പുരുഷന്‍റെ മൃതദേഹത്തോട് ചേര്‍ത്ത് വച്ച നിലയിലായിരുന്നു വാളിന്‍റെ കിടപ്പ്. ശവക്കുഴിയില്‍ പുരുഷനോടൊപ്പം ഒരു സ്ത്രീയുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങളും മറവ് ചെയ്ത നിലയിലായിരുന്നു. 

രു പുരുഷന്‍റെയും സ്ത്രീയുടെയും കുട്ടിയുടെയും ശവസംസ്കാരം നടത്തിയ ശവക്കുഴിയില്‍ നിന്നും വെങ്കല നിര്‍മ്മിതമായ വാള്‍ കണ്ടെത്തി. വാളിന് 3000 വര്‍ഷത്തെ പഴക്കമുണ്ടെന്ന് പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ജര്‍മ്മനിയിലെ ബവേറിയ പ്രദേശത്തെ നോര്‍ഡ്‍ലിംഗ് പട്ടണത്തില്‍ നടത്തിയ ഉത്ഖനനത്തിനിടെയാണ് വെങ്കല നിര്‍മ്മിതമായ വാള്‍ കണ്ടെത്തിയത്. പൂർണ്ണമായും വെങ്കലത്തിൽ നിർമ്മിച്ച അഷ്ടഭുജാകൃതിയിലുള്ള വാളാണിത്. അഷ്ടഭുജാകൃതിയിലുള്ള വാളുകളുടെ ഉത്പാദനം ഏറെ സങ്കീർണ്ണമാണ്. മാത്രമല്ല, ലഭിച്ച വാളിന്‍റെ പിടി വാളിലേക്ക് കൂടി നീളുന്നു. ഒപ്പം പിടിയില്‍ കൊത്തുപണികളുമുണ്ട്. അതേ സമയം വാള്‍ ഉപയോഗത്തിലിരുന്നതാണെന്നും വെറും അലങ്കാരം മാത്രമായിരുന്നില്ലെന്നും പുരാവസ്തു ഗവേഷകര്‍ വ്യക്തമാക്കുന്നു. 

പുരുഷന്‍റെ മൃതദേഹത്തോട് ചേര്‍ത്ത് വച്ച നിലയിലായിരുന്നു വാളിന്‍റെ കിടപ്പ്. ശവക്കുഴിയില്‍ പുരുഷനോടൊപ്പം ഒരു സ്ത്രീയുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങളും മറവ് ചെയ്ത നിലയിലായിരുന്നു. ഇവര്‍ സൈനിക കുടുംബമായിരുന്നോ അതോ അക്കാലത്തെ അധികാരികളില്‍ ആരെങ്കിലുമായിരുന്നോ എന്നും വ്യക്തമല്ല. വാളിന്‍റെ പ്രാധാന്യം കണക്കിലെടുത്താല്‍ ഉന്നതാധികാരികളാകാനുള്ള സാധ്യതയുണ്ട്. വാൾ, ബവേറിയയിൽ തന്നെ നിർമ്മിച്ചതാണോ അതോ ഇറക്കുമതി ചെയ്തതാണോയെന്ന അന്വേഷണം നടക്കുകയാണെന്നും പുരാവസ്തു ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. വെങ്കലയുഗത്തില്‍ അഷ്ടഭുജാകൃതിയിലുള്ള വാളുകള്‍ക്ക് മൂന്ന് പ്രധാന വിതരണ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ഒരെണ്ണം തെക്കന്‍ ജര്‍മ്മനിയിലും മറ്റുള്ളവ വടക്കന്‍ ജര്‍മ്മനിയിലും ഡെന്‍മാര്‍ക്കിലുമായിരുന്നു. ഇപ്പോള്‍ ലഭിച്ച വാള്‍ എവിടെ നിന്നും നിര്‍മ്മിച്ചതാണെന്നത് കൂടുതല്‍ പരിശോധനയിലൂടെ വ്യക്തമാകൂ. 

വാളിന്‍റെ നിര്‍മ്മാണ രീതികളും മറ്റ് അലങ്കാരങ്ങളും താരതമ്യം ചെയ്യുമ്പോള്‍ വടക്കന്‍ പ്രദേശത്തെ നിര്‍മ്മാണ രീതികളോടാണ് കൂടുതല്‍ സാമ്യം. ഒന്നെങ്കില്‍ അവിടെ നിന്ന് ഇറക്കുമതി ചെയ്തതോ അല്ലെങ്കില്‍ സഞ്ചാരികളായ ഏതെങ്കിലും കരകൗശല വിദഗ്ദരുടേതോ ആകാമെന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം. “വാളും ശ്മശാനവും ഇനിയും പരിശോധിക്കേണ്ടതുണ്ട്, എങ്കില്‍ മാത്രമേ ഈ കണ്ടെത്തലിനെ കൂടുതൽ കൃത്യമായി വർഗ്ഗീകരിക്കാൻ കഴിയൂ. എന്നാൽ, ഇത് അസാധാരണമാണ്! ഇതുപോലൊരു കണ്ടെത്തൽ വളരെ അപൂർവമാണ്! ” സ്മാരകങ്ങളുടെ സംരക്ഷണത്തിനായുള്ള ബവേറിയൻ സ്റ്റേറ്റ് ഓഫീസിന്‍റെ തലവനായ മത്യാസ് ഫൈൽ കൂട്ടിച്ചേര്‍ത്തു.