നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (NCRB) അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം 22,372 വീട്ടമ്മമാരാണ് ആത്മഹത്യ ചെയ്തത്. അതായത് ഓരോ 25 മിനിറ്റിലും ഒരാള്‍ എന്ന കണക്കില്‍. ഓരോ ദിവസവും ശരാശരി 61 ആത്മഹത്യകള്‍. 

രാജ്യത്ത് ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഓരോ വര്‍ഷവും കൂടി വരികയാണ്. ഇങ്ങനെ ആത്മഹത്യാ ചെയ്യുന്ന സ്ത്രീകളില്‍ കൂടുതലും വീട്ടമ്മമാരാണ് എന്നതാണ് വസ്തുത. എന്തുകൊണ്ടാണ് നമ്മുടെ രാജ്യത്ത് ഓരോ വര്‍ഷവും ആയിരക്കണക്കിന് വീട്ടമ്മാര്‍ ജീവിതം സ്വയം അവസാനിപ്പിക്കുന്നത്? 

ഭര്‍ത്താവിന്റെ സ്‌നേഹരാഹിത്യവും മദ്യപാനവും, ശാരീരികപീഡനങ്ങളും എല്ലാം അതിന്റെ കാരണങ്ങളായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാലുചുവരുകള്‍ക്കുള്ളില്‍ ജീവിതം ഹോമിക്കുന്ന ഇവര്‍ക്ക് പലപ്പോഴും പങ്കാളികളില്‍ നിന്ന് ആവശ്യമായ സ്‌നേഹവും, കരുതലും ലഭിക്കാതെ വരുന്നു. ഇതിനിടയില്‍ സാമ്പത്തികമായ പ്രതിസന്ധികള്‍ അനുഭവിക്കുന്നവരും കുറവല്ല. തുടര്‍ച്ചയായ അവഗണയും, പീഡനവും അവരില്‍ വല്ലാത്ത ഒരു തരം വൈകാരിക ശൂന്യത ഉണ്ടാക്കുന്നു. അങ്ങനെ മനം മടുത്ത് ഒടുവില്‍ അവര്‍ ആത്മഹത്യയില്‍ അഭയം തേടുന്നു.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (NCRB) അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം 22,372 വീട്ടമ്മമാരാണ് ആത്മഹത്യ ചെയ്തത്. അതായത് ഓരോ 25 മിനിറ്റിലും ഒരാള്‍ എന്ന കണക്കില്‍. ഓരോ ദിവസവും ശരാശരി 61 ആത്മഹത്യകള്‍. കുടുംബ പ്രശ്‌നങ്ങള്‍ എന്ന് പൊതുവായി ഇതിനെ പറയാമെങ്കിലും, മാനസികാരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ ഗാര്‍ഹികപീഡനം തന്നെയാണ് പ്രധാന കാരണം. 

അടുത്തിടെ സര്‍ക്കാര്‍ നടത്തിയ ഒരു സര്‍വേയില്‍ രാജ്യത്തെ 30% സ്ത്രീകള്‍ക്കും തങ്ങളുടെ പങ്കാളികളില്‍ നിന്ന് പീഡനം അനുഭവിക്കേണ്ടി വന്നവരാണ് എന്ന് കണ്ടെത്തിയിരുന്നു.'സ്ത്രീകള്‍ അസാമാന്യ സഹനശേഷിയുള്ളവരാണ്. പക്ഷേ അതിനും ഒരു പരിധിയുണ്ട്'- വാരണാസിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ. ഉഷ വര്‍മ ശ്രീവാസ്തവ പറയുന്നു.

ഇന്നും 18 തികയുമ്പോള്‍ തന്നെ പെണ്മക്കളെ കെട്ടിച്ചുവിടുന്ന വീട്ടുകാര്‍ രാജ്യത്ത് നിരവധിയാണ്. പക്വത എത്തുന്നതിന് മുന്‍പ് തന്നെ അവള്‍ ഭാര്യയും മരുമകളും ആയിത്തീരുന്നു. ദിവസം മുഴുവന്‍ വീട്ടുജോലികള്‍ ചെയ്തു കഷ്ടപ്പെടുന്നു. പറന്ന് നടക്കേണ്ട പ്രായത്തില്‍ തന്നെ എല്ലാത്തരം നിയന്ത്രണങ്ങളും അവളുടെ മേല്‍ ചുമത്തപ്പെടുന്നു. അവള്‍ക്ക് വ്യക്തിപരമായ സ്വാതന്ത്ര്യം മാത്രമല്ല, സാമ്പത്തിക ഭദ്രതയും ഇല്ലാതാകുന്നു. ദിവസവും അവര്‍ക്ക് ചെയ്യേണ്ടി വരുന്ന കഠിനവും വിരസവുമായ ജോലികള്‍ അവളുടെ മനസ്സിനെ മരപ്പിക്കുന്നു. വീടുകള്‍ ശ്വാസം മുട്ടിക്കുന്ന തടവറകളായി മാറുന്നു. അവളുടെ വിദ്യാഭ്യാസത്തിനോ, സ്വപ്നങ്ങള്‍ക്കോ യാതൊരു വിലയും കല്പിക്കപ്പെടുന്നില്ല. പതിയെ അവളുടെ സ്വപ്നങ്ങളും, പ്രതീക്ഷകളും കെട്ടടുങ്ങുന്നു. നിരാശയുടെ നടുക്കടലില്‍ അകപ്പെട്ട അവള്‍ക്ക് ജീവിതം പോലും ഒരു ഭാരമായി തീരുന്നു.

ഇത് ചെറുപ്പക്കാരായ സ്ത്രീകളുടെ കാര്യം. എന്നാല്‍ പ്രായമായ വീട്ടമ്മമ്മാരെ സംബന്ധിച്ചിടത്തോളം ആത്മഹത്യയുടെ കാരണങ്ങള്‍ വ്യത്യസ്തമാണെന്ന് ഡോക്ടര്‍ ഉഷ പറയുന്നു. 'കുട്ടികള്‍ വളര്‍ന്ന് പഠിക്കാനോ, ജോലിക്കോ വേണ്ടി വീടുവിട്ടു പോകുമ്പോള്‍ അമ്മമാര്‍ക്ക് വല്ലാത്ത ഒരു ശൂന്യത അനുഭവപ്പെടാം. നെസ്റ്റ് സിന്‍ഡ്രോം എന്നറിയപ്പെടുന്ന ഇത് അവരെ മാനസികമായി തളര്‍ത്താം. കൂടാതെ, പലരും ആര്‍ത്തവവിരാമ ലക്ഷണങ്ങള്‍ അനുഭവിക്കുന്ന സമയം കൂടിയാണിത്. വിഷാദത്തിനും നിരാശയ്ക്കും ഇത് വഴി ഒരുക്കുന്നു. ഇതെല്ലാം ആ പ്രായത്തിലുള്ള സ്ത്രീകളെ ആത്മഹത്യത്തിലേയ്ക്ക് നയിച്ചേക്കാം,' അവര്‍ പറയുന്നു.

അതേസമയം പലപ്പോഴും ഒരു നിമിഷത്തില്‍ തോന്നുന്ന വികാരവിക്ഷോഭമാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത് എന്ന് ഉഷ അഭിപ്രായപ്പെട്ടു. ആത്മഹത്യ ചെയ്യുന്ന ഇന്ത്യന്‍ സ്ത്രീകളില്‍ മൂന്നിലൊന്നും ഗാര്‍ഹിക പീഡനത്തിന് ഇരയായ ചരിത്രമുണ്ടെന്ന് സ്വതന്ത്ര ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നുവെന്നും, എന്നാല്‍ അതൊരു കാരണമായി എന്‍സിആര്‍ബി ഡാറ്റയില്‍ എങ്ങും പരാമര്‍ശിക്കപ്പെട്ടിട്ടില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

പകര്‍ച്ചവ്യാധിയും ലോക്ക്ഡൗണും സ്ത്രീകളുടെ സ്ഥിതി കൂടുതല്‍ വഷളാക്കുകയായിരുന്നു. ഗാര്‍ഹിക പീഡന ഇടങ്ങളില്‍, പുരുഷന്മാര്‍ പകല്‍ ജോലിക്ക് പോകുമ്പോഴായിരിക്കും സ്ത്രീകള്‍ക്ക് അല്പം സ്വസ്ഥയുണ്ടാകുന്നത്. പക്ഷേ പകര്‍ച്ചവ്യാധി വന്നതോടെ, നിയന്ത്രണങ്ങളും, തൊഴില്‍ പ്രതിസന്ധിയും പുരുഷന്മാരെ കൂടുതല്‍ സമയവും വീടുകളില്‍ തന്നെ തുടരാന്‍ പ്രേരിപ്പിച്ചു. സ്ത്രീകള്‍ ഇതോടെ ദുരുപയോഗം ചെയ്യുന്നവരുടെ ഒപ്പം രാവും പകലും കഴിയാന്‍ നിര്‍ബന്ധിതരായി. ഇത് അവരുടെ ജീവിതത്തെ താറുമാറാക്കി. കോപവും വേദനയും സങ്കടവും കാലക്രമേണ വര്‍ദ്ധിക്കുകയും ആത്മഹത്യ അവരുടെ അവസാന ആശ്രയമായി മാറുകയും ചെയ്യുന്നു.

ആഗോളതലത്തില്‍ ഏറ്റവുമധികം ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്: ആഗോള ആത്മഹത്യയുടെ നാലിലൊന്ന് ഇന്ത്യന്‍ പുരുഷന്‍മാരാണ്, അതേസമയം 15 മുതല്‍ 39 വയസ്സ് വരെ പ്രായമുള്ള ആഗോള ആത്മഹത്യകളില്‍ 36 ശതമാനവും ഇന്ത്യന്‍ സ്ത്രീകളാണ്. 2020-ല്‍ ഇന്ത്യയില്‍ രേഖപ്പെടുത്തിയ 153,052 ആത്മഹത്യകളില്‍ 14.6 ശതമാനവും വീട്ടമ്മമാരാണ്. ആത്മഹത്യ ചെയ്ത സ്ത്രീകളുടെ ആകെ എണ്ണത്തിന്റെ അന്‍പത് ശതമാനമാണ് ഇത്.