300 വർഷം പഴക്കമുള്ള, രോഗശാന്തി നൽകുമെന്ന് വിശ്വസിക്കുന്ന മരം ആരോ വെട്ടി, വൻ പ്രതിഷേധവുമായി ജനങ്ങൾ
ഹൈവേ വികസനത്തിന്റെ സമയത്ത് പോലും മരത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അത് വെട്ടിമാറ്റിയിട്ടുണ്ടായിരുന്നില്ല. പകരം അത് ഒഴിവാക്കിയായിരുന്നു പ്രവൃത്തികൾ.

ഘാനയിൽ 300 വർഷം പഴക്കമുള്ള പ്രശസ്തമായ കോല മരം വെട്ടിമാറ്റിയ ആളുകൾക്കായി വൻ തിരച്ചിൽ. രോഗശാന്തി ശക്തിയുണ്ടെന്ന് നാട്ടുകാർ വിശ്വസിക്കുന്നതാണ് ഈ മൂന്ന് നൂറ്റാണ്ട് പഴക്കമുള്ള മരം. ആധുനിക ഘാനയുടെ ഭാഗമായ അശാന്തി രാജവംശത്തിന്റെ കാലത്തുള്ളതാണ് ഈ മരം. 1700 -കളുടെ തുടക്കത്തിൽ പ്രശസ്ത പുരോഹിതനായ കോംഫോ അനോക്യെ നിലത്ത് ഒരു കോലയുടെ കുരു തുപ്പിയ സ്ഥലത്താണ് ഈ മരം വളർന്നത് എന്നാണ് ഇവിടുത്തെ പ്രദേശവാസികൾ പറയുന്നത്.
കോല മരത്തിന്റെ കറുപ്പും വെളുപ്പും നിറത്തിലുള്ള കുരു രോഗങ്ങളും ശാപങ്ങളും ഭേദമാക്കുമെന്നാണ് ഇപ്പോഴും പല നാട്ടുകാരും വിശ്വസിക്കുന്നത്. ഫെയ്യാസെ പട്ടണത്തിൽ നിന്നുള്ള ഈ കോലമരം വെട്ടിയ ചിത്രം ഓൺലൈനിൽ പ്രചരിച്ചതോടെ വലിയ രോഷമാണ് ഘാനയിലെ ജനങ്ങളിൽ നിന്നും ഉണ്ടാകുന്നത്. ഘാനയുടെ വാണിജ്യ കേന്ദ്രമായ കുമാസിയേയും ബോസോംട്വേ തടാകത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പ്രധാന റോഡിന്റെ മധ്യത്തിലായിരുന്നു ഈ മരം ഉണ്ടായിരുന്നത്.
ഹൈവേ വികസനത്തിന്റെ സമയത്ത് പോലും മരത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അത് വെട്ടിമാറ്റിയിട്ടുണ്ടായിരുന്നില്ല. പകരം അത് ഒഴിവാക്കിയായിരുന്നു പ്രവൃത്തികൾ. അതുമാത്രമല്ല, വിനോദസഞ്ചാരികൾക്ക് വലിയ ആകർഷണമായിരുന്നു ഈ മരം.
അശാന്തി രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ഈ മരം നിൽക്കുന്ന സ്ഥലം വലിയ പ്രാധാന്യമർഹിക്കുന്നു എന്നാണ് അശാന്തി രാജകുടുംബമുണ്ടായിരുന്ന മാൻഹിയ കൊട്ടാരത്തിലെ ഗവേഷണ ഡയറക്ടർ ഒസെയ്-ബോൺസു സഫോ കണ്ടങ്ക ബിബിസിയോട് പറഞ്ഞത്. അന്നത്തെ കരുത്തരായ ഡെൻകിറയ്‌ക്കെതിരെ അശാന്തി ജനത തങ്ങളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ യുദ്ധമാണ് ഫെയ്യാസെ. ആ യുദ്ധത്തിൽ അശാന്ത ജനത ഡെൻകിറയെ പരാജയപ്പെടുത്തിയ സ്ഥലത്താണ് ആ മരം നിലനിന്നിരുന്നത്.
ഏതായാലും, മരം ആരോ മുറിച്ചതോടെ വൻ പ്രതിഷേധമാണ് ഘാനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. അധികൃതർ അതുകൊണ്ട് തന്നെ വളരെ ശക്തമായി ഇതിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വായിക്കാം: 911 -ലേക്ക് കോൾ, വീട്ടിലെത്തി കുട്ടിയുടെ ആവശ്യം കേട്ട് ചിരിക്കണോ കരയണോ എന്നറിയാതെ പൊലീസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: