തൻറെ ജീവിതത്തിൽ തനിക്ക് ലഭിച്ച എല്ലാ നല്ല കാര്യങ്ങളും ഒരു പേപ്പറിൽ എഴുതി നോക്കിയപ്പോൾ അത് മറ്റുള്ളവരുടെ കാരുണ്യം കൊണ്ടാണെന്ന് മനസ്സിലായെന്നും അതുകൊണ്ടാണ് താൻ ഇത്തരത്തിൽ ഒരു തീരുമാനമെടുത്തത് എന്നും ഇദ്ദേഹം പറയുന്നു.
മുപ്പതാം ജന്മദിനം എല്ലാവർക്കും ഏറെ പ്രിയപ്പെട്ടതാണ്. പുതിയൊരു ഘട്ടത്തിലേക്ക് കടക്കുന്ന ജീവിതത്തിൻറെ ഒരു സുപ്രധാന നാഴികക്കല്ലായാണ് മുപ്പതാം വയസ്സിനെ കരുതുന്നത്. യൗവനം പിന്നിട്ട അല്പം കൂടി പക്വതയാർന്ന ഒരു ഘട്ടത്തിലേക്ക് കടക്കുന്നതുകൊണ്ട് തന്നെ മുപ്പതാം ജന്മദിനത്തെ എല്ലാവരും ഏറെ ആകാംക്ഷയോടെയാണ് സ്വീകരിക്കാറ്. എന്നാൽ, തന്റെ മുപ്പതാം ജന്മദിനത്തെ മറ്റാരും ചെയ്യാത്ത രീതിയിൽ ഏറെ പുതുമയോടെ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഒരു 29 -കാരൻ. തനിക്ക് 30 വയസ്സ് തികയുമ്പോഴേക്കും താൻ 30 നല്ല കാര്യങ്ങൾ ചെയ്തുതീർക്കുമെന്നാണ് ഈ ചെറുപ്പക്കാരൻ എടുത്തിരിക്കുന്ന തീരുമാനം.
ജീവിതത്തിന്റെ ഒരു പുതിയ അധ്യായത്തിലേക്ക് കയറുമ്പോൾ, സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള 29 -കാരനായ ബ്രയാൻ സിലിയാക്കോസ് ആണ് ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നത്. തനിക്ക് 30 വയസ്സ് തികയുന്നതിന് മുൻപ് മൂല്യവത്തായ എന്തെങ്കിലുമൊക്കെ ചെയ്യണമെന്നാണ് ഈ ചെറുപ്പക്കാരന്റെ ആഗ്രഹം. വരുന്ന ഫെബ്രുവരിയിൽ തനിക്ക് 30 വയസ്സ് തികയുന്നതിന് മുൻപായി 30 കാരുണ്യ പ്രവൃത്തികൾ ചെയ്തു തീർക്കാനാണ് ഇയാളുടെ തീരുമാനം.
തൻറെ ജീവിതത്തിൽ തനിക്ക് ലഭിച്ച എല്ലാ നല്ല കാര്യങ്ങളും ഒരു പേപ്പറിൽ എഴുതി നോക്കിയപ്പോൾ അത് മറ്റുള്ളവരുടെ കാരുണ്യം കൊണ്ടാണെന്ന് മനസ്സിലായെന്നും അതുകൊണ്ടാണ് താൻ ഇത്തരത്തിൽ ഒരു തീരുമാനമെടുത്തത് എന്നും ഇദ്ദേഹം പറയുന്നു. "30 ആക്ട്സ് ഓഫ് മേഴ്സി ബൈ 30" എന്ന പേരിൽ ഒരു ഇൻസ്റ്റഗ്രാം പേജും ഇദ്ദേഹത്തിനുണ്ട്. ഈ പേജിലാണ് മറ്റുള്ളവരെ സഹായിക്കുന്നതിനായുള്ള തൻറെ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഇയാൾ ചേർക്കുന്നത്.
അഗ്നിശമന സേനാംഗങ്ങൾക്ക് പലഹാരങ്ങൾ ഉണ്ടാക്കി നൽകിയതായിരുന്നു ഇയാൾ ചെയ്ത ആദ്യത്തെ നന്മ. തുടർന്ന് 18 കമ്പനികളുടെ സഹായത്തോടെ സ്‌കൂൾ സപ്ലൈക്കായി 12,000 ഡോളർ നൽകുകയും മിഡിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി 150 കിറ്റുകൾ നിർമ്മിക്കുകയും ചെയ്തു. സമാനമായ 20 കാര്യങ്ങളാണ് ഈ ചെറുപ്പക്കാരൻ ഇതിനോടകം ചെയ്തു തീർത്തിരിക്കുന്നത്. ലോകത്തിൻറെ നന്മയാണ് തൻറെ ലക്ഷ്യം എന്നും ഇത്തരത്തിൽ ഒരു തീരുമാനം എല്ലാവരും എടുത്താൽ അത് വളരെ വേഗത്തിൽ സാധ്യമാകുമെന്നും ഇദ്ദേഹം പറയുന്നു.
