ബിജെപി ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞിരിക്കുകയാണ്. ആം ആദ്മി പാർട്ടിക്ക് ആരുടെയും സഹായം കൂടാതെ തന്നെ മന്ത്രിസഭ രൂപീകരിച്ച് അടുത്ത അഞ്ചു വർഷം അല്ലലൊന്നും കൂടാതെ ഭരിക്കാൻ വേണ്ടത്ര ഭൂരിപക്ഷം കിട്ടിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് ജനം കണ്ടതാണ്. പ്രചാരണത്തിന്റെ കോലാഹലങ്ങളും, അതിന് പശ്ചാത്തലം പകർന്നുകൊണ്ട് ദില്ലിയിൽ നടന്ന പൗരത്വ പ്രതിഷേധങ്ങളും ഒക്കെകയായി ആകെ ബഹളം തന്നെയായിരുന്നു കഴിഞ്ഞ രണ്ടുമൂന്നാഴ്ചക്കാലം. തെരഞ്ഞെടുപ്പിന്റെ കോലാഹലങ്ങൾ അടങ്ങുമ്പോൾ ഉയരുന്ന ഒരു ചോദ്യം സ്വാഭാവികമാണ്. എന്തുകൊണ്ടാണ് ബിജെപി തോറ്റത്?  ബിജെപിയുടെ ഈ തെരഞ്ഞെടുപ്പ് തകർച്ചയ്ക്ക് പിന്നിലെ സുപ്രധാനമായ മൂന്നു കാരണങ്ങളിലൂടെ.

1. കെജ്‌രിവാൾ അല്ലെങ്കിൽ പിന്നാര്..?

ഒരല്പം പിന്നിലേക്ക് പോകാം. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയ കാലം. അഞ്ചുവർഷത്തെ ഭരണത്തിന് ശേഷം നരേന്ദ്രമോദി വീണ്ടുമൊരിക്കൽ കൂടി പ്രധാനമന്ത്രിയാകാനുള്ള സ്വപ്‌നങ്ങൾ കണ്ടുതുടങ്ങിയ സമയം. പ്രചാരണം കൊഴുത്തതോടെ ബിജെപിക്കാർ ഏറെ ആത്മവിശ്വാസത്തോടെ എതിർപാർട്ടിക്കാരോടും വോട്ടർമാരോടുമൊക്കെ ചോദിച്ച ഒരു ചോദ്യമുണ്ട്. " മോദി നഹി തോ ഫിർ കോൻ?" അതായത് " മോദിയല്ലെങ്കിൽ പിന്നെ ആരുണ്ടിവിടെ?" TIMO എന്നായിരുന്നു മറ്റൊരു ടാഗ് ലൈൻ. There Is Modi Only. 

 

 

തെരഞ്ഞെടുപ്പ് ജയിക്കാൻ എന്ത് ചെയ്യണം എന്നുചോദിച്ചാൽ, കഴിഞ്ഞ തവണ ജയിച്ചവരെ കണ്ടു പഠിക്കണം എന്ന് ചിലരെങ്കിലും പറയും. അരവിന്ദ് കെജ്‌രിവാൾ ചെയ്തത് ചുരുക്കിപ്പറഞ്ഞാൽ അതുതന്നെയാണ്. വളരെ നേരത്തെ തന്നെ 2014 -ലെ മോദിയുടെ തെരഞ്ഞെടുപ്പ് കാമ്പെയിൻ ഡിസൈൻ ചെയ്ത പബ്ലിസിറ്റി സ്ട്രാറ്റെജിസ്റ്റ് പ്രശാന്ത് കിഷോറിന്റെ ഐ-പാക്  (I-PAC)  നെ തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാൻ ചെയ്യാൻ ഏൽപ്പിച്ചു. ദില്ലി തെരഞ്ഞെടുപ്പിനെ ആം ആദ്മി പാർട്ടി തുടക്കം മുതൽ പ്രചാരണം നടത്തിയത് മുഖ്യമന്ത്രി സ്ഥാനാർഥി എന്ന നിലയിൽ അരവിന്ദ് കെജ്‌രിവാളിനെ മുന്നിൽ നിർത്തിയാണ്. എന്നാൽ ബിജെപിക്ക് പകരം എടുത്തുകാണിക്കാൻ ഒരു മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടായിരുന്നില്ല. ഇതേപ്പറ്റി ചോദിച്ചപ്പോൾ അമിത് ഷാ പോലും പറഞ്ഞത്, നിങ്ങൾ ഞങ്ങൾക്ക് വോട്ടുതരൂ, മുഖ്യമന്ത്രിയെ ഞങ്ങൾ അതുകഴിഞ്ഞ് തീരുമാനിച്ചോളും എന്നാണ്. മനോജ് തിവാരി എന്നൊരു മുഖം പ്രധാനമായും വേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നു എങ്കിലും അദ്ദേഹത്തിന് തന്റെ ഭോജ്പുരി മസാല പടങ്ങളിലെ അഭിനയം വിനയായി. അത് അദ്ദേഹത്തെ ട്രോളാനുള്ള വഴി ആം ആദ്മി പാർട്ടിക്ക് തുറന്നുകൊടുത്തു. പ്രശ്നം, ബിജെപിക്ക്  പിന്നെയും കുറെ മുഖങ്ങളുണ്ടായിരുന്നു എന്നതുകൂടിയായിരുന്നു. വിജയ് ഗോയൽ, ഗൗതം ഗംഭീർ, ഹർദീപ് പുരി, പർവേസ് വർമ്മ,രമേശ് ബിധൂഡി അങ്ങനെ പലരും. അവരൊക്കെ പറയുന്നത് പലപ്പോഴും മഹാ അബദ്ധങ്ങളും. എന്നാൽ അപ്പുറത്തോ, എന്തിനുമേതിനും അരവിന്ദ് കെജ്‌രിവാൾ എന്ന ഒരൊറ്റ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹമാണെങ്കിൽ ഇത്തവണ അളന്നു മുറിച്ച്, വേണ്ടത്ര കാര്യങ്ങൾ മാത്രമേ പറയൂ എന്ന ദൃഢനിശ്ചയത്തിലും. ദില്ലിയിലെ വോട്ടർമാരെ ഒരളവുവരെ ആം ആദ്മി പാർട്ടിക്ക് വോട്ടു ചെയ്യിപ്പിച്ചത് ആ ഒരൊറ്റ ചോദ്യം തന്നെയാണ്. " കെജ്‌രിവാൾ നഹി തോ കോൻ?" 

2 . പ്രാദേശിക പ്രശ്നങ്ങൾ Vs  മുദ്രാവാക്യരാഷ്ട്രീയം 

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. ആ ദിവസങ്ങളിൽ പുറത്തിറങ്ങിയ ദൈനിക് ഭാസ്കർ പത്രത്തിൽ ശ്രദ്ധേയമായ ഒരു നിരീക്ഷണമുണ്ടായിരുന്നു. അത് അരവിന്ദ് കെജ്‌രിവാളും മനോജ് തിവാരിയും തങ്ങളുടെ തെരഞ്ഞെടുപ്പ് റാലികളിൽ പ്രസംഗങ്ങളിൽ ഉപയോഗിക്കുന്ന വാക്കുകളുടെ കണക്കെടുത്തുകൊണ്ടുള്ള ഒരു നിരീക്ഷണമായിരുന്നു. ഇരുവരും കൂടുതലായി ഉപയോഗിക്കുന്ന വാക്കുകളെ അവർ ആ ലേഖനത്തിൽ പരാമർശിച്ചു. അതിൽ നിന്നുതന്നെ കാര്യങ്ങൾ വ്യക്തമാണ്. കെജ്‌രിവാളിന്റെ പ്രിയപ്പെട്ട വാക്കുകൾ: ' സ്‌കൂൾ, വിദ്യാഭ്യാസം, ആശുപത്രി, ആരോഗ്യം, വെള്ളം, വൈദ്യുതി തുടങ്ങിയവയായിരുന്നു. തിവാരിയുടേതോ, 'പാകിസ്ഥാൻ, ഇമ്രാൻ ഖാൻ, തീവ്രവാദി, രാജ്യദ്രോഹം, കശ്മീർ, ഷാഹീൻബാഗ്, ആസാദി തുടങ്ങിയവയും.  

 

 

തിവാരിക്ക് ഒപ്പത്തിനൊപ്പമായിരുന്നു മറ്റുള്ള താരപ്രചാരകരുടെ റാലികളിൽ പ്രസംഗങ്ങൾ. " ദേശ് കെ ഗദ്ദാരോം കോ, ഗോലി മാരോ സാലോം കോ" എന്ന് പർവേശ് വർമ്മ. അവിടെ നിന്നില്ല, ഇന്ന് ഷാഹീൻബാഗിൽ ഇരിക്കുന്നവർ നാളെ നിങ്ങളെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യും എന്നുപോലും അദ്ദേഹം പറഞ്ഞുവെച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കെജ്‌രിവാൾ സ്ത്രീകൾക്ക് മെട്രോയിൽ യാത്ര സൗജന്യമാക്കി. 200 യൂണിറ്റിൽ താഴെ വരുന്ന ഉപഭോഗത്തിന് വൈദ്യുതി ബിൽ വേണ്ടെന്നു വെച്ചു. അങ്ങനെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു നടത്തിയ പല ജനപ്രിയ നടപടികൾക്കും പുറമെ, തെരുവുകളിൽ എല്ലാം തന്നെ വെളിച്ചം കൊണ്ടുവരും, സിസിടിവി കാമറ വെക്കും, സ്‌കൂളുകൾ ഇനിയും സ്ഥാപിക്കും, എല്ലായിടത്തും വെള്ളമെത്തിക്കും അങ്ങനെ പല അടിസ്ഥാന സൗകര്യ വികസന വാഗ്ദാനങ്ങളും അദ്ദേഹം തന്റെ റാലികളിൽ ആവർത്തിച്ചു. പ്രകോപനപരമായ പ്രസംഗങ്ങളെക്കാൾ ജനങ്ങളെ സ്വാധീനിക്കാനുള്ള ശക്തി അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താം എന്ന വാഗ്ദാനങ്ങൾക്കാണ് എന്ന് തെളിയിക്കുന്നതാണ് ഇത്തവണത്തെ ദില്ലി തെരഞ്ഞെടുപ്പ് ഫലങ്ങൾ. 

3 . അരവിന്ദ് കെജ്‌രിവാളിനെ ബ്രാൻഡ് ചെയ്യാൻ കഴിയാതെ പോയത് 

ബിജെപിയുടെ സ്ഥിരം തന്ത്രമായ ശത്രുക്കളുടെ ബ്രാൻഡിംഗ് ഇവിടെ ഫലിക്കാതെ പോയത് മൂന്നാമത്തെ പ്രധാനകാരണമായി. അരവിന്ദ് കെജ്‌രിവാളിനെയോ ആം ആദ്മി പാർട്ടിയെയോ എന്തെങ്കിലും മോശപ്പെട്ട അർത്ഥത്തിൽ ബ്രാൻഡ് ചെയ്യാൻ പരമാവധി ശ്രമങ്ങൾ ഉണ്ടായി എങ്കിലും അതൊന്നും ജനങ്ങൾ ഏറ്റെടുക്കുന്ന സാഹചര്യമുണ്ടായില്ല. ലാലുപ്രസാദിനെ 'കാലിത്തീറ്റക്കള്ളൻ' ആക്കിയ പോലെ, മുലായം സിങ് യാദവിനെ 'മൗലാനാ' എന്ന് വിളിച്ച പോലെ, അഖിലേഷ് യാദവിനെ 'ടാപ്പ് കള്ളൻ' എന്ന് വിളിച്ചപോലെ, കോൺഗ്രസിന് മേൽ ന്യൂനപക്ഷ പ്രീണനം എന്ന ആരോപണം ഉന്നയിച്ചപോലെ, അഴിമതിക്കാർ എന്ന് അണ്ണാ ഹസാരെയുടെ സമയത് കോൺഗ്രസിനെ വിളിച്ചപോലെ, രാഹുൽ ഗാന്ധിയെ 'പപ്പു' എന്ന് ബ്രാൻഡ് ചെയ്തപോലെ - അങ്ങനെ ഒന്നും തന്നെ ചെയ്യാൻ ബിജെപിക്ക് ഇക്കുറി സാധിച്ചില്ല. 

 

 

ഇന്നുവരെ അദ്ദേഹത്തിനുമേൽ കാര്യമായ ഒരു ആരോപണവും ഉന്നയിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. അഴിമതി സംബന്ധിച്ച കാര്യമായ ഒരു കേസും കെജ്‌രിവാളിനെ ഇന്നോളം സ്പർശിച്ചിട്ടില്ല. ഒരിക്കൽ കെജ്‌രിവാളിന്റെ മഫ്‌ളറിനെപ്പറ്റി എന്തോ പറഞ്ഞപ്പോഴേക്കും, ആം ആദ്മി പാർട്ടി കെജ്‌രിവാളിന് 'മഫ്‌ളർ മാൻ' എന്ന ഫാൻസി വിളിപ്പേര് നൽകി. അരവിന്ദ് കെജ്‌രിവാളിനെയോ അദ്ദേഹത്തിന്റെ പാർട്ടിയെയോ ജനങ്ങൾ ഏറ്റുവിളിക്കുന്ന പരിഹാസ്യമായ ഒരു വട്ടപ്പേരും വിളിക്കാൻ ബിജെപിക്ക് സാധിച്ചില്ല എന്നതാണ് ഈ തെരഞ്ഞെടുപ്പിൽ അവരെ പിന്നോട്ടടിപ്പിച്ച മൂന്നാമത്തെ പ്രധാനപ്പെട്ട കാരണം.