2500 വര്‍ഷം പഴക്കമുള്ള മമ്മികളടങ്ങിയതെന്ന് കരുതുന്ന ഒരുകൂട്ടം പെട്ടികള്‍ ഈജിപ്‍തില്‍ കണ്ടെത്തി. 40 അടി താഴ്ചയുള്ള കിണറില്‍ നിന്നാണ് അടച്ച നിലയില്‍ 13 പെട്ടികള്‍ കണ്ടെത്തിയിരിക്കുന്നത്. ഒന്നിന് മുകളില്‍ ഒന്ന് എന്ന നിലയില്‍ കണ്ടെത്തിയ പെട്ടികളുടെ നിറവും ഡിസൈനുമെല്ലാം വ്യക്തമായി കാണാനാകുന്നുവെന്ന് ഈജിപ്‍തിലെ ടൂറിസം ആന്‍ഡ് ആന്‍റിക്വിറ്റീസ് മന്ത്രാലയം പറയുന്നു. നീല, വെള്ള, കറുപ്പ്, ചുവപ്പ് തുടങ്ങിയ നിറങ്ങളില്‍ പെയിന്‍റ് ചെയ്തിരിക്കുന്ന മരപ്പെട്ടികളാണ് കണ്ടെത്തിയത്. അടക്കം ചെയ്തശേഷം തുറന്നിട്ടേയില്ലാത്ത രീതിയിലാണ് പെട്ടികളുള്ളത്. 

ഈജിപ്‍തിന്റെ തലസ്ഥാനത്ത് നിന്ന് 20 മൈൽ തെക്കായി സ്ഥിതിചെയ്യുന്ന പുരാതന സൈറ്റായ സഖാറയിൽ നിന്നാണ് പുതിയ ശവപ്പെട്ടികള്‍ കണ്ടെത്തിയിരിക്കുന്നത്. പ്രശസ്‍തമായ സ്റ്റെപ് പിരമിഡ് ഇവിടെയാണ്. വരുംദിവസങ്ങളില്‍ ഈ സൈറ്റുകളില്‍ കൂടുതല്‍ ഗവേഷണം നടക്കുമെന്നാണ് കരുതുന്നത്. ഈജിപ്‍തിലെ ടൂറിസം ആന്‍ഡ് ആന്‍റിക്സ് മന്ത്രി ഈ കണ്ടെത്തലിനെ കുറിച്ച് പറഞ്ഞത്, 'പുതുതായി ഉണ്ടാവുന്ന ഓരോ ആര്‍ക്കിയോളജിക്കല്‍ കണ്ടെത്തലുകളും വിശദീകരിക്കാനാവാത്ത വികാരമാണുണ്ടാക്കുന്നതാണ്' എന്നാണ്. 

കൊറോണ വൈറസിനെ തുടര്‍ന്ന് മാര്‍ച്ച് മാസം മുതല്‍ അടച്ചിട്ടിരുന്ന ആര്‍ക്കിയോളജിക്കല്‍ സൈറ്റുകള്‍ ഈജിപ്‍ത് കഴിഞ്ഞ ദിവസമാണ് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്. അതിന് തൊട്ടുപിന്നാലെയാണ് പുതിയതായി ഈ മമ്മികളടങ്ങിയ പെട്ടികള്‍ കണ്ടെത്തിയതെന്നും ഈജിപ്‍തിന് സന്തോഷം നല്‍കിയിട്ടുണ്ട്. ഈജിപ്‍തിലെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്ന് കൂടിയാണ് ടൂറിസം. 2019 -ല്‍ ഏകദേശം 1.9 മില്ല്യണ്‍ സന്ദര്‍ശകരെയെങ്കിലും ഈജിപ്‍ത് സ്വാഗതം ചെയ്തിട്ടുണ്ട്. ഒരു മില്ല്യണിലധികം ജനങ്ങളെങ്കിലും ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. 

ഈ വര്‍ഷം ആദ്യം സഖാറയില്‍ നിന്ന് വേറെയും ശവപ്പെട്ടികള്‍ കണ്ടെത്തിയിട്ടുണ്ട്. ഏപ്രിലിൽ പുരാവസ്‍തു ഗവേഷകർ മമ്മികൾ അടങ്ങിയ നാല് പെട്ടികള്‍, ചുണ്ണാമ്പുകല്ല് എന്നിവയടക്കം മറ്റ് ചില വസ്‍തുക്കളും കണ്ടെത്തിയിരുന്നു.