈ സമാധാനവും ഹരിതാഭയും ശാന്തമായ ജീവിതവും ശരിക്കും ആസ്വദിക്കാന്‍ തുടങ്ങി.

സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടി ഒരു സര്‍ക്കാർ ജീവനക്കാരന്റെ ആറു വര്‍ഷത്തെ കരിയര്‍ യാത്ര. 22,000 രൂപയുടെ ചെറിയ മാസശമ്പളത്തില്‍ തുടങ്ങി ഒടുവില്‍ പൊതുമേഖലാ സ്ഥാപനത്തില്‍ എത്തിനില്‍ക്കുന്ന തന്റെ വിശേഷങ്ങളാണ് യുവാവ് പങ്കുവെച്ചിരിക്കുന്നത്. മധ്യപ്രദേശിലെ ഒരു ചെറിയ ഗ്രാമത്തില്‍ വളര്‍ന്ന യുവാവ്, നിലവിലെ ജോലിയിലെത്തും മുമ്പ് പല സ്ഥാപനങ്ങളിലും ജോലി ചെയ്തിരുന്നു. ഡെല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് ബികോം പൂര്‍ത്തിയാക്കി. 20 -ാം വയസ്സില്‍ ക്യാമ്പസ് പ്ലേസ്മെന്റിലൂടെയാണ് ആദ്യത്തെ ജോലി സ്വന്തമാക്കിയത്. '3.3 ലക്ഷം രൂപയായിരുന്നു വാര്‍ഷിക പാക്കേജ്. കൈയില്‍ കിട്ടിയത് മാസം 22,000 രൂപയോളം. ചെറിയൊരു നാടായതുകൊണ്ട് തന്നെ ഗുരുഗ്രാമിലേക്ക് മാറി സ്വന്തമായി സമ്പാദിച്ചു തുടങ്ങിയത് വലിയ അനുഭവമായി. ആ ആദ്യശമ്പളം എനിക്ക് അനുഭവിച്ചറിയാത്തത്ര സ്വാതന്ത്ര്യം തന്നു' എന്ന് യുവാവ് കുറിച്ചു.

CAT പരീക്ഷ എഴുതി പരാജയപ്പെട്ടതോടെ, കരിയറിലെ ഏറ്റവും വലിയ റിസ്‌കെടുത്ത് ജോലി ഉപേക്ഷിച്ചു. ഒരു കേന്ദ്ര സര്‍വകലാശാലയില്‍ മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദത്തിന് ചേർന്നു. 'മൂന്നാം സെമസ്റ്ററില്‍, കൊവിഡിന്റെ നടുവിലാണ് പ്രമുഖ സ്ഥാപനങ്ങളിലൊന്ന് ക്യാമ്പസ് പ്ലേസ്മെന്റിനായി എത്തിയത്. എൺപതോളം വിദ്യാര്‍ത്ഥികളില്‍ നിന്ന് രണ്ട് പേര്‍ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഭാഗ്യത്തിന് ഞാനും അതിലൊരാളായിരുന്നു. 6.5 ലക്ഷം രൂപയായിരുന്നു പാക്കേജ്. ഏകദേശം 41,000 രൂപ കയ്യില്‍ കിട്ടി'.

'എന്നാല്‍ അതിനകം തന്നെ സര്‍ക്കാര്‍ ജോലിയെക്കുറിച്ച് ഗൗരവമായി ചിന്തിച്ചിരുന്നു. കൊവിഡും വര്‍ക്ക് ഫ്രം ഹോമും വലിയ അനുഗ്രഹമായി. ഓഫീസ് സമയത്തിന് ശേഷം കിട്ടിയ ഒഴിവുസമയമെല്ലാം മത്സരപരീക്ഷകള്‍ക്കായി മാറ്റിവെച്ചു.' ഏഴ് മാസത്തിന് ശേഷം യുവാവ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ പി.ആര്‍ സ്ഥാപനത്തിലേക്ക് മാറി. അവിടെ ശമ്പളം കയ്യിൽ കിട്ടുന്നത് 55,000 രൂപയായിരുന്നു. വര്‍ക്ക് ഫ്രം ഹോം രീതി സര്‍ക്കാര്‍ പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ വീണ്ടും സഹായകരമായി. തയ്യാറെടുപ്പുകള്‍ക്കിടയിലാണ് ഒരു പി.എസ്.യുവിന്റെ റിക്രൂട്ട്മെന്റ് വിജ്ഞാപനം കണ്ടത്. പരീക്ഷയും അഭിമുഖവും വിജയിച്ച് അങ്ങനെ ആ പൊതുമേഖലാ സ്ഥാപനത്തില്‍ ജോലിയിൽ പ്രവേശിച്ചു. അടിസ്ഥാന ശമ്പളം 50,000 രൂപയായിരുന്നെങ്കിലും അലവന്‍സുകള്‍ കൂടി ചേര്‍ത്ത് പ്രതിമാസ വരുമാനം 65,000 രൂപയായി ഉയര്‍ന്നു.

വാര്‍ഷിക ഇന്‍ക്രിമെന്റുകള്‍ക്കും ശമ്പള പരിഷ്‌കരണത്തിനും സ്ഥാനക്കയറ്റത്തിനും ശേഷം തന്റെ പ്രതിമാസ ശമ്പളം ഏകദേശം 1.16 ലക്ഷം രൂപയായി ഉയര്‍ന്നതായി യുവാവ് പറഞ്ഞു. 'ഇന്ന് ഞാന്‍ സെൻട്രൽ ഇന്ത്യയിലെ ഒരു ടയര്‍-3 നഗരത്തിലാണ് ജോലി ചെയ്യുന്നത്. കമ്പനി താമസസ്ഥലം തരുന്നു, ജീവിതച്ചെലവ് കുറവാണ്, മെട്രോ നഗരങ്ങളിലെപ്പോലെ വലിയ തിരക്കുകളില്ലെങ്കിലും ഈ സമാധാനവും ഹരിതാഭയും ശാന്തമായ ജീവിതവും ഞാന്‍ ശരിക്കും ആസ്വദിക്കാന്‍ തുടങ്ങി' എന്നും യുവാവ് കുറിച്ചു. നിരവധിപ്പേരാണ് യുവാവിന്റെ കുറിപ്പ് ശരിക്കും പ്രചോദനാത്മകമാണ് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്.