ഇന്നേക്ക് കൃത്യം പതിനൊന്നു വർഷങ്ങൾക്കുമുമ്പ്, മുംബൈ നഗരം ഒരു ഭീകരാക്രമണത്തിനിരയായി. ചാവേറുകളായി കടൽമാർഗം വന്നിറങ്ങിയ പത്തു ഭീകരന്മാർ രാത്രിയുടെ ഇരുട്ടിലൂടെ നഗരത്തിലേക്ക് നുഴഞ്ഞുകയറി. കൈകളിൽ എ കെ 47 അസാൾട്ട് റൈഫിളുകളേന്തിയ ആ നരാധമന്മാർ കണ്മുന്നിൽ കണ്ടവരെയെല്ലാം വെടിവെച്ചുകൊന്നു. നഗരത്തിൽ മരണം വിതച്ചു. 

26/11. ചരിത്രമിന്ന് തീവ്രവാദാക്രമണങ്ങളെ തീയതികളായാണ് രേഖപ്പെടുത്തുന്നത്. 9/11 എന്ന പേര് കേട്ടാൽ ഏതൊരു കൊച്ചു കുഞ്ഞിനുമറിയാം പറയുന്നത് അമേരിക്കയിൽ 2001 സെപ്റ്റംബർ പതിനൊന്നിന് നടന്ന തീവ്രവാദാക്രമണങ്ങളെപ്പറ്റിയാണ് എന്ന്. അതുപോലെ മുംബൈ ഭീകരാക്രമണത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത് 26/11 എന്ന നമ്പറാണ്. അതെ, നവംബർ 26, 2008. അന്നേദിവസമായിരുന്നു മുംബൈ നിവാസികൾ മറക്കാൻ ആഗ്രഹിക്കുന്ന ആ ദുർദിനം. അന്ന് പത്ത് ലഷ്കർ-എ-ത്വയ്യിബ തീവ്രവാദികൾ പാകിസ്താനിൽ നിന്ന് കരമാർഗം വന്നെത്തി, തോക്കും ബോംബുമെല്ലാം ഉപയോഗിച്ച് മുംബൈ നഗരത്തിൽ ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ സംഘടിപ്പിച്ചു.

നാലുദിവസം നീണ്ടുനിന്ന ആ ചാവേറാക്രമണത്തിനൊടുവിൽ അവസാനത്തെ തീവ്രവാദിയും വെടിയേറ്റുവീണപ്പോഴേക്കും, മുംബൈയുടെ മണ്ണിൽ 166 ജീവൻ പൊലിഞ്ഞു കഴിഞ്ഞിരുന്നു. 300-ൽ പരം പേർക്ക് പരിക്കേറ്റിരുന്നു. പാകിസ്ഥാനിൽ നിന്ന് വലിയ ബോട്ടിൽ വന്ന്, കുബേർ എന്നുപേരായ ഒരു മീൻപിടുത്തബോട്ട് ആക്രമിച്ചു കീഴ്‌പ്പെടുത്തി മുംബൈയിൽ കഫ് പരേഡിനടുത്തുള്ള മച്ചിമാർ നഗറിലെ ഡോക്കിലാണ് പത്തംഗ സംഘം ആദ്യം വന്നിറങുന്നത്. അവരുടെ കയ്യിലെ വലിയ ഷോൾഡർ ബാഗുകൾ കണ്ട് വിവരം തിരക്കിയ മീന്പിടുത്തക്കാരോട് അവർ സ്വന്തം കാര്യം അന്വേഷിച്ചാൽ മതി എന്നും പറഞ്ഞ് നടന്നുനീങ്ങുകയായിരുന്നു. അവിടെ നിന്ന് ആ പത്തുപേർ രണ്ടുപേരടങ്ങുന്ന അഞ്ചു സംഘങ്ങളായി പിരിഞ്ഞ് പലയിടത്തായി ഒരേസമയം ആക്രമണങ്ങൾ നടത്തുകയായിരുന്നു.

ആദ്യആക്രമണം നടക്കുന്നത് രാത്രി 9.30 -ന്, മുംബൈ ഛത്രപതി ശിവാജി ടെർമിനസ് എന്ന പഴയ വിടി സ്റ്റേഷനിലാണ്. പതിനായിരങ്ങൾ മുംബൈയിൽ യാത്രക്ക് ആശ്രയിക്കുന്ന ലോക്കൽ ട്രെയിൻ സ്റ്റേഷനുകളിൽ ഏറ്റവും വലുതായിരുന്നു മുംബൈ സിഎസ്ടി. അവിടെ അജ്മൽ അമീർ കസബ്, ഇസ്മായിൽ ഖാൻ എന്നീ തീവ്രവാദികൾ ചെന്നുകയറി തലങ്ങുംവിലങ്ങും വെടിയുതിർക്കാൻ തുടങ്ങി. 58 പേരാണ് അന്നത്തെ ആ വെടിവെപ്പിൽ മരണപ്പെട്ടത്. നൂറുപേർക്ക് പരിക്കും പറ്റി. അവിടെയും ഒരു ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടൽ മരണസംഖ്യ കുറയാൻ കാരണമായി. റെയിൽവേ അനൗൺസറായ വിഷ്ണു സെൻഡെ, വെടിവെപ്പ് തുടങ്ങിയപാടെ തന്റെ അനൗൺസിംഗ് സിസ്റ്റത്തിലൂടെ സ്റ്റേഷൻ പരിസരം വിട്ടുപോകാനുള്ള അനൗൺസ്‌മെന്റ് നിരന്തരം നടത്തി. അതേസമയം വിവരം പൊലീസിന് കൈമാറുകയും ചെയ്തു. 

പത്തേമുക്കാലോടെ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ, അജ്മൽ കസബും ഇസ്മായിൽ ഖാനും തൊട്ടടുത്തുള്ള കാമാ ഹോസ്പിറ്റൽ ലക്ഷ്യമാക്കി നീങ്ങി. കാരണം, വിടി സ്റ്റേഷനിൽ പരിക്കേറ്റവരെ അങ്ങോട്ട് കൊണ്ട് ചെല്ലുമെന്നും, അവിടം നിമിഷങ്ങൾക്കകം ജനനിബിഢമാകും എന്നും അവർക്കറിയാമായിരുന്നു. എന്നാൽ ആശുപത്രി സ്റ്റാഫിന്റെ സമയോചിതമായ ഇടപെടൽ അവിടെ മരണസംഖ്യ പരിമിതപ്പെടുത്തി. പക്ഷേ, ആശുപത്രി പരിസരത്തുവെച്ച് തീവ്രവാദികളെ നേരിടുന്നതിനിടെ മുംബൈ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ചീഫ് ഹേമന്ത് കർക്കരെ, എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് വിജയ് സലാസ്കർ, എസിപി ഈസ്റ്റ് അശോക് കാംടെ എന്നിവരടക്കം ആറു പേർ കൊല്ലപ്പെട്ടു.

അരുൺ ജാദവ് എന്നൊരു കോൺസ്റ്റബിൾ മാത്രം ഗുരുതരമായി പരിക്കേറ്റെങ്കിലും ജീവനോടെ രക്ഷപ്പെട്ടു. അദ്ദേഹത്തിട്നെ റേഡിയോ സന്ദേശം കിട്ടി കൂടുതൽ ഫോഴ്‌സ് എത്തിയാണ് തീവ്രവാദികളെ പിന്തുടരുന്നതും, ഇസ്മായിൽ ഖാനെ വധിച്ച്, അജ്മൽ കസബിനെ ജീവനോടെ പിടികൂടുന്നതും. കസബിനെ പിടികൂടുന്നതിനിടെ കോൺസ്റ്റബിൾ തുക്കാറാം  ഓംബ്‌‌ലേ രക്തസാക്ഷിയാകുന്നു. എകെ 47 യന്ത്രത്തോക്കുമായി നിന്ന കസബിനെ നിരായുധനായി ചാടിവീണ് പൂണ്ടടക്കം പിടിച്ച  ഓംബ്‌‌ലേ തന്റെ നെഞ്ചുതുളച്ചുകൊണ്ട് കസബിന്റെ വെടിയുണ്ടകൾ പാഞ്ഞിട്ടും ആ പിടി വിട്ടില്ല. ഓംബ്‌‌ലേആയിരുന്നു കസബിനെ ജീവനോടെ പിടിക്കുന്നതിൽ പ്രധാനപങ്കുവഹിച്ചത്. 

അതേ സമയം തന്നെ നഗരത്തിന്റെ മറ്റൊരു ഭാഗത്ത്, കൊളാബയ്ക്കടുത്തുള്ള നരിമാൻ ഹൗസ് എന്നൊരു ജനത്തിരക്കേറിയ ഭാഗത്ത് ഒരു പുരാതനമായ ജൂതഭവനം ആക്രമണത്തിനിരയാകുന്നു. രാത്രി ഏകദേശം 9.45 അടുപ്പിച്ച് ബാബർ ഇമ്രാൻ എന്ന അബു അക്ഷ, നസീർ അഹമ്മദ് എന്ന അബു ഉമർ എന്നിവരായിരുന്നു നരിമാൻഹൗസ് ആക്രമിച്ചത്. ആ വീട്ടിൽ താമസമുണ്ടായിരുന്ന ഇസ്രായേലി റബ്ബി, അദ്ദേഹത്തിന്റെ ഭാര്യ, ബന്ധുക്കളായ അഞ്ച് ഇസ്രായേലി പൗരന്മാർ, എന്നിങ്ങനെ പലരെയും അവിടെ ബന്ദികളാക്കുന്നു. പൊലീസ് പരിസരത്തുള്ള കെട്ടിടങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ച് തീവ്രവാദികളുമായി പോരാട്ടം തുടങ്ങുന്നു. തീവ്രവാദികളുടെ ഭാഗത്തുനിന്ന് ഗ്രനേഡടക്കമുള്ള ആയുധങ്ങൾ പൊലീസിനുനേരെ പ്രയോഗിക്കപ്പെടുന്നു. കനത്ത വെടിവെപ്പുനടക്കുന്നു.

ഏറ്റുമുട്ടൽ പുരോഗമിക്കെ ദില്ലിയിൽ നിന്ന് ഹെലികോപ്റ്ററിൽ എൻഎസ്ജി കമാൻഡോകൾ നരിമാൻ ഹൗസ് പരിസരത്ത് വന്നിറങ്ങുന്നു. ആദ്യ ദിവസം തന്നെ അവർ 9 പേരെ ആ കെട്ടിടത്തിന്റെ ആദ്യനിലയിൽ നിന്ന് ഒഴിപ്പിക്കുന്നു. രണ്ടാം ദിവസം, കമാൻഡോകൾ ബിൽഡിങ്ങിലേക്ക് ഇരച്ചു കയറുന്നു. തുടർന്ന് നടന്ന കടുത്ത പോരാട്ടത്തിനൊടുവിൽ രണ്ടു തീവ്രവാദികളെയും എൻഎസ്ജി കമാൻഡോകൾ വധിക്കുന്നു. ഹവിൽദാർ ഗജേന്ദർ സിങ് ബിഷ്‌ട് ആക്രമണത്തിനിടെ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെടുന്നു. റബ്ബി ഗാവ്രിയേൽ ഹോൾട്സ്ബെർഗ്, ഭാര്യ ആറുമാസം ഗർഭിണിയായിരുന്ന റിവ്ക ഹോൾട്സ്ബെർഗ്, കെട്ടിടത്തിൽ ബന്ദികളാക്കപ്പെട്ടിരുന്ന മറ്റു നാലുപേർ എന്നിവരെ തീവ്രവാദികൾ വെടിവെച്ചു കൊല്ലുന്നു. അവരുടെ രണ്ടുവയസ്സുള്ള മകൻ മോശെ മാത്രം ആ ആക്രമണത്തെ അതിജീവിച്ചു. 

മൂന്നാമത് ആക്രമിക്കപ്പെട്ട സ്ഥലം കൊളാബയിൽ തന്നെയുള്ള ലിയോപോൾഡ് കഫെ എന്ന റസ്റ്റോറന്റായിരുന്നു. അവിടെയും ഏകദേശം സിഎസ്ടി സ്റ്റേഷനിൽ ആക്രമണമുണ്ടായ അതേ സമയത്ത്, അതായത് രാത്രി 9.30  അടുപ്പിച്ചാണ് ആദ്യ വെടിപൊട്ടുന്നത്. റെസ്റ്റോറന്റിന് പുറത്തുനിന്നു തന്നെ സൊഹെബ് എന്നും അബു ഉമർ എന്നും പേരുള്ള രണ്ടു തീവ്രവാദികൾ തങ്ങളുടെ കലാഷ്നിക്കോവ് ഓട്ടോമാറ്റിക് തോക്കുകളിൽ നിന്ന് തുരുതുരാ വെടിയുതിർത്തു. പത്തുപേർ തൽക്ഷണം കൊല്ലപ്പെട്ടു. അവർ ആ പരിസരത്തുള്ള രണ്ടു ടാക്സികളിൽ ടൈം ബോംബ് സ്ഥാപിച്ചത് പൊട്ടിത്തെറിച്ചും അഞ്ചുപേർ കൊല്ലപ്പെട്ടു. പതിനഞ്ചുപേർക്ക് പരുപാടുകയും ചെയ്തു. 

ലിയോപോൾഡിലെ ആക്രമണം ഒന്നരമിനുട്ട് നേരം മാത്രമേ നീണ്ടുനിന്നുള്ളൂ. അത് അവരുടെ മുഖ്യലക്ഷ്യമായ കൊളാബാ താജ്മഹൽ പാലസ് ഹോട്ടലിലേക്ക് പോകും വഴി നടത്തിയ ഒരു മിന്നൽ ആക്രമണം മാത്രമായിരുന്നു. തുരുതുരാവെടിയുതിർത്തുകൊണ്ട് ലോബിയിലേക്ക് ചെന്നുകയറിയ നാല് തീവ്രവാദികൾ രണ്ടു ഗ്രനേഡുകളും എറിഞ്ഞു. അതേ സമയം തന്നെ കുറച്ചപ്പുറത്തുള്ള ഒബ്‌റോയ് ട്രൈഡന്റ് എന്ന മറ്റൊരു പഞ്ചനക്ഷത്ര ഹോട്ടലിലും രണ്ടു തീവ്രവാദികൾ സമാനമായ ആക്രമണം നടത്തി. താജ് മഹൽ ഹോട്ടലിലെ പോരാട്ടം മൂന്നു ദിവസം നീണ്ടുനിൽക്കുകയും 31 പേരുടെ ജീവനെടുക്കുകയും ചെയ്തു.ട്രൈഡന്റിലും 30 പേർക്ക് ജീവാപായമുണ്ടായി. താജ് ഹോട്ടലിൽ നിന്ന് 200-ലധികം പേരെ ഫയർ ഫോഴ്‌സ് രക്ഷിച്ചെടുത്തു. താജ് ഹോട്ടലിൽ തീവ്രവാദികൾ ഹോട്ടലിന്റെ ഡോമിൽ  അടക്കം ആറിടത്ത് സ്‌ഫോടനങ്ങൾ നടത്തി. താജ് പാലസിൽ കടന്നുകയറി തീവ്രവാദികളെ എതിരിട്ടത് എൻഎസ്ജിയുടെ കമാൻഡോകളാണ്. ആ സംഘത്തിന്റെ ഭാഗമായിരുന്ന മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ എന്ന കമാൻഡോ, വെടിയേറ്റു കിടന്ന സഹപ്രവർത്തകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റുമരിച്ചു.

അറുപതു മണിക്കൂറോളം മുംബൈ നഗരത്തെ മുൾമുനയിൽ നിർത്തിയ ആ ആക്രമണം നവംബർ 29-ന്  രാവിലെ എട്ടുമണിയോടെ, താജ് പാലസ് ഹോട്ടലിലെ അവസാന തീവ്രവാദിയെയും എൻഎസ്ജി വധിച്ചതോടെ അവസാനിക്കുന്നു. ആകെ 610 പേരുടെ ജീവൻ അന്ന് എൻഎസ്ജി കമാൻഡോകൾ രക്ഷിച്ചു. 

ആക്രമണത്തിനെത്തിയ പത്തു തീവ്രവാദികളിൽ ഒമ്പതുപേരും ആക്രമണത്തിനിടെ വധിക്കപ്പെട്ടു. ജീവനോടെ പിടിക്കപ്പെട്ട അജ്മൽ അമീർ കസബ് എന്ന പത്താമനെതിരെ എൺപതോളം കുറ്റങ്ങൾ ചുമത്തി വിചാരണ നടത്തപ്പെട്ടു. 2012 നവംബർ 21-ന്  പുണെയിലെ യേർവാഡാ ജയിലിൽ വെച്ച് വധശിക്ഷ നടപ്പിലാക്കപ്പെട്ടു. തീവ്രവാദികളെ നേരിടുന്നതിൽ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, നേവൽ കമാൻഡോ ഫോഴ്‌സ് ആയ മാർക്കോസ് എന്നിവയുടെ സഹായവും പൊലീസിനൊപ്പം എൻഎസ്ജിക്ക് ലഭിച്ചിരുന്നു. ജിപിഎസ് അടക്കമുള്ള സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ട്, VoIP കാളുകളിലൂടെ സയ്യിദ് സാബിയുദ്ദീൻ അൻസാരി എന്ന പാകിസ്താനിലെ ഹാൻഡ്‌ലറുമായി നിരന്തരം സമ്പർക്കം പുലർത്തിക്കൊണ്ടായിരുന്നു അക്രമികൾ നീങ്ങിക്കൊണ്ടിരുന്നത്. 

166 പേരുടെ ജീവനെടുത്ത ആ തീവ്രവാദ ആക്രമണം നടന്നിട്ട് ഇന്നേക്ക് പതിനൊന്നു വർഷം തികയുകയാണ്. എന്ത് നടപടിയാണ് ഈ ആക്രമണത്തിൽ പങ്കെടുത്ത, ഇത് പ്ലാൻ ചെയ്ത, ഇതിനുവേണ്ട സഹായം ചെയ്തവർക്കുനേരെ എടുത്തിട്ടുള്ളത് എന്ന ചോദ്യം ഈ സന്ദർഭത്തിൽ പ്രസക്തമാവുകയാണ്.  ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത അജ്മൽ കസബ് ഒഴികെയുള്ള ഒമ്പതുപേർ കൊല്ലപ്പെടുകയും, കസബിനെ വിചാരണയ്ക്ക് ശേഷം തൂക്കിക്കൊല്ലുകയും ഉണ്ടായി. ആക്രമണത്തിന് വേണ്ട സഹായം ചെയ്തവരിൽ പ്രമുഖൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലി എന്ന ഒരു പാതി പാകിസ്താനി, പാതി അമേരിക്കൻ പൗരനാണ്. അയാളാണ് ആക്രമണം നടക്കുന്നതിന് മാസങ്ങൾക്കു മുമ്പ് ഇന്ത്യയിലെത്തി ആക്രമിക്കേണ്ട സ്ഥലങ്ങളുടെ വീഡിയോ ഫോട്ടോ ഒക്കെ എടുത്ത് വേണ്ടത്ര നിരീക്ഷണങ്ങൾ നടത്തി വേണ്ട വിവരങ്ങൾ ഇതിന്റെ പ്ലാനിങ് നടത്തിയ പാകിസ്ഥാനി തീവ്രവാദികൾക്ക് നൽകിയത്. തഹവുർ റാണ എന്നൊരു കനേഡിയൻ പൗരനും ഈ കേസുമായി ബന്ധപ്പെട്ട് കുറ്റക്കാരാണെന്ന് കണ്ടെത്തപ്പെട്ടിട്ടുണ്ട്. 

ഇന്ത്യൻ ഗവണ്മെന്റും യുഎന്നും ഒരേസ്വരത്തിൽ പറയുന്ന ഒരു കാര്യമുണ്ട്. പാക് സംഘടനയായ ലഷ്കർ-എ-ത്വയ്യിബയാണ് ഈ ആക്രമണത്തിന് പിന്നിലെന്ന്. അതിന്റെ സ്ഥാപകൻ ഹാഫീസ് സയ്യിദ് എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഇന്നുമുണ്ട്. യുഎൻ സയീദിനെ ആഗോള ഭീകരവാദിയായി പ്രഖ്യാപിച്ചും കഴിഞ്ഞു. എന്നിട്ടും അയാളുടെ രോമത്തിൽ പോലും തൊടാൻ ഇന്ത്യക്കായിട്ടില്ല. പാകിസ്ഥാന്റെ പരിരക്ഷയിൽ ഹാഫിസ് സയീദ് ഇന്നും സ്വൈരമായി കഴിയുന്നു.