Asianet News MalayalamAsianet News Malayalam

പരിസ്ഥിതിക്ക് വേണ്ടി നിലകൊണ്ടതിന് കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത് 227 പേർ, ഞെട്ടിക്കുന്ന കണക്ക്

ഗ്ലോബൽ വിറ്റ്നസിന്റെ ഒരു മുതിർന്ന പ്രചാരകനായ ക്രിസ് മാഡൻ പറഞ്ഞത്, പരിസ്ഥിതി പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ സര്‍ക്കാരുകൾ മുന്നോട്ട് വരണം എന്നാണ്. കമ്പനികൾ ലാഭം കൊയ്യാനായി ആളുകളെയും ഭൂമിയേയും ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം. 

227 environmental activist murdered last year
Author
London, First Published Sep 14, 2021, 3:09 PM IST

പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടി നിലയുറപ്പിച്ചതിന്‍റെ ഭാഗമായി നിരവധിക്കണക്കിന് പരിസ്ഥിതി പ്രവര്‍ത്തകര്‍ കഴിഞ്ഞ വർഷം കൊല ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഒരു പ്രചരണ ഗ്രൂപ്പാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. ലോകത്തിലാകെയായി 2020 -ല്‍ 227 പരിസ്ഥിതി പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട് എന്നും ഗ്ലോബല്‍ വിറ്റ്നെസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടർച്ചയായ രണ്ടാം വർഷവും രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സംഖ്യയാണിത്. 

കൊലപാതകങ്ങളിൽ ഏതാണ്ട് മൂന്നിലൊന്നും വിഭവ ചൂഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. മരംമുറി, ഖനനം, വലിയ തോതിലുള്ള കാർഷിക ബിസിനസ്, ജലവൈദ്യുത അണക്കെട്ടുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ പേരിലുള്ള ചൂഷണത്തിനെതിരെ പ്രവര്‍ത്തിച്ചവരാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. 

227 environmental activist murdered last year

വനങ്ങളും ജലവിതരണവും സമുദ്രങ്ങളും ഉൾപ്പടെ സംരക്ഷിക്കപ്പെടേണ്ട പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിച്ചതിന്‍റെ പേരിലാണ് ഈ പരിസ്ഥിതി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരിക്കുന്നത്. 2015 -ല്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പാരീസ് എഗ്രിമെന്‍റ് ഒപ്പ് വച്ചതു മുതല്‍ ആഴ്ചയില്‍ ശരാശരി നാല് പരിസ്ഥിതി പ്രവര്‍ത്തകരെങ്കിലും കൊല്ലപ്പെടുന്നുണ്ട്. 

മാധ്യമപ്രവർത്തകരുടെയും മറ്റ് പൗരന്മാരുടെയും മേൽ വർദ്ധിച്ചുവരുന്ന നിയന്ത്രണങ്ങൾ കാരണം ചില കൊലപാതകങ്ങളൊന്നും പുറത്തറിയപ്പെടുന്നില്ല. അതിനാൽ തന്നെ ഈ കണക്ക് കുറവായിരിക്കാം. ഇതിലധികം പേര്‍ യഥാര്‍ത്ഥത്തില്‍ കൊലചെയ്യപ്പെട്ടിരിക്കാം എന്നും ബിബിസി എഴുതുന്നു. ഏറ്റവും കൂടുതൽ കൊലപാതകങ്ങളും ബന്ധപ്പെട്ടിരിക്കുന്നത് മരംമുറി വ്യവസായവുമായിട്ടാണ്. ബ്രസീൽ, നിക്കരാഗ്വ, പെറു, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ ആക്രമണങ്ങളുമായി ബന്ധപ്പെട്ട 23 കേസുകളാണ് ഉള്ളത്. 

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന തദ്ദേശീയരായ ജനങ്ങളുമായി ബന്ധപ്പെട്ടതാണ് മൂന്നിലൊന്ന് കേസുകളും. കൊളംബിയയിലാണ് ഏറ്റവും കൂടുതല്‍ ആക്രമങ്ങള്‍ നടക്കുന്നത്. 65 പേരാണ് കഴിഞ്ഞ വര്‍ഷം ഇവിടെ കൊല്ലപ്പെട്ടത്. 

227 environmental activist murdered last year

ഗ്ലോബൽ വിറ്റ്നസിന്റെ ഒരു മുതിർന്ന പ്രചാരകനായ ക്രിസ് മാഡൻ പറഞ്ഞത്, പരിസ്ഥിതി പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ സര്‍ക്കാരുകൾ മുന്നോട്ട് വരണം എന്നാണ്. കമ്പനികൾ ലാഭം കൊയ്യാനായി ആളുകളെയും ഭൂമിയേയും ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം. അല്ലെങ്കിൽ കാലാവസ്ഥാ തകർച്ചയും കൊലപാതകങ്ങളും തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സുരക്ഷിതവും ആരോഗ്യകരവും സുസ്ഥിരവുമായ അന്തരീക്ഷത്തിനുള്ള മനുഷ്യാവകാശം ഔപചാരികമായി അംഗീകരിക്കാനും നവംബറിലെ യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനമായ COP26 -ൽ നടത്തിയ പ്രതിബദ്ധതകൾ ഉറപ്പുവരുത്താനും സംഘടന  ആവശ്യപ്പെടുന്നു. ഇതിന് മറുപടിയായി, COP26 പ്രസിഡന്റ് അലോക് ശർമ്മ ബിബിസിയോട് പറഞ്ഞത്, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ മുൻനിരയിൽ നിന്ന് പ്രവര്‍ത്തിക്കുന്ന ആളുകളെ കാണുന്നതിന് മുൻഗണന നൽകുമെന്നും എല്ലാവരേയും കേള്‍ക്കാന്‍ തയ്യാറാകുമെന്നുമാണ്. 

Follow Us:
Download App:
  • android
  • ios