ആഗോള താപനം കൂടുകയാണെന്ന് വിവിധ പഠനങ്ങൾ പറയുന്നു. ഇതിനിടെയാണ് സാറ്റ്ലൈറ്റുകളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുഎസിലെ തീരനഗരങ്ങള്‍ മുങ്ങുന്നതിനെ കുറിച്ചുള്ള പഠനം പുറത്ത് വരുന്നതും.
യുഎസിലെ സമുദ്രതീരത്തുള്ള ഏറ്റവും ജനസംഖ്യയുള്ള 28 നഗരങ്ങൾ, അതും ന്യൂയോര്‍ക്കും ചിക്കാഗോയും ഡള്ളസും ഡെന്‍വറുമടക്കം മുങ്ങുമെന്ന് പുതിയ പഠനം. വർഷത്തില്‍ രണ്ട് മുതല്‍ 10 മില്ലീമീറ്റര്‍ വരെയാണ് (0.08 മുതല്‍ 0.4 ഇഞ്ച്) നഗരങ്ങൾ മുങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെര്‍ജീനിയ പോളിടെക്നിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടും സ്റ്റേറ്റ് സർവകലാശാലയും സംയുക്തമായി സാറ്റലൈറ്റ് അടിസ്ഥാനമാക്കിയ റഡാല്‍ കണക്കുകൾ വച്ചാണ് മുങ്ങുന്ന നഗരങ്ങളുടെ ഹൈ റെസല്യൂഷൻ മാപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.
പഠനത്തിനായി തെരഞ്ഞെടുത്ത 28 നഗരങ്ങളിൽ ഓരോന്നിലും, ഏറ്റവും കുറഞ്ഞത് 20% എങ്കിലും മുങ്ങുകാണ്. 25 നഗരങ്ങളിൽ, കുറഞ്ഞത് 65% ഭൂമിയും മുങ്ങുകയാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ടെക്സസ് സംസ്ഥാനത്തിന്‍റെ തീരത്തുള്ള നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ മുങ്ങല്‍ നിരക്ക് രേഖപ്പെടുത്തിയത്. അതില്‍ തന്നെ ഹ്യൂസ്റ്റണ്‍ നഗരമാണ് മുന്നില്‍. ഹ്യൂസ്റ്റണിന്‍റെ ഏകദേശം 40 % , പ്രതിവർഷം 5 മില്ലിമീറ്ററിൽ (0.2 ഇഞ്ച്) കൂടുതൽ കടലെടുക്കുകയാണ്. അതുപോലെ നഗരത്തിന്‍റെ 12% ഭാഗം പ്രതിവര്‍ഷം 10 മില്ലിമീറ്ററില്‍ (0.4 ഇഞ്ച്) കൂടുതല്‍ താഴുകയാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഭൂമിയുടെ ചെറിയ മുങ്ങല്‍ പോലും കാലക്രമേണ കെട്ടിടങ്ങളെയും റോഡുകളെയും പാലങ്ങളെയും റെയിൽവേ സംവിധാനങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിയ ലിയോനാർഡ് ഒഹെൻഹെൻ ചൂണ്ടിക്കാണിക്കുന്നെന്നും സ്പെയിസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.
ഭൂമി കടലില്‍ താഴുന്നത് അസാധാരണമായ ഒരു പ്രതിഭാസമല്ല. പ്രകൃതിദത്തവും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കാരണം പല പ്രദേശങ്ങളും കടലിനടയിലാകുന്നു. എന്നാല്‍ യുഎസ് നഗരങ്ങളുടെ 80 ശതമാനം ഭൂമിയും താഴ്ന്ന് പോകുന്നതിന് കാരണം മനുഷ്യന്‍റെ അമിതമായ ഭൂഗഭജല ഉപയോഗമാണെന്ന് വിർജീനിയ ടെക് സംഘം പറയുന്നു. മനുഷ്യരുടെ ഇടപെടലിന്‍റെ ഫലമായി സമുദ്രനിരപ്പ് ഉയരുന്നത് തീരദേശത്തെ നഗരങ്ങളിലെ മണ്ണിടിച്ചിലിന് കാരണമാകുന്നു. ഇത് സമുദ്രതീരത്ത് മാത്രമല്ല. ഉൾനാടന്‍ നഗരങ്ങളെയും അപകടത്തിലാക്കുന്നു. വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. മാതമല്ല. ജലവിതാനം ഉയരുന്നത് കെട്ടിടങ്ങളുടെ നിലനില്‍പ്പിനെയും മനുഷ്യനിമ്മിതമായ അടിസ്ഥാന സൗകര്യങ്ങളെയും തകിടം മറിക്കുമെന്നും പഠന സംഘം മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാൾട് ട്രംപ്, കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രനിരപ്പ് ഉയരുന്നുവെന്ന വാദത്തെ അംഗീകരിക്കുന്നില്ല.


