പിന്നീട്, വിദഗ്ദ്ധർ എത്തി ഈ നാണയങ്ങൾ പരിശോധിച്ചു. അപ്പോഴാണ് അത് 2.3 കോടി വിലമതിക്കുന്ന സ്വർണ നാണയങ്ങളാണ് എന്ന് ദമ്പതികൾക്ക് മനസിലായത്.
സ്വന്തം വീടിന്റെ തറ പൊളിച്ച് പുതുക്കി പണിയുന്നതിനിടയിൽ സ്വർണ നാണയം കിട്ടിയാലെന്താവും അല്ലേ അവസ്ഥ. നോർത്ത് യോർക്ക്ഷെയറിലെ ദമ്പതികൾക്കാണ് ഈ അപൂർവ ഭാഗ്യം ഉണ്ടായിരിക്കുന്നത്. തറ പൊളിക്കുന്നതിനിടയിൽ 400 വർഷത്തിലേറെ പഴക്കമുള്ള 264 സ്വർണാഭരണങ്ങളാണ് കണ്ടെത്തിയത്. കാൽ ലക്ഷം പൗണ്ടിന് ഈ നാണയങ്ങൾ വിൽക്കാൻ ഒരുങ്ങുകയാണ് ഈ ദമ്പതികൾ.
തങ്ങൾ പതിറ്റാണ്ടുകളായി താമസിക്കുന്നത് ഒരു നിധിക്ക് മുകളിലാണ് എന്ന് ഈ ദമ്പതികൾക്ക് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. അടുക്കളയുടെ തറ പൊളിക്കുന്നത് വരെ അതേ കുറിച്ചുള്ള ഒരു സൂചനയും അവർക്കില്ലായിരുന്നു. എന്നാൽ, ആ തറ പൊളിച്ചതോടെ അപ്രതീക്ഷിതമായ ഭാഗ്യം കടന്നെത്തുകയും അവരുടെ ജീവിതം മാറി മറിയുകയും ചെയ്തിരിക്കയാണ്.

പതിനെട്ടാം നൂറ്റാണ്ടിൽ നിന്നുമുള്ളതാണ് ഈ വീട്. തറ പൊളിക്കവെ ഇലക്ട്രിക് കേബിളിൽ തട്ടിയതാണ് എന്നാണ് ദമ്പതികൾ കരുതിയത്. എന്നാൽ, അത് കൂടിക്കൂടി വന്നതോടെ അവർ കൂടുതൽ പരിശോധന നടത്തി. അതിലാണ് നാണയങ്ങൾ നിറച്ച ഒരു മൺപാത്രമാണ് അത് എന്ന് ദമ്പതികൾക്ക് മനസിലായത്.
പിന്നീട്, വിദഗ്ദ്ധർ എത്തി ഈ നാണയങ്ങൾ പരിശോധിച്ചു. അപ്പോഴാണ് അത് 2.3 കോടി വിലമതിക്കുന്ന സ്വർണ നാണയങ്ങളാണ് എന്ന് ദമ്പതികൾക്ക് മനസിലായത്. 1610 മുതൽ 1727 വരെയുള്ള കാലഘട്ടത്തിലെ നാണയങ്ങളാണിത്. അതിൽ, ജെയിംസ് ഒന്നാമന്റെയും ചാൾസ് ഒന്നാമന്റെയും ജോർജ്ജ് ഒന്നാമന്റെയും ഭരണകാലം ഉൾക്കൊണ്ടിരിക്കുന്നു എന്ന് ദി സൺ റിപ്പോർട്ട് ചെയ്തു.

ദമ്പതികൾ പിന്നാലെ ലണ്ടൻ ലേലക്കാരായ സ്പിങ്ക് ആൻഡ് സോണിനെ വിളിച്ചു, ശേഖരം കാണാൻ ഉടൻ തന്നെ ഒരു വിദഗ്ദ്ധൻ അവരുടെ വീട്ടിലേക്ക് ഓടിയെത്തി. ഏതായാലും പണവും പണമിടപാടുകളും ഉള്ള ഒരു കാലത്ത് ആരാണ് ഇങ്ങനെ ഒരു സ്വർണനാണയ ശേഖരം ഒളിപ്പിച്ച് വച്ചത് എന്നോ എന്തിനാണ് അവരത് അങ്ങനെ മണ്ണിനടിയിൽ ഒളിപ്പിച്ച് വച്ചത് എന്നോ വ്യക്തമല്ല.
